ശ്മീരിലെ കഠുവ കടന്ന്, സുഗന്ധം ചുരത്തുന്ന ദേവദാരു വൃക്ഷങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയ്ക്കിടയിലാണ് ആദ്യത്തെ ഇടയന്‍ മുന്നില്‍വന്നത്. പിറകെ ആടുകള്‍, കുതിരകള്‍... താഴ്വരയില്‍നിന്ന് താഴ്വരയിലേക്ക് അലയുന്ന ബക്കര്‍വാലകള്‍ എന്ന നാടോടികള്‍. ഒരിടത്തും കൂടുവയ്ക്കാത്തവര്‍. മഞ്ഞും മഴയും വെയിലും നിലാവും ഉടലില്‍ അറിയുന്നവര്‍. യാത്രയിലുടനീളം വന്നുമറഞ്ഞ ബക്കര്‍വാലകള്‍ എപ്പോഴോ ബെന്തെഗാനം പാടിപ്പിരിഞ്ഞു. മനസ്സില്‍നിന്നും ആ ഗാനം മാഞ്ഞുപോകുംമുന്‍പാണ്  അവരിലൊരാളായിരുന്ന അവള്‍. അതിദാരുണമായി കൊല്ലപ്പെട്ടതറിഞ്ഞതും നാടോടികള്‍ നീലവനത്താഴ്വരകള്‍ വിട്ടൊഴിഞ്ഞ് വിതുമ്പലോടെ മറ്റെങ്ങോട്ടോ മറഞ്ഞതും. കഠുവയില്‍ പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിയുടെ ഓര്‍മയില്‍ അവളുടെ ഗോത്രമായ ബക്കര്‍വാലകളുടെ ജീവിതം നേരനുഭവത്തിലൂടെ എഴുതുകയാണ് കഥാകാരന്‍.

ജമ്മുവില്‍നിന്ന് പഠാന്‍കോട്ട് വരെയുള്ള ദേശീയപാതയിലൂടെ 87 കിലോമീറ്റര്‍ കിഴക്കോട്ട് യാത്രചെയ്താല്‍ ബസന്തര്‍ നദിയൊഴുകുന്ന സാംബ കഴിഞ്ഞ് പഞ്ചാബുമായും ഹിമാചല്‍പ്രദേശുമായും അതിര്‍ത്തിപങ്കിടുന്ന കഠുവയിലെത്താം. കഠുവ ജില്ലയില്‍ ഒരു പട്ടണമായ ബസോഹ്ലി ആചാരോപേക്ഷകവും ഊര്‍ജസ്വലവും ധീരവും ഭാവനാത്മകവുമായ ഒരു ചിത്രരചനാശൈലികൊണ്ട് പ്രശസ്തമാണ്. ചുവപ്പ്, പച്ച, നീല വര്‍ണങ്ങളുടെ ചൈതന്യവത്തായ വിനിയോഗം ബസോഹ്ലി ആലേഖനങ്ങളെ സവിശേഷമായ ദൃശ്യാനുഭവമാക്കുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലും സമതലങ്ങളിലുമായി 512 ഗ്രാമങ്ങളുണ്ട് കഠുവയില്‍. പരമ്പരാഗത ഭാഷ ദോഗ്രിയാണ്. കശ്മീരിയും ഉര്‍ദുവും വിനിമയത്തിനുണ്ട്. അവയ്ക്കു പുറമേയാണ് ഗോജ്രി, പഹാരി മൊഴികള്‍. പീര്‍പഞ്ചാല്‍ ഗിരിനിരകളിലും ചെനാബ് താഴ്വരയിലും കശ്മീരിലും ജമ്മുവിലും ഋതുഭേദങ്ങള്‍ക്കൊത്ത് നീങ്ങുന്ന നാടോടിഗോത്രങ്ങള്‍ ഗോജ്രിയിലോ പഹാരിയിലോ ആണ് കഥകള്‍ പറയുക, പാടുക, പ്രണയിക്കുക, ഒപ്പം വളര്‍ത്തുമൃഗങ്ങളോട് സംസാരിക്കുന്നതും.

