റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി വരേണ്ടിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യാത്ര മാറ്റിവെച്ചത് ഒരുകണക്കിന് നന്നായി. മഹാമാരി നീങ്ങി കാലംതെളിയുമ്പോള്‍ നടക്കേണ്ട സന്ദര്‍ശനമാണത്.

ബ്രിട്ടനുമായി ഇന്ത്യ വലിയൊരു ചരിത്രം പങ്കുവെക്കുന്നുണ്ട്. അവിടെനിന്ന് ഒരു വിശിഷ്ടാതിഥി എത്തുമ്പോള്‍ നമുക്ക് ഒരുപാടുകാര്യങ്ങള്‍ ഓര്‍ക്കാനുണ്ടാവും. കോളനി വാഴ്ചയുടെ ചൂഷണത്തിനപ്പുറം ആതിഥ്യമര്യാദയുടെ ഭാഗമായി പരാമര്‍ശിക്കപ്പെടുക സായ്പില്‍നിന്ന് നമുക്ക് കൈവന്ന നേട്ടങ്ങളായിരിക്കും. ഇംഗ്ലീഷ് ഭാഷ, ക്രിക്കറ്റ്കളി തുടങ്ങിയ ചെറുതല്ലാത്ത നിരയുടെ കൂടെ തീര്‍ച്ചയായും എടുത്തുപറയാവുന്നതാണ് മെക്കാളെ പ്രഭുവിന്റെ ഇന്ത്യന്‍ ശിക്ഷാനിയമവും സര്‍ ഡേവിഡ് ലോയുടെ കാര്‍ട്ടൂണും.

ലോര്‍ഡ് തോമസ് ബാബിങ്ടന്‍ മെക്കാളെ എന്ന ഭരണകര്‍ത്താവിനെപ്പറ്റി ചരിത്രപുസ്തകങ്ങളില്‍ നാം വായിച്ചിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ചരിത്രം എഴുതപ്പെടാത്തതുകൊണ്ട് ഡേവിഡ് ലോയെ പരിചയപ്പെടുത്താം. ലണ്ടനില്‍ കുടിയേറി 'ഈവനിങ് ന്യൂസ്' എന്ന സായാഹ്ന പത്രത്തില്‍ വരച്ച ന്യൂസീലന്‍ഡുകാരനായ ലോ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവുംവലിയ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായി പരിഗണിക്കപ്പെടുന്നു. രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയ്ക്ക് വടക്ക് 'ടൈംസ് ഓഫ് ഇന്ത്യ'യിലും തെക്ക് 'ദി ഹിന്ദു'വിലും ലോയുടെ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇവയാണ് ശങ്കറും ആര്‍.കെ. ലക്ഷ്മണും തൊട്ട് 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ല്‍ അറുപത്-എഴുപതുകളില്‍ 'വീക്ഷണവിശേഷം' എന്ന സാമൂഹിക കാര്‍ട്ടൂണ്‍ പംക്തി ചെയ്ത തോമസ്വരെ മാതൃകയാക്കിയത്. കാലേക്കൂട്ടി നാസിരാഷ്ട്രീയത്തിന്റെ അപകടം ചൂണ്ടിക്കാണിച്ച ലോയുടെ സ്വാധീനം ഇന്ത്യന്‍ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ അടിസ്ഥാന രൂപത്തിലും ഭാവത്തിലും ഇന്നുമുണ്ട്. ഇതിലും വലുതാണ് ലോയ്ക്ക് ഒരുനൂറ്റാണ്ടുമുമ്പ് ഇവിടെ വന്ന് നമ്മെ അടക്കിഭരിക്കാന്‍ ഒരു വ്യവസ്ഥ ഉണ്ടാക്കിയ മെക്കാളെയുടെ സ്വാധീനം.

നിയമവാഴ്ചയിലും ഹാസ്യചിത്രത്തിലും മാതൃരാജ്യമായ ബ്രിട്ടനില്‍ ഒരുപാടു മാറ്റങ്ങളുണ്ടായി. എന്നാല്‍, നാം അഗ്രഗാമികളില്‍നിന്നു ഒരുപാടൊന്നും മുന്നോട്ടു പോയിട്ടില്ല. ഈ മേല്ലെപോക്കിനിടയ്ക്ക് മെക്കാളെ, ഡേവിഡ് ലോയുടെ വഴിമുടക്കുന്ന വിചിത്ര കാഴ്ചയാണ് മുമ്പില്‍.

