വ്‌ളാദിമറും എസ്ട്രഗണും ലോകം കണ്ട ദിനമാണ് ജനുവരി അഞ്ച്. ഇലകളെല്ലാം കൊഴിഞ്ഞ് പരിപൂര്‍ണനഗ്നയായി നില്‍ക്കുന്ന ഒരു മരത്തിനു ചുവട്ടില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഗോദോയെയും കാത്താണ് രണ്ടുപേരുടെയും നില്‍പ്. കാത്തുനില്‍പുകള്‍ ഒരര്‍ഥത്തില്‍ അപകടം നിറഞ്ഞതാണ്. നമ്മള്‍ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും ഇത്തരം കാത്തിരിപ്പുകളുടെ മുഷിപ്പറിയാതിരിക്കാനാണല്ലോ. ഗോദോ എന്നു പേരായ ഒരു മനുഷ്യനെ കാത്തിരിക്കുന്ന പരസ്പരം മുന്‍പരിചയമില്ലാത്ത രണ്ടുപേര്‍, അവര്‍ കാത്തുനില്‍ക്കുന്ന ഗോദോയെയും രണ്ടുപേരും മുമ്പ് കണ്ടിട്ടില്ല. ഗോദോ എന്ന പേര് മാത്രമേ അവര്‍ക്ക് പരിചയമുള്ളൂ. ഗോദോ വരുമോ എന്ന് നിശ്ചയമില്ല, അവര്‍ക്കു മുന്നിലൂടെ കടന്നുപോയോ എന്നുമറിയില്ല. ഇനിയഥവാ ഗോദോ വന്നാല്‍ത്തന്നെ അവരൊട്ട് തിരിച്ചറിയാനും പോകുന്നില്ല. അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന പോസ്സോയും അയാളുടെ അടിമ ലക്കിയുമാണ് വ്‌ളാദിമറിന്റെയും എസ്ട്രഗണിന്റെയും ശ്രദ്ധതിരിക്കുന്ന മറ്റു രണ്ടുപേര്‍. അതിനിടയില്‍ ഗോദോയുടെ സന്ദേശവാഹകന്‍ എത്തിച്ചേരുന്നു; ഗോദോ നാളെയാണ് വരാനുദ്ദേശിക്കുന്നത്.
പിറ്റേന്ന് രാത്രി അതേ സമയത്ത് അതേ മരത്തിനു ചുവട്ടില്‍ ഗോദോയെ കാത്ത് രണ്ട് പേരും സന്നിഹിതരാവുന്നു. ലക്കിയെ വില്‍ക്കാന്‍ പോയ പോസ്സോ കാര്യം സാധിക്കാതെ തിരിച്ചുവരുന്നു.(അടിമയുടെ പേരാണ് വിചിത്രം, ലക്കി!) പോസോയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു, ലക്കിയുടെ ശബ്ദവും. വ്‌ളാദിമറിനെയും എസ്ട്രഗണിനെയും താന്‍ കഴിഞ്ഞദിവസം കണ്ടുമുട്ടിയതിനെക്കുറിച്ച് ഒരോര്‍മയും പോസ്സായ്ക്കില്ല. കണ്ണും നാക്കുമില്ലാതെ അവര്‍ രണ്ടുപേരും നടന്നുമറഞ്ഞിട്ടും ഗോദോയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുകതന്നെയാണ്. സമയമേറെ കഴിഞ്ഞപ്പോള്‍ ഗോദോയുടെ ദൂതന്‍ വീണ്ടുമെത്തി. ഗോദോ വരാന്‍ ഉദ്ദേശിക്കുന്നില്ല എന്നറിയിച്ചു. ഇന്നലെയതങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ എന്നുചോദിച്ച് വ്‌ളാദിമര്‍ ക്ഷോഭിച്ചപ്പോള്‍ ദൂതന്‍ പറയുന്നു; 'അതിന് ഇന്നലെ ഞാന്‍ വന്നിട്ടേയില്ലല്ലോ, നിങ്ങളെ കണ്ടിട്ടുമില്ലല്ലോ' എന്ന്! മറുത്തെന്തെങ്കിലും പറയാന്‍ അവസരം കൊടുക്കാത ദൂതന്‍ നടന്നുമറയുന്നു. വ്‌ളാദിമറിനും എസ്ട്രഗണിനും ആത്മഹത്യചെയ്താല്‍ മതിയെന്നായി. ഇനിയതു മാത്രമേ മുന്നിലുള്ളൂ. തൂങ്ങിച്ചാകാന്‍ മരമുണ്ട് പക്ഷേ കയറെവിടെ? ആഗോള തോല്‍വി തന്നെയാണ് തങ്ങളെന്ന് സ്വയം സമ്മതിച്ചുകൊണ്ട് അവര്‍ തിരിച്ചുപോകാനൊരുങ്ങുന്നു. പക്ഷേ തിരിച്ചുപോകാം എന്നു പറയുകയല്ലാതെ തിരശ്ശീല താഴുവോളം വ്‌ളാദിമറും എസ്ട്രഗണും മരത്തിനുചുവട്ടില്‍ത്തന്നെ നില്‍ക്കുകയാണ്; ഇനിയഥവാ ഗോദോ വന്നാലോ!
