അന്തരിച്ച കഥാകൃത്ത് വി.ബി ജ്യോതിരാജിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സാഹിത്യപ്രവർത്തകനായ ബിജോയ് ചന്ദ്രൻ.

വായനയുടെ തഴക്കയ്യുകൾ ചുറ്റിവരിഞ്ഞ തൊണ്ണൂറുകൾ...പുസ്തകങ്ങളുടെ അകവേവുകളിലേക്ക് ആവേശത്തോടെ ചെന്നുകയറിയ ദിവസങ്ങൾ. എം.മുകുന്ദനും സേതുവും മേതിലും നിർമൽകുമാറും വത്സലയും മലയാറ്റൂരും മുണ്ടൂർ കൃഷ്ണൻകുട്ടിയും എല്ലാം ഹൃദയത്തിൽ കുടിപാർത്ത കാലം. മാതൃഭൂമിയിലും കലാകൗമുദിയിലും മറ്റും ഓരോ ആഴ്ചയിലും വരുന്ന ചെറുകഥകൾക്കായിയുള്ള കാത്തിരുപ്പുകൾ. പി. ആർ.നാഥനും രഘുനാഥ് പലേരിയും പി. എൻ. വിജയനും കെ. കെ. രമേഷും എൻ രാജനും പി. സുരേന്ദ്രനും അഷ്ടമൂർത്തിയും അശോകൻ ചരുവിലും ബാബു കുഴിമറ്റവും ഒക്കെ ഒറ്റപ്പെട്ട കഥകളുമായി വിസ്മയിപ്പിച്ച ദിവസങ്ങൾ. അക്കൂട്ടത്തിൽ പിടിച്ചുലക്കുന്ന ഒരുപിടി ചെറുകഥകൾ എഴുതിയ കഥാകൃത്ത് ആയിരുന്നു വി.ബി. ജ്യോതിരാജ്. അക്കാലത്തൊക്കെ എഴുത്തുകാരെ അപൂർവമായി മാത്രമേ നേരിൽ കാണുകയുള്ളു. എന്റെ നാടായ പാമ്പാക്കുടയിൽ അന്ന് ഒരേയൊരു കഥാകൃത്തേയുള്ളൂ- ജോർജ് ഓണക്കൂർ.

വല്ലപ്പോഴും ഞാൻ ഗ്രാമംവിട്ട് മൂവാറ്റുപുഴയിൽ വന്ന് ബസ് പിടിച്ച് തൃശ്ശൂരിൽ കവി വി. ജി. തമ്പി മാഷിനെ കാണുവാനായി പോകുമായിരുന്നു. അത്തരം ഒരു യാത്രയിൽ ഒട്ടും വിചാരിക്കാതെ കണ്ടുമുട്ടിയത് വി. ബി. ജ്യോതിരാജിനെയായിരുന്നു,1997-ൽ. ഗുരുവായൂരിനടുത്ത് മലയാളത്തിന്റെ ഒരേയൊരു കോവിലന്റെ വീട്ടിൽ വി. ജി. തമ്പി മാഷോടൊപ്പം മൾബെറി അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു ഞാൻ. തമ്പി മാഷിന്റെ 'നഗ്നൻ' എന്ന കവിതയ്ക്ക് ആയിരുന്നു ആ വർഷം പുരസ്കാരം. ഒപ്പം 'ബർമുഡ' എന്ന കഥയ്ക്ക് പി.സുരേന്ദ്രനും പുരസ്കാരം. വലിയ എഴുത്തുകാർ പങ്കെടുക്കുന്ന ചടങ്ങ്. കോവിലന്റെ വീട്ടുമുറ്റത്തു വെച്ചായിരുന്നു ഷെൽവി ആ ചടങ്ങ് സംഘടിപ്പിച്ചത്. കോവിലൻ എന്ന വലിയ എഴുത്തുകാരനെ, കണ്ടാണശ്ശേരിയുടെ കഥകാരനെ ഞാൻ അടുത്ത് നിന്നുകണ്ടു. നല്ല പരിചയം ഉള്ളതുപോലെ എന്തോ ചിലതൊക്കെ എന്നോട് കോവിലൻ ചോദിച്ചു.അപ്പോൾ ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട എഴുത്തുകാരുടെ ഒരു വലിയ സംഘം അവിടെ വന്നു ചേർന്നു. മാസികകളിൽ കണ്ട് പരിചയമുള്ള ചില മുഖങ്ങൾ. മാടമ്പ് കുഞ്ഞുകുട്ടൻ, കെ. പി. രാമനുണ്ണി, കെ. പി. രമേഷ്...സ്വതവേ ഉള്ള ഉൾവലിയൽ സ്വഭാവം കാരണം ചരൽക്കല്ലുകൾ നിറഞ്ഞ ആ മുറ്റത്തു നിന്നും മാറി നടവഴിയിൽ വിട്ട്, തൊടിയിലെ മരങ്ങൾക്കിടയിലെ വെയിൽക്കളങ്ങളിലേക്ക് മാറി ഞാനൊറ്റയ്ക്ക് നിന്നു. അപ്പോൾ കണ്ണട വെച്ച ഉയരമുള്ള ഒരാൾ എന്റെ അരികിലേക്ക് വന്നു. വിരലത്ത് നിന്നും സിഗരറ്റ് ചാരം തട്ടിയിട്ട് കൊണ്ടു എന്നോട് മുഴങ്ങുന്ന ശബ്ദത്തിൽ പതുക്കെ ചോദിച്ചു
'എന്താ പേര്?'
ഞാൻ പേര് പറഞ്ഞു.
അപ്പോൾ ബുദ്ധിജീവിക്കണ്ണുകൾ ഉയർത്തി അദ്ദേഹം പറഞ്ഞു..
'എന്റെ പേര് വി. ബി. ജ്യോതിരാജ്'
ഞാൻ അത്ഭുതത്തോടെ കണ്ണുമിഴിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാകൃത്ത്! കാണുവാൻ ഒരുപാട് ആഗ്രഹിച്ച എഴുത്തുകാരൻ!

