ജാനകി അമ്മാളിനെ ആദരിക്കുകയാണ് മനോഹരമായ മഞ്ഞ റോസിന് അവരുടെ പേരു നല്‍കുക വഴി ചെയ്തതെങ്കില്‍, ജാനകി അമ്മാള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സ്ത്രീഗവേഷകര്‍ക്ക് ആദരമര്‍പ്പിക്കുകയാണ് അഞ്ജന ചട്ടോപാധ്യായയുടെ 'വുമണ്‍ സയന്റിസ്റ്റ്‌സ് ഇന്‍ ഇന്ത്യ' എന്ന ഗ്രന്ഥം!

E K Janaki Ammal
ഇ.കെ.ജാനകി അമ്മാള്‍, ചെറുപ്പകാലത്തെ ചിത്രം. Pic Credit: University of Michigan/Twitter

ഴിഞ്ഞ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് പ്രശസ്ത സസ്യശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാളിന്റെ സ്മരണാര്‍ഥം, ഒരു സങ്കരയിനം റോസാച്ചെടിക്ക് അവരുടെ പേരിട്ടത്. 1940-കളില്‍ ഡോ. ജാനകി പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലണ്ടിലെ ജോണ്‍ ഇന്നസ് സെന്ററും ലണ്ടനിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. കൊടൈക്കനാലിലെ അറിയപ്പെടുന്ന പ്ലാന്റ് ബ്രീഡര്‍മാരായ ഗിരിജ വീരരാഘവന്‍, വീരു വീരരാഘവന്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച റോസിന് അവര്‍ 'ഇ.കെ.ജാനകി അമ്മാള്‍' എന്നു പേരിട്ടു എന്നായിരുന്നു പ്രഖ്യാപനം.

1897-ല്‍ തലശ്ശേരിയില്‍ ജനിച്ച ഡോ.ജാനകിയാണ്, ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരി. ഇന്ത്യയിലെ ആദ്യസസ്യശാസ്ത്രജ്ഞയും അവര്‍ തന്നെ. 1984-ല്‍ ചെന്നൈയില്‍ അന്തരിക്കുന്ന സമയം വരെയും ഗവേഷണരംഗത്ത് കര്‍മനിരതയായിരുന്നു അവര്‍. യു.എസില്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോ.ജാനകി 1931-ല്‍ ഡോക്ടറേറ്റ് നേടിയത്. തുടര്‍ന്ന് കോയമ്പത്തൂരിലെ കരിമ്പു ഗവേഷണകേന്ദ്രത്തില്‍ ജനിതകശാസ്ത്രജ്ഞയായി പ്രവര്‍ത്തിച്ച അവര്‍ 1939-ല്‍ ഇംഗ്ലണ്ടിലെത്തി. അവിടെ ജോണ്‍ ഇന്നസ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോളജിസ്റ്റായി 1940 മുതല്‍ 1945 വരെ ഗവേഷണപ്രവര്‍ത്തനം നടത്തി. പിന്നീട് 1951 വരെ ലണ്ടനില്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയില്‍ സൈറ്റോളജിസ്റ്റായും പ്രവര്‍ത്തിച്ചു.

1951-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ക്ഷണം സ്വീകരിച്ച് 'ബൊട്ടാണിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ' (BSI) പുനസംഘടിപ്പിക്കാന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഡോ.ജാനകി ആ കര്‍ത്തവ്യം സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വഹിച്ച ശേഷം ഇവിടെ തന്നെ തുടര്‍ന്നു. കോശപഠനം (സൈറ്റോളജി) ആയിരുന്നു പ്രധാന പഠനമേഖല എങ്കിലും, റിട്ടയര്‍മെന്റിന് ശേഷം 1970-കളില്‍ വംശീയ സസ്യശാസ്ത്രം (എത്‌നോബോട്ടണി) എന്ന പഠനമേഖലയില്‍ അവരുടെ ശ്രദ്ധ തിരിഞ്ഞു. ആ പഠനശാഖയ്ക്ക് ഇന്ത്യയില്‍ അടിത്തറയിട്ടത് ഡോ.ജാനകിയും ശിക്ഷ്യരും കൂടിയാണ്. 

