ബുക്കര്‍നേടിയശേഷം ഡഗ്ലസ് പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ട്: ''ഈ പുസ്തകത്തിന്റെ ഓരോ താളിലും എന്റെ അമ്മയുണ്ട്. അവരില്ലായിരുന്നെങ്കില്‍ ഞാനിവിടെ എത്തുമായിരുന്നില്ല. എന്റെ നോവല്‍ പിറക്കുമായിരുന്നില്ല.'' അദ്ദേഹം പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതുതന്നെ അമ്മയ്ക്കാണ്

നിരാശയിലും മദ്യത്തിലും മുങ്ങിപ്പോയ ഒരമ്മ. 'സാധാരണ' ആണ്‍കുട്ടിയാകാന്‍ പ്രയാസപ്പെടുന്ന മകന്‍. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലെ സ്‌കോട്ട്ലന്‍ഡിലെ ദരിദ്രസാഹചര്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണവര്‍. അവരുടെ ജീവിതപ്രാരബ്ധത്തിന്റെ, പരസ്പരമുള്ള മനസ്സിലാക്കലിന്റെ, അലിവോടെയുള്ള സ്‌നേഹത്തിന്റെ നെഞ്ചില്‍ക്കൊളുത്തിവലിക്കുന്ന ആവിഷ്‌കാരമാണ് 'ഷഗ്ഗി ബൈന്‍.' ഇക്കൊല്ലം ബുക്കര്‍ സമ്മാനം കിട്ടിയ നോവല്‍.

ഹ്യൂ ഷഗ്ഗി ബൈനിന്റെ ആത്മനൊമ്പരങ്ങളുടെയും പ്രതീക്ഷയുടെയും സ്വയം തിരിച്ചറിവിന്റെയും കഥയാണ് അതെങ്കിലും അതിലുടനീളം നോവലിസ്റ്റ് ഡഗ്ലസ് സ്റ്റുവര്‍ട്ടുണ്ട്. മാര്‍ഗരറ്റ് താച്ചറുടെ നയങ്ങള്‍മൂലം ജീവിതം കഷ്ടപ്പാടിലായ, അമിത മദ്യപയായ അമ്മയെ 16-ാം വയസ്സില്‍ നഷ്ടപ്പെട്ട, സര്‍വോപരി താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് സങ്കോചത്തോടെ തിരിച്ചറിഞ്ഞ സ്റ്റുവര്‍ട്ട്. അദ്ദേഹംതന്നെയാണ് ഷഗ്ഗി ബൈന്‍.

പ്രണയതീരുമാനങ്ങളില്‍ പരാജയമാണ് ഷഗ്ഗിയുടെ അമ്മ ആഗ്നസ്. ആദ്യ ഭര്‍ത്താവിനു സ്ത്രീകളോടുള്ള അഭിനിവേശത്തില്‍ ദുഃഖിതയും നിരാശയുമായ ആഗ്നസിനെ ആശ്വസിപ്പിച്ചത് മദ്യമാണ്. കുടുംബമുപേക്ഷിച്ച് ഭര്‍ത്താവ് പോയതോടെ അവര്‍ മദ്യത്തില്‍ മുങ്ങി. ദാരിദ്ര്യം അതിന്റെ എല്ലാ ക്രൂരതയോടും കൂടി അവിടെ കുടിയേറി. കൗമാരമെത്തിയ മക്കളും വിട്ടുപോയപ്പോള്‍ ആഗ്നസിന് കൂട്ട് എട്ടുവയസ്സുകാരന്‍ ഷഗ്ഗി മാത്രമായി. അമ്മയുടെ മദ്യപാനാസക്തിക്ക്, ഭ്രാന്തുകള്‍ക്ക്, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലുള്ള ഉടുത്തൊരുക്കങ്ങള്‍ക്ക് എല്ലാം അവന്‍മാത്രമായിരുന്നു സാക്ഷി. എട്ടുവയസ്സുകാരന്റേതിനെക്കാള്‍ വലിയ സഹാനുഭൂതിയോടെ അവന്‍ അവയെയെല്ലാം കണ്ടു.

