കൃപാധാമമേ ബുദ്ധാ കാണുവാനൊട്ടും വയ്യ
പ്രഭാതാരവും എന്നെ തെളിച്ച പുല്‍പ്പാതയും 
ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ,യിനി
തുണ നീ മാത്രം ബുദ്ധാ അലിവിന്നുറവ് നീ
...
കാരുണ്യമോ കരസ്പര്‍ശമോയേല്‍ക്കാതെ നിന്‍ 
പേരുവിളിച്ചും കൊണ്ടെന്‍ ചോരക്കണ്ണടയവേ
പുല്‍ക്കൊടിത്താഴ്വരകള്‍ കാതില്‍ പറഞ്ഞൂയെന്നെ
കല്ലെറിഞ്ഞവനൊരു സിദ്ധാര്‍ത്ഥനെന്ന കുട്ടി
(ബുദ്ധനും ആട്ടിന്‍കുട്ടിയും- എ അയ്യപ്പന്‍)
 
മലയാളത്തിലേക്ക് ബുദ്ധന്‍ കടന്നെത്തുകയാണ് വീണ്ടും. രണ്ടു നോവലുകള്‍. രണ്ടും ബുദ്ധനെ നോക്കിച്ചിരിക്കുന്നവ. പുതിയ വായനകളില്‍ മധ്യവര്‍ഗ്ഗബുദ്ധന്‍ ( കൃതിയില്‍ നിന്ന്) മാനം നോക്കി നില്‍പാണ്. കെ അരവിന്ദാക്ഷന്റെ ജീവഗാഥയും രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്നീ നോവലുകള്‍ ബുദ്ധനെ നോക്കുന്നത് ആരാധനയോടെയല്ല. അത്രയൊന്നും കനിവില്ലാതെയാണ്. രണ്ടും പുസ്തകങ്ങളും പ്രതീക്ഷ പകരുന്നു.
 
ജീവഗാഥ
 
കാല്‍ നൂറ്റാണ്ട് മനസ്സിനെ മഥിച്ച സുധിനന്‍ എന്ന ഭീക്ഷുവിന്റെ പുറത്തുവരവാണ് ജീവഗാഥയെന്ന് കെ അരവിന്ദാക്ഷന്‍ പറയുന്നു. ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥനെ പോലെ സുധിനനും അന്വേഷിച്ച് ഇറങ്ങുകയാണ്. ഗംഗാതടങ്ങളിലേക്ക്. 
 
വിഹാരത്തില്‍ നിന്ന് നിഷ്ഠകള്‍ തെറ്റിച്ചതിന് മാറ്റിനിര്‍ത്തപ്പെട്ട ബുദ്ധഭിക്ഷുവാണ് സുധിനന്‍. ഒടുങ്ങാത്ത കാമത്തിന്റെ തിരകളില്‍ അയാള്‍ അലയുന്നു. തിര്യക്കുകളില്‍ നിന്ന് വിഭിന്നമായി ആമരണം കാമത്താല്‍ വേട്ടയാടപ്പെടുന്നവന്റെ വേദനയില്‍ സുധിനന്‍ പരിക്ഷീണനാവുന്നു. 
 
സ്ത്രീകളോട് അത്രയൊന്നും കാരുണ്യം കാണിച്ചിട്ടില്ല ശ്രീബുദ്ധന്‍. അക്കാലത്തെ പുരുഷചര്യകളുടെ തുടര്‍ച്ച തന്നെയാണ് ബുദ്ധിസത്തിന്റെ സ്ത്രീപഠനങ്ങള്‍ പലതും പറയുന്നത്. ഉദാഹരണമായി  വിനയ പാലി പീടകന്‍ ബുദ്ധഭിക്ഷുവിന്ന നിര്‍ദേശിച്ചത് 227 ചട്ടങ്ങളാണ്. എന്നാല്‍ ഭിക്ഷുണികള്‍ക്കാവട്ടെ ചട്ടങ്ങള്‍ 331 ആണ്.
 
ഓരോ ചട്ടങ്ങളും ഓരോ അരുതുകളാണ്. ബുദ്ധിസം സ്ത്രീകള്‍ക്ക് വിലക്കുകള്‍ കൂടുതല്‍ കര്‍ക്കശമാക്കി. ശ്രീബുദ്ധന്‍ തന്നെ ആനന്ദനോട് പറയുന്നതായി മറ്റൊരു കഥയുണ്ട്. ഗോതമി അടക്കമുള്ളവരെ സംഘത്തിലേക്ക് ചേര്‍ത്തപ്പോള്‍ അദ്ദേഹം പറഞ്ഞത്രേ. ' ആയിരം കൊല്ലം നിലനില്‍ക്കാന്‍ ശേഷിയുള്ള ആശയം ഇനി 500 കൊല്ലമേ അതിജീവിക്കൂ''.
 