E K Janaki Ammal Rose
ഇ.കെ.ജാനകി അമ്മാളിന്റെ പേരിട്ട റോസ്. Pic courtesy:
John Innes Centre and The Sainsbury Laboratory, England

മേല്‍സൂചിപ്പിച്ച റോസാച്ചെടി മാത്രമല്ല, വേറെയും ചെടികള്‍ ഡോ.ജാനകിയുടെ പേരില്‍ അറിയപ്പെടുന്നുണ്ട്. ഇംഗ്ലണ്ടില്‍ വെച്ച് മനോഹരമായ പൂക്കളുള്ള മഗ്‌നോളിയ പൂമരത്തിന്റെ ഒരു വകഭേദം അവര്‍ രൂപപ്പെടുത്തുകയുണ്ടായി. ആ പൂമരത്തിന്റെ ശാസ്ത്രീയ നാമം മഗ്‌നോളിയ കൊബുസ് 'ജാനകി അമ്മാള്‍' (Magnolia kobus 'Janaki Ammal') എന്നാണ്.തെക്കന്‍ പശ്ചിമഘട്ടത്തില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ വളരുന്ന 'കല്ലാല്‍' (അമൃതപാല) ജാനകിയുടെ നാമം പേറുന്ന സസ്യമാണ്. 1978-ല്‍ സസ്യശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ ആ സസ്യജാതിക്ക്  'ജാനകീയ അരയാല്‍പത്ര' (Janakia arayalpathra) എന്നാണ് ശാസ്ത്രീയ നാമം. 

ജോണ്‍ ഇന്നസില്‍ തന്റെ മേലധികാരിയായിരുന്ന സി.ഡി.ഡാര്‍ലിങ്ടണുമായി ചേര്‍ന്ന് ഡോ.ജാനകി പ്രസിദ്ധീകരിച്ച 'ക്രോമസോം അറ്റ്‌ലസ് ഓഫ് ദി കള്‍ട്ടിവേറ്റഡ് പ്ലാന്റസ്' (1945-ല്‍ ആദ്യ എഡിഷന്‍) എന്ന വിശിഷ്ടഗ്രന്ഥമാണ്, അവരോടുള്ള ആദരവ് വര്‍ധിപ്പിച്ചതെന്ന് റോസ് പുഷ്പത്തിന് ജാനകിയുടെ പേര് നല്‍കിയ ഗിരിജയും വീരുവും മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യക്കാര്‍ ഇനിയും ജാനകി അമ്മാളിന്റെ സംഭാവനകള്‍ വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. 

ഡോ. ജാനകിയുടെ കാര്യം മാത്രമല്ലിത്. ശാസ്ത്രരംഗത്തും മെഡിക്കല്‍ രംഗത്തും മികവു തെളിയിച്ച എത്ര ഇന്ത്യന്‍ സ്ത്രീഗവേഷകരെ നമുക്കറിയാം? ഇക്കാര്യത്തില്‍ നമ്മുടെ അറിവിന്റെ പരിമിതി ബോധ്യമാക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാം. അഞ്ജന ചട്ടോപാധ്യായ അടുത്തയിടെ പ്രസിദ്ധീകരിച്ച 'വുമണ്‍ സയന്റിസ്റ്റ്‌സ് ഇന്‍ ഇന്ത്യ' എന്ന ഗ്രന്ഥം ഒന്നു മറിച്ചു നോക്കുക. ഇത്രയേറെ ഇന്ത്യന്‍ സ്ത്രീകള്‍ ശാസ്ത്രരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നു നമ്മള്‍ അത്ഭുതപ്പെടും! പൊതുസമൂഹത്തിന്റെ അജ്ഞതയുടെ പ്രതിഫലനമായി ഈ അത്ഭുതപ്പെടല്‍ തോന്നുമെങ്കിലും, യഥാര്‍ഥത്തില്‍ ഇത് നമ്മുടെ സമൂഹം സ്ത്രീഗവേഷകരോട് കാട്ടുന്ന അവഗണനയുടെ പ്രതിഫലനമാണ്.

