ന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു, എന്നത് ഗോപാലകൃഷ്ണ ഗോഖലെ വംഗദേശക്കാരെക്കുറിച്ചു പറഞ്ഞ ഒരു അതിശയോക്തിയായിരുന്നില്ല . മറിച്ച്, ബംഗാളിന്റെ ബൗദ്ധിക-സാംസ്കാരിക-കലാ മേഖലകൾക്കുള്ള അടിവരയായിരുന്നു. ഇന്ത്യയുടെ സാംസ്കാരികചരിത്രമെടുത്താൽ അതിൽ ബംഗാളിന്റെ അധ്യായത്തിന് തിളക്കമേറുകയും ചെയ്യും. എന്നാൽ, എന്താണ് ഇന്നത്തെ ബംഗാളിന്റെ അവസ്ഥ? തിരഞ്ഞെടുപ്പുകാലത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വംഗമണ്ണിലൂടെ സഞ്ചരിച്ച ലേഖകന്റെ നിരീക്ഷണങ്ങൾ തുടരുന്നു

2018 മേയ് 30 പുലർച്ചെ പുരുളിയയിലെ ബൽറാംപുരിൽ ത്രിലോചൻ മഹാതോ എന്ന ദളിതനായ ബി.ജെ.പി. പ്രവർത്തകൻ മരത്തിനുമുകളിൽ തൂങ്ങിനിൽക്കുന്നത് ഗ്രാമീണർ കണ്ടു. അയാൾചെയ്ത കുറ്റം ഒപ്പംതന്നെ എഴുതിത്തൂക്കിയിരുന്നു: 'പതിനെട്ടുവയസ്സിൽ ബി.ജെ.പി.യിൽ ചേർന്നാൽ ഈ ഗതിവരും!' അതിനു മൂന്നാം ദിവസം ദുലാൽ കുമാർ എന്നൊരു ചെറുപ്പക്കാരനും അതേവഴി പിന്തുടർന്നു. ഇത്തവണ തൂങ്ങിനിന്നത് ഒരു ട്രാൻസ്‌ഫോർമറിന്റെ മുകളിൽനിന്നായിരുന്നു. കാരണം സുവ്യക്തമായതുകൊണ്ടാവാം, വിശദീകരണത്തിനായി ഒപ്പം എഴുത്തുകളൊന്നുമുണ്ടായിരുന്നില്ല. സംഭവം ആത്മഹത്യയായിട്ടാണ് പോലീസ് എടുത്തത്. ഏതാണ്ട് അമ്പതോളം പേരാണ് 2018-ലെ തദ്ദേശഭരണതിരഞ്ഞെടുപ്പിൽ ബംഗാളിൽ ജീവൻവെടിഞ്ഞത്. അതിൽ ബി.ജെ.പി.ക്കാരും തൃണമൂലുകാരുംപെടും. തിരഞ്ഞെടുപ്പിൽ തൊണ്ണൂറു ശതമാനം സീറ്റുകളും തൃണമൂലിനായിരുന്നു. 34 ശതമാനം സീറ്റുകളിലും അവർക്കെതിരേ നിൽക്കാൻ ആളുണ്ടായിരുന്നില്ല. ഇത്രയും അക്രമമൊന്നും കാണിച്ചില്ലെങ്കിലും തൃണമൂലിനു ഭൂരിപക്ഷം കിട്ടുമായിരുന്നു. പക്ഷേ, പ്രതിപക്ഷത്തെയൊന്നാകെ ഉന്മൂലനം ചെയ്യുക എന്നൊരു ലൈൻ അവരെടുത്തു. ശരിക്കും ബിരോധിമുക്തബംഗാൾ! 3200 ഗ്രാമപ്പഞ്ചായത്തുകളിൽ 380 എണ്ണമാണ് തൃണമൂലിനു കിട്ടാതിരുന്നത്. അവയിൽത്തന്നെ ബഹുഭൂരിപക്ഷത്തെയും ഭീഷണിപ്പെടുത്തി തങ്ങൾക്കനുകൂലമാക്കിമാറ്റാൻ പിന്നീടവർക്കു ബുദ്ധിമുട്ടുണ്ടായില്ല.

'ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു' എന്നു പറഞ്ഞത് ബംഗാളികളാരുമല്ല, ഗോപാലകൃഷ്ണ ഗോഖലെയാണ്. പക്ഷേ, അത്തരമൊരു മനോഭാവം ബംഗാളികൾ പുലർത്തുന്നതുകാണാം. സാമ്പത്തികമേഖലയിലൊക്കെ തകർച്ച നേരിടുമ്പോഴും തങ്ങളുടെ സാംസ്കാരികമായ മൂലധനത്തെപ്രതി ഊറ്റംകൊള്ളുന്നവരാണ് എല്ലാവരും.

ടാഗോറും ശരച്ചന്ദ്രചാറ്റർജിയും താരാശങ്കറും ബിമൽ മിത്രയും സുനിൽ ഗംഗോപാധ്യായയും മഹാശ്വേതാദേവിയുമടങ്ങുന്ന വലിയ എഴുത്തുകാരുടെ നിര, ചൈതന്യമഹാപ്രഭുവും രാമകൃഷ്ണപരമഹംസരും വിവേകാനന്ദനും അരബിന്ദഘോഷും അടങ്ങുന്ന സന്ന്യാസിപരമ്പര, സുഭാഷ് ചന്ദ്രബോസ് മുതൽ ജ്യോതിബസു വരെ തലയെടുപ്പുള്ള രാഷ്ട്രീയക്കാർ, സത്യജിത് റായിയും ഋത്വിക്ഘട്ടക്കും മൃണാൾസെന്നും മുതൽ അപർണാസെന്നും ഋതുപർണഘോഷുംവരെയുള്ള വലിയ സംവിധായകർ, ചിത്രകാരന്മാർ, സംഗീതജ്ഞർ, ശില്പികൾ... ബംഗാളിന്റെ സാംസ്കാരികരംഗം സമ്പന്നമായിരുന്നു എക്കാലവും. അതിനോടൊപ്പംതന്നെ മറന്നുകൂടാത്ത ഒന്നാണ് ബംഗാളിൽനിന്നും ഒഴിഞ്ഞുപോകാത്ത ഹിംസയുടെ പാരമ്പര്യവും. 1947-ലെ സ്വാതന്ത്ര്യദിനത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കൊൽക്കത്ത വർഗീയലഹളകൾകൊണ്ടു മുഖരിതമായിരുന്നു എന്നോർക്കുക. മഹാത്മാഗാന്ധി അവിടെ ഒരു മുസ്ലിം ബസ്തിയിൽ താമസിക്കുകയും ഉപവാസവും പ്രാർഥനയുമായി സ്വാതന്ത്ര്യദിനം ആചരിക്കുകയും ചെയ്തു. തൊട്ടുതലേവർഷം മറ്റൊരു വർഗീയലഹളയ്ക്കു പിന്നിൽ പ്രവർത്തിച്ചു എന്ന് ആരോപണവിധേയനായിട്ടുള്ള സംയുക്തബംഗാളിലെ അവസാനത്തെ പ്രധാനമന്ത്രി മുസ്ലിം മതസ്ഥനായ എച്ച്.എസ്. സുഹ്രാവർദിയെക്കൂടി കൂടെക്കൂട്ടിയാണ് അദ്ദേഹം കൊൽക്കത്തയിലെയും പിന്നീട് നവഖാലിയിലെയും കലാപങ്ങളുടെ തീയണച്ചത്.

