സംഗീതത്തിലും ജീവിതത്തിലും ഇതിഹാസ സമാനമായ പ്രതിച്ഛായ സൃഷ്ടിച്ച വ്യക്തിത്വമാണ് പണ്ഡിറ്റ് ഭീംസെന്‍ ഗുരുരാജ് ജോഷി എന്ന സംഗീതജ്ഞന്റേത്. അക്ഷരാര്‍ഥത്തില്‍ ഒരു 'ബഡാ ഭീം' തന്നെയായിരുന്നു കലാലോകത്ത് ഈ സംഗീതകാരന്‍. സംഗീതത്തിനുവേണ്ടി ജീവിതത്തോട് ഗുസ്തിപിടിച്ച് വിജയിച്ച മഹാനായ ഗായകന്റെ ജന്മവാര്‍ഷിക ദിനമാണ് ഫെബ്രുവരി നാല്.
ചെറുപ്പകാലം തൊട്ടുതന്നെ ഇന്ത്യയൊട്ടുക്ക് നടത്തിയ ഇടമുറിയാത്ത സഞ്ചാരങ്ങളാണ് ഭീംസെന്‍ ജോഷി എന്ന സംഗീതജ്ഞനെ വാര്‍ത്തെടുത്തത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഘരാന എന്ന പദത്തെ അന്വര്‍ഥമാക്കിയ സംഗീതജ്ഞനാണദ്ദേഹം. അതിനുവേണ്ടി സ്വന്തം വീടുപോലും 11 വയസ്സുള്ളപ്പോള്‍ ഉപേക്ഷിക്കാന്‍ ഉള്‍വിളിയുണ്ടായ മഹാനായിരുന്നു ആ സംഗീതകാരന്‍. 1933-ലായിരുന്നു ഈ സംഭവം അരങ്ങേറിയത്.
ഭീംസെന്റെ മുത്തച്ഛന്‍ ഭീമാചാര്യ ഒരു കീര്‍ത്തന്‍കാര്‍ ആയിരുന്നു. സംഗീതത്തില്‍ ജ്ഞാനവും ആലാപനസൗഖ്യവും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹത്തോട് എല്ലാവരും ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. ഭീംസെന്റെ അച്ഛനാകട്ടെ ഒരു ഭാഷാപണ്ഡിതനും സാഹിത്യാദി മേഖലകളില്‍ താത്പര്യമുള്ളയാളുമായിരുന്നു. ഒരു അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പേര്‍ ഗുരുരാജ് ജോഷി എന്നായിരുന്നെങ്കിലും ആളുകള്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം കണക്കിലെടുത്ത് ഗുരാചാര്യ ജോഷി എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. ഭീംസെന്റെ അമ്മ, ഗോദാവരി ബായി അവരെ ഏറെ സ്‌നേഹിച്ചാണ് വളര്‍ത്തിയത്. 1922 ഫെബ്രുവരി 4-ന് കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ റോണ്‍ എന്ന സ്ഥലത്താണ് ഭീംസെന്‍ ജോഷി ജനിച്ചത്. ജോഷിയുടെ ചെറുപ്പത്തില്‍ത്തന്നെ ഗോദാവരിബായിയുടെ മരണം, അച്ഛനെ രണ്ടാമതൊരു വിവാഹത്തിന് പ്രേരിപ്പിച്ചു. അങ്ങനെ രണ്ടാനമ്മയുടെ പരിപാലനത്തിലാണ് ജോഷി വളര്‍ന്നത്. ചെറുപ്പത്തില്‍ നല്ലൊരു വിദ്യാര്‍ഥിയായിരുന്ന അവന് സംഗീതത്തില്‍ അടങ്ങാത്ത അഭിനിവേശമുണ്ടായി. ഹാര്‍മോണിയം, തംബുരു എന്നീ സംഗീതോപകരണങ്ങള്‍ കണ്‍മുന്നില്‍പ്പെട്ടാല്‍ അന്നേ ഭ്രാന്തിളകും അവന്. നാട്ടില്‍ എവിടെയൊക്കെ സംഗീതപരിപാടികള്‍ ഉണ്ടെന്നറിഞ്ഞാലും അവിടെയൊക്കെ എത്തിച്ചേരും ഭീംസെന്‍. സംഗീതപരിപാടികള്‍ നടത്തുന്ന ട്രൂപ്പുകളെ പിന്തുടര്‍ന്നുപോയി, പരിപാടിക്കുശേഷം അവരോടൊപ്പം തന്നെയാണ് അവന്‍ കിടന്നുറങ്ങുക. ഇതൊരു ശീലമായപ്പോള്‍ വീട്ടുകാര്‍ക്ക് ഭീംസെന്‍ ഒരു തലവേദനയായി. പലപ്പോഴും പോലീസിന്റെ സഹായത്തോടെയാണ് അവര്‍ അവനെ കണ്ടെത്തിയിരുന്നത്. അങ്ങനെ പൊറുതിമുട്ടിയ അച്ഛന്‍ മകന്റെ ഉടുപ്പുകളിലൊക്കെ മേല്‍വിലാസം എഴുതിപ്പിടിപ്പിച്ചു. അതുകണ്ട് പലപ്പോഴും നാട്ടുകാരാണ് അവനെ വീട്ടിലെത്തിച്ചിരുന്നത്.
ഭീംസെന്നെ സംഗീതം പഠിപ്പിക്കാന്‍ തന്നെ അച്ഛന്‍ തീരുമാനിച്ചു. അഗശാരചന്നപ്പ എന്നുപേരുള്ള ഒരു ഗുരുവിന്റെ കീഴിലായിരുന്നു ഭീംസെന്റെ ആദ്യ സംഗീതപഠനം. പിന്നീട് ഒരു പുരോഹിതനും ഹരിദാസപരമ്പരയില്‍പ്പെട്ടയാളുമായിരുന്ന ശ്യാമാചാര്യജോഷിയുടെ കീഴിലായി അവന്റെ അഭ്യസനം. ഭീംസെന്‍ ഒരിക്കല്‍ ഉസ്താദ് അബ്ദുള്‍ കരീംഖാന്‍ ആലപിച്ച ജിന്‍ജോട്ടി രാഗത്തിലുള്ള പിയാബിന്‍ നഹിം അവത് ചെയ്ന്‍... എന്ന ബന്ദിഷും ബസന്ദ് രാഗത്തിലുള്ള ഫഗ്വാ ബ്രിജ് ദേവന്‍ കോ... എന്ന ഖയാലും അടങ്ങിയ ഒരു റെക്കോഡ് കേള്‍ക്കാനിടയായി. കിരാന ഘരാനയുടെ വക്താവായിരുന്ന അബ്ദുള്‍ കരീംഖാന്റെ ആലാപനം ഭീംസെന്റെ മനസ്സിനെ വല്ലാതെ മഥിച്ചു. പിന്നീട് ഭീംസെന്‍ ജോഷി തന്നെ ബസന്ത് രാഗത്തിലുള്ള ഈ ഖയാല്‍ കച്ചേരികളില്‍ വളരെ മനോഹരമായി പാടിയിരുന്നു. ഏതാണ്ട് ഈ സമയത്തുതന്നെയാണ് കുണ്ട്ഗോള്‍ എന്ന സ്ഥലത്ത് സവായ് ഗന്ധര്‍വയുടെ ഒരു സംഗീതപരിപാടിയും ഭീംസെന്‍ നേരിട്ടുകേള്‍ക്കുന്നത്. സംഗീതത്തിന്റെ വഴിയേ അവനറിയാതെതന്നെ ചരിക്കാന്‍ ആരംഭിച്ച സമയമായിരുന്നു അത്. അങ്ങനെ 11-ാം വയസ്സില്‍ വീടുവിട്ടിറങ്ങാന്‍ ഒരു നിമിത്തവുമുണ്ടായി. ഒരുദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന വേളയില്‍ രണ്ടാമതും നെയ്യ് ആവശ്യപ്പെട്ട ഭീംസെനെ അച്ഛന്‍ കണക്കിന് ശകാരിച്ചു. ആ ദേഷ്യത്തിലാണ് ഭീംസെന്‍ വീട്ടില്‍നിന്നിറങ്ങിപ്പോയത്. ഇനി തനിക്ക് കൂട്ടിന് സംഗീതം മാത്രം എന്നവന്‍ മനസ്സിലുറച്ചു. അതൊരു ഉറച്ച തീരുമാനമായിരുന്നു.