ഞാൻ വിക്കി വിക്കി പറഞ്ഞു... 'അയ്യോ.. കഥകൾ എല്ലാം ഞാൻ വായിക്കാറുണ്ട്..'
'സന്തോഷം.'
ജ്യോതിയേട്ടൻ എന്റെ തോളത്ത് തട്ടി മൃദുവായി ചിരിച്ചു.
അന്ന് അദ്ദേഹം ഗൾഫിൽ എവിടെയോ ജോലി ചെയ്യുകയായിരുന്നു. ഇരട്ട പോക്കറ്റുള്ള നരച്ച പച്ച ഷർട്ട്, നീല ജീൻസ്, കട്ടി കണ്ണട. തലയിൽ തിങ്ങി നിറഞ്ഞ മുടി...

വി. ബി. ജ്യോതിരാജുമായുള്ള ബന്ധം അന്ന് തുടങ്ങിയതാണ്. അദ്ദേഹം എനിക്ക് നാട്ടിലെ വിലാസം തന്നു.
ഇടയ്ക്കിടെ ഞാൻ അങ്ങോട്ട് പോസ്റ്റ് കാർഡിൽ കത്തുകൾ അയക്കും. അദ്ദേഹം നാട്ടിൽ ഉള്ളപ്പോഴെല്ലാം മറുപടി അയക്കും. ഒന്നോ രണ്ടോ പ്രാവശ്യം വിദേശത്തു നിന്നും എയർ മെയിൽ എന്നെ തേടിയെത്തി.
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ ചില ദീർഘവർഷങ്ങൾ കടന്നു പോയി. അദ്ദേഹത്തിന്റെ കഥകൾ ഇടയ്ക്ക് മാതൃഭൂമിയിൽ വരുമ്പോൾ ഞാൻ നെടുവീർപ്പോടെ വായിക്കും.

പിന്നീട് വർഷങ്ങൾക്ക് ശേഷം തോർച്ച എന്ന മാസിക തുടങ്ങിയപ്പോൾ ഓർമയിൽ നിന്നും ആ വിലാസം പകർത്തി ചാവക്കാട്ടേക്ക് ഞാൻ മാസിക അയച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജ്യോതിയേട്ടൻ വർഷങ്ങൾക്ക് പരുക്കേല്പിക്കാൻ പറ്റാത്ത സ്നേഹത്തോടെ എനിക്ക് കത്ത് അയച്ചു. ഒപ്പം് ഒരു കഥയും.

നാട്ടിലെത്തിയെന്നും ചില ജീവിത പ്രശ്നങ്ങളിൽപെട്ടിരിക്കുകയാണ് ജ്യോതിയേട്ടൻ എന്നും എനിക്ക് ആ വാക്കുകളിൽ നിന്നും മനസ്സിലായി. അർഹിക്കുന്ന അംഗീകാരം ഒരിക്കലും കിട്ടാത്തതിൽ, മലയാള സാഹിത്യത്താൽ അവഗണിക്കപ്പെട്ടതിൽ എല്ലാം നിരാശനായിരുന്നു അദ്ദേഹം അപ്പോൾ. ഇടയ്ക്ക് അദേഹത്തിന്റെ ക്രൂശ് എന്ന പുസ്തകത്തിന്റെ ഒരു പഴയ കോപ്പി എനിക്കയച്ചു തന്നു. അബ്സ്ട്രാക്ട് ആയിരുന്നു ആ കഥകളിലെ ജീവിതവും രാഷ്ട്രീയവും എഴുതിയ ഗംഭീരമായ ഭാഷ. പിന്നീട് അദ്ദേഹത്തിന്റെ കത്തുകൾ എനിക്ക് തുടർച്ചയായി വരാൻ തുടങ്ങി.

അസുഖമാണെന്നറിഞ്ഞപ്പോൾ വിളിച്ചു.ജീവിതത്തിലേക്ക് തിരികെ വരുന്ന ആഹ്ലാദം പങ്കുവെച്ചു. ഫേസ്ബുക്കിൽ നെഞ്ചുലയ്ക്കുന്ന ഭാഷയിൽ ഓർമ്മകൾ എഴുതി. പക്ഷേ, ജ്യോതിയേട്ടൻ അനിശ്ചിതമായ ജീവിതത്തിന്റെ കുന്നിറങ്ങി എവിടേക്കോ പോയി. ഡിലീറ്റ് ചെയ്യാൻ കഴിയാതെ ഒരു മൊബൈൽ നമ്പർ കൂടി ഹൃദയത്തിലേക്ക് എന്നേക്കുമായി ചേർത്ത് വെക്കട്ടെ.

Content Highlights : Bijoy Chandran Writes about Writer V B Jyothiraj