അക്കാലത്തുതന്നെയാണ് തേഭാഗയിലെ കാർഷിക കലാപവും സംഭവിക്കുന്നത്. പിന്നീട് സ്വാതന്ത്ര്യത്തിനുശേഷമുള്ള വർഷങ്ങളിൽ കിഴക്കൻ ബംഗാളിൽനിന്നുള്ള അഭയാർഥിപ്രവാഹംകൊണ്ട് ബംഗാൾ വീർപ്പുമുട്ടി. 1947-നും 1973-നും ഇടയ്ക്കുള്ള കാൽനൂറ്റാണ്ടുകാലത്ത് ആറുദശലക്ഷം ആളുകളാണ് അവിടെനിന്നും പശ്ചിമബംഗാളിലേക്കുവന്നത്. അവരിലധികവും നാമശൂദ്രവിഭാഗത്തിൽപ്പെട്ട വൈഷ്ണവരായ മാധ്വകളായിരുന്നു. ഏറ്റവുമധികം ജനസാന്ദ്രതയുള്ള സംസ്ഥാനമായി ബംഗാൾ മാറി. സ്വാതന്ത്ര്യത്തിനുമുമ്പേതന്നെ ക്ഷാമങ്ങൾകൊണ്ടു ലക്ഷക്കണക്കിനാളുകൾ മരിച്ചുപോയിരുന്ന ഒരു ഭൂപ്രദേശമാണ് ബംഗാൾ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ മൂലധനത്തിന്റെ ഒഴുക്കുനിലച്ചു. വ്യാവസായികമായ വലിയ മുന്നേറ്റങ്ങൾ അവിടെയുണ്ടായില്ല. തൊഴിലില്ലായ്മയും ദാരിദ്ര്യവും പടർന്നു. 'പഥേർ പാഞ്ജലി'യും 'സുബർണരേഖ'യുമൊക്കെ ഇന്ത്യയുടെ ദാരിദ്ര്യം ചിത്രീകരിച്ച് പുറത്തു വിൽക്കുകയായിരുന്നു എന്ന് ആരോപിക്കപ്പെടുന്നുണ്ടല്ലോ. എന്നാൽ, സ്വന്തം ഇടങ്ങളുടെനേർക്ക് കണ്ണാടിപിടിക്കുക മാത്രമായിരുന്നു ആ വലിയ കലാകാരന്മാർ.

അറുപതുകളുടെ രണ്ടാം പകുതിയോടെ തീവ്ര ഇടതുപക്ഷപ്രസ്ഥാനങ്ങൾ രൂപംകൊള്ളുന്നത് ബംഗാളിലായിരുന്നു എന്നതിൽ അദ്ഭുതമില്ല. അന്നു ബംഗാൾ ചിന്തിച്ചതാണ് പിന്നീടുള്ള ദശകങ്ങളിൽ ഇന്ത്യയിലെ മറ്റു ഭൂവിഭാഗങ്ങളിലും നടപ്പായത്. ഒരു ചുവപ്പൻ ഇടനാഴി ഇപ്പോഴും ബംഗാളിലേക്കു നീളുന്നുണ്ട്. ചുവപ്പുഭീകരതയ്ക്കുനേരെ ഭരണകൂടഭീകരത പ്രയോഗിക്കപ്പെട്ടു. കൊലപാതകങ്ങളുടെ ഒരു പരമ്പരയുണ്ടായി. കേരളത്തിലേതുപോലെതന്നെ സി.പി.എം. നക്സൽ പ്രസ്ഥാനങ്ങളെ കഠിനമായി എതിർത്തിരുന്നു. തീവ്രവാദികളിൽ പലരും പിന്നീട് തൃണമൂലിൽ വന്നുചേർന്നിട്ടുണ്ട് എന്നതാണ് വലിയൊരു വൈരുധ്യം. 2008-ൽ ബുദ്ധദേബ് ഭട്ടാചാര്യക്കുനേരെ മാവോവാദികളുടെ വധശ്രമം നടന്നപ്പോൾ മുന്നണിയിലുണ്ടായിരുന്ന ഛത്രധാർ മഹാതോ പിന്നീട് തൃണമൂലിന്റെ ഭാഗമായിമാറി.

