പ്രസിഡന്റ് ട്രംപിനെ അമേരിക്കന്‍ കാര്‍ട്ടൂണില്‍നിന്ന് കാണാതായി. അത്രയ്ക്ക് അവസരവാദികളല്ല കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍. ഭരണംതുടര്‍ന്നാലും ഇടര്‍ന്നാലും നേതാക്കന്മാരെ അവര്‍ കൈവിടില്ല.

നീണ്ട നേതൃസാന്നിധ്യങ്ങള്‍ ഈ ദൃശ്യകലയ്ക്ക് ഗുണംചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ ഗാന്ധിജി, നെഹ്രു, ഇവിടെ ഇ.എം.എസ്, കരുണാകരന്‍, ആന്റണി, നായനാര്‍, വി.എസ്. ഇവര്‍ക്ക് കാര്‍ട്ടൂണിനോടും തിരിച്ചും മതിപ്പായിരുന്നു.. ഈ മര്യാദ ഒരിക്കല്‍ തെറ്റിച്ചതു ഒരു കാര്‍ട്ടൂണിസ്റ്റാണ്.. ജാതിചൂണ്ടി വരച്ച നിന്ദ്യമായ ആ ചിത്രം ലാക്കാക്കിയ പിണറായി വിജയന്‍ പ്രതികരിച്ചതേയില്ല.

കാര്‍ട്ടൂണിന്റെ കാര്യത്തില്‍ സഹിഷ്ണുത പുലര്‍ത്തുന്ന കേരളത്തില്‍ മിക്കവാറും ഒരേ മുഖ്യമന്ത്രിയെ തുടര്‍ച്ചയായിവരയ്ക്കാനുള്ള ഭാഗ്യം കാര്‍ട്ടൂണിസ്റ്റിനുണ്ടായിട്ടില്ല. ആദ്യത്തെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പത്തുമന്ത്രിസഭകള്‍ വന്നുപോയി. അതിനുമുമ്പ് അതിലും അസ്ഥിരമായിരുന്നു സ്ഥിതി. കാലാവധി പൂര്‍ത്തിയാക്കുക എന്നതുതന്നെ ഒരു മഹാനേട്ടമായി.

കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായിട്ടാണ് ഭരിക്കുന്നവര്‍ക്ക് ഇരിപ്പുറച്ചത്. ഇക്കാലമത്രയും കാര്‍ട്ടൂണിന്റെ കാഴ്ചക്കളം മാറിയിട്ടില്ല. അഞ്ചുകൊല്ലത്തിലൊരു നിയമസഭാ തിരഞ്ഞെടുപ്പ്. ഒച്ചവെച്ച മത്സരം, പ്രവചനീയമായ ഫലം. ഏതാണ്ട് ഒരേ ജനക്ഷേമ വികസനനാട്യങ്ങള്‍, നേട്ടങ്ങള്‍. ഈ ചാക്രികരാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വിരസതയ്ക്കകത്തു ഒരുപാടു നര്‍മം കണ്ടെത്തിയവരാണ് കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍.

മലയാള കാര്‍ട്ടൂണ്‍ ഏറ്റവുംവികസിച്ച കാലവുംകൂടിയാണിത്. ദശാബ്ദങ്ങളായി ടി.വി.യും ഇപ്പോള്‍ ട്രോളുകളും ജനശ്രദ്ധയിലുണ്ടായിട്ടും ഈ അച്ചടി കലപിടിച്ചുനില്‍ക്കുന്നു. വരക്കുന്നവരുടെയും വായിക്കുന്നവരുടെയും രണ്ടു പുതിയ തലമുറകള്‍ ഇതിനിടെ സുഗമമായി കടന്നുപോയി. ഇതൊക്കെ ഒരു പടിഞ്ഞാറന്‍ വികസിത ജനാധിപത്യത്തില്‍മാത്രം കാണുന്ന ആരോഗ്യലക്ഷണങ്ങളാണ്.

ഏതാണ്ടിതേകാലത്ത്, ഒരല്പംമുമ്പ് 1977-ല്‍ തുടങ്ങി 2011-ല്‍ അവസാനിച്ച മുപ്പത്തിനാല് കൊല്ലം ഇടതുസര്‍ക്കാര്‍ ബംഗാളില്‍ തുടര്‍ഭരണം നടത്തി. ഇക്കാലത്തവിടെ കലയും സംസ്‌കാരവും തഴച്ചുവളര്‍ന്നു; എന്തുകൊണ്ടോ ഒരു ഗംഭീര ബംഗാളി കാര്‍ട്ടൂണിസ്റ്റുമാത്രം ഉണ്ടായില്ല. 1923-ല്‍ മുപ്പത്തിയാറാംവയസ്സില്‍ മരിച്ചുപോയ സുകുമാര്‍ റായ് എന്ന കോമിക് കലാപ്രതിഭയ്ക്ക് സമാനരില്ലാതെപോയി. വല്ലപ്പോഴും കാര്‍ട്ടൂണ്‍ വരച്ച മകന്‍ സത്യജിത് റായ് ആകട്ടെ സിനിമയിലേക്ക് തിരിഞ്ഞു.

