ഈ മഹാമാരികാലത്ത് ഉയര്‍ന്നുവരുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നു തൊഴില്‍ സംബന്ധിയാണ്. നൂറിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് യന്ത്രങ്ങള്‍ക്കു ചുറ്റും നഗരങ്ങളില്‍ വളര്‍ന്നുവന്ന തൊഴില്‍സംസ്‌കാരത്തെ റയന്റെ കോമിക് വിമര്‍ശനാത്മകമായി കാണിച്ചുതരുന്നു

ഴിഞ്ഞകൊല്ലം മേയ്ദിനത്തിന്റെ എട്ടാംപക്കം ജ്യോതികുമാരി പാസ്വാന്‍ എന്ന പതിഞ്ചുകാരി കുടിയേറ്റത്തൊഴിലാളിയായ അച്ഛനെ പിറകിലിരുത്തി ഡല്‍ഹിയുടെ അയല്‍ നഗരമായ ഗുരുഗ്രാമത്തില്‍നിന്ന് സ്വദേശമായ ബിഹാറിലെ ധര്‍ബംഗയിലേക്ക് സൈക്കിള്‍ യാത്ര ആരംഭിച്ചു. 1200 കിലോ മീറ്റര്‍ മുന്നോട്ടും ഒന്നൊന്നര നൂറ്റാണ്ടു പിറകോട്ടുമാണ് ആ പതിനഞ്ചുകാരി ചവുട്ടിയത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് തൊഴിലാളികള്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ കടലാസിലെങ്കിലും നേടിത്തുടങ്ങിയത്. ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്താനായി ഷിക്കാഗോയില്‍ 1886-ല്‍ മേയ് ഒന്നിന് പൊതുസമരം തുടങ്ങി. സംഘടിതശക്തിയുടെ വിജയസാധ്യത കണ്ടതുകൊണ്ടാവം ബാലവേലയ്‌ക്കെതിരേയും സ്ത്രീകളുടെ വോട്ടിനുവേണ്ടിയും ഒക്കെ ഒരുപാടു പോരാട്ടങ്ങള്‍ ഇതിനെ തുടര്‍ന്നുണ്ടായി. ഇത്തരം സമരങ്ങളുടെ പോസ്റ്ററുകള്‍ക്ക് കാര്‍ട്ടൂണ്‍ സ്വഭാവം ഉണ്ടായിരുന്നു. കറുപ്പും വെളുപ്പും നാടകീയമായി ഉപയോഗിക്കുന്ന, എളുപ്പത്തില്‍ അച്ചടിച്ചെടുക്കാവുന്ന, മുഖത്തടിക്കുന്ന സന്ദേശങ്ങള്‍.

അമേരിക്ക ഹ്രസ്വകാലത്തേക്ക് ചുവന്നു തുടങ്ങിയ കാലമാണത്. 'സോഷ്യലിസം', 'സഖാവ്' തുടങ്ങിയ പദങ്ങള്‍ അന്നത്തെ പുതിയ രാഷ്ട്രീയത്തിന്റെ ഭാഗമായി. ഈ ചിന്താധാരയുടെ കൂടെനിന്ന ഒരു കാര്‍ട്ടൂണിസ്റ്റാണ് റയന്‍ വാക്കര്‍. ഹെന്റി ഡബ്ബ്സ് എന്ന ഒരു സാങ്കല്പിക സോഷ്യലിസ്റ്റ് വിരുദ്ധനെ കേന്ദ്രകഥാപാത്രമാക്കി അദ്ദേഹം വരച്ച കോമിക് സ്ട്രിപ്പിന് 1910-കളില്‍ വന്‍ പ്രചാരം കിട്ടി. നടപ്പ് വ്യവസ്ഥിതിയുടെ ന്യായീകരണത്തൊഴിലാളിയായ ഹെന്റിയുടെ വാദഗതിയോട് സ്വന്തം ഭാര്യയും മകനും പോലും യോജിക്കുന്നില്ല. വാരാവാരം അടിച്ചുവന്ന ഈ സ്ട്രിപ് എന്നും അവസാനിച്ചിരുന്നത് ജാള്യത മറയ്ക്കാന്‍ ഹെന്റി നടത്തുന്ന പ്രഖ്യാപനതോടെയാണ്: ''ഞാന്‍ ഒരു ഹെന്റി ഡബ്സ്.'' 'നിങ്ങള്‍ എന്നെ സോഷ്യലിസ്റ്റ് ആക്കി എന്നോ കമ്യൂണിസ്റ്റ് ആക്കി എന്നോ' തോപ്പില്‍ ഭാസിയുടെ കഥാപാത്രത്തെപ്പോലെ വിളിച്ചു പറയനുള്ള അവസരം പാവത്തിനു കിട്ടുന്നതേയില്ല.