1975-ലെ അസംബ്ലി തിരഞ്ഞെടുപ്പ് കോൺഗ്രസ് അട്ടിമറിച്ചു. ജ്യോതിബസുവടക്കമുള്ളവർ തോറ്റു. അവർക്ക് താത്‌കാലികമായെങ്കിലും നാടുവിട്ടുപോകേണ്ടിവന്നു. മാർക്സിസ്റ്റ് ഭരണത്തിന്റെ അവസാനഘട്ടത്തിൽ, 2007-ൽ നന്ദിഗ്രാമിലെ പോലീസ് വെടിവെപ്പിൽ പതിന്നാലുപേരാണ് കൊല്ലപ്പെട്ടത്. മുമ്പും ഇതൊക്കെത്തന്നെയാണ് നടന്നുകൊണ്ടിരുന്നത്. 1990-ൽ മാർക്സിസ്റ്റ് യുവജനസംഘടനയിലെ ചെറുപ്പക്കാർ മമതാ ബാനർജിയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ആ കേസ് മൂന്നുദശകത്തിനുശേഷം 2019-ലാണ് കോടതി തീർപ്പാക്കിയത്. കഴിഞ്ഞമാസം സെക്രട്ടേറിയറ്റ് മാർച്ചിനിടയിലുണ്ടായ പോലീസ് വെടിവെപ്പിൽ ഒരു ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ കൊല്ലപ്പെട്ടു. അത്തരം സമരങ്ങൾ നടക്കുമ്പോഴേ മാധ്യമങ്ങൾ ചെറുതായെങ്കിലും ഇടതുപക്ഷത്തെ പരിഗണിക്കാറുള്ളൂ. ത്രിപുര മുൻമുഖ്യമന്ത്രി മണിക് സർക്കാർ പങ്കെടുത്ത ഒരു റാലിയെക്കുറിച്ചു റിപ്പോർട്ടു ചെയ്യുമ്പോഴാണ് അഞ്ചുവർഷത്തിനുശേഷം ആദ്യമായി സി.പി.എം. എന്ന പേര് ടെലഗ്രാഫ് പത്രം ഒന്നാം പേജിൽ എഴുതുന്നത്. എന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു. ഇന്ത്യയിൽത്തന്നെ വലിയൊരു പ്രതിപക്ഷമായി പ്രവർത്തിക്കുന്ന ടെലഗ്രാഫിന്റെ കാര്യം ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്തോറും രാഷ്ട്രീയവഴക്കുകളും അക്രമങ്ങളും കൂടിവരുന്നു. ഒരുനിലയ്ക്ക് സി.പി.എമ്മിനെ ഉന്മൂലനം ചെയ്യാനുള്ള തൃണമൂലിന്റെ ശ്രമമാണ് അവർക്കു വിനയായത്. തൃണമൂലിനിപ്പോൾ നേരിടേണ്ടിവരുന്നത് കമ്യൂണിസ്റ്റുകാരെയല്ല, പണവും പേശീബലവുമുള്ള സംഘപരിവാറിനെയാണ്. അവരിൽത്തന്നെ ഭൂരിഭാഗംപേരും തങ്ങളോടൊപ്പമുണ്ടായിരുന്നവർ. കളംമാറിപ്പോകുന്ന ഗുണ്ടകൾ വേറെ. മമതയുടെ കഷ്ടപ്പാടുകൾ ഏറിവരുകയാണ്.

