മൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ജാനകിയുടെയും നവീന്റെയും നൃത്തവും, വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കിടയില്‍ അത് സൃഷ്ടിച്ച അസ്വസ്ഥതയും മറ്റൊരു  ചരിത്രത്തെയും അതിലെ അന്തര്‍നാടകങ്ങളെയും ഓര്‍മിപ്പിക്കുന്നുണ്ട്. 

ജനാകിയും നവീനും അവതരിപ്പിച്ച നൃത്തം, സമൂഹമാധ്യമങ്ങളിലെ തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും സജീവചര്‍ച്ചയായതിന് പിന്നിലെ കാരണങ്ങള്‍ ആലോചിച്ചാല്‍ കൗതുകകരമായി തോന്നാം. അവരുടെ പ്രകടനം തങ്ങളില്‍ സൃഷ്ടിച്ച സന്തോഷകരമായ അനുഭവത്തെ കുറിച്ച് പലരും ഫെയ്സ്ബുക്കിൽ എഴുതിയിരുന്നു. ലോകം കൂടുതല്‍ നിശ്ചലമായിക്കൊണ്ടിരിക്കെ, ആ നൃത്തത്തിന്റെ ചടുലവും മനോഹരവുമായ അനുഭവം കാഴ്ചക്കാരില്‍ സന്തോഷമുണ്ടാക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. സ്‌കൂളിലെ കലോല്‍സവകാലം മുതല്‍, ഡാന്‍സുമായി ബന്ധപ്പെട്ട നമ്മുടെ പലതരം ഓര്‍മകളെ അത് പുനരാനയിക്കുന്നുമുണ്ട്. അതേസമയം അവരുടെ നൃത്തം കുറേപേരെയെങ്കിലും റാസ്പുട്ടിന്‍ - ഗ്രിഗോറി റാസ്പുട്ടിനെയാല്ല, ബോണി എം- ന്റെ റാസ്പുട്ടിന്‍-  ഓര്‍മിപ്പിക്കാതിരിക്കില്ല

1976-ല്‍ ജര്‍മന്‍കാരനായ ഫ്രാങ്ക് ഫാരിയന്‍, ലിസ് മിച്ചെല്‍, മേഴ്‌സി വില്യംസ്, മാര്‍സിയ ബാരെറ്റ്, ബോബി ഫാരല്‍ എന്നീ നാല് കറുത്തവംശജരെ ചേര്‍ത്ത് തുടങ്ങിയ ബോണി എം ഗായകസംഘം ലോകത്തിന്റെ വിവിധകോണുകളില്‍ വലിയ ശ്രദ്ധനേടി. 1980- കളില്‍ ടേപ്പ് റെക്കോര്‍ഡറുകള്‍ വ്യാപകമായതോടെ മലയാളിവീടുകളിലേക്കും ബോണി എം എത്തി. അങ്ങനെയായിരിക്കുമ്പോഴും അമേരിക്കയില്‍ ബോണി എം-ന് വേണ്ടത്ര പരിഗണന കിട്ടിയില്ല. ആ ദേശത്തിന്റെ ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയ വംശീയതയായിരുന്നു അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.  ജമൈക്കന്‍ മനുഷ്യരുടെ സംഘര്‍ഷജീവിതം അതിന്റെ എല്ലാ തീവ്രതയോടെയും വെളിച്ചപ്പെടുത്തിയ ബോബ് മാര്‍ലിയുടെ 'നോ വിമന്‍ നോ ക്രൈ' (No Women No Cry) ഏറ്റെടുത്തും കറുപ്പിന്റെ രാഷ്ട്രീയത്തെ തെളിമയോടെ പ്രകാശിപ്പിക്കുന്ന 'നോ മോര്‍ ചെയിന്‍ ഗാങ്' (No More Chain Gang) അവതരിപ്പിച്ചും ബോണി എം വംശീവിരുദ്ധമുന്നേറ്റങ്ങളുടെ പക്ഷത്തോട് കൂടുതല്‍ ചേര്‍ന്ന് നിന്നുകൊണ്ടിരുന്നു. ടെലിവിഷന്‍ പരിപാടിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ജനപ്രിയസംസ്‌കാരത്തിന്റെ ചരിത്രത്തിന്റെ അനിഷേധ്യസാന്നിധ്യങ്ങളില്‍ ഒന്നായി ബോണി എം മാറി. ലക്ഷക്കണക്കിന് ബോണി-എം കാസറ്റുകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ വിറ്റ് പോയി. ബോണി- എം ന്റെ പേരില്‍ പുറത്തുവന്ന വ്യാജന്മാര്‍ക്ക് പോലും ആരാധകരുണ്ടായി. 

