എല്ലാ വര്‍ഷത്തെയും പോലെതന്നെ ഈ വര്‍ഷവും സാഹിത്യോത്സവങ്ങളുടെ ശ്രേണിക്ക് തിരികൊളുത്തപ്പെട്ടിരിക്കുന്നത് ബെംഗളൂരുവിലെ 'ദി ലളിത് അശോക് ലോണി'ല്‍ സംഘടിപ്പിക്കപ്പെട്ട 'ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലി'ലൂടെയാണ്. സാഹിത്യോത്സവത്തിന്റെ എട്ടാം പതിപ്പായ ഇക്കുറി, പ്രതിസന്ധികള്‍ ഏറെയായിരുന്നു.
അയോദ്ധ്യാ വിധിയോടനുബന്ധിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ട് നഗരം നിശ്ചലമായപ്പോള്‍ സാഹിത്യോത്സവത്തിന്റെ ആദ്യദിവസത്തിന്റെ ശോഭ തെല്ലൊന്നു മങ്ങി എന്നത് സത്യം. നഗരവാസികള്‍ സാഹിത്യോത്സവത്തില്നിന്ന് മാറിനിന്നില്ലെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ച അതിഥികളില്‍ പലരും മുഖംതിരിക്കുകയുണ്ടായി. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴ രംഗം അലങ്കോലമാക്കും എന്ന ഭീതി ഉയര്‍ത്തിയെങ്കിലും ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അതിന്റെ മങ്ങിയ ശോഭയിലും ഒട്ടും തലകുനിക്കാതെതന്നെ നിലകൊണ്ടു.
ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നടത്താനിരുന്ന പല സാഹിത്യോത്സവങ്ങളും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ നിഴലില്‍ റദ്ദാക്കിയ സാഹചര്യത്തില്‍ നമ്മുടെ മുന്നില്‍ ഇത്തരം ഒരു അക്ഷരോത്സവം എത്തിക്കാന്‍, കലയെയും സാഹിത്യത്തേയും സംഗീതത്തേയും സ്നേഹിക്കുന്ന ഒരുകൂട്ടം ജനങ്ങള്‍ പ്രകടമാക്കിയ സംഘടനാപാടവത്തെ ചെറുതായി കണ്ടുകൂടാ.
പതിവുപോലെതന്നെ മലയാള സാഹിത്യത്തിനും സാഹിത്യകാരന്മാര്ക്കും ബി.എല്‍.എല്‍.എഫില്‍ അര്‍ഹമായ പ്രാതിനിധ്യം നേടാനായി. ഉണ്ണി ആര്.-ഉം ജോണി മിരാണ്ഡയും മലയാള സാഹിത്യത്തിന്റെ പ്രതിനിധികളായെത്തി. കേരളത്തിലെ ഇടതുപക്ഷം പോലും വലതുപക്ഷത്തില്‍നിന്ന് ഏറെ ഭിന്നമല്ല എന്ന് പറയാന്‍ ഉണ്ണി ആര്. ചൂണ്ടിക്കാണിച്ചത്, ഗൗരിയമ്മ എന്ന ആശയദീക്ഷയുള്ള നേതാവിനെ മുഖ്യമന്ത്രി പദത്തില്‍ എത്തിക്കാതിരുന്നത് വലതുപക്ഷമോ ഇടതുപക്ഷമോ എന്ന ചോദ്യമാണ്.
'അണ്ടില് ദി ലയണ്‍സ്: എക്കോസ് ഫ്രം ദി മഹാഭാരത' എന്ന കൃതിയുടെ രചയിതാവായ കാര്‍ത്തിക നായരും 'ടെംപററി പീപ്പിള്‍' എന്ന നോവലിന്റെ രചയിതാവായ ദീപക് ഉണ്ണികൃഷ്ണനും ഇംഗ്ലീഷ് സാഹിത്യത്തിലെ മലയാളി സാന്നിദ്ധ്യങ്ങളായി.
ഇക്കുറി, വേദികളുടെ പേരില്‍ തുടങ്ങി (തുഗ്ലക്, യയാതി) പല ചര്‍ച്ചാവിഷയങ്ങളും ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള ചര്‍ച്ചയും ഡോക്യുമെന്ററിയും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു.
ജനശ്രദ്ധയാകര്‍ഷിച്ച മറ്റൊരു വ്യക്തിത്വം രേഷ്മ ഖുറേഷിയായിരുന്നു. 'ബീയിങ് രേഷ്മ' എന്ന തന്റെ ആത്മകഥയുടെ പശ്ചാത്തലത്തില്‍ തന്റെ ആത്മവിശ്വാസത്തിന്റെ കഥ പങ്കുവയ്ക്കാനാണ് രേഷ്മ എത്തിയിരുന്നത്. ആസിഡ് വീണ് കരുവാളിച്ച മുഖത്തെ വടുക്കള്‍ തന്റെ ധൈര്യവും ആത്മവിശ്വാസവും ഒട്ടുമേ കെടുത്തിയിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു രേഷ്മ.
സംഗീതത്തിനും ഏറെ പ്രാധാന്യം നല്കി തയ്യാറാക്കിയ ചര്‍ച്ചകളില്‍ 'ദി കോര്‍ട്ടിസം പ്രോജക്ട്' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ എത്തിയത് കഥക് നര്‍ത്തകിയായ മഞ്ജരി ചതുര്‍വേദിയാണ്. ദക്ഷിണേന്ത്യയിലെ 'ദേവദാസി' സമ്പ്രദായത്തോട് ഉപമിക്കാവുന്ന ഒന്നാണ് ഉത്തരേന്ത്യയിലെ 'താവായിഫ്' സമ്പ്രദായം. അവരുടെ 'ദര്‍ബാരി കഥക്' എന്ന നൃത്തസംഗീത കലയുടെ ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ സ്ത്രീകളുടെ പ്രതിനിധിയായാണ് മഞ്ജരി ചതുര്‍വേദി എത്തിയത്.
രാജസ്ഥാനിലെ സ്ത്രീകളുടെ കഥ പറഞ്ഞ 'ഭാവുന്റി' എന്ന നോവലും അതിന്റെ രചയിതാവായ അനുകൃതി ഉപാധ്യായും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിന്ദിയിലും ഇംഗ്ലീഷിലും രചനകള്‍ നടത്തുന്ന അനുകൃതിയുടെ നോവലുകള്‍ ഏറെ അനുവാചകശ്രദ്ധ നേടിയവയാണ്.
എഴുത്തുകാരനും അനുവാചകനും എഡിറ്ററുമായ ജെറി പിന്റോയുടെ കൃതികളും ആശയങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയവയാണ്. 'എം ആന്‍ഡ് ദി ബിഗ് ഹൂം' എന്ന അദ്ദേഹത്തിന്റെ നോവല്‍ ഇക്കുറി ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച നോവല്‍ ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്ന് അദ്ദേഹം വേദിയില്‍ തുറന്നുപറയുകയുണ്ടായി. അതേത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ചോദ്യങ്ങളോട് ഇരുത്തംവന്നതും ഗഹനമായതുമായ രീതിയില്‍ പ്രതികരിക്കാനും അദ്ദേഹം തയ്യാറായി എന്നത് പ്രശംസനീയമാണ്.
ശാസ്ത്രവും ചരിത്രവും ഇഴചേരുന്ന ടോണി ജോസഫിന്റെ 'ഏര്‍ലി ഇന്ത്യന്‍സ്' എന്ന പുസ്തകവും വേദികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 2019-ല്‍ പ്രസിദ്ധീകൃതമായ കൃതികള്‍ക്ക് പ്രാധാന്യം നല്കത്തക്ക വിഷയങ്ങളും ചര്‍ച്ചകളുമുണ്ടായില്ല എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍, ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒരു വിജയമായിരുന്നു എന്നുതന്നെ വേണം പറയാന്‍.
2012-ല്‍, നിരവധി കല-സാഹിത്യ-സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള വിക്രം സമ്പത്തും ഷൈനി ആന്റണിയും ശ്രീകൃഷ്ണ രാമമൂര്‍ത്തിയും ചേര്‍ന്ന് ആരംഭിച്ച, ലാഭേച്ഛയില്ലാത്ത സ്വതന്ത്ര ഫണ്ടാണ് ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ പിന്താങ്ങുന്നത്.
ഇതുകൂടാതെ, അക്ഷരപ്രേമികളുടെ മുന്നിലേക്ക് തികച്ചും സൗജന്യമായി ഇത്തരം ഒരു ഫെസ്റ്റിവലിന്റെ വാതായനങ്ങള്‍ തുറക്കുന്നതിലേക്കായി 'ഫ്രണ്ട്സ് ഓഫ് ബി.എല്‍. എഫ്' എന്ന പേരില്‍ ക്രൗഡ് ഫണ്ടിങ് വഴി ധനശേഖരണം നടത്തുന്നു. കല-സാംസ്കാരിക -സംഗീത പരിപാടികളെ സ്വാഗതം ചെയ്യുകയും തുറന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികള്‍ ഇന്നിന്റെയും നാളെയുടെയും ആവശ്യമാണ്.
Content Highlights: Bangalore Literature Festival 8th Edition