Women Scientists in India Book Coverഡോ.ജാനകിയെ ആദരിക്കുകയാണ് മനോഹരമായ മഞ്ഞ റോസിന് അവരുടെ പേരു നല്‍കുക വഴി ചെയ്തതെങ്കില്‍, ഡോ.ജാനകി ഉള്‍പ്പെട്ട ഇന്ത്യന്‍ സ്ത്രീഗവേഷകരോടുള്ള ആദരമാണ് അഞ്ജന ചട്ടോപാധ്യായയുടെ 493 പേജുള്ള ഗ്രന്ഥം. താഴ്ന്ന ജാതിക്കാരിയെന്ന നിലയ്ക്കും സ്ത്രീയെന്ന നിലയ്ക്കുമുള്ള വിവേചനങ്ങളെ മറികടന്നാണ് ശാസ്ത്രഗവേഷണം തന്റെ ജീവിതം തന്നെയാക്കി ഡോ.ജാനകി മാറ്റിയത്. അതുപോലെ, കടുത്ത വിവേചനങ്ങള്‍ക്കും ബാലവിവാഹമെന്ന ക്രൂരതയ്ക്കും ഇരയായിട്ടും, ഫീനിക്‌സ് പക്ഷിയെപ്പോലെ വീണ്ടും ചിറകുവിടര്‍ത്തി അറിവിന്റെ ചക്രവാളങ്ങള്‍ പുല്‍കിയ ഒട്ടേറെ ഇന്ത്യന്‍ സ്ത്രീകളെ ചട്ടോപാധ്യായയുടെ ഗ്രന്ഥത്തില്‍ കാണാം! ഡോ.ജാനകി മുതല്‍ ഗണിതപ്രതിഭ ശകുന്തള ദേവി വരെ നീളുന്ന നിര!

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും ശാസ്ത്രഗവേഷണം പോലെ സ്ത്രീകള്‍ക്കെതിരെ ഇത്രയ്ക്ക് വിവേചനം നിലനിന്ന മേഖലകളുണ്ടോ എന്നകാര്യം സംശയമാണ്. ഉദാഹരണത്തിന് യൂറോപ്പിലെ രണ്ട് പ്രമുഖ ശാസ്ത്ര അക്കാദമികളുടെ കാര്യം നോക്കാം. 1666-ല്‍ സ്ഥാപിതമായ പാരീസ് സന്‍സസ് അക്കാദമി (Academie des Sciences of Paris) യില്‍ ഒരു സ്ത്രീക്ക് ആദ്യമായി ഫെലോഷിപ്പ് നല്‍കിയത് 1962-ല്‍ മാത്രമാണ്. ശാസ്ത്രമേഖലയില്‍ രണ്ടുതവണ നൊബേല്‍ പുരസ്‌കാരം നേടിയ ഏക സ്ത്രീയായ മേരി ക്യൂറിക്ക് പോലും അക്കാദമി ഫെലോഷിപ്പ് നല്‍കിയില്ല! ലണ്ടനിലെ റോയല്‍ സൊസൈറ്റിയുടെ കാര്യവും വ്യത്യസ്തമല്ല. 1660-ല്‍ സ്ഥാപിതമായ ആ സൊസൈറ്റി ഒരു സ്ത്രീയ്ക്ക് ഫെലോഷിപ്പ് ആദ്യമായി നല്‍കിയത് 1945-ല്‍ മാത്രം!. ഐറിഷുകാരിയായ ക്രിസ്റ്റലോഗ്രാഫര്‍ കാതലീന്‍ ലോന്‍സ്‌ഡേയ്ല്‍ (Kathleen Lonsdale) ആയിരുന്നു അത്.