ഇതിനെല്ലാമിടയില്‍ അവന്‍ സ്വന്തം ലൈംഗികസ്വത്വം തിരിച്ചറിയുകയായിരുന്നു; വളരെ പതിയെ, വളരെ വേദനയോടെ. അവന് ഏകാന്തതതോന്നി. 'നീ ശരിയല്ലെ'ന്ന് ചുറ്റുമുള്ള ലോകം അവനോടു പറഞ്ഞുകൊണ്ടിരുന്നു. സഹപാഠികള്‍ കളിയാക്കി. തരംകിട്ടിയപ്പോള്‍ ഉപദ്രവിച്ചു. 'സാധാരണ' ആണ്‍കുട്ടിയാവാന്‍ അവന്‍ ശ്രമിച്ചു. അമ്മ അവനെ തിരിച്ചറിഞ്ഞു. പക്ഷേ, അവരുടെ മദ്യപാനം ഏറ്റവും പ്രിയപ്പെട്ട ഷഗ്ഗിയെപ്പോലും ചുഴറ്റിയെറിയുന്ന ചുഴലിയായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലെ ഗ്ലാസ്ഗോയിലെ സാമൂഹികസാഹചര്യത്തില്‍ സ്വവര്‍ഗാനുരാഗി നേരിടുന്ന നിര്‍ദയത്വത്തെ അതേ നിര്‍ദയത്വത്തോടെയാണ് സ്റ്റുവര്‍ട്ട് എഴുതിവെക്കുന്നത്. ഷഗ്ഗിയുടെ ഈ പരിവര്‍ത്തനയാത്രയില്‍ അവനോളംപോന്ന പ്രാധാന്യത്തോടെ നില്‍ക്കുന്നുണ്ട് ആഗ്നസും. മദ്യം തകര്‍ക്കുന്ന ഓരോ ദിനത്തെയും ബോധമുള്ളപ്പോള്‍ വാരിക്കെട്ടി ജീവിതത്തോടു പോരടിക്കാന്‍തന്നെ ശ്രമിക്കുന്ന ആഗ്നസിനെ വളരെ വിദഗ്ധമായാണ് സ്റ്റുവര്‍ട്ട് വരച്ചിട്ടിരിക്കുന്നത്.

ബുക്കര്‍ നേടിയശേഷം അദ്ദേഹം പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ട്: ''ഈ പുസ്തകത്തിന്റെ ഓരോ താളിലും എന്റെ അമ്മയുണ്ട്. അവരില്ലായിരുന്നെങ്കില്‍ ഞാനിവിടെ എത്തുമായിരുന്നില്ല. എന്റെ നോവല്‍ പിറക്കുമായിരുന്നില്ല.'' അദ്ദേഹം പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതുതന്നെ അമ്മയ്ക്കാണ്.

ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടില്‍നിന്ന് ബിരുദംനേടി ന്യൂയോര്‍ക്കില്‍ കുടിയേറി ഫാഷന്‍ ഡിസൈനറായി മാറിയ സ്റ്റുവര്‍ട്ട് ഇനി മുഴുവന്‍സമയ എഴുത്തുകാരനായിരിക്കും. ആദ്യ നോവലിനുതന്നെ കിട്ടിയ വലിയ ബഹുമതി അദ്ദേഹത്തെ അത്ര ആത്മവിശ്വാസമുള്ളവനാക്കിയിരിക്കുന്നു. ബുക്കര്‍ കിട്ടില്ലെന്നു വാതുവെച്ച പങ്കാളിയെയും നോവല്‍ നിരാകരിച്ച 30 എഡിറ്റര്‍മാരെയും അദ്ദേഹം തോല്‍പ്പിച്ചിരിക്കുന്നു.

ഇനി 'ഷഗ്ഗി ബൈന്‍' വായിച്ചുതുടങ്ങാം: 'ചത്ത ദിനമായിരുന്നു അത്. ആ പ്രഭാതത്തില്‍ അവന്റെ മനസ്സ് അവനെ ഉപേക്ഷിക്കുകയും ശരീരംവിട്ട് താഴെ അലഞ്ഞുതിരിയുകയുമായിരുന്നു. ശൂന്യമായ ശരീരം ഉദാസീനമായി അതിന്റെ ദിനചര്യകളിലേക്കു കടന്നു, ഫ്‌ളൂറസന്റ് ദീപങ്ങള്‍ക്കുതാഴെ വിളറിയും നിസ്സംഗമായും. അപ്പോള്‍ അവന്റെ ആത്മാവ് നാളെയെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ട് ഇടനാഴിക്കു മുകളിലൂടെ പറക്കുകയായിരുന്നു. നാളെ എന്നതിലാണ് എന്തെങ്കിലും പ്രതീക്ഷിക്കാനുള്ളത്.

Content Highlights: Booker prize winner douglas stuart life