ബുദ്ധന്‍ പിറന്ന ഉടനെ അമ്മ മായാദേവി മരിച്ചു. പിന്നെ ഇളയമ്മ ഗോതമി ബുദ്ധന്റെ വളര്‍ത്തമ്മയായി. ആ അമ്മ അടക്കമുള്ള സ്ത്രീ സംഘത്തോടാണ് ബുദ്ധന്‍ ഇത് പറഞ്ഞതെന്നോര്‍ക്കുക.
 
സംബോധിജ്ഞാനം തേടിയല്ലാ സുധിനന്‍ ഭിക്ഷുവായത്. അകത്ത് അലയടിക്കുന്ന കാമത്തിന്റെ കടല്‍ ഇരിക്കപ്പൊറുതി കൊടുക്കാതായപ്പോഴാണ്. യാഗങ്ങളുടേയും ബലിയുടേയും മരണത്തിന്റേയും വേദനയുടേയും ഏകാന്തതയുടേയും നേരങ്ങളില്‍ സുധിനന്‍ അടിമുടി  വിറച്ചാര്‍ത്തത് ആ തിരയടികളിലാണ്
 
'' മനസ്സിനെ ഏകാഗ്രമാക്കി ജീവിത പ്രവൃത്തികളില്‍ ഏര്‍പ്പെടുക. അമിത ഭോജനവും പാനം ചെയ്യലും സുഖങ്ങളില്‍ ഏര്‍പ്പെടുന്നതും തെറ്റാണ്. അതേ സമയം  ഉപവാസം പോലുള്ള കഠിന വ്രതങ്ങളില്‍ ഏര്‍പ്പെട്ട് ദേഹത്തെ പീഡിപ്പിക്കുന്നതും തെറ്റാണ്. ഇതു രണ്ടിനും ഇടയിലുള്ള മധ്യമാര്‍ഗ്ഗമാണ് തൃഷ്ണയെ ഉന്മൂലനം ചെയ്യാന്‍ സ്വീകരിക്കേണ്ടത്. ഇത് എന്റെ വാക്കുകളല്ല. സംബോധിജ്ഞാനം നേടിയ ഗുരുനാഥന്റേതാണ്''
ഹൃദയത്തിന്റെ രൂപത്തിലുള്ള ഇലകളുമായി നിന്ന ആല്‍മരത്തിന്റെ ചോട്ടിലിരുന്ന് ശ്രമണന്‍ പറഞ്ഞ വാക്കുകള്‍ സുധിനനെ ഉലച്ചു. എന്നാല്‍ അത് സുധിനഭിക്ഷുവിനെ ഒരിക്കലും  നയിച്ചില്ല.
 
ഹെര്‍മ്മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥനും ഖണ്ഡേക്കറുടെ യയാതിയും നടന്ന പഥങ്ങളിലൂടെ, ഇരമ്പങ്ങളിലൂടെ സുധിനനും അലയുന്നു. കാമവും ആസക്തികളും നിറഞ്ഞ ചര്യകളെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ എത്രത്തോളം കഠിനമെന്ന് അറിയുന്നു.  
 
ഞാനും ബുദ്ധനും
 
ബിഹാറിലെ രാജ്ഗിറില്‍ ഇപ്പോഴും ബിംബിസാരന്റെ തുറുങ്കു കാണാം. മകന്‍ അജാതശത്രുവിനാല്‍ മഹാരാജാവ് തടവറയില്‍ കിടന്നു മരിച്ച ശിലകള്‍. അരികെ ഗൃദ്ധ്രകൂട പര്‍വതത്തിന്റെ കൂര്‍ത്ത എടുപ്പുകള്‍, മഹാഭാരത കാലത്ത് ജരാസന്ധനെ വെല്ലുവിളിക്കാന്‍ ഭീമാര്‍ജുനന്മാരുമൊത്ത് ശ്രീകൃഷ്ണന്‍ ചെന്നത് ഇവിടേയ്ക്കാണ്. ജരാസന്ധന്റെ ഗോദയും ഇവിടെയുണ്ട്.
 
