ളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിന്റെ അപൂര്‍വമാതൃകകളിലൊന്നായിരുന്നു സി. കേശവന്‍. കൈവെച്ച രംഗങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ. ഒരു കാലഘട്ടത്തിന്റെ ധീരതയും മലയാള നാടിന്റെ മനസ്സാക്ഷിയുമായിരുന്നു അദ്ദേഹം. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും മാര്‍ക്‌സിന്റെയും സാമൂഹികദര്‍ശനവും ഡോ. പി. പല്‍പ്പുവിന്റെ സമരോത്മുഖതയും സ്വന്തം യുക്തിഭദ്ര ജീവിതവീക്ഷണവും ചേര്‍ന്ന ഒരസാധാരണ വ്യക്തിത്വത്തിനുടമയാണ് ചരിത്രപുരുഷനായ സി. കേശവന്‍. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമാണിന്ന്.

 1891 മെയ് 23നു കൊല്ലം ജില്ലയിലെ മയ്യനാടാണ് സി. കേശവന്റെ ജനനം. ഒരു നിരീശ്വരവാദിയായിരുന്ന സി. കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാള്‍ മാര്‍ക്സിന്റെയും ചിന്തകള്‍ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എന്‍.ഡി.പി. യുടെ ജനറല്‍ സെക്രട്ടറിയായി. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13-ന് കോഴഞ്ചേരി എന്ന സ്ഥലത്താണ് കേശവന്‍ തന്റെ വിവാദ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ ഈഴവര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും നിഷേധിച്ച് സവര്‍ണഭരണം കാഴ്ചവെച്ച ദിവാനെതിരെ സര്‍ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിച്ചു.

1938-ല്‍ കേശവന്‍, ടി.എം.വര്‍ഗ്ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായി നടത്തിയ പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍ 1942-ല്‍ അദ്ദേഹം ഒരുവര്‍ഷത്തേയ്ക്ക് തടവില്‍ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19നു അദ്ദേഹം ജയില്‍ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7നു സി കേശവന്‍ മയ്യനാട്ട് വെച്ച് അന്തരിച്ചു.

സി.പി. രാമസ്വാമിയുടെ ജാതി വിവേചനപരവും ജനാധിപത്യ വിരുദ്ധവുമായ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ പടവാളിളക്കി പൊരുതിയ നേതാവാണ് സി കേശവന്‍. സ്വേച്ഛാധിപത്യത്തിനെതിരേ സന്ധിയില്ലാ സമരം നയിച്ച ജനകീയ യോദ്ധാവെന്ന നിലയില്‍ ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലദ്ദേഹം വലിയ സ്ഥാനത്തിനുടമയാണ്. ജാതി വിവേചനം പോലുള്ള സാമൂഹികാസമത്വത്തെ ദേശീയതലത്തില്‍ത്തന്നെ പരിഗണിക്കേണ്ടതാണെന്നദ്ദേഹം വാദിച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങളെ പ്രാദേശികമായി പരിഗണിക്കുന്ന രീതിയെ അദ്ദേഹം നിശിതമായി ചോദ്യം ചെയ്തു. 

നവോത്ഥാനമുന്നേറ്റം കേരളത്തിന് നല്‍കിയ വിശിഷ്ടമായ സംഭാവനയാണ് സി. കേശവന്‍. ഒരു തുറന്നപുസ്തകമാണ് അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതം. നിവര്‍ത്തന പ്രക്ഷോഭനായകനും സ്വാതന്ത്ര്യസമരസേനാനിയും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന അദ്ദേഹം അചഞ്ചലനായ യുക്തിവാദിയുമായിരുന്നു. ജാതി-മത ചിന്തകള്‍ക്കതീതന്‍. മലയാളഭാഷ എക്കാലവും സ്മരിക്കാനിടയുള്ള മനോഹരമായ ഒരു സാഹിത്യസമ്മാനം അദ്ദേഹം കേരളത്തിന് നല്‍കി- 'ജീവിതസമരം'. ആത്മകഥകള്‍ മലയാളത്തില്‍ പലതുണ്ടെങ്കിലും സി. കേശവന്റെ ജീവിതകഥ അതില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. സത്യസന്ധതയും വെട്ടിത്തുറന്നുപറയാനുള്ള ആര്‍ജവവും യാതൊന്നും ഒളിച്ചുവെക്കാതെയുള്ള എഴുത്തും 'ജീവിതസമര'ത്തെ വ്യത്യസ്തമാക്കുന്നു.

Content Highlights: C Kesavan Death anniversary