മൃഗസമ്പത്തില്‍ അഭിമാനിക്കുന്ന നാടോടികളായ ബക്കര്‍വാല്‍ ഗോത്രക്കാരെ പാതയിലെവിടെയെങ്കിലും കാണുമെന്നുറപ്പുണ്ടായിരുന്നു. കഠുവ വഴി ഹിമാചല്‍പ്രദേശിലെ ഹില്‍സ്റ്റേഷനായ ദല്‍ഹൗസിയിലേക്കുള്ള യാത്രയ്ക്കിടയില്‍ അവര്‍ മുന്നിലെത്തി. നീല ശിരോവസ്ത്രമണിഞ്ഞ്, നീണ്ട ഉടുപ്പോടെ കൈയിലൊരു ആട്ടിന്‍കുട്ടിയുമായി ആദ്യത്തെ ഇടയന്‍. ആടുകള്‍ പിറകെ. അവയെ തെളിച്ചുകൊണ്ട് ഒരു സ്ത്രീയും മൂന്നുകുട്ടികളും. ചെറിയ പെണ്‍കുട്ടി മുതിര്‍ന്നൊരു പൂവന്‍കോഴിയെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ചിരുന്നു. സ്ത്രീയുടെ ശിരസ്സിലൊരു മാറാപ്പ്, മറ്റു രണ്ട് കുട്ടികളുടെ കൈകളില്‍ പാത്രങ്ങള്‍. ആടുകള്‍ക്കൊപ്പം അവരും മലമ്പാതയുടെ അരികുപറ്റി നടന്നു. പാതയില്‍ ബാക്കിയായ ആടുകളുടെ ചൂര് മലഞ്ചെരിവിലെ ദേവദാരുക്കളുടെ സുഗന്ധത്തില്‍ കലര്‍ന്നു.

kasmeer
ഫോട്ടോ: ഗെറ്റി ഇമേജസ്  

ശുഭ്രവേഷം ധരിച്ച കുലീനനായൊരു വൃദ്ധന്റെ ധാബയില്‍ ഇഞ്ചിനീര് ചേര്‍ത്ത ചായയും കാത്തുനില്‍ക്കെ  ലഖന്‍പുരില്‍നിന്നുള്ള ടാക്‌സി ഡ്രൈവര്‍ കനു എങ്ങും വേരുകളില്ലാത്ത ബക്കര്‍വാല്‍ സമൂഹത്തെക്കുറിച്ച് പറഞ്ഞു. വീണ്ടും പാതയിലേക്കിറങ്ങിയപ്പോഴും ഉത്സുകനാണ് യാത്രക്കാരനെന്നതുകൊണ്ട് അവന്‍ ഭാഷണം തുടര്‍ന്നു. ദൂരെക്കാണാവുന്ന ആട്ടിന്‍പറ്റങ്ങളുടെയും അവയെ പാലിക്കുന്നവരുടെയും നേര്‍ക്ക് ഇടയ്ക്ക് കൈചൂണ്ടി.

ഒരു ബക്കര്‍വാലിന്റെ ജീവിതധര്‍മം, പേര് അര്‍ഥമാക്കുന്നതുപോലെ ആടിനെ പാലിക്കുകയെന്നതാണ്. ഓരോ ബക്കര്‍വാല്‍ ശിശുവും ആട്ടിന്‍കിടാവിനെപ്പോലെ പിറക്കുന്നു. ആടുകള്‍ക്കൊപ്പം വളരുന്നു. മേച്ചില്‍സ്ഥലങ്ങള്‍തേടി ജീവിതകാലമത്രയും അലയുന്നു. മഞ്ഞും മഴയും വേനലും ഉടലില്‍ അറിയുന്നു. നിലാവിനെയും കാറ്റിനെയും മഴവില്ലിനെയും നക്ഷത്രങ്ങളെയും സ്‌നേഹിക്കുന്നു. പര്‍വതങ്ങളുടെയും താഴ്വാരങ്ങളുടെയും വിളി കേള്‍ക്കുന്നു.

1965-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ സാവ്ജിയാന്‍ മേഖലയിലെ ഇന്ത്യന്‍ കരസൈന്യത്തിനു നല്‍കിയ ധീരമായ പിന്തുണ മുന്‍നിര്‍ത്തി മൗലവി ഗുലാം ദീനിന് അശോകചക്ര ബഹുമതി പ്രഖ്യാപിക്കുകയുണ്ടായി. മൗലവി ഗുലാം ദീന്‍ ഒരു ബക്കര്‍വാലയായിരുന്നു. അതിര്‍ത്തിപ്രദേശങ്ങളില്‍ റഡാറുകളുടെയും സൈനികരുടെയും ദൃഷ്ടികള്‍ക്കുപുറമേ ജാഗരൂകമായ ഒരു മൂന്നാംദൃഷ്ടികൂടിയുണ്ട്. അത് ബക്കര്‍വാല്‍ ഗോത്രത്തിന്റേതാണ്. 1971-ലെ  യുദ്ധത്തിനുശേഷം പൂഞ്ച് പ്രവിശ്യയിലെ പാകിസ്താനി ഒളിപ്പോരാളികളെക്കുറിച്ച് രഹസ്യവിവരം നല്‍കിയതിന് ഒരു നാടോടിസ്ത്രീയായ മാലി ബി പ്രശംസയ്ക്കും പുരസ്‌കാരത്തിനും പാത്രമായി. 1999-ല്‍ സംഭവിച്ച കാര്‍ഗില്‍ യുദ്ധത്തിനുമുന്‍പ് പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സൈന്യത്തിനു വ്യക്തമായ സൂചനകള്‍ ലഭിച്ചത് ബക്കര്‍വാല്‍ സമൂഹത്തില്‍നിന്നാണ്. നിയന്ത്രണരേഖ മറികടന്ന് അതിര്‍ത്തിഗ്രാമങ്ങളിലേക്കു നുഴഞ്ഞുകയറി കലാപശ്രമങ്ങള്‍ക്കു തുനിയുന്ന ഭീകരപ്രവര്‍ത്തകരെ നേരിടുന്നതില്‍ സൈന്യം ആ സമൂഹത്തെ ആശ്രയിക്കുന്നുണ്ട്, ഇപ്പോഴും. സാര്‍ഥകമായ ഒരു പാരസ്പര്യമാണ് അത്. എന്നിട്ടും ജമ്മുവിലെ പ്രമുഖ സമുദായത്തില്‍പ്പെട്ട പലരും മതവിദ്വേഷം കാട്ടി പാവം ബക്കര്‍വാലകളെ കാണാമറയത്തേക്ക് ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നു. അത്തരം ഹീനശ്രമങ്ങളെ പ്രതിരോധിക്കാനുള്ള സംഘടിതശേഷി നിസ്സഹായതയില്‍ ഉഴറുന്ന നിഷ്‌കളങ്കരായ ഈ മനുഷ്യര്‍ എങ്ങനെ നേടാനാണ്? ആരുണ്ടവര്‍ക്ക് തുണ? 

kasmeer
ഫോട്ടോ: ഗെറ്റി ഇമേജസ്  

ആണ്ടുതോറും ശിശിരകാല മഞ്ഞ് ഉരുകാന്‍ തുടങ്ങുകയും പര്‍വതോപരിയുള്ള പുല്‍മൈതാനങ്ങള്‍ ജീവസ്സുറ്റവയാവുകയും ചെയ്യുമ്പോള്‍ ബക്കര്‍വാല്‍ ഗോത്രം മൃഗസമ്പത്തുമായി (ആളുകള്‍ മാത്രമല്ല, കുതിരകളും എരുമകളും നായകളും കഴുതകളുമൊക്കെ അതില്‍പ്പെടും) മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനുള്ള ദീര്‍ഘയാത്രയ്‌ക്കൊരുങ്ങുന്നു. പ്രായംചെന്നവരും ചെറുപൈതങ്ങളുമടക്കം ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ മുഴുവനും പുറപ്പെടുകയാണ്. സ്ത്രീകളെ ഗര്‍ഭക്ലേശങ്ങള്‍പോലും പിന്തിരിപ്പിക്കുന്നില്ല, വൃദ്ധരെ ആസന്നമരണ ചിന്തകളും. വ്യഥിതയാത്രയാണ്. ദീനാന്തരീക്ഷസ്ഥിതിയിലെ പ്രവചനാതീത വ്യതിയാനങ്ങള്‍ യാത്രികരെ നിരന്തരം അലട്ടുന്നു. അതു നിത്യസത്യമാണെങ്കില്‍, പുതിയ കാലത്ത് ഭൗതികതലത്തില്‍, പരുഷങ്ങളായ മറ്റുചില യാഥാര്‍ഥ്യങ്ങള്‍കൂടി അവര്‍ അഭിമുഖീകരിക്കുന്നുണ്ട്. 

ആധുനിക ഗതാഗതമാര്‍ഗങ്ങള്‍ തുറന്നതോടെ തങ്ങളുടേതെന്ന് നിനച്ചിരുന്ന നിരവധി ദേശാടനരഥ്യകള്‍ അവര്‍ക്കു നഷ്ടമായി. ഭാരം കയറ്റി ഒരുമിച്ചുനീങ്ങുന്ന ചരക്കുവണ്ടികളും സൈനികവാഹനങ്ങളും വിനോദസഞ്ചാരികളുമായി തുരുതുരെ വന്നെത്തുന്ന ടാക്‌സികളും ഉല്ലാസപ്രിയരുടെ ബഹുവിധ യാനപാത്രങ്ങളും അവരുടെമേല്‍ ആശങ്കയുടെ നിഴല്‍വീഴ്ത്തിക്കൊണ്ടാണ് മുന്നേറുന്നത്. ഗിരിനിരകളിലെ കരിങ്കല്‍പ്പാറകളുടെ ഘടന ശിഥിലമാക്കിക്കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം ഏറ്റവും ബാധിക്കുന്നത് അവരെയാണ്. ഉയരങ്ങളില്‍നിന്ന് കൂറ്റന്‍ പാറക്കഷ്ണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആടുകളുടെയോ അവയെ മേയ്ക്കുന്നവരുടെയോ മേല്‍ പൊട്ടിവീഴാം. ആടുകള്‍ മോഷ്ടിക്കപ്പെടുക, അവയെ സംരക്ഷിക്കാനായി പോറ്റുന്ന നായകള്‍ കൊല്ലപ്പെടുക, സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുക തുടങ്ങിയ ദുരന്തങ്ങളും അവര്‍ക്കു നേരിടേണ്ടിവരുന്നു. ജീവിതം അവരെ സംബന്ധിച്ച് ദൗര്‍ഭാഗ്യങ്ങളുടെ ഒരു പരമ്പരയാണ്. അവരുടെ കണ്ണിലെ നോട്ടം അനാഥത്വത്തിന്റെതാണ്. വേനലില്‍ ഒരു തുള്ളി ജലം ശേഷിക്കാതെ വറ്റിവരളുന്ന നദികളോ, ദുര്‍ഗമ വനങ്ങളോ, ചെങ്കുത്തായ ശിഖരങ്ങളോ, ഹിമക്കരടികളോ, പുള്ളിപ്പുലികളോ, ബലിഷ്ഠശരീരവും മേലോട്ട് വളഞ്ഞ കൊമ്പുകളുമുള്ള യാക്കുകളോ അവരെ ഭയപ്പെടുത്തുന്നില്ല. ക്രൂരതയെ ഇഷ്ടദേവതയായി ആരാധിക്കുന്ന, ഒന്നിനും മടിക്കാത്ത കൊടുംപാപികളെയാണ് അവര്‍ ഇപ്പോള്‍ പേടിക്കുന്നത്. തള്ളിനീക്കപ്പെട്ട അരികുകളിലും അവര്‍ ഒട്ടുംതന്നെ സുരക്ഷിതരല്ല. മഞ്ഞിലും അവര്‍ക്ക് പാദങ്ങള്‍ പൊള്ളും. 

