തിരുവനന്തപുരം: വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ഒ. ഹെന്റിയുടെ 'ദി ലാസ്റ്റ് ലീഫ്' എന്ന കഥയിലെ കഥാപാത്രമായ ബേര്‍മനെ അനുസ്മരിപ്പിക്കുന്നതായിരുന്നു നാടന്‍പാട്ട് കലാകാരനും കാര്‍ട്ടൂണിസ്റ്റുമായ പി.എസ്. ബാനര്‍ജിയുടെ ആശുപത്രിവാസത്തിന്റെ അവസാന നാളുകള്‍. ന്യുമോണിയ ബാധിച്ച് മരണത്തെ കാത്തുകിടന്ന ജോണ്‍സി എന്ന പെണ്‍കുട്ടിക്ക് തന്റെ ഒരു ചിത്രത്തിലൂടെ പ്രതീക്ഷ നല്‍കാനായി ബേര്‍മനെന്ന വൃദ്ധചിത്രകാരന്. ബാനര്‍ജിയാവട്ടെ, തന്റെ വാക്കും വരയും ഉപയോഗിച്ച് ഐ.സി.യുവില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കിടയിലെല്ലാം പുഞ്ചിരി നിറച്ചു. ഒടുവില്‍, ന്യുമോണിയ ബാധിച്ച് മരിച്ച ബേര്‍മനെപ്പോലെ ബാനര്‍ജിയും അനന്തതയിലേക്കു യാത്രയായി. ഏറ്റവും മികച്ചതെന്നു പരിഗണിക്കപ്പെടുന്ന ചിത്രങ്ങള്‍ വരച്ചുചേര്‍ത്തായിരുന്നു മടക്കം.

പറ്റുമ്പോഴൊക്കെ ആശുപത്രി നിശ്ശബ്ദതയെ ബാനര്‍ജി നാടന്‍പാട്ട് മൂളി ലംഘിച്ചു. തന്നെ പരിചരിക്കാനെത്തുന്നവരോടും മറ്റു രോഗികളോടും ബാനര്‍ജി സംസാരിച്ചു കൊണ്ടേയിരുന്നു. അവരെ ചിരിപ്പിച്ചു. ആശുപത്രി ജീവനക്കാര്‍ എത്തിച്ച കടലാസും പെന്‍സിലുകളും ഉപയോഗിച്ച് മുന്നില്‍ കാണുന്നതിനെയൊക്കെ അയാള്‍ വരച്ചു. ജീവിതത്തിലേക്കു മടങ്ങിയെത്തണമെന്നും ഇനിയും ഒരുപാടു പേരെ വരയ്ക്കാനുണ്ടെന്നും ബാനര്‍ജി പറയുമായിരുന്നെന്ന് ഓര്‍മിക്കുന്നു, മെഡിക്കല്‍ കോളേജ് എം.ഡി.ഐ.സി.യു.വിലെ നഴ്സിങ് ഓഫീസറായ വിനു വിജയന്‍.

ഒറ്റ വൃക്കയുമായാണ് 2017 മുതല്‍ ബാനര്‍ജി ജീവിച്ചത്. ഇതിനുപുറമേ ന്യുമോണിയയും ബാധിച്ചു. ആശുപത്രി ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഈ രോഗിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് ബാനര്‍ജിയെ പരിചരിക്കുന്നവര്‍ എഴുതി. ഒടുവില്‍ കാണാനാവുന്നതിലുമധികം ദൂരത്തേക്ക് മറഞ്ഞപ്പോള്‍ അയാള്‍ വരച്ച ചിത്രങ്ങള്‍ നിറഞ്ഞ പുസ്തകം സൂക്ഷിച്ചുെവച്ചിട്ടുണ്ട് അവര്‍; ബാനര്‍ജിയുടെ കുടുംബത്തിനു കൈമാറാന്‍.

മാഞ്ഞുപോയി, മാരിവില്ലഴകുള്ള ജീവിതം

കൊല്ലം: സ്വരങ്ങളെയും നിറങ്ങളെയും സ്‌നേഹിച്ച, സൗഹൃദങ്ങളെ നിധിപോലെകാത്ത കലാകാരന്‍ യാത്രയായി. പ്രശസ്തരെയെല്ലാം വരകളിലൊതുക്കി, പാട്ടിലൂടെ ശ്രോതാക്കളുടെ മനംകവര്‍ന്നാണ് പി.എസ്.ബാനര്‍ജിയുടെ മടക്കം.

ആശുപത്രിക്കിടക്കയില്‍ കോവിഡ് മുന്നണിപ്പോരാളികളെയും തനിക്കരികില്‍ കണ്ട കാഴ്ചകളെയുമെല്ലാം അദ്ദേഹം വരച്ചിട്ടു. അവസാനദിനങ്ങളിലും അതു തുടര്‍ന്നു.  പാട്ടിനോടും വരയോടും ബാനര്‍ജിക്ക് അടങ്ങാത്ത അഭിനിവേശമായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഗായകന്‍ മത്തായി സുനില്‍ ഓര്‍ത്തെടുക്കുന്നു.

ശാസ്താംകോട്ട ഡി.ബി.കോളേജില്‍ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാമറിയുന്ന ഒരേയൊരാളായിരുന്നു ബാനര്‍ജി. അത്രയ്ക്ക് വലുതായിരുന്നു ആ സുഹൃദ്‌വലയം. ഒരു വൃക്ക മാറ്റിവെച്ചിട്ടും അവശത പുറത്തുകാട്ടാതെ പാടിയും വരച്ചും ചിരിച്ചും ചങ്ങാതിക്കൂട്ടങ്ങളിലലിഞ്ഞിരുന്നു അദ്ദേഹം. കോളേജിലെ 'നാടോടി' പാട്ടുകൂട്ടത്തിലൂടെയും ബാനര്‍ജി എല്ലാവര്‍ക്കും പ്രിയങ്കരനായി.

ഫൈന്‍ ആര്‍ട്സ് കോളേജിലെ തുടര്‍പഠനശേഷം തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ കുറച്ചുകാലം ജോലിചെയ്തു. നാടന്‍പാട്ട് കലാകാരന്‍ സി.ജെ. കുട്ടപ്പനൊപ്പം വേദികളില്‍നിന്ന് വേദികളിലേക്കുള്ള യാത്ര. കനല്‍പ്പാട്ടു കൂട്ടത്തിലൂടെ നാട്ടിലും നിറഞ്ഞുനിന്നു ബാനര്‍ജി. കേരള ലളിതകല അക്കാദമി ഈ വര്‍ഷം ഏകാംഗ കാര്‍ട്ടൂണ്‍പ്രദര്‍ശനത്തിന് പി.എസ്. ബാനര്‍ജിയെ തിരഞ്ഞെടുത്തിരുന്നു പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ ഗ്രാന്റും സൗകര്യപ്രദമായ ആര്‍ട്ട് ഗാലറിയും അനുവദിച്ചിരുന്നു. പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അദ്ദേഹം യാത്രയായത്.

കാരിക്കേച്ചര്‍ രചനയില്‍ ഒരു വലിയ പ്രതിഭയായിരുന്നു ബാനര്‍ജിയെന്ന് കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണിക്കൃഷ്ണന്‍ അനുസ്മരിച്ചു. കലാപരമായ കഴിവിനൊപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യയും അദ്ദേഹം ഉപയോഗപ്പെടുത്തി. തീരാനഷ്ടമാണ് ഈ വിയോഗമെന്നും അദ്ദേഹം അനുസ്മരിച്ചു.

Content Highlights: Cartoonist and folklore artist P S Banerjee life