ബെന്യാമിന്റെ 'ആടു ജീവിതം' മികച്ച സാഹിത്യ കഥയായി, അതു വായിച്ച കാലത്ത് അനുഭവപ്പെട്ടിരുന്നു. പ്രവാസ ജീവിതത്തിന്റെ വേദനയുടെതായ ഒരു വശം, വാക്കുകളുടെ ഉയര്‍ന്ന വോള്‍ട്ടേജിലുള്ള കമ്പികളിലൂടെ പ്രവഹിച്ചതായാണ് അനുഭവം. ഇപ്പോള്‍ അതിലെ ചില വിവരണങ്ങള്‍ക്ക് എഴുത്തുകാരന്‍, അസദിന്റെ' റോഡ് ടു മെക്ക'യോട് കടപ്പെട്ടിരിക്കുന്നുവെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഈ തര്‍ക്കം ഈ സമയത്ത് ഉയര്‍ന്നു വന്ന സാഹചര്യം എന്തു തന്നെയായാലും ഈ പരാതി ഉന്നയിക്കുന്നവരില്‍ രാഷ്ട്രീയമായി ബെന്യാമിന്റെ പക്ഷത്ത് നില്‍ക്കുന്നവരും ഉണ്ട്.

മരുഭൂമിയെക്കുറിച്ച് അവിടെ പോകാതെ തന്നെ ഗവേഷണം ചെയ്ത് എഴുതാവുന്നതേയുളളു. പക്ഷെ ചിത്രങ്ങള്‍ മറ്റൊരിടത്തു നിന്ന് ഏതാണ്ടതു പോലെ പകര്‍ത്തുക എന്നത്, ഏതാനും ഖണ്ഡികയാണെങ്കില്‍ കൂടി, ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. ഇതൊക്കെ അന്വേഷിച്ച് പോകാന്‍ താല്പര്യമില്ലാത്ത വായനക്കാര്‍ പറ്റിക്കപ്പെടുന്നു ഇതു വഴി. ആടുജീവിതത്തിന്റെ ഇംഗ്ലീഷ് പരിഭാഷക്കും വലിയ സ്വീകാര്യത ലഭിച്ചു. ബെന്യാമിന് പ്രശസ്തി കിട്ടി. അന്താരാഷ്ട്ര ലിറ്റററി ഫെസ്റ്റിവലുകളിലേക്ക് ക്ഷണം ലഭിച്ചു. അത് മോശം കാര്യമാണെന്നല്ല. ഈ പുസ്തകത്തിന് ലഭിച്ച സ്വീകാര്യത മാത്രമായിരിക്കണമെന്നില്ല അതിനു പിന്നില്‍. 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന കൃതിയുടെ പരിഭാഷയായ ' ജാസ്മിന്‍ ഡെയ്‌സി'ന് പ്രശസ്തമായ ജെ.സി.ബി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഒരു പുസ്തകം വായിച്ച് ആസ്വദിച്ചതിനു ശേഷം, അതിന്റെ രചനയുടെ പശ്ചാത്തലം, കടപ്പാടുകള്‍ ഇവ പിന്നീട് വ്യക്തമാകുമ്പോള്‍ ,cആദ്യം സൃഷ്ടിച്ച മൂല്യത്തിന് ചിലപ്പോള്‍ ഇടിവ് സംഭവിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ചിലപ്പോള്‍ കുറച്ച്, മറ്റു ചിലപ്പോള്‍ കൂടുതല്‍. രണ്ടു വായനകള്‍, ഒരിടവേളക്കു ശേഷം രണ്ടു തരത്തിലുള്ള അനുഭവമുണ്ടാക്കുന്നു. ഒരു പാട് ഘടകങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. അതിലൊന്ന്, മറ്റൊരു പുസ്തകത്തിനോടുള്ള വര്‍ധിച്ച കടപ്പാട് വെളിപ്പെടുന്ന സന്ദര്‍ഭമാണ്. ആടു ജീവിതത്തിനും അതു സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ആടു ജീവീതത്തെക്കുറിച്ചുള്ള മറ്റൊരു വിമര്‍ശനം അതിലെ പ്രധാന കഥാപാത്രമായ മുജീബ് ആണ് ആ രചനയുടെ യഥാര്‍ത്ഥ അവകാശി എന്നതാണ് (വി.സി ശ്രീജന്‍). അതവിടെ നില്‍ക്കട്ടെ.