ഭീംസെന്‍ റെയില്‍വേ സ്റ്റേഷനിലെത്തി കള്ളവണ്ടി കയറി കര്‍ണാടകയിലെ ബിജാപ്പൂര്‍ എന്ന സ്ഥലത്തെത്തി. ചെറുപ്പത്തില്‍ ഒരു സ്ഥിരവരുമാനം ഉണ്ടാകുന്നതുവരെ ഈ കള്ളവണ്ടി കയറല്‍തന്ത്രം തന്നെയാണ് പയറ്റിയിരുന്നത്. പലപ്പോഴും ഭീംസെന്റെ നര്‍മസംഭാഷണങ്ങളും സംഗീതവുമാണ് സഹയാത്രികരിലും ടിക്കറ്റ് പരിശോധകരിലും അവനോട് അനുകമ്പ കാണിക്കാന്‍ പ്രേരണയായത്. ഒരിക്കല്‍ ഒരു ടിക്കറ്റ് പരിശോധകന്‍ അവനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ധന്‍ബാദ്, പുണെ എന്നിവിടങ്ങളിലെല്ലാം വണ്ടിയിറങ്ങി കറങ്ങിത്തിരിച്ച് ഭീംസെന്‍ അവസാനം എത്തിപ്പെട്ടത് ഗ്വാളിയറിലായിരുന്നു. അവിടെ രാജാക്കന്മാര്‍ നടത്തിയിരുന്ന മാധവസംഗീത വിദ്യാലയത്തില്‍ച്ചേര്‍ന്ന് കുറച്ചുനാള്‍ അവന്‍ പഠിച്ചു. പക്ഷേ, അവിടെനിന്ന് ഭീംസെന്‍ യാത്രയാവാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
ബംഗാളില്‍ ഖരക്പൂരില്‍ ഇറങ്ങിയ അവന്‍ കൊല്‍ക്കത്തയിലുമെത്തി. അവിടെ നടനും ഗായകനുമായിരുന്ന പഹാരി സന്ന്യാലിനെ കണ്ടുമുട്ടി, അദ്ദേഹത്തിന്റെ വീട്ടില്‍ തങ്ങി. സന്ന്യാല്‍വഴി ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീതസംവിധായകനുമായിരുന്ന വിസ്മദേവ് ചാറ്റര്‍ജിയെ കണ്ടുമുട്ടി ഭീംസെന്‍ തന്റെ ആഗ്രഹമറിയിച്ചു. പക്ഷേ, തിരക്കുകള്‍ കാരണം ചാറ്റര്‍ജിക്ക് അവനെ പഠിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ ഭീംസെന്‍, ഉസ്താദ് ചാന്ദ്ഖാനെ ലക്ഷ്യമിട്ടു. നിരാശയായിരുന്നു ഫലം. അവിടെനിന്ന് ജലന്ധറിലെത്തിയ ഭീംസെന്‍ ജോഷി മംഗട്ട് റാം എന്ന സംഗീതജ്ഞന്റെ വിദ്യാലയത്തില്‍ ചേര്‍ന്ന് സംഗീതപഠനം തുടര്‍ന്നു. കൂട്ടത്തില്‍ ഒരു ചെറിയ ജോലിയും ലഭിച്ചതോടെ ജീവിതം പ്രയാസമില്ലാതെ മുന്നോട്ടുപോയിത്തുടങ്ങി. ഇതിനിടയില്‍ പഞ്ചാബില്‍ ഹര്‍വല്ലഭ സംഗീത സമ്മേളനം വന്നപ്പോള്‍ പണ്ഡിറ്റ് വിനായകറാവു പട്വര്‍ധനെ പരിചയപ്പെട്ടത് വഴിത്തിരിവായി. നാട്ടിലേക്ക് തിരിച്ചുപോയി സവായ് ഗന്ധര്‍വ എന്ന സംഗീതകാരനെ കാണുവാനാണ് വിനായകറാവു പട്വര്‍ധന്‍ ഉപദേശം നല്‍കിയത്.
നാട്ടിലേക്ക് തിരിച്ചെത്തിയ ഭീംസെനെ സവായ് ഗന്ധര്‍വ പഠിപ്പിക്കാമെന്നേറ്റു. ഗുരുകുലവാസത്തില്‍ സവായ് ഗന്ധര്‍വയുടെ കീഴിലുള്ള അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 1940-ല്‍ ഭീംസെന്‍ പുറത്തിറങ്ങുമ്പോള്‍ വളരെ കുറച്ച് രാഗങ്ങള്‍ മാത്രമാണ് ഹൃദിസ്ഥമാക്കിയിരുന്നത്. സവായിയുടെ പരിശീലനരീതി അത്തരത്തിലുള്ളതായിരുന്നു. ഭീംസെന്‍ വീണ്ടും തന്റെ യാത്രകള്‍ തുടങ്ങി. 1941-ല്‍ ജോഷി ആദ്യത്തെ സംഗീത പരിപാടി നടത്തി. 1946-ല്‍ സവായ് ഗന്ധര്‍വയുടെ 60-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പുണെയിലെ മ്യൂസിക് സര്‍ക്കിള്‍ സംഘടിപ്പിച്ച ജോഷിയുടെ കച്ചേരി വന്‍ വിജയമായിത്തീര്‍ന്നു. അതൊരു തുടക്കമായിരുന്നു. എച്ച്.എം.വി. പുറത്തിറക്കിയ റെക്കോഡുകളില്‍ ഏറ്റവുമധികം വില്പന നടന്നിട്ടുള്ള സംഗീതജ്ഞരില്‍ ഒരാള്‍ ഭീംസെന്‍ ജോഷിയാണ്.
