പന്തളം: വയറപ്പുഴയ്ക്ക് വടക്ക് മൂലപ്പാടത്തിനു തെക്ക് ചെറിയ ഭൂവിഭാഗത്തിനെ കീറിമുറിച്ച് പോകുന്ന കുപ്പണ്ണൂര്‍ ചാല്‍ മുതല്‍ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ നാട്ടിലെ ഓരോ വ്യക്തിയെയും കുടുംബാംഗങ്ങളെയും കഥാപാത്രങ്ങളാക്കിയായിരുന്നു ബെന്യാമിന്റെ രചന.

പന്തളമെന്ന നാട്ടുരാജ്യത്തിന്റെ ചരിത്രത്തില്‍ തുടങ്ങി കരിമ്പുകൃഷിയില്‍ പേരുകേട്ട ദേശത്തിന്റെയും ക്രിസ്തീയ സഭയില്‍ നടന്ന തര്‍ക്കങ്ങളുടെ നാട്ടിലുണ്ടായ പ്രതിഫലനവുമെല്ലാം നോവലിലൂടെ വായിച്ചെടുക്കാം. ചരിത്രത്തെ ഗ്രാമാന്തരീക്ഷവുമായും ഇവിടെ ജീവിച്ചിരുന്ന മനുഷ്യരുമായും കോര്‍ത്തിണക്കിയും ചരിത്രം പറയുമ്പോഴുണ്ടാകുന്ന വിരസതയും മുരടിപ്പും വായനക്കാരിലുണ്ടാകാതിരിക്കാന്‍ ആക്ഷേപ ഹാസ്യങ്ങള്‍ ഇടകലര്‍ത്തിയാണ് ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം നേടിയ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിന്റെ രചന.

ഓരോ വ്യക്തിയുടെയും മുന്നോട്ടുള്ള യാത്രയില്‍ ജനങ്ങളെ നയിക്കേണ്ടത് ചരിത്രത്തില്‍ നിന്നുള്ള സന്ദര്‍ഭങ്ങളാണ് എന്നതുകൊണ്ടുതന്നെയാണ് ചരിത്രത്തെ നോവലിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ബെന്യാമിന്‍ ശ്രമിക്കുന്നത്. പന്തളത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച, കരിമ്പുകൃഷി, സമരങ്ങള്‍, പന്തളത്ത് ജീവിച്ചിരുന്ന ചരിത്ര പുരുഷന്മാര്‍ തുടങ്ങി ദേശത്തെ അടയാളപ്പെടുത്തുന്നതും കമ്യൂണിസ്റ്റ് ആശയങ്ങള്‍ എങ്ങിനെ സഭയിലേക്ക് കയറിപ്പറ്റി എന്നുള്ളതുമെല്ലാം നോവലിലൂടെ വിവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബെന്യാമിന്‍ പറയുന്നു.

പച്ച മനുഷ്യരാണ് നോവലിലെ കഥാപാത്രങ്ങള്‍. പഴയ ആളുകളെയും പുതിയ ആളുകളെയും പാര്‍ട്ടിയില്‍നിന്നും സഭയില്‍നിന്നും വിട്ടുപോയവരെയും ചേക്കേറിയവരെയുമെല്ലാം കണ്ട് അവര്‍ പറയുന്ന കഥകളെ ഒരുഗ്രാമത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുകയാണ് നോവലിലൂടെ ചെയ്യുന്നത്. തുടക്കംമുതല്‍ ചരിത്രം ഒരുഭാഗമായി നോവലിനൊപ്പം കടന്നുവരുന്നുണ്ടെന്നും ചരിത്രം നോവലിലൂടെ അടയാളപ്പെടുത്തുകയാണ് ചെയ്തതെന്നും ബെന്യാമിന്‍ പറഞ്ഞു.

ലിയോയുടെ വിടവാങ്ങല്‍ ദുഃഖത്തിനിടെ അറിഞ്ഞ നല്ല വാര്‍ത്ത

പന്തളം: ലിയോ എന്ന നായക്കുട്ടി കുടുംബാംഗങ്ങളെ വിട്ട് പോയതിന്റെ വിഷമം മനസ്സില്‍ തളംകെട്ടിനില്‍ക്കുമ്പോഴാണ് ബെന്യാമിനെ തേടി വയലാര്‍ അവാര്‍ഡ് ലഭിച്ച സന്തോഷവാര്‍ത്ത എത്തിയത്. ബീഗിള്‍ ഇനത്തില്‍പ്പെട്ട എട്ടുമാസം മാത്രം പ്രായമുള്ള ലിയോയുടെ സ്ഥാനം കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു. വീടിനകത്തുതന്നെ അവര്‍ക്കൊപ്പം വളര്‍ന്ന നായ ബെന്യാമിനും മക്കളായ റോഹനും കെസിയക്കും പ്രിയപ്പെട്ടതായിരുന്നു. ഒരാഴ്ച മുമ്പാണ് ലിയോയ്ക്ക് വയറിനുള്ളില്‍ അര്‍ബുദ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. വിട്ടുപോയ നായക്കുട്ടിക്ക് കല്ലറയൊരുക്കിയാണ് സംസ്‌കരിച്ചത്. ഇവിടെ വിരിക്കാനായി ചരല്‍ വാങ്ങാന്‍ പോയി മടങ്ങും വഴിയിലാണ് ബെന്യാമിന്‍ സന്തോഷ വാര്‍ത്ത ഫോണിലൂടെ അറിയുന്നത്.

Content Highlights: Benyamin bags Vayalar award