ബക്കര്‍വാല്‍ സമൂഹവുമായി ചേര്‍ത്തുപറയുന്ന മറ്റൊരു പിന്നാക്കവിഭാഗമാണ് ഗുജ്ജാറുകള്‍. ബാള്‍ടി, ബേഡാ, ബോട്ടോ, ബ്രോക്പാ, ഗഡ്ഡി, ചങ്പ, മോണ്‍സ്, പുരിഗ്പ എന്നിങ്ങനെ ജമ്മുവിലും കശ്മീരിലുമായി പിന്നാക്കവിഭാഗങ്ങള്‍ പലപേരുകളിലുമുണ്ട്. ബക്കര്‍വാല്‍ സമൂഹത്തിന് അടുപ്പമുള്ളത് ഗുജ്ജാറുകളുമായാണ്. രണ്ടു ഗോത്രങ്ങളും ചേര്‍ന്നാല്‍ ജമ്മുവിലെയും കശ്മീരിലെയും പട്ടികവര്‍ഗ ജനസംഖ്യയുടെ എണ്‍പതുശതമാനമായി. സംസ്ഥാനസര്‍ക്കാര്‍ ബക്കര്‍വാല്‍ ഗോത്രത്തെ പട്ടികവര്‍ഗമായി തരംതിരിച്ചത് 1991-ലാണ്. അതിനുശേഷം ഭാരതസര്‍ക്കാര്‍ 2001-ല്‍ ബക്കര്‍വാലകളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുന്നവരെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗുജ്ജാറുകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ നിയമനത്തിലും ഉദ്യോഗക്കയറ്റത്തിലും പത്തുശതമാനം സംവരണമുണ്ട് ബക്കര്‍വാലകള്‍ക്ക്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം ഏഴു ശതമാനമാണ്. ഏറക്കുറെ സമാനമായ പരിതോവസ്ഥകള്‍ പങ്കിടുന്ന ബക്കര്‍വാലകളും ഗുജ്ജാറുകളും (മതവിശ്വാസത്തില്‍ സുന്നി മുസ്ലിങ്ങള്‍) പരസ്പരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. വിവാഹത്തിലൂടെയുള്ള ഓരോ പുതുപിറവിയും അവര്‍ ആമോദത്തോടെ കൊണ്ടാടും. പക്ഷേ, ആടുകളോടൊപ്പം അലയാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ഏതു പാഠശാലയിലിരുന്നാണ് വിദ്യാഭ്യാസയോഗ്യത നേടുക? പ്രകൃതിയല്ലാതെ അവര്‍ക്ക് എന്തു പാഠപുസ്തകം? ജീവിതയാതനകളല്ലാതെ വേറെയേതു പരീക്ഷ?