കിരാന ഘരാനയുടെ കറകളഞ്ഞ പണ്ഡിറ്റായിരുന്ന ഭീംസെന്‍ ജോഷി, ഖയാല്‍ ആലാപനത്തില്‍ സൃഷ്ടിച്ചിട്ടുള്ള വിസ്മയം കുറച്ചൊന്നുമല്ല. കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലുള്ള ഭജന്‍സും ആഭംഗുകളും അദ്ദേഹം ചാരുതയോടെ ആലപിച്ചു. സംഗീതത്തിന്റെ ശക്തിസ്വരൂപമായിരുന്നു ഭീംസെന്‍ ജോഷി. പരുഷമായ സ്വരഗരിമ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പാടിയ ഒരുഗാനംമാത്രം കേട്ടാലും നമുക്ക് സമൃദ്ധി അനുഭവപ്പെടും. ദൂരദര്‍ശന്‍, ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി നിര്‍മിച്ച 'മിലേ സുര്‍ മേരാ തുമാര', 'ദേശ് രാഗ്' എന്നീ ഷോര്‍ട്ട് ഫിലിമുകളിലെ ജോഷിയുടെ ആലാപനമാണ് നമ്മുടെയുള്ളില്‍ ആദ്യം ഓടിയെത്തുക. ഏതോ ഒരു താഴ്വരയില്‍നിന്ന് ഉയര്‍ന്നുവന്ന് ധ്വനികൊള്ളുന്ന സംഗീതാനുഭൂതിയാണ് അദ്ദേഹത്തിന്റെ ആലാപനം പകരുന്നത്. അത് ഒരു മാറ്റൊലിയായി നമ്മുടെയുള്ളില്‍ പ്രതിധ്വനിക്കും. ശബ്ദഭംഗം വരാത്തതും സ്വരസ്ഥാനങ്ങളില്‍ കൃത്യമായി കയറിയിറങ്ങുന്നതുമായ ആലാപനപാടവം. ശക്തിയായി, കടല്‍ത്തിരമാലകള്‍പോലെ വന്നലയ്ക്കുന്ന താനുകളും താളബോധവും ജോഷിയുടെ സംഗീതത്തെ ഊര്‍ജസ്വലമാക്കുന്നു. ശുദ്ധ്കല്യാണ്‍, മുള്‍ത്താനി, ദര്‍ബാരി, പൂരിയാധനശ്രീ, മിയാന്‍ കി തോഡി, ബിംപ്‌ളാസി എന്നീ രാഗങ്ങള്‍ ഭീംസെന്‍ ജോഷി മനോഹാരമാക്കിയിരുന്നു.
ഔറംഗബാദില്‍നിന്നുള്ള ഗായികയും നാടകനടിയുമായിരുന്ന വത്സല മുഭോല്‍ക്കറുമായി ഭീംസെന്‍ ജോഷി പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മാവന്റെ മകളായിരുന്ന സുനന്ദാ കട്ടിയെ 1944-ല്‍ വിവാഹം ചെയ്തു. പക്ഷേ, പിന്നീട് വത്സലയെ കണ്ടുമുട്ടിയ ജോഷി 1951-ല്‍ അവരെയും വിവാഹം ചെയ്തു. ആദ്യവിവാഹത്തില്‍ നാലും രണ്ടാംകെട്ടില്‍ മൂന്നും കുട്ടികള്‍ വീതം അദ്ദേഹത്തിനുണ്ടായി. ഈ രണ്ട് കുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം ഇടക്കാലത്ത് അദ്ദേഹം മദ്യപാനത്തിനിരയായി. പക്ഷേ, വൈകാതെതന്നെ ആ ശീലത്തിന് കടിഞ്ഞാണിടാനും അദ്ദേഹത്തിന് കഴിഞ്ഞു. 2011 ജനുവരി 24-ാം തീയതി ആ നാദം നിലച്ചു.
ചില സിനിമകള്‍ക്കുവേണ്ടി ഭീംസെന്‍ ജോഷി പാടിയിട്ടുണ്ട്. 2008-ല്‍ അദ്ദേഹത്തിന് ഭാരതരത്‌നം ലഭിച്ചു. 2014 സെപ്റ്റംബര്‍ 3-ാം തീയതി പോസ്റ്റല്‍വകുപ്പ് ഭീംസെന്‍ ജോഷിയുടെ സ്മരണ നിലനിര്‍ത്താന്‍ 25 രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി.
Content Highlights: Bhimsen Joshi Birth anniversary