വിഖ്യാത ഐറിഷ് നാടകകൃത്തും സംവിധായകനും നോവലിസ്റ്റും കവിയും വിവര്‍ത്തകനും ചെറുകഥാകൃത്തുമായ സാമുവല്‍ ബെകിറ്റ് തന്റെ മാസ്റ്റര്‍പീസായ 'വെയ്റ്റിങ് ഫോര്‍ ഗോദോ'യെ തട്ടില്‍ക്കയറ്റിയ ദിനമാണ് ജനുവരി അഞ്ച്. ആയിരത്തിതൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തില്‍ യൂറോപ്യന്‍ നാടകകൃത്തുക്കള്‍ രൂപം കൊടുത്ത് വളര്‍ത്തിയ 'തിയേറ്റര്‍ ഓഫ് അബ്‌സേഡ്' എന്ന നാടകസങ്കേതം എക്കാലവും അറിയപ്പെടുന്നതും ബെകിറ്റിന്റെ 'വെയ്റ്റിങ് ഫോര്‍ ഗോദോ'യിലൂടെയാണ്. ആധുനിക സാഹിത്യകാരുടെ തലതിരിഞ്ഞഭാവനകളെ 'തിയേറ്റര്‍ ഓഫ് അബ്‌സേഡ്'എന്നുപേരിട്ടുവിളിച്ചതാവട്ടെ അസംബന്ധനാടകവേദിയുടെ അപ്പോസ്തലനായ മാര്‍ട്ടിന്‍ എസ്‌ലിനും.
'ഏന്‍ അറ്റന്‍ഡന്റ് ഗോദോ' എന്ന പേരില്‍ ഫ്രഞ്ചിലാണ് ബെകിറ്റ് ആദ്യം നാടകമെഴുതിയത്. പിന്നെയത് 'വെയ്റ്റിങ് ഫോര്‍ ഗോദോ; എ ട്രാജി കോമഡി ഇന്‍ റ്റു ആക്ട്‌സ്' എന്ന പേരില്‍ ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തതും അദ്ദേഹം തന്നെയാണ്.
ഫ്രഞ്ച് നാടകസംവിധായകനും നടനുമായ റോജര്‍ ബ്‌ളിന്റെ സംവിധാനത്തിലാണ് 1953 ജനുവരി അഞ്ചിന് പാരിസിലെ തിയേറ്റര്‍ ഡേ ബാബിലോണില്‍ 'വെയ്റ്റിങ് ഫോര്‍ ഗോദോ' അവതരിപ്പിക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിലെ പരമപ്രധാനമായ നാടകമായി വാഴ്ത്തപ്പെട്ട 'ഗോദോ'യ്ക്ക് ഇന്നേക്ക് അറുപത്തേഴ് വയസ്സ് തികഞ്ഞിരിക്കുന്നു. അറുപത്തേഴ് വര്‍ഷത്തിനുള്ളില്‍ ഗോദോയെ കാണാത്ത ഭാഷകളില്ല, രാജ്യങ്ങളില്ല, വേദികളില്ല,പുരസ്‌കാരങ്ങളില്ല.
''ഗോദോ ആരാണെന്നെനിക്കറിയില്ല, അങ്ങനെയൊരാളുണ്ടോ എന്നുപോലുമറിയില്ല. വ്‌ളാദിമറും എസ്ട്രഗണും ഗോദോയെ വിശ്വസിച്ചിരുന്നോ ഇല്ലയോ എന്നുമെനിക്കറിയില്ല- അവര്‍ രണ്ടുപേരും അയാളെയും കാത്തിരിക്കുകയാണ്. മറ്റു രണ്ടുപേര്‍ (പോസ്സോ,ലക്കി) ഓരോ ആക്ടിന്റെയും അവസാനം വന്നുപോവുന്നവരാണ്, നാടകത്തിന്റെ ഏകതാനതയ്ക്കും ഭംഗം വരുത്താനാണ് അങ്ങനെ ചെയ്തത്. എനിക്കറിയാവുന്നതൊക്കെ ഞാനതില്‍ കാണിച്ചുവെച്ചിട്ടുണ്ട്. അത്രയൊന്നും പോരായിരിക്കും, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വിശാലമായ ഒരു കാന്‍വാസില്‍ അത്രമതി. ആവര്‍ത്തിക്കട്ടെ, ചെറിയകാര്യങ്ങളില്‍ സംതൃപ്തി കണ്ടെത്താനാണ് എനിക്കിഷ്ടം-'' സാമുവല്‍ ബെകിറ്റ് തന്റെ അബ്‌സേഡ് കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.
Content Highlights: Celebrating 67th Anniversary of the famous Absurd Play Waiting for Godot by Samuel Beckett