'ഐ നീഡ് പീസ്'

ഈ മൂന്ന് വാക്കുകള്‍ ട്വീറ്ററില്‍ മിന്നിമറിഞ്ഞപ്പോള്‍ ഒരു മാറ്റത്തിനു വേണ്ടി, ലോകസമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഏറെയാണ്. ആ വാക്കുകള്‍ക്ക് പിന്നിലെ നിസ്സംഗതയും ഭീതിയും എന്തെന്ന് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞു. ഒരു ജനതയ്ക്ക് വേണ്ടി മുഴുവനും പ്രാര്‍ത്ഥിച്ചു. എട്ടു വയസ്സുകാരിയായ ബാന അല്‍-ആബേദ് ആണ് തന്റെ കുടുംബവും ഒരു സമൂഹം മുഴുവനും അനുഭവിക്കുന്ന ദുരന്തങ്ങള്‍ ലോകത്തിന് മുന്നില്‍ ട്വീറ്ററിലൂടെ അവതരിപ്പിച്ചത്. 

സിറിയ എന്ന യുദ്ധമുഖത്തുനിന്ന് 'എനിക്ക് ഭീതിയില്ലാതെ ജീവിക്കണം' എന്ന് അവള്‍ ട്വീറ്റ് ചെയ്തപ്പോള്‍ ബാനയുടെ മാത്രമല്ല, യുദ്ധം നശിപ്പിക്കുന്ന ഒട്ടനേകം ബാല്യങ്ങളുടെ ശബ്ദമായവള്‍ മാറി. തന്റെ അനുഭവങ്ങളും ചിന്തകളുമെല്ലാം അവള്‍ ലോകത്തോട് പങ്കുവയ്ക്കുകയാണ് പുതിയ പുസ്തകമായ 'ഡിയര്‍ വേള്‍ഡ്: എ സിറിയന്‍ ഗേള്‍സ് സ്റ്റോറി ഓഫ് വാര്‍ ആന്‍ഡ് പ്ലീ ഫോര്‍ പീസി'ലൂടെ. 

സിറിയന്‍ ആഭ്യന്തര കലാപത്തില്‍ അലെപ്പോ നഗരത്തില്‍ കുടുങ്ങിയ അനുഭവങ്ങള്‍ ബാന പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന ഓര്‍മപ്പെടുത്തലോടെ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായാണ് ബാന പുസ്തകം സമര്‍പ്പിക്കുന്നത്. വിമാന ആക്രമണങ്ങള്‍, വിശപ്പ്, മരണം, കുടിയൊഴിപ്പിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് ബാന കുറിക്കുന്നത്.

മൂന്നാം വയസ്സില്‍ കണ്‍മുന്നില്‍ നടന്ന യുദ്ധത്തിന്റെ ആഘാതവും, മരണവുമെല്ലാം പിഞ്ചുമനസ്സില്‍ നോവാകുന്നുണ്ട്. തന്റെ നിഷ്‌കളങ്കമായ വാക്കുകളാല്‍ വികാരങ്ങള്‍ ഒട്ടും ചോരാതെ ബാന വായനക്കാരിലേക്കെത്തിക്കുന്നു. ഇതോടൊപ്പം സമാധാനത്തോടെയുള്ള ബാല്യവും ജീവിതവും സ്വപ്നം കാണുന്ന കുട്ടികളുടെ സ്വപ്നവും അവള്‍ എഴുതുന്നു. യുദ്ധം കൊണ്ട് നശിക്കുന്ന നഗരത്തിന്റെയും സ്വപ്നങ്ങളുടെയും ലോകം തന്നെയാണ് പുസ്തകത്തില്‍ ചിത്രീകരിക്കുന്നത്. യുദ്ധം തകര്‍ക്കുന്നതെന്തെല്ലാമെന്ന് അവള്‍ വായനക്കാരിലേക്ക് എത്തിക്കുന്നു.

Dear Worldയുദ്ധം അവസാനിപ്പിക്കാന്‍ അവളുടെ ആയുധം ട്വീറ്റര്‍ ആയിരുന്നു. 2016 സെപ്റ്റംബര്‍ മുതല്‍ ട്വീറ്ററിലൂടെ ബാന യുദ്ധത്തിനെതിരേയും സമാധാനത്തിന് വേണ്ടിയും ലോകത്തോട് സംവദിച്ചു. രാഷ്ട്രത്തലവന്മാരായ വ്‌ലാഡിമര്‍ പുടിന്‍, ബരാക് ഒബാമ, ബാഷാര്‍ അല്‍- ആസാദ് എന്നിവര്‍ക്കെല്ലാം യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു. നിലവില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഈ എട്ടു വയസ്സുകാരിക്ക് ട്വീറ്ററിലുള്ളത്. 

ഇതില്‍ പ്രശസ്ത എഴുത്തുകാരി ജെ.കെ. റൗളിങ്ങും ഉള്‍പ്പെടുന്നു. തന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ജെ.കെ. റൗളിങ്ങിന്റെ പുസ്തകം വാങ്ങാന്‍ യുദ്ധം മൂലം സാധിക്കുന്നില്ലെന്ന് റൗളിങ്ങിന് ട്വീറ്റ് ചെയ്ത ബാനയ്ക്ക് ഹാരിപ്പോട്ടറിന്റെ ഇ-ബുക്കാണ് എഴുത്തുകാരി സമ്മാനിച്ചത്. കുറച്ചു നാള്‍ ബാനയുടെ ട്വീറ്റുകള്‍ പുറത്തുവരാത്തതിനെ തുടര്‍ന്ന് '#WhereisBana' എന്ന ഹാഷ്ടാഗുമായി റൗളിങ് തന്നെ രംഗത്തെത്തി. 

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ബാനയുടെ കുടുംബത്തെ കണ്ടെത്തുക എന്നതായിരുന്നു എഴുത്തുകാരി ഇതിലൂടെ ലക്ഷ്യമിട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അലെപ്പോയില്‍ നിന്ന് ബാന കുടിയൊഴിപ്പിക്കപ്പെട്ടു എന്നു കണ്ടെത്തിയത്. പിന്നീട് ട്വീറ്ററിലൂടെ തന്നെയാണ് തന്റെ ജീവിതവും യുദ്ധവുമെല്ലാം ആസ്പദമാക്കി പുസ്തകമെഴുതുന്നുണ്ടെന്നും ബാന പ്രഖ്യാപിച്ചത്. ഭീകരതയുടെ ഇടയില്‍നിന്ന് ജീവിതത്തോട് പ്രണയവും, മനസ്സില്‍ ധൈര്യവും നിറഞ്ഞ, ചെറുപ്രായത്തില്‍ എല്ലാം സഹിക്കേണ്ടിവന്ന ഒരു കുട്ടിയുടെ സാക്ഷ്യമാണിതെന്നാണ് ജെ.കെ. റൗളിങ് പുസ്തകത്തെ വിശേഷിപ്പിച്ചത്. പ്രശസ്ത പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷുസ്റ്ററാണ് പുസ്തകം പുറത്തിറക്കുന്നത്. 499 രൂപയാണ് പുസ്തകത്തിന്റെ മുഖവില.