ഏറ്റവും ദുരിതപൂർണമായൊരു ബാല്യത്തിൽനിന്ന് കഷ്ടപ്പെട്ടു സ്വയം ഉയർന്നുവന്ന മമത ചരിത്രത്തിൽത്തന്നെ അത്യപൂർവമായൊരു വ്യക്തിത്വമാണെന്ന് ടെലഗ്രാഫിന്റെ ചീഫ് എഡിറ്റർ മലയാളിയായ ആർ. രാജഗോപാൽ പറയുന്നു. 'അവർ ശരിക്കും ഒരു യോദ്ധാവാണ്'. ആദ്യകാലത്ത് കോൺഗ്രസിന്റെ ഏറ്റവും ശക്തയായ പ്രതിനിധിയായിരുന്നു മമത. 1975 ഏപ്രിലിൽ യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ ജയപ്രകാശ് നാരായണന്റെ വാഹനത്തിന്റെ ബോണറ്റിനുമുകളിൽ കയറിനിന്നു നൃത്തംവെച്ചുകൊണ്ടാണ് മമത ശ്രദ്ധയിലേക്കുവരുന്നത്. ജെ.പി. സഞ്ചരിച്ച കാറിന്റെ ചില്ലുകൾ അന്ന് യൂത്തു കോൺഗ്രസുകാർ തകർത്തു. വർഷങ്ങൾക്കുശേഷവും അവരുടെ പോരാട്ടവീര്യം തെല്ലും കുറഞ്ഞിട്ടില്ല. കുറച്ചു ദിവസങ്ങൾക്കുമുമ്പ് മുർഷിദാബാദിലെ ബർഹാംപുരിൽവെച്ച് മമത പറഞ്ഞു: ''ഞാനൊരു ബംഗാൾ കടുവയാണ്. എന്നെ പേടിപ്പിക്കാമെന്നു വ്യാമോഹിക്കരുത്.'' തൊട്ടടുത്ത ദിവസം മോദിയെ 'രാവണനെ'ന്നും അമിത് ഷായെ 'അസുരൻ' എന്നും വിശേഷിപ്പിക്കാനും അവർ മറന്നില്ല.

മമത മാത്രമല്ല, തൃണമൂലിലെയും ബി.ജെ.പിയിലെയും മറ്റുപല നേതാക്കളും ഹിംസയുടെ ഭാഷയിൽത്തന്നെയാണ് സംസാരിക്കുന്നത്. കുറച്ചുനാൾമുമ്പ് തൃണമൂലിന്റെ ബീർഭൂം ജില്ലാ പ്രസിഡന്റ് അനുബ്രതാ മണ്ഡൽ എതിർപക്ഷത്തെ നേതാക്കളുടെ കണ്ണു ചൂഴ്ന്നെടുക്കാനും കാലു തല്ലിയൊടിക്കാനുമൊക്കെയുള്ള ആഹ്വാനം നടത്തിയിരുന്നു. അദ്ദേഹം ഭീഷണിയുടെ സ്വരത്തിൽ മുഴക്കിയ ഒരു പ്രഖ്യാപനം 'ഖേലാ ഹോബേ' (കളി കളിക്കും) ആണ് ഈ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മുദ്രാവാക്യം. അത് നൃത്തമായും സംഗീതമായും ഇപ്പോൾ തെരുവുകളിൽ നിറയുന്നു. 'ഖേലാ ഖതം' (കളി തീർന്നു) എന്ന് ബി.ജെ.പി. തിരിച്ചടിക്കുന്നു. മറ്റൊരു നേതാവ് എതിരാളികളെ റേപ്പു ചെയ്യണമെന്നുതന്നെ വിധിക്കുകയുണ്ടായി. വാക്കുകളിലും ഭീതിജനകമാണ് അന്തരീക്ഷം. 294 സീറ്റുകളിൽ പലതിലും രാഷ്ട്രീയചായ്വുകൾ ഇപ്പോൾത്തന്നെ പ്രകടമായതുകൊണ്ട് ശക്തമായ മത്സരം നടക്കാൻപോകുന്ന ഇടങ്ങളിൽ അക്രമങ്ങളുടെ തീവ്രത കൂടാനാണ് സാധ്യത. മുമ്പെന്നത്തെക്കാളും ഭീതിദമായ തിരഞ്ഞെടുപ്പായിരിക്കും ഇത് എന്ന് നിരീക്ഷകർ പ്രവചിക്കുന്നു. യോഗേന്ദ്ര യാദവ് അതിനെക്കുറിച്ച് ഈയിടെ എഴുതുകയുണ്ടായി.

ഇപ്പോൾ കേന്ദ്രമന്ത്രിമാരിൽ പലരും ബംഗാളിൽത്തന്നെ ക്യാമ്പുചെയ്യുന്നു. ബംഗാൾ വിജയം അന്തസ്സിന്റെ പ്രശ്നമായി മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുവിദഗ്ധൻ പ്രശാന്ത് കിഷോറിനെ തൃണമൂൽ കൊണ്ടുവന്നപ്പോൾ അർണബ് ഗോസ്വാമിയടക്കമുള്ള 'മാധ്യമവിശാരദന്മാർ' ബംഗ്ലാ ചാനൽ തുടങ്ങിയാണ് അതിനെ പ്രതിരോധിക്കുന്നത്. ബി.ജെ.പി. മോദിപാറ (മോദിയുടെ അയൽക്കാർ) എന്നൊരു വെബ്സൈറ്റ് തുടങ്ങിക്കഴിഞ്ഞു (www.modipara.com). ഇവിടെയും മോദി ഒരു ബ്രാൻഡായി വിൽക്കപ്പെടുന്നു. എന്നാലും ശക്തനായ ഒരു പ്രാദേശികനേതാവിനെ എടുത്തുകാണിക്കാൻ ബി.ജെ.പി.ക്കു പ്രയാസമുണ്ട്. ഇന്ധനവില കൂട്ടിയതിനെതിരേയുള്ള പ്രതിഷേധത്തിൽ വയസ്സുകാലത്ത് മമത ബുദ്ധിമുട്ടി സ്കൂട്ടറോടിച്ചപ്പോൾ പിറ്റേന്ന് സ്മൃതി ഇറാനി അനായാസം സ്കൂട്ടറോടിച്ചു തിരിച്ചടിക്കുന്നു (2019 ഓഗസ്റ്റിൽ ഐ.ടി.സി. റോയൽ ബംഗാളിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ആഭിമുഖ്യത്തിലുള്ള ഒരു ചടങ്ങിൽ സ്മൃതി ഇറാനിയെ പ്രഭു ചാവ്ള ഇന്റർവ്യൂ ചെയ്യുന്നത് നേരിട്ടു കാണാൻ 'ഭാഗ്യ'മുണ്ടായി. ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും മറാത്തിയിലേക്കും പിന്നെ ബംഗാളിയിലേക്കുമൊക്ക അവർ അനായാസം മുന്നേറുന്നു. പ്രഭു ചാവ്ള ബംഗാളി എന്ന ഭാഷയെക്കുറിച്ചു പറഞ്ഞപ്പോൾ അവർ തിരുത്തി: ബാംഗ്ല. അമ്മവഴിക്ക് ബംഗാളിയായ സ്മൃതി ഇനി നേതാവായിവരുമോ എന്നായിരുന്നു ഒരു ചോദ്യം. അതിനവർ മറുപടിപറഞ്ഞില്ല.)

kolkata street/ gettyimages

കലാസാംസ്കാരിക രംഗങ്ങളിൽ വലിയ ആസ്തികൾ കൈമുതലായുള്ള ഒരു ഭൂപ്രദേശം ഇങ്ങനെ ഹിംസയിലേക്കു പിന്മാറുന്നത് എന്തുകൊണ്ടാവാം? സാമൂഹികശാസ്ത്ര പഠനങ്ങൾക്കു വിധേയമാക്കേണ്ട സംഗതിതന്നെയാണ് അത്. 1995 മാർച്ച് 20-ന് ജപ്പാനിലെ ട്യൂബ് റെയിൽവേയിൽ സരിൻ വാതകം തുറന്നുവിട്ട് ആളുകളെ കൊല്ലാൻ ശ്രമിച്ച 'ഓം ഷിന്റിക്യോ' എന്ന കൾട്ടിനെക്കുറിച്ചു പഠിച്ചും ആ ആക്രമണത്തിനു വിധേയരായ യാത്രക്കാരുമായി അഭിമുഖം നടത്തിയും പ്രശസ്ത നോവലിസ്റ്റ് ഹാരുകി മുരാകാമി അധോതലം (The Underground) എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. സംഘടനയുടെ ഹിംസാത്മകതയെ നേരിടാനാവാതെ അതിന്റെ ചിഹ്നങ്ങളെ വെറുപ്പോടെ നോക്കി, എല്ലാത്തിൽനിന്നും മാറിനിൽക്കുന്ന രീതിയാണ് ജപ്പാൻ ജനത സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹം എഴുതുന്നു. യഥാർഥത്തിൽ സ്വന്തം പരാജയങ്ങളെയും ദൗർബല്യങ്ങളെയുമാണ് ഈ ഒഴിഞ്ഞുമാറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് മുരാകാമി നിരീക്ഷിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യം രണ്ടാം ലോകയുദ്ധകാലത്തു ചെയ്തുകൂട്ടിയ കൊടുംകുറ്റങ്ങളെ സംബന്ധിച്ച് യുദ്ധാനന്തര ജപ്പാനിൽ നിലനിന്നുപോരുന്ന ഒരു വലിയ കുറ്റബോധത്തിന്റെ (collective guilt) അല ഇത്തരം ചോദ്യങ്ങളിൽനിന്നും അകന്നുനിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടാകണം. ഇന്ത്യൻ നവോത്ഥാനത്തിന്റെ തൊട്ടിൽ എന്നു വിളിക്കാവുന്ന ബംഗാളിലെ ഹിംസാത്മകരാഷ്ട്രീയത്തിനു പിറകിൽ ചരിത്രയാഥാർഥ്യങ്ങളെ നേർക്കുനേർ കാണാനാവാതെ മാറിനിൽക്കുന്ന ഒരു ജനതയുടെ കണ്ണാടിക്കാഴ്ചകളുണ്ടായിരിക്കാം. ഈ ഹിംസാത്മക രാഷ്ട്രീയത്തിന്റെ നൈരന്തര്യത്തെ എപ്പോഴാണ് ഇനി അവർ അഭിമുഖീകരിക്കാൻ ശ്രമിക്കുക?

***

സുന്ദർബൻസിൽനിന്നും മടങ്ങിവരും വഴി ബരുയ്പുർ എന്നൊരു സ്ഥലത്തുവെച്ച് മറ്റൊരു ഗതാഗതക്കുരുക്കിൽപ്പെട്ടു. ഞങ്ങളുടെ വാഹനത്തിനുമുന്നിൽ ഇത്തവണ നൂറുകണക്കിനു മോട്ടോർ സൈക്കിളുകളായിരുന്നു. അവയിലെല്ലാം തൃണമൂലിന്റെ ത്രിവർണപതാകകൾ. വലിയൊരു സമ്മേളനം നടക്കാൻ പോവുകയാണെന്നൂഹിച്ചു. ഇത്തരം സമ്മേളനങ്ങൾക്കെല്ലാം പൊതുവായുള്ള ആവേശം ഉച്ചഭാഷിണിയുടെ സഹായത്താൽ പതിന്മടങ്ങായി വർധിക്കുന്നു. അറിയാത്ത ഭാഷയിലാണെങ്കിലും മുദ്രാവാക്യങ്ങൾക്കു വെല്ലുവിളികളുടെ സ്വരമാണെന്ന് കൃത്യമായി ഊഹിക്കാം. തിരഞ്ഞെടുപ്പിനോടടുക്കുന്ന ദിവസങ്ങളിൽ ഇത്തരം റാലികൾ ബംഗാളിൽ മുഴുവനും ഉണ്ടാവും. ഹിംസയുടെ മെർക്കുറിനിരപ്പ് കൂടുതൽ ഉയർന്നേക്കും. ഖേലാ ഹോബേ!

-വന്ന വാർത്തകളാവില്ല, വരാനിരിക്കുന്ന വാർത്തകളായിരിക്കും കൂടുതൽ ഭീതിദം എന്നുതോന്നുന്നു.

Content highlights :bengal politics and cultural background e santhoshkumar