കാര്‍ട്ടൂണിസ്റ്റിനെതിരേ നിയമനടപടികളെടുക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് മടിയില്ലാതായിട്ടു വര്‍ഷങ്ങളായി. അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി വരച്ച ഒരു കാര്‍ട്ടൂണിന്റെ പേരില്‍ അസീം തൃവേദി എന്ന തുടക്കക്കാരനെതിരേ മുംബൈ പോലീസ് എഴുതിച്ചേര്‍ത്ത വകുപ്പുകളില്‍ രാജ്യദ്രോഹക്കുറ്റവും പെടും. ഇത് പിന്നീട് നീക്കംചെയ്‌തെങ്കിലും രണ്ടാമതൊന്നാലോചിക്കാതെ പെന്‍സിലും ഐപാഡും കൊണ്ടുനടക്കുന്ന ഒരു നിരായുധനെതിരേ എടുത്ത തീവ്ര നടപടി തിരിഞ്ഞുനോക്കുമ്പോള്‍ ഒരു റിഹേഴ്സല്‍ ആയിട്ട് തോന്നുന്നു. ആദ്യത്തെ അടി കാര്‍ട്ടൂണിസ്റ്റിനു കിട്ടി എന്നു കരുതിയാല്‍മതി.

അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ മതിയായ കാരണം ഉണ്ടെന്നു ഉറപ്പുവരുത്തി മാത്രം ഉപയോഗിക്കേണ്ട ഒരു അറ്റകൈ പ്രയോഗമെന്ന് ഉന്നതകോടതികള്‍ പലവട്ടം ചൂണ്ടിക്കാണിച്ച ഈ വകുപ്പ് ഏതാണ്ട് പെറ്റിക്കേസ് അടിക്കുന്ന ലാഘവത്തോടെ പോലീസ് കൈകാര്യം ചെയ്തുതുടങ്ങിയിട്ടുണ്ട്. പ്രശസ്തരായ വാര്‍ത്താലേഖകന്മാര്‍ക്കും പത്രധിപന്മാര്‍ക്കും എതിരേ കഴിഞ്ഞ ആഴ്ചകളില്‍ ഇറങ്ങിയ എഫ്.ഐ. ആറുകളിലൊക്കെയും IPC 124 A എന്ന ഈ അക്ഷരാക്കങ്ങള്‍ തിളങ്ങിനില്‍ക്കുന്നു. തൊണ്ണൂറ്റൊമ്പതു വര്‍ഷംമുമ്പ് ഗാന്ധിജിയെ ജയിലില്‍ അടച്ചത് ഇതിന്റെ പേരിലാണ്. അദ്ദേഹം ഈ അനുച്ഛേദത്തിനു നല്‍കിയ വിശേഷണം വരയ്ക്കാതെ വരച്ചിട്ട ഒരു കാര്‍ട്ടൂണ്‍ പോലെ ഓര്‍മയില്‍ നില്‍ക്കും: ''ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ യുവരാജന്‍''.

മെക്കാളെയുടെ മാനദണ്ഡങ്ങള്‍ മാതൃരാജ്യം എന്നോ ഉപേക്ഷിച്ചു. അല്ലെങ്കില്‍, അബു അബ്രഹാം അറുപതുകളില്‍ വരച്ച 'ഗാര്‍ഡിയന്‍' പോലത്തെ ബ്രിട്ടീഷ് മുഖ്യധാരാ പത്രങ്ങളിലെ ഇന്നത്തെ കാര്‍ട്ടൂണിസ്റ്റുകളുടെ സ്ഥിരവാസം ജയിലില്‍ ആയിരിക്കും. അമ്പതുവര്‍ഷം 'സണ്‍ഡേ ടൈംസില്‍' ദയാലേശമന്യേ എഡിറ്റ് കാര്‍ട്ടൂണ്‍ വരച്ച ജെറാള്‍ഡ് സ്‌കാര്‍ഫ് (Gerald Scarfe) ആണ് 'യെസ് മിനിസ്റ്റര്‍', 'യെസ് പ്രൈംമിനിസ്റ്റര്‍' എന്നീ ടി.വി. പരമ്പരകളുടെ ടൈറ്റില്‍സ് (titles) ചെയ്തിരുന്നത്. സ്ഥിരം കാഴ്ചക്കാരിലൊരാള്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറായിരുന്നു. യാഥാസ്ഥിതികയായിരുന്ന അവര്‍ക്കൊരു പ്രകോപനവും തോന്നിയില്ല. മഹാറാണി വാഴുന്ന രാജ്യമാണ് ഇന്നും ബ്രിട്ടന്‍. പക്ഷേ 'യുവരാജന്റെ' തേര്‍വാഴ്ചകാണാന്‍ ഇങ്ങോട്ടുവരുക.

Content Highlights:Cartoonist EP Unny Column Mathrubhumi