ഇതുവെച്ച് നോക്കിയാല്‍ ഇന്ത്യയിലെ സ്ഥിതി കുറച്ചുകൂടി മെച്ചമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും പഴക്കമേറിയ സയന്‍സ് അക്കാദമി, നൊബേല്‍ ജേതാവ് സി വി രാമന്‍ 1934-ല്‍ സ്ഥാപിച്ച 'ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ്' ആണ്. തുടങ്ങി പിറ്റേ വര്‍ഷം, 1935-ല്‍ തന്നെ അക്കാദമിയില്‍ സ്ത്രീ ഫെലോ തിരഞ്ഞെടുക്കപ്പെട്ടു. ഇ കെ ജാനകി അമ്മാള്‍ ആയിരുന്നു അക്കാദമി ഫെലോ ആയ ആദ്യ സ്ത്രീ.

Anjana Chattopadhyay
ഗ്രന്ഥകാരി അഞ്ജന ചട്ടോപാധ്യായ.
Pic Credit: Shyam Thaikkad

ഇന്ത്യയില്‍ സ്ത്രീകളുടെ സാന്നിധ്യം ആദ്യമുണ്ടായ ശാസ്ത്രമേഖല മെഡിക്കല്‍രംഗമാണ്. മദ്രാസ് മെഡിക്കല്‍ കോളേജ് 1875-ല്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി. രാജ്യത്തെ മറ്റു മെഡിക്കല്‍ കോളേജുകളും താമസിയാതെ ആ പാത പിന്തുടര്‍ന്നു. ആധുനിക വൈദ്യശാസ്ത്രം പഠിച്ച് അംഗീകൃത ഡോക്ടറായി പ്രാക്ടീസിങ് നടത്തിയ ആദ്യ ഇന്ത്യക്കാരി ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ കാദംബിനി ഗാംഗുലി (Kadambini Ganguly) ആണ്. കല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠിച്ച കാദംബിനി, 1886-ല്‍ GBMC (ഗ്രാജ്വേറ്റ് ഓഫ് ബംഗാള്‍ മെഡിക്കല്‍ കോളേജ്) പൂര്‍ത്തിയാക്കി. പെണ്‍കുട്ടികള്‍ മെഡിക്കല്‍ സയന്‍സ് പഠിക്കുന്നത് ശക്തമായി എതിര്‍ത്ത വ്യക്തിയായിരുന്നു കാദംബിനിയുടെ പ്രൊഫസര്‍ ആര്‍.സി.ചന്ദ്ര. കാദംബരിയെ ബാച്ചിലര്‍ ഓഫ് മെഡിസിന്റെ (MB) പ്രാക്ടിക്കല്‍ പരീക്ഷയില്‍ ആ പ്രൊഫസര്‍ തോല്‍പ്പിച്ചു! എങ്കിലും, കാദംബിനി പിന്‍വാങ്ങിയില്ല. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ 1892-ല്‍ ബ്രിട്ടനില്‍ പോയി ഉപരിപഠനം നടത്തി തിരികെയെത്തി ഗൈനക്കോളജിസ്റ്റായി പ്രാക്ടീസ് തുടങ്ങി. 

Kadambini Ganguly
കാദംബിനി ഗാംഗുലി.
Pic Credit: Wikimedia Commons

കാദംബിനി ഗ്രാജ്വേറ്റായ 1886-ല്‍ തന്നെ ഇന്ത്യക്കാരിയായ മറ്റൊരു യുവതിയും മെഡിക്കല്‍ പ്രാക്ടീസിങിന് അര്‍ഹത നേടിയിരുന്നു, ആനന്ദിബായി ജോഷി (Anandibai Joshi). മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശിയായ അവര്‍, 1886-ല്‍ യു.എസിലെ ഫിലാഡെല്‍ഫിയയില്‍ പെന്‍സില്‍വാനിയയിലെ വുമണ്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിനില്‍ എം.ഡി.ബിരുദം നേടി തിരിച്ചെത്തിയെങ്കിലും, അതിനടുത്ത വര്‍ഷം ക്ഷയരോഗബാധയാല്‍ മരിച്ചു. മെഡിക്കല്‍ പ്രാക്ടീസിങ് തുടങ്ങാനായില്ല. ഒന്‍പതാം വയസ്സില്‍ തന്നെക്കാള്‍ 20 വയസ്സു കൂടുതലുള്ള ഗോപാല്‍റാവു ജോഷി എന്ന രണ്ടാംകെട്ടുകാരനെ വിവാഹം കഴിച്ച ആനന്ദിയെ വൈദ്യപഠനത്തിലേക്ക് തിരിച്ചുവിട്ടത്, പതിനാലാം വയസ്സില്‍ താന്‍ പ്രസവിച്ച കുട്ടി മരിച്ച സംഭവമാണ്. ആനന്ദിക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നടത്താന്‍ ഭര്‍ത്താവ് ഗോപാല്‍റാവു എല്ലാ പ്രോത്സാഹനവും നല്‍കി. 

Anandibai Joshi
ആനന്ദിബായി ജോഷി.
Pic Credit: Wikimedia Commons

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ മെഡിക്കല്‍ രംഗത്തിനൊപ്പം മറ്റ് ശാസ്ത്രഗവേഷണ മേഖലകളിലും കൂടുതലായി പ്രവര്‍ത്തിച്ചു തുടങ്ങി. തുടക്കം ജാനകി അമ്മാളില്‍ നിന്നായിരുന്നു. സംഘനിത പദാര്‍ഥരൂപങ്ങളുമായി ബന്ധപ്പെട്ട തിയററ്റിക്കല്‍ പഠനങ്ങളിലും, ഭൗമകാന്തികത്തിലും സംഭാവന നല്‍കിയ അലഹബാദ് സ്വദേശി അര്‍ച്ചന ഭട്ടാചാര്യ (ജനനം.1948), തിയററ്റിക്കല്‍ കെമിസ്ട്രിയില്‍ മുന്നേറ്റം നടത്തിയ ചാരുസീത ചക്രവര്‍ത്തി (1964-2016), കാലാവസ്ഥാ പഠനത്തില്‍ സ്വതന്ത്ര ഇന്ത്യയെ സ്വന്തംകാലില്‍ നില്‍ക്കാന്‍ സഹായിച്ച മലയാളി ഗവേഷക അന്ന മാണി (1918-2001), ഓര്‍ഗാനിക് കെമിസ്ട്രിയില്‍ മികച്ച സംഭാവന നല്‍കിയ കൊല്‍ക്കത്ത സ്വദേശി അസിമ ചാറ്റര്‍ജി (1917-2006), അന്താരാഷ്ട്രതലത്തില്‍ ഖ്യാതി നേടിയ ആര്‍ക്കിടെക്റ്റും ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പൂര്‍ സ്വദേശിയുമായ ഊര്‍മില്‍ യൂലി ചൗധരി (1923-1995), സൈദ്ധാന്തിക ഭൗതികത്തില്‍ കഴിവു തെളിയിച്ച പൂണെ സ്വദേശി രോഹിണി മധുസൂതന്‍ ഗോഡ്‌ബോല്‍ (ജനനം.1952), നക്ഷത്രഭൗതികത്തില്‍ ഗവേഷണം നടത്തുന്ന വിനോദ് കൃഷാന്‍ (ജനനം.1946), ഗര്‍ഭചികിത്സയില്‍ പ്രശസ്തി നേടിയ മലയാളിയായ ഡോ.മേരി പുന്നന്‍ ലൂക്കോസ് (1886-1976), ജനിതകപഠനത്തില്‍ പ്രശസ്തയായ മധ്യപ്രദേശുകാരി മിതലി മുഖര്‍ജി (ജനനം. 1967), ഗണിതശാസ്ത്രത്തില്‍ പ്രശസ്തയായ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി രാമണ്‍ പരിമള (ജനനം.1948), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ICMR) ഡയറക്ടര്‍ ജനറല്‍ പദവിയെത്തിയ ആദ്യ സ്ത്രീയായ ഡോ.ഗൗഡഗിരി വേദാന്തി സത്യവതി (ജനനം.1937), പ്രശസ്ത ഭൗമശാസ്ത്ര ഗവേഷക സുദീപ്ത സെന്‍ഗുപ്ത (ജനനം. 1946), ഗണിത പ്രതിഭയായി ഖ്യാതി നേടിയ ബംഗളൂരു സ്വദേശി ശകുന്തള ദേവി (1939-2013), കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രവിഷയത്തില്‍ പി.എച്ച്.ഡി.കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ സ്ത്രീ ഗുജറാത്തിലെ ബറോഡ സ്വദേശി കമല സ്വഹോനി (1911-1998) (ഡയറി മേഖലയിലായിരുന്നു ഗവേഷണം, 1939-ല്‍ പി.എച്ച്.ഡി. നേടി), ആലപ്പുഴക്കാരിയും പ്രതിരോധ ഗവേഷണ വികസന വകുപ്പിലെ (DRDO) പ്രമുഖ ശാസ്ത്രകാരിയുമായ ടെസ്സി തോമസ് എന്നിങ്ങനെ ആ പട്ടിക നീളുന്നു.