kasmeer
ഫോട്ടോ: ഗെറ്റി ഇമേജസ്  

അവരുടെ ജീവിതത്തിലേക്ക് കാറ്റും പിശറുമുള്ള മറ്റൊരു രാത്രികൂടി വന്നെത്തുന്നു. പീര്‍പഞ്ചാല്‍ ശൃംഗങ്ങളില്‍ ഇരുള്‍ പരക്കുകയാണ്. പാതയോരത്ത് പരസ്പരം തൊട്ടുരുമ്മി വിശ്രമിക്കുന്ന ആട്ടിന്‍പറ്റത്തിനരികെ കനു വാഹനം നിര്‍ത്തി. ഒരു നായ പാറാവുകാരന്റെ ഉത്തരവാദിത്വത്തോടെ ഉറക്കെ കുരച്ചു. ഉടനെ ഒരു വൃദ്ധസ്വരമുയര്‍ന്നു. ''ബോത്തിയാ'', ബക്കര്‍വാല്‍ സമൂഹം അതിന്റെ ഭാഗമായ നായ്ക്കളെ വിളിക്കുന്നതങ്ങനെയാണ് -കനു പറഞ്ഞുതന്നു. ബോത്തിയ അനുസരണയോടെ വൃദ്ധന്റെ സമീപത്തേക്കു നീങ്ങി. തെല്ലപ്പുറത്തായി തുറസ്സിലൊരിടത്ത് കല്ലുകള്‍ പാകിയുണ്ടാക്കിയ അടുപ്പിനരികെ പാചകത്തിലേര്‍പ്പെട്ട കുടുംബിനി. ദാല്‍ മഖനിയോ, സര്‍സോം കാ സാഗയോ, രാജ്മാ ചാവലോ, സബ്ജിയോ തയ്യാറാകുന്നതും കാത്ത് രണ്ടു കുട്ടികള്‍ ക്ഷമയോടെ ഇരിക്കുന്നു. ബക്കര്‍വാല്‍ സമൂഹത്തിന് പൊതുവേ പഥ്യം സസ്യാഹാരമാണ്. ആട്ടിന്‍പാലും കടുകിലകളും പരിപ്പും ഗോതമ്പും നാടന്‍ നെയ്യും അനാര്‍ ധനേയുടെ ചട്ട്ണിയും സവാളയും പച്ചമുളകുമൊക്കെയാണ് കഴിക്കുക. പക്ഷേ, പശുസംരക്ഷകരെന്ന് സ്വയം മുദ്രചാര്‍ത്തിയവര്‍ സമീപകാലത്ത് പലേടങ്ങളിലും ബക്കര്‍വാലകളെ ആക്രമിക്കുകയുണ്ടായി. എന്തൊരു ദുര്‍വിധി!

കനു വാഹനം മുന്നോട്ടെടുക്കാന്‍ തുടങ്ങുമ്പോഴാണ് കാതുകള്‍ക്ക് ഇമ്പം പകരുന്ന ഒരു സ്വരവിശേഷം. വൃദ്ധന്‍ പാടുകയായി. ബെന്തെ. അതാണ് ബക്കര്‍വാല്‍ ഗോത്രത്തിന്റെ ഗാനം. മുത്തച്ഛന്റെ അടുത്തേക്ക് ഓടി ഇരുവശത്തുമായി ചേര്‍ന്നുനിന്ന് കുട്ടികള്‍ ഗാനത്തില്‍ പങ്കാളികളായി. പാചകം ചെയ്യുന്ന സ്ത്രീയും ആടുകളെ എന്നുമെന്നപോലെ എണ്ണിനോക്കി ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പുവരുത്തിയ പുരുഷനും പാടി. പീര്‍ പഞ്ചാലും മഹാവനങ്ങളും ഒഴുകിക്കൊണ്ടേയിരിക്കുന്ന സത്ലജും ബിയാസും രവിയും ചെനാബും ആ സമൂഹഗാനത്തിനായി, ബക്കര്‍വാലകളുടെ ബെന്തെയ്ക്കായി, കാതോര്‍ത്തു. അവര്‍ക്കൊപ്പം യാത്രികനായ ഞാനും.

വരും, തിരിച്ചുവരും

കഠുവയും അതിന്റെ ഗ്രാമങ്ങളിലൊന്നായ രസാനയും വാര്‍ത്തകളില്‍ ഇടംപിടിച്ചത് ആ പ്രദേശങ്ങളില്‍ നിന്ന് ഞാന്‍ മടങ്ങിയതിന് ഏറെ പിന്നീടാണ്. പക്ഷേ, അതിന് ആധാരമായ സംഭവത്തിന് അപ്പോള്‍തന്നെ മാസങ്ങളുടെ പഴക്കമുണ്ടായിരുന്നു. പുറംലോകം അതറിയാന്‍ അല്പം വൈകിയെന്നുമാത്രം.