ബെന്യാമിന്റെത് സാഹിത്യ ചോരണമാണൊ എന്ന് ഉറപ്പിച്ചു പറയുക വിഷമമാവും. മുജീബിന്റെ ജീവിതം യാഥാര്‍ത്ഥ്യമാണല്ലൊ. അതെസമയം എല്ലാ തരത്തിലുമുള്ള മലയാളി ജീവിതങ്ങള്‍ കഥയില്‍ അടയാളപ്പെട്ടു കാണണമെന്നും അത് വായിക്കണമെന്നും ആഗ്രഹിക്കുന്ന വായനക്കാരനെ' ആടു ജീവിത'ത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം നിരാശപ്പെടുത്തുന്നതാണ്. ഗള്‍ഫ് ജീവിതം വേണ്ട രീതിയില്‍ കഥകളില്‍ വന്നിട്ടുണ്ടോ എന്ന് കൃത്യമായി അറിയില്ല. ഡല്‍ഹി കുറെ വന്നിട്ടുണ്ട്. ബോംബെയുണ്ട് കുറച്ച്. മദ്രാസ്, കല്‍ക്കത്ത എന്നിവ അത്ര തന്നെയില്ല. അമേരിക്ക, യൂറോപ്പ് തീരെ കുറവായിരിക്കും കണക്കെടുത്താല്‍. ഇതില്‍, എം ടി, സക്കറിയ, കാക്കനാടന്‍ എന്നിവരുടെ ചില കഥകള്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്നു. ഈ അനുഭവത്തെക്കുറിച്ചെഴുതാന്‍ ഒരാള്‍ പ്രവാസിയാകണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ ഗവേഷണവും പാടത്ത് പണിയും (field work) വേണ്ടിവരും.

എച്ച്.ആര്‍.എഫ് കീറ്റിങ് (HRF keating 1926-2011) എന്ന ഇംഗ്ലീഷ് നോവലിസ്റ്റ്, ഇന്‍സ്‌പെക്റ്റര്‍ ഗണേശ് ഘോട്ടെ എന്ന കഥാപാത്രത്തെവെച്ചുകൊണ്ട് ബോംബെ പശ്ചാത്തലമാക്കി 26 ഡിറ്റക്ടീവ് നോവലുകള്‍ രചിക്കുകയുണ്ടായി. ആദ്യനോവലുകള്‍ എഴുതി പത്തു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ബോംബെ കണ്ടതു തന്നെ! ഗള്‍ഫ് ജീവിതത്തെക്കുറിച്ച് സത്യസന്ധമായി എഴുതാന്‍ കേരളീയര്‍ക്ക് പ്രയാസമുണ്ടാവും. അല്ലെങ്കില്‍ ഒരാള്‍ എഴുതിയാല്‍ മറ്റുള്ളവര്‍ക്ക് അത് പ്രശ്‌നമായേക്കാം. തുടര്‍ന്നും മലയാളികള്‍ക്ക് അവിടെ ജീവിക്കേണ്ടതല്ലേ.'ആടു ജീവിത'വും ' മുല്ലപ്പൂ നിറമുള്ള പകലു'കളും ഗള്‍ഫില്‍ ചില രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. ഭൂട്ടാന്‍ പശ്ചാത്തലമാക്കി ജി ബാലചന്ദ്രന്‍ രചിച്ച ചില നോവലുകളെ സംബന്ധിച്ച് അവിടെ തൊഴില്‍ ചെയ്യുന്ന മലയാളികളില്‍ ഇതു പോലുള്ള ആശങ്കയുണ്ടായിരുന്നതായി പത്ര വാര്‍ത്തകളുണ്ടായിരുന്നു.

സിനിമ പ്രവര്‍ത്തകര്‍, വിഷയങ്ങള്‍ തേടി പുറത്തേക്ക് പോകുന്നതിലും നാട്ടില്‍ തന്നെയുള്ള കാര്യങ്ങള്‍ നിര്‍ഭയമായി കൈകാര്യം ചെയ്യുന്നതിലും കൂടുതല്‍ ഉത്സുകരാണ്, രചനകളുടെ നിലവാരം എന്തു തന്നെയായാലും. ബോംബെ മാത്രമല്ല, അമേരിക്കയും ഇംഗ്ലണ്ടും സിനിമയിലാണ് കൂടുതല്‍ കാണാന്‍ കഴിയുക. കേരളത്തിലെ രാഷ്ട്രീയം പലപ്പോഴും ക്യാരിക്കേച്ചറായിട്ടാണ് ജനപ്രിയ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടുകയെങ്കിലും അതിന്റെ സ്രഷ്ടാക്കള്‍ നല്ല ധൈര്യമുള്ളവരാണ്. ( ഗൗരിയമ്മ മരിച്ചപ്പോള്‍ 'ലാല്‍ സലാം' എന്ന സിനിമയും ചര്‍ച്ചയായി)അവയെ അപേക്ഷിച്ച് ഈ വിഷയത്തില്‍ കഥയുടെ സംഭാവനയാകട്ടെ ശുഷ്‌കം. കഥകളില്‍ അടിത്തട്ടിലെ പ്രമേയമായി രാഷ്ട്രീയം പ്രത്യക്ഷപ്പെടുക അതിസാധാരണമാണെങ്കിലും പുറമേക്ക് കാണാവുന്ന അതിന്റെ രൂപങ്ങളും അതു തന്നെയായി കഥയില്‍ പ്രത്യക്ഷപ്പെടുന്നത് കുറവാണ്. ' ഈട' എന്ന സിനിമയില്‍ കണ്ണൂരിലെ കുപ്രസിദ്ധമായ രാഷ്ട്രീയ സംഘര്‍ഷമാണ് വിഷയം. ഇത് അതു പോലെ കഥയില്‍ വരുന്നില്ല. ചിലയിടത്ത് പരാമര്‍ശിച്ച് പോകുന്നുണ്ടാവാം. അങ്ങനെയൊരു രചനയില്‍ കൈകാര്യം ചെയ്യുന്ന വസ്തുതകളെ സമഭാവത്തോടെ സമീപിക്കാനാവില്ല എന്ന ഭീതിയായിരിക്കാം കഥാകൃത്തുക്കളെ പിറകോട്ട് വലിക്കുന്നത്. ശാരീരികവും സാമൂഹികവുമായ ഭീതിയും ഉണ്ടാവും!