കപിലവസ്തു വിട്ടുള്ള യാത്രയ്ക്കിടെ  ശ്രീബുദ്ധന്‍ മാസങ്ങളോളം  തപസ്സിരുന്നത് ഇവിടെയാണ്. മഹാ കാശ്ശപന്റെ നേതൃത്വത്തില്‍ സംഘം ആദ്യം സമ്മേളിച്ചതും ഇവിടെയാണ്. കപിലവസ്തുവില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു സിദ്ധാര്‍ത്ഥന്‍. ബുദ്ധനില്ലാത്ത കപിലവസ്തുവിലൂടെയാണ് ഞാനും ബുദ്ധനും സഞ്ചരിക്കുന്നത്. ബുദ്ധനില്ലാത്തവരുടെ, ബുദ്ധന്‍ തിരസ്‌കരിച്ചവരുടെ രാജ്യങ്ങളിലൂടെ. 
 
രാഹുലമാതാവായ ഗോപയുടെ - യശോധരയുടെ ഓര്‍മ്മകളിലെ ബുദ്ധന്‍, കോളിയ വംശത്തിന്റെ യുദ്ധശുദ്ധിയെ ചൊല്ലി അഭിമാനിച്ച ദേവദത്തന്റെ സ്വപ്നങ്ങളെ ഉടച്ച ബുദ്ധന്‍, മഗധത്തിന്റെ വസന്തങ്ങളെയപ്പാടെ നിരാസക്തമായ സന്യാസച്ചുവപ്പിലേക്ക് തള്ളിവിടുന്ന ബിംബിസാരനെയോര്‍ത്ത് വേപഥു പൂണ്ട പിതൃഹന്താവായ അജാതശത്രുവിന്റെ ബുദ്ധന്‍, സുപ്പബുദ്ധന്റേയും പമിതയുേടയും മകളായി തന്നെ പിറന്ന് ബുദ്ധന്റെ വളര്‍ത്തമ്മയായി നിന്ന ഗോതമിയുടെ ബുദ്ധന്‍. ഉപസന്പദനത്തിന്റെ ബുദ്ധ പാഠങ്ങളിലേക്ക് ഇവരെ നയിച്ചത് ബുദ്ധത്വത്തേക്കാള്‍ പാരുഷ്യങ്ങളാണ്. 
 
ആ പാരുഷ്യങ്ങളെ പറയുകയാണ് രാജേന്ദ്രന്‍ എടത്തുംകര. ഞാനും ബുദ്ധനും എന്ന ചെറിയ നോവല്‍ ശ്രദ്ധേയമാകുന്നത് മിനുസങ്ങളെ ചെത്തിക്കളഞ്ഞ വഴി തിരഞ്ഞെടുത്തതിലൂടെയാണ്. ''സ്ത്രീയെ എങ്ങനെ കാണണം ? ' എന്ന ചോദ്യത്തിന് ' കാണുകയേ വേണ്ട  ' എന്ന വചനം മറുപടിയാവുമ്പോള്‍ സംന്യാസത്തിന്റെ ബുദ്ധപഥങ്ങള്‍ നിവൃത്തികേടു കൊണ്ടു മാത്രം സ്വീകരിച്ചവരുടേയും ഉള്‍ക്കൊണ്ടവരുടേയും ദുരിതങ്ങള്‍ ബോധ്യപ്പെടുന്നു.
 
ബുദ്ധന്‍ ചിരിക്കുന്നു
 
ബുദ്ധന്റെ ചിരി എന്നത് അണുപ്രസരമാണ്. ദുര്‍വിധി എന്നും വിടാതെ പിടികൂടുന്നു ബുദ്ധസ്മാരകങ്ങളെ. രാഹു ജാതനായ ബന്ധനകാരകനായ മകനില്‍ നിന്നുള്ള ഒളിച്ചോട്ടം കൂടിയാണ് ബുദ്ധന്റേതെന്ന് വരുമ്പോള്‍ പ്രത്യേകിച്ചും. 
 
കേസരിയയില്‍ ആയാലും സാരാനാഥിലായാലും കുശിനഗരത്തിലായാലും പലപ്പോഴും മണ്‍മറഞ്ഞു കിടക്കാന്‍ വിധിക്കപ്പെട്ടവയാണ് അവയുടെ ചരിത്രം. മണ്‍കാലില്‍ നിലകൊള്ളുന്ന ആള്‍ദൈവമല്ലാതെ മനുഷ്യനായി വളരുന്നിടത്തേ ബുദ്ധന് നിലനില്‍പുള്ളൂ എന്ന് കൂടി ബോധ്യപ്പെടുത്തുന്നു ബുദ്ധവായനകള്‍.