ജില്ലാ ആസ്ഥാനത്തുനിന്ന് ഇരുപത്തിയാറ് കിലോമീറ്റര്‍ അകലെയാണ് ഹീരാനഗര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന രസാന. ഒരു കുഗ്രാമം. അറുനൂറോളംവരും ജനസംഖ്യ. രജപുത്രരും ബ്രാഹ്മണരുമാണ് ഏറെയും. ഏതാനും ബക്കര്‍വാല്‍ കുടുംബങ്ങളുമുണ്ട്. അവയിലൊന്ന് മുഹമ്മദ് യൂസഫ് പജ്വാലയുടെതായിരുന്നു. ഭൂരിപക്ഷ ഹിന്ദുക്കളും ബക്കര്‍വാലകളും തികഞ്ഞ മൈത്രിപുലര്‍ത്തിയിരുന്നു. നാടോടിയെങ്കിലും മുഹമ്മദ് യൂസഫ് പജ്വാലയ്ക്ക് രസാനയില്‍ ഒരു രണ്ടുമുറി വീടുണ്ട്. അതയാള്‍ അയല്‍ഗ്രാമമായ കൂത്തയിലെ ഒരു രജപുത്രകുടുംബത്തില്‍ നിന്ന് വാങ്ങിയസ്ഥലത്ത് പണിതതാണ്. വേനല്‍ കനക്കുമ്പോള്‍ വീടും പൂട്ടി ഭാര്യയും മക്കളും അരുമമൃഗങ്ങളുമായി കശ്മീര്‍ താഴ്വരിലേക്കു പോവുകയാണ് പതിവ്. ജമ്മുവില്‍നിന്ന് തലസ്ഥാനം ശ്രീനഗറിലേക്ക് മാറ്റുന്ന നേരത്ത് യൂസഫ് ബക്കര്‍വാലും താവളം മാറ്റുന്നു. കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങുമ്പോള്‍ മടങ്ങിവരും.

ജനുവരി പത്തിന് കാണാതായ എട്ടു വയസ്സുകാരി യൂസഫ് ബക്കര്‍വാലിന്റെ വളര്‍ത്തുമകളായിരുന്നു. പത്തുവര്‍ഷംമുന്‍പ് ഒരു റോഡപകടത്തില്‍ അയാള്‍ക്ക് രണ്ടു പെണ്‍മക്കളെയും സ്വമാതാവിനെയും നഷ്ടമായി. സഹോദരനായ അഖ്ത്തറിന്റെ മകളെ ദത്തെടുത്തത് ഭാര്യ അങ്ങനെ ആഗ്രഹിച്ചതുനിമിത്തമാണ്. അവള്‍ കുടുംബത്തില്‍ ഏവരുടെയും ഓമനയായിരുന്നു. കുതിരകളെ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വനാതിര്‍ത്തിയിലെ പുല്‍പ്പരപ്പുകളില്‍ അവയെ മേയ്ക്കാന്‍ കൊണ്ടുപോവുക അവളാണ്. 

kasmeer
ഫോട്ടോ: ഗെറ്റി ഇമേജസ്  

 

ജനുവരി പത്തിന്റെ പകലറുതിയില്‍ മകള്‍ കുതിരകളുമായി തിരിച്ചുവരാതിരുന്നപ്പോള്‍ യൂസഫ് പലേടത്തും അന്വേഷിച്ചുനടന്നു. പതിനേഴാം തീയതി വനത്തിനുള്ളില്‍ ജഡം കണ്ടുകിട്ടി. ആഴ്ചകള്‍ക്കുശേഷം പോലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം അവള്‍ ദിവസങ്ങളോളം കൂട്ടബലാത്കാരത്തിനിരയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിയേറ്റാണ് അന്ത്യം. ഒരു റിട്ടയേര്‍ഡ് റവന്യു ഉദ്യോഗസ്ഥനായ സഞ്ജി റാമും അയാളുടെ മകന്‍ വിശാല്‍ ജംഗോത്