'ആദ്യം ആരും ശ്രദ്ധിക്കുന്നില്ല' എന്നെഴുതിയതു ഡി. വിനയചന്ദ്രനാണ്. മലയാളത്തിലെ പുതുകവിതയെയും ആദ്യം ആരും ശ്രദ്ധിച്ചിരുന്നില്ല. നിരൂപകര്‍ കവിതയുടെ ചരമക്കുറിപ്പെഴുതിയ എഴുപതുകളില്‍ കവിത പൂര്‍വാധികം സമൃദ്ധമായി പൂത്തുലയുകയാണുണ്ടായത്.

കേരള സാഹിത്യ അക്കാദമി യുവകവികള്‍ക്കായി 1977-ല്‍ ഒരു ക്യാമ്പ് നടത്തി. ബാലചന്ദ്രന്‍ ചുള്ളിക്കാടിനു ക്യാമ്പില്‍ പ്രവേശനം കിട്ടിയില്ല. അദ്ദേഹം സമര്‍പ്പിച്ച 'യാത്രാമൊഴി' എന്ന കവിത പരിശോധകര്‍ നിരസിച്ചു. ഒടുവില്‍ 'കേരളാ ടൈംസ്' പത്രാധിപസമിതി അംഗമായ ജോണ്‍ പോള്‍ സംഘടിപ്പിച്ചുകൊടുത്ത ഒരു കത്തിന്റെ ബലത്തില്‍, ക്യാമ്പ് അവലോകനം നടത്താന്‍ നിയോഗിക്കപ്പെട്ട ഒരു ഫ്രീലാന്‍സ് ലേഖകനായി 'നിരീക്ഷകന്‍' എന്ന പദവിയില്‍ ബാലചന്ദ്രന്‍ ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു. സിവിക് ചന്ദ്രന്റെ മുറിയില്‍ താമസമാക്കുകയുംചെയ്തു. വി.എം. ഗിരിജ, കെ.കെ. ഹിരണ്യന്‍, പുറമാനൂര്‍ ടി. മുഹമ്മദ്, കുരീപ്പുഴ ശ്രീകുമാര്‍, പുലിയൂര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ അന്നു ക്യാമ്പിലുണ്ടായിരുന്നു. കവിതകള്‍ പരിശോധിച്ച കെ.പി. ശങ്കരന്‍ മാസ്റ്റര്‍ക്കോ പ്രൊഫ. കെ.വി. രാമകൃഷ്ണനോ 'യാത്രാമൊഴി'യുടെ സ്വരഭേദം തിരിച്ചറിയാന്‍ അന്നു കഴിഞ്ഞിരുന്നില്ലെന്നുവേണം വിചാരിക്കാന്‍. അക്കാര്യമറിഞ്ഞപ്പോള്‍ എന്‍.എന്‍. കക്കാട് ആശ്ചര്യം പ്രകടിപ്പിക്കയും ചെയ്തു.image

അന്നത്തെ പുതുകവിതയെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും ഗൗനിച്ചിരുന്നില്ല. ആയിരത്തില്‍ത്താഴെ കോപ്പികള്‍ മാത്രം അച്ചടിച്ചിരുന്ന നൂറുകണക്കിനു ലിറ്റില്‍ മാഗസിനുകള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു. അവരായിരുന്നു പുതുമയുടെ പതാകാവാഹകര്‍. 1976-ല്‍ എഴുതിയ 'യാത്രാമൊഴി' ആദ്യം പ്രസിദ്ധീകരിച്ചത് ജെ.ആര്‍. പ്രസാദ് നടത്തിയിരുന്ന 'രാഷ്ട്രശില്പി' എന്ന കൈയെഴുത്തുമാസിക ആണ്ടിലൊരിക്കിലോ മറ്റോ പ്രസിദ്ധീകരിച്ചിരുന്ന അച്ചടിപ്പതിപ്പിലാണ്. അക്കവിത പക്ഷേ, അക്കാലത്തെ ക്യാമ്പസുകളില്‍ പരക്കെ അറിയപ്പെട്ടിരുന്നു. അതിന്റെ നാലുവരിയെങ്കിലും അറിയാത്തവര്‍ അന്നു വിരളമായിരുന്നു. അന്നത്തെ സവിശേഷ രാഷ്ട്രീയാന്തരീക്ഷത്തില്‍ 'വീടുവിട്ടുറങ്ങുന്ന ചെറുപ്പക്കാരന്‍' എന്ന പ്രമേയത്തിനു സവിശേഷ പ്രസക്തി ഉണ്ടായിരുന്നു.