ബൈ ദ റിവേഴ്‌സ് ഓഫ് ബാബിലോണ്‍, ബ്രൗൺ ഗേള്‍ ഇന്‍ ദി റിങ്, ഡാഡികൂള്‍, മാ ബേക്കര്‍, സണ്ണി സണ്ണി, ഹുറേ ഹുറേ, ബഹാമാ മാമ തുടങ്ങിയ പാട്ടുകള്‍ വലിയ പ്രചാരം നേടി. ടുണീഷ്യയിലെയും തുര്‍ക്കിയിലെയും കരീബിയന്‍ രാജ്യങ്ങളിലെയും, ഫോക്ക് സംഗീതത്തിന്റെ താളമാണ് ബോണി എം പലപ്പോഴും കടമെടുത്തത്. സാര്‍ ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമന്റെ കാലത്ത് സോവിയറ്റ് യൂണിയനില്‍ ജീവിച്ച ഗ്രിഗോറി റാസ്പുട്ടിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ സംക്ഷിപ്ത ആവിഷ്‌കാരമായിരുന്നു ബോണി-എം ന്റെ റാസ്പുട്ടിന്‍.പലതരം വിമര്‍ശനങ്ങളും പില്‍കാലത്ത് ബോണി എം-നെ വലയം ചെയ്തു. ബോണി എം ഗായകസംഘം പാടുകയായിരുന്നില്ല, നേരത്തെ റെക്കോര്‍ഡ് ചെയ്തുവച്ച ശബ്ദത്തിനനുസരിച്ച് ചുണ്ടനക്കുക മാത്രമായിരുന്നു എന്ന വിമര്‍ശനത്തോടെ അവരുടെ ജനസമ്മിതി ഗണ്യമായി കുറയുകയും ബോണി-എം സംഗീത സംഘം പിരിയുകയും ചെയ്തു. പിന്നീട് ഓരോരുത്തരും പുതിയ ഗായകസംഘങ്ങളുമായി പ്രത്യക്ഷപ്പെട്ടു. 

സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ പരിപാടിക്ക് ശേഷം ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ കിടന്ന ബോബി ഫാരല്‍ പിറ്റേന്ന് മരണപ്പെട്ടതായി കണ്ടെത്തി.  2010- ഡിസംബര്‍ 30 ആയിരുന്നു ആ ദിവസം. ബോണി- എം ന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ റാസ്പുട്ടിന്റെ സൃഷ്ടിക്ക് കാരണമായി തീര്‍ന്ന ഗ്രിഗോറി റാസ്പുട്ടിന്റെ ജീവിതം അവസാനിച്ച ദിവസം; റാസ്പുട്ടിന്‍ കൊല്ലപ്പെട്ട അതേ നഗരത്തില്‍.

ബോണി എം എന്ന ഗായകസംഘവും അവരുടെ റാസ്പുട്ടിന്‍ എന്ന പാട്ടിന് പ്രേരണയായിത്തീര്‍ന്ന ഗ്രിഗോറി റാസ്പുട്ടിന്റെ ജീവിതം പോലെ ഒരു ഷേക്‌സ്പീരിയന്‍ ദുരന്തനാടകത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.  അതേസമയം സംഗീതം കേള്‍ക്കാനുള്ളത് മാത്രമല്ല, കാണാന്‍ വേണ്ടി കൂടിയുള്ളതാണ് എന്ന ദര്‍ശനത്തെ ജനപ്രിയമാക്കുന്നതിന് ബോണി എം- ന്റെ ഇടപെടലുകള്‍ വിലമതിക്കാനാവാത്തതാണ്. വംശീയതയുടെ നെഞ്ചില്‍ ചവിട്ടി നിന്നാണ് ബോണി എം സംഘം നൃത്തം ചെയ്തത് എന്ന രാഷ്ട്രീയ ഓര്‍മയും, തുടരുന്ന വംശീയവിരുദ്ധ മുന്നേറ്റങ്ങളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. ജനപ്രിയസംഗീതചരിത്രത്തിലെയും, ബോബ് മാര്‍ലി ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിച്ച വംശീയവിരുദ്ധസംഗീതചരിത്രത്തിലെയും ഒരു സുപ്രധാന അടരായി ബോണി എം ന്റെ സംഗീതം ഓര്‍മ്മിക്കപ്പെടുകയും ചെയ്യും.

ഇപ്പോള്‍ ഇവിടെ സംഭവച്ചിരിക്കുന്നത് നോക്കൂ:

'റാ റാ റാസ്പുട്ടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍...' എന്ന പാട്ട് ടേപ്പ് റിക്കോര്‍ഡുകളിലൂടെ കേട്ട മലയാളിയുടെ അടുത്ത തലമുറ അതിന് മറ്റൊരു നൃത്തഭാഷ്യം ചമക്കുകയും സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ബോണി എം എന്ന ജര്‍മന്‍ ബാന്റ്, പോളണ്ടില്‍ ചിത്രീകരിച്ച, ടര്‍ക്കിഷ് നാടന്‍ പാട്ടിന്റെ താളത്തില്‍ ജമൈക്കക്കാര്‍ പാടിയ, റാസ്പുട്ടിന്‍ എന്ന റഷ്യക്കാരനെ കുറിച്ചുള്ള ഇംഗ്ലീഷ് പാട്ടിന് ഡാന്‍സ് കളിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ മുസ്ലീമും ഹിന്ദുവുമായി മാത്രം കാണാന്‍ കഴിയുന്ന  വര്‍ഗ്ഗീയവാദികളെ നമ്മള്‍ ഇവിടെ കാണുന്നു. മതനിരപേക്ഷതയെ കേന്ദ്രപ്രമേയമാക്കി വികസിച്ചു വന്ന-ശ്രീനാരായണഗുരുവിനെ ഓര്‍ത്ത് അഭിമാനിക്കുന്ന- ഒരു നാടാണ് ഇതെന്ന് നമുക്കിപ്പോള്‍ ഓര്‍ക്കാതിരിക്കാനാവില്ല.

ഇനി ഒരിക്കല്‍ കൂടി ബോണി എമ്മിനെ ഓര്‍ക്കൂ, അവരുടെ റാസ്പുട്ടിന്‍ ഓര്‍ക്കൂ;
ഒരു പാട്ട് എത്ര വലിയ നാടകങ്ങളെയാണ് ഉള്ളില്‍ വഹിക്കുന്നത്.

Content Highlights: Boney M Rasputin history