സാഹിത്യ ചോരണം എല്ലാ കാലത്തും പല ഭാഷകളിലും ചര്‍ച്ചക്ക് വിഷയമായിട്ടുള്ള സംഗതിയാണ്. പ്രശസ്ത ഗായകന്‍ ബോബ് ഡിലന്‍ നോബല്‍ സമ്മാനം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലെ ചില കാര്യങ്ങള്‍, ഹെര്‍മന്‍ മെല്‍വിലിന്റെ 'മോബി ഡിക്കി'നുള്ള സ്പാര്‍ക്ക് കുറിപ്പുകളില്‍ നിന്ന് (പഠന സഹായി)എടുത്തതാണെന്ന് ആക്ഷേപമുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ ഇടക്ക് കോടതിയിലും എത്താറുണ്ട്.

ഫിക്ഷന്‍ ചതിക്കുഴികള്‍ ഉള്ളതു പോലെ നോണ്‍ ഫിക്ഷനിലും ചതിക്കുഴികളുണ്ട്. അമേരിക്കക്കാരനായ കാര്‍ലോസ് കാസ്തനേഡയുടെ (1925-1998) പുസ്തകങ്ങള്‍ ഒരു കാലത്ത് കേരളമുളമള്‍പ്പെടെ പലയിടത്തും വളരെ പ്രശസ്തമായിരുന്നു. ഇന്ദ്രിയാതീതമായ അനുഭവങ്ങളിലൂടെ മറ്റൊരു മണ്ഡലത്തിലേക്ക് തുറക്കുന്ന ജ്ഞാനമായിരുന്നു കാസ്തനേഡയുടെ വിഷയം. മെക്‌സിക്കോയിലെ യാക്വി ഇന്ത്യന്‍ വംശത്തില്‍ പെട്ട ഡോണ്‍ ഹ്വാന്‍ എന്ന ഒരു ഗുരുവിനെ പുസ്തകങ്ങളിലൂടെ കാസ്തനേഡ അവതരിപ്പിക്കുകയുണ്ടായി. ഡോ.കെ ഭാസ്‌ക്കരന്‍ നായര്‍, അക്കാലത്ത് കാസ്തനേഡയുടെ പുസ്തകങ്ങളെക്കുറിച്ച് വളരെ ബഹുമാനത്തോടെ എഴുതിയിരുന്നു. മലയാളവുമായി കാസ്തനേഡയെ ഘടിപ്പിക്കുന്ന ഒരു കാര്യം ഇതാണ്. കഥാ ഇതര രചയിതാവായിട്ടാണ് കാസ്തനേഡ വായനക്കാര്‍ക്ക് മുന്നില്‍ വന്നിരുന്നത്. എന്നാല്‍ പിന്നീട് ഡോണ്‍ ഹ്വാന്‍ ഭാവനാസൃഷ്ടിയാണെന്ന് തെളിഞ്ഞു. 70 കളിലെ പ്രതി സംസ്‌കാരത്തെ സ്വാധീനിച്ച വ്യക്തി കൂടിയായിരുന്നു ഈ പെറൂവിയന്‍. 'എല്ലാ പാതകളും എവിടേക്കും ചെല്ലാത്ത ഒരേ പാത തന്നെ. അതിനാല്‍ ഒരു പാതയെ ഹൃദയം കൊണ്ട് തിരഞ്ഞെടുക്കുക 'എന്നൊക്കെ എഴുതുമ്പോള്‍ ആരാണ് അതില്‍ വീണുപോകാതിരിക്കുക!

Content Highlights: Benyamin aadujeevitham controversy