കാര്‍ട്ടൂണിന്റെ കാര്യം ബംഗാളി മലയാളിയെ ഏല്‍പ്പിച്ചുവെന്നുതോന്നുന്നു. 1975 മുതല്‍ പതിനൊന്നുകൊല്ലം ലക്ഷക്കണക്കിന് വായനക്കാരുള്ള കൊല്‍ക്കത്തയില്‍ നിന്നിറങ്ങുന്ന 'ആനന്ദ ബസാര്‍ പത്രിക'യില്‍ വരച്ചത് ഒറ്റപ്പാലത്തുകാരനായ പി.കെ.എസ്. കുട്ടിയാണ്. പിന്നീട് 'ആജ് കാല്‍' പത്രത്തിലേക്ക് മാറിയ അതിഥികാര്‍ട്ടൂണിസ്റ്റിനെ ബംഗാളി വായനക്കാര്‍ തികഞ്ഞ ആദരവോടെ കൊണ്ടുനടന്നു.

ബംഗാളിഭാഷ അറിയാത്ത കുട്ടി ദൃശ്യാംശത്തിനു മുന്‍തൂക്കംനല്‍കി കഴിവതും കുറുക്കി ഇംഗ്ലീഷില്‍ അടിക്കുറിപ്പുകളെഴുതി. ബ്രിട്ടീഷ് സംസ്‌കാരവും മാതൃഭാഷാസ്‌നേഹവുമുള്ള കൊല്‍ക്കത്തയിലെ എഡിറ്റര്‍മാര്‍ ഇത് സമര്‍ഥമായി തര്‍ജമചെയ്തു.

കേരളത്തിലെപ്പോലെയല്ല, വംഗനാട്ടില്‍ മുന്നണിയുടെ വല്യേട്ടനും വല്യമ്മാമയുമൊക്കെ ജ്യോതിബസുതന്നെ. അഞ്ചാംവട്ടവും വിജയിച്ചപ്പോള്‍ അതികായനെ കുട്ടി അവതരിപ്പിച്ചതു കപ്പുമേന്തിനില്‍ക്കുന്ന ഫുട്ബോള്‍ ക്യാപ്റ്റനായിട്ടാണ്. വിജയം പതിവുപോലെ ഏകപക്ഷീയമായിരുന്നു. മോഹന്‍ബഗാനും ഈസ്റ്റ്ബംഗാളുമായി നടക്കുന്ന പന്തുകളിയുടെ മാത്സര്യത്തിലൊരംശംപോലും ആ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നു.

kuttyകാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രിയങ്കരനായ ഇ.എം.എസിനെ ഇതേകാലത്തൊക്കെയും കുട്ടി കണ്ടത് അദൃശ്യമായ മൈക്കിനുമുമ്പില്‍ നില്‍ക്കുന്ന താര്‍ക്കികനായിട്ടാണ്. തീരാ തര്‍ക്കങ്ങള്‍ക്കിടയ്ക്ക് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ ആഗോള ഇടതുതാരം ഫിഡെല്‍ കാസ്ട്രോ (Fidel Catsro) ഏതാണ്ട് അമ്പതുകൊല്ലം ക്യൂബ ഭരിച്ചു.

സഹൃദയനും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ സ്‌നേഹിതനും ആദ്യവായനക്കാരനുമായ ചരിത്രപുരുഷന്റെ നാട്ടില്‍ ദൃശ്യപ്പൊലിമയുള്ള കാര്‍ട്ടൂണുകള്‍ ഉണ്ടായിരുന്നു. തടിയില്‍ത്തട്ടുന്ന രാഷ്ട്രീയകാര്‍ട്ടൂണുകള്‍ പക്ഷേ, ദുര്‍ലഭം. 1960-കളില്‍ അവിടെയുണ്ടായ ഭക്ഷ്യക്ഷാമത്തെക്കുറിച്ച്, വരച്ച അന്റോണിയോ പ്രൊഹൈസിനെ (Antonio Prohias) കാസ്ട്രോ സി.ഐ.എ. ഏജന്റ് എന്നുവിളിച്ചു. ഭാര്യയും രണ്ടുമക്കളുമായി ന്യൂയോര്‍ക്കിലേക്ക് രക്ഷപ്പെട്ട ഈ മുപ്പത്തൊന്‍പതുകാരന്‍ വഴിയെ മാഡ് (MAD) മാഗസിനില്‍ 'സ്‌പൈ വേഴ്സസ് സ്‌പൈ' എന്ന നിശ്ശബ്ദകാര്‍ട്ടൂണ്‍ വരച്ചു വിശ്വപ്രസിദ്ധനായി. 1983-ല്‍ 'മയാമി ഹെറാള്‍ഡിനു' കൊടുത്ത അഭിമുഖത്തില്‍ പ്രോഹൈസ് പറഞ്ഞു ''ഇനി എനിക്കുചെയ്യാനുള്ളത് ഒരു പരസ്യപ്പലകയാണ്. ഫിഡെലിന് ഒരു നന്ദി രേഖപ്പെടുത്താന്‍''

Content Highlights: Cartoonist EP Unny Column Mathrubhumi