Sakundala Devi
ശകുന്തള ദേവി. Pic Credit: curiosity.com

ഇന്ത്യയില്‍ മെഡിക്കല്‍ രംഗം ഉള്‍പ്പടെ, ആധുനിക ശാസ്ത്രമേഖലയില്‍ മികവു തെളിയിച്ച 175 ഇന്ത്യന്‍ സ്ത്രീഗവേഷകരെ ചട്ടോപാധ്യായ തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ഡല്‍ഹി പബ്ലിക്ക് ലൈബ്രറി സിസ്റ്റത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറലായ ഗ്രന്ഥകാരി വര്‍ഷങ്ങളോളം നടത്തിയ പഠനം ഈ ഗ്രന്ഥരചനയ്ക്ക് പിന്നിലുണ്ട്. 

ഗവേഷകരുടെ ജീവിതം വിശദമായി അവതരിപ്പിക്കുകയല്ല, പകരം ഇത്രയും സ്ത്രീഗവേഷകരെ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരി ചെയ്തിട്ടുള്ളത്. ഓരോരുത്തരുടെയും ജനനം, ബാല്യം, വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, നേടിയ ബഹുമതികള്‍ എന്നിവയാണ് ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഇന്ത്യന്‍ സ്ത്രീഗവേഷകരെ പരിചയപ്പെടുത്തുന്നതിനൊപ്പം, ഭാവി പഠനങ്ങള്‍ക്ക് വാതില്‍ തുറന്നിടുന്നു ഈ ഗ്രന്ഥം. ആധുനിക ഇന്ത്യയിലെ ശാസ്ത്രചരിത്രത്തില്‍ ഒരുപക്ഷേ, അവഗണിക്കപ്പെട്ട വലിയൊരു വിഭാഗത്തിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഈ ഗ്രന്ഥം ചെയ്തിട്ടുള്ളത്. (പ്രത്യേക കടപ്പാട്: കെ.എ.ഷാജി, നിഷാദ് കൈപ്പള്ളി). 

(Women Scientists in India: Lives Struggles & Achievements (2018). By Anjana Chattopadhyay. National Book Trust, India. Page: 493. Rs.485)

*മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Women Scientists in India, Science History, E K Janaki Ammal, Kadambini Ganguly, Anandibai Joshi