ryan walker

അമേരിക്കയില്‍ 1913-ല്‍ ഏഴരലക്ഷം കോപ്പികള്‍വരെ വിറ്റഴിച്ച 'അപ്പീല്‍ ടു റീസണ്‍' എന്ന പത്രത്തിലും ഇതര സോഷ്യലിസ്റ്റ് ആനുകാലികങ്ങളിലും റയന്‍ വാക്കര്‍ വരച്ചു. വന്‍കിട മുഖ്യധാര പത്രങ്ങള്‍ ഏറ്റെടുത്തു വളര്‍ത്തിയ ആദ്യ കാല കാര്‍ട്ടൂണ്‍ കലയെ അന്നത്തെ ഇടതുനേതൃത്വം തുല്യപ്രാധാന്യത്തോടെ കണ്ടു. കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ സൗജന്യമായി സ്ഥിരം വരിക്കാര്‍ക്ക് വിതരണം ചെയ്തു. മാറ്റത്തിന്റെ രാഷ്ട്രീയത്തിനുവേണ്ട പ്രതിഷേധവും നിഷേധവുമൊക്കെ റയനടക്കമുള്ളവരുടെ രചനകളില്‍ ഉണ്ടായിരുന്നു. റഷ്യന്‍വിപ്ലവാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന റയന്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുന്നതിനിടെ 1932-ല്‍ ന്യുമോണിയ ബാധിച്ച് അറുപത്തിരണ്ടാം വയസ്സില്‍ മരിച്ചു.

അമേരിക്കന്‍ കാര്‍ട്ടൂണുകളുടെ പഠനശേഖരങ്ങളില്‍ പലതിലും ഈ കലാകാരനെക്കുറിച്ച് ഒരു പരാമര്‍ശവും കാണുന്നില്ല. അതുകൊണ്ടും കൂടി ഇപ്പോള്‍ ഓര്‍ത്തെടുക്കേണ്ട പേര് തന്നെയാണിത്. ഈ മഹാമാരിക്കാലത്ത് ഉയര്‍ന്നുവരുന്ന അടിസ്ഥാനപ്രശ്‌നങ്ങളിലൊന്നു തൊഴില്‍ സംബന്ധിയാണ്. നൂറിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് യന്ത്രങ്ങള്‍ക്കു ചുറ്റും നഗരങ്ങളില്‍ വളര്‍ന്നുവന്ന തൊഴില്‍സംസ്‌കാരത്തെ റയന്റെ കോമിക് വിമര്‍ശനാത്മകമായി കാണിച്ചുതരുന്നു.

ഇതിലെ നിര്‍ലോഭമായി കറുപ്പുപയോഗിച്ചുള്ള വരയും അലക്ഷ്യമായി കോറിയിട്ട സംഭാഷണശകലങ്ങളും വെടിപ്പായി കള്ളികളിലൂടെ നീണ്ടുപോവുന്ന വ്യവസ്ഥാപിത സ്ട്രിപ്പിനു യോജിച്ചതല്ല. ആഖ്യാനം അനായാസേന മുന്നോട്ടു നീങ്ങുമ്പോഴും നമുക്ക് കിട്ടുന്നത് ഒരുക്കിയെടുത്ത കാഴ്ചകളല്ല. കണ്ണ് കുരുങ്ങുന്നത് അക്കാലത്തെ ജീവിത സാഹചര്യങ്ങളുടെ, തൊഴില്‍ ശാലകളുടെ ഒക്കെ അഭംഗിയില്‍ ആണ്.

ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ അടുക്കും ചിട്ടയുമുള്ള ജോലിസ്ഥലങ്ങലളാണ് 'ഡില്‍ബെര്‍ട്ട്' എന്ന സമകാലിക കോമിക് സ്ട്രിപ്പില്‍ കാണുക. മൂന്നു ദശകങ്ങളായി സ്‌കോട്ട് ആഡംസ് വരയ്ക്കുന്ന ഈ ബിസിനസ് കോമിക്കിലെ തൊഴിലകങ്ങള്‍ എവിടെയും കാണുന്ന സുപരിചിതമായ വാര്‍പ്പ് മാതൃകയിലാണ്.

അതുകൊണ്ടുതന്നെ ഇതിനു ആയിരക്കണക്കിന് പത്രങ്ങളില്‍ ലോകമെമ്പാടും വായനക്കാരുണ്ട്. ജ്യോതി കുമാരി 'സൈക്കിള്‍ യജ്ഞം' തുടങ്ങിയ ഗുരുഗ്രാം പോലത്തെ മൂന്നാം ലോക നഗരങ്ങളിലും ഇത്തരം ഓഫീസ് സമുച്ചയങ്ങള്‍ കാണാം.

ഇവിടെ ജീവസ്സറ്റ കുറെ കാര്‍ഡ്ബോര്‍ഡ് രൂപങ്ങള്‍ ദീര്‍ഘനേരം ഒരു ബോധ്യവും ഇല്ലാതെ ജോലിചെയ്യുന്നു. ഇവരിലൊരാള്‍ ഐ.ഐ.ടി. ബിരുദദാരിയായ അശോക് ആണ്. ആഗോള കോമികില്‍ മുന്‍ നിരയില്‍ പ്രത്യക്ഷപ്പെടുന്ന ഈ അപൂര്‍വ ഇന്ത്യന്‍ കഥാപാത്രം ഓഫീസിലെ കുതന്ത്രങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന പ്രതിഭയാണ്. ഒരു നൂറ്റാണ്ട് മുമ്പത്തെ ഹെന്റി ഡബ്ബ്സിനോളം തന്നെ നിസ്സഹായന്‍.

Content Highlights: Cartoonist EP Unny Column Mathrubhumi