അറുപതുകളുടെ പകുതിമുതല്‍ ഇന്ത്യയിലെമ്പാടും ക്യാമ്പസുകള്‍ പുകഞ്ഞുതുടങ്ങിയിരുന്നു. നെഹൃയുഗത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ തകര്‍ന്നതോടെ കര്‍ഷകകലാപങ്ങള്‍ പലയിടത്തും തലപൊക്കി. നക്‌സല്‍ബാരിയില്‍ പൊട്ടിത്തെറിച്ച അമര്‍ഷത്തിന്റെ തീപ്പൊരി കേരളത്തിലും വീണു പുകയാന്‍ തുടങ്ങി. 'എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കാം' എന്നൊരു ശുഭപ്രതീക്ഷയില്‍ യുവാക്കള്‍ ആകൃഷ്ടരായി. നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടവര്‍ ഒരു മഹാ ന്യൂനപക്ഷമായിരുന്നെങ്കിലും ഒരു മഹാഭൂരിപക്ഷം അതിന്റെ അനുഭാവികളായി. യുവജനങ്ങളുട വിപ്ലവസജ്ജമായ മാനസികാവസ്ഥയെ തടയാനോ വഴിതിരിച്ചുവിടാനോ ആണ് അക്കാലത്ത് 'നാഷണല്‍ സര്‍വീസ് സ്‌കീം' എന്ന പ്രസ്ഥാനം ഇന്ത്യയിലെങ്ങും ആരംഭിച്ചത്. പക്ഷേ, അത്തരം ചൊട്ടുവിദ്യകള്‍ കൊണ്ടൊന്നും അടങ്ങുന്നതായിരുന്നില്ല ആ അമര്‍ഷം. ഇതിനിടയിലാണ് ജയപ്രകാശ് നാരായണന്റെ സമരകാഹളം മുഴങ്ങുന്നത്. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതോടെ അടിയന്തരാവസ്ഥയും പ്രഖ്യാപിക്കപ്പെട്ടു. അയ്യപ്പപ്പണിക്കരുടെ 'കടുക്ക'യും സച്ചിദാനന്ദന്റെ 'നാവുമരവും' 'കെ.ജി. ശങ്കരപ്പിള്ളയുടെ 'ബംഗാളും' സി.വി. ശ്രീരാമന്റെ 'മീശ' (അതെ, മീശ) യും ഇക്കാലത്തിന്റെ ചില പ്രതിസ്പന്ദങ്ങള്‍മാത്രം. കക്കയം ക്യാമ്പും രാജന്‍ കേസും ഒരച്ഛന്റെ അവസാനിക്കാത്ത കാത്തിരിപ്പുമെല്ലാം സൃഷ്ടിച്ച സവിശേഷമായൊരു മാനസികാവസ്ഥയിലാണ് 'നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ' എന്നാക്രോശിച്ചുകൊണ്ടു കടമ്മനിട്ടയുടെ 'കുറത്തി' വരുന്നത്. ഈ സാഹചര്യത്തിലാണ് 'യാത്രാമൊഴി'യുടെ പിറവി.

അക്കാലത്തെ ക്ഷുഭിതയൗവനത്തിനു രുചിക്കുന്ന ഒരുതരം അമ്‌ളഭാഷയായിരുന്നു ബാലചന്ദ്രന്റേത്. 'കത്തുന്ന പട്ടടയിലച്ഛന്റെ ചങ്കിലിടിവെട്ടുന്ന പൊട്ടലിലുടല്‍ക്കെട്ടു പൊട്ടി' എന്ന മട്ടിലുള്ള വാങ്മയം ഇന്നു ശബ്ദഘോഷമായി തോന്നാമെങ്കിലും അത് അന്നത്തെ സഹൃദയ ശ്രോത്രങ്ങള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. അതെ, കവിത കേള്‍ക്കാന്‍കൂടിയാണെന്നുള്ള തിരിച്ചറിവ് ആ കാലഘട്ടത്തിന്റെ സംഭാവനയാണ്. അതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയതു കടമ്മനിട്ടയും ചുള്ളിക്കാടുമായിരുന്നു. അച്ചടിയില്‍ നഷ്ടമായിപ്പോകുന്ന താനവ്യതിയാനങ്ങളും സൂക്ഷ്മ ശ്രുതിഭേദങ്ങളും കാവ്യാലാപനത്തില്‍ അവര്‍ വീണ്ടെടുത്തപ്പോള്‍ കവിയരങ്ങുകള്‍ക്കു പുതുജീവന്‍ കൈവന്നു. പില്‍ക്കാലത്തു പലരും കാവ്യാലാപനം സംഗീതക്കച്ചേരിയാക്കി മാറ്റിയപ്പോള്‍ കവിതയുടെ ആ മട്ടിലുള്ള സംവേദനം അവസാനിച്ചു.

അകാലത്തു ഞങ്ങള്‍ കുറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 'രസന' എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. മാസിക കൃത്യമായി ഇറക്കാനാവുമെന്ന വ്യാമോഹത്തോടെ ബാങ്കു ലോണെടുത്ത് ഒരു പ്രസ്സും വാങ്ങി. അതോടെ ഭാരം ഇരട്ടിച്ചു എന്നല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ല. പ്രസ്സിന്റെ നടത്തിപ്പുചുമതല എനിക്കായിരുന്നു. വാരാന്ത്യത്തില്‍ ബാലചന്ദ്രന്‍ തൃശ്ശൂരെത്തും. ഈശ്വരവിശ്വാസം മുതല്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് വരെയുള്ള സകലവിഷയങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ട് ഞങ്ങള്‍ രാവെളുപ്പോളം പൂരപ്പറമ്പില്‍ ചുറ്റിനടക്കും. സി.വി. രാമന്‍ പിള്ളയുടെ ഉഗ്രഹരി പഞ്ചാനനനെയും പെരിഞ്ചക്കോടനെയും ശ്രീകണ്ഠന്‍ നായരുടെ രാവണനെയുമെല്ലാം ബാലചന്ദ്രന്‍ ഭാവഹാവാദികളോടെ അവതരിപ്പിക്കും. അത്തരം പാതിരാചര്‍ച്ചകളില്‍നിന്നാണ് ബാലചന്ദ്രന്റെ കവിതകള്‍ സമാഹരിച്ചു പുസ്തകമാക്കാം എന്ന ആശയത്തിന്റെ പിറവി. കവര്‍ ചിത്രങ്ങളൊന്നുമില്ലാതെ പഴയ എസ്.എസ്.എല്‍.സി. ബുക്കിന്റെ മാതൃകയിലാണ് പുസ്തകമെന്നു ഞങ്ങള്‍ തീരുമാനിച്ചു. 1980 ഡിസംബര്‍ 14-ന് സാഹിത്യ അക്കാദമിയില്‍വെച്ചു കടമ്മനിട്ട രാമകൃഷ്ണന്‍ പുസ്തകം പ്രകാശിപ്പിച്ചു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പതിനെട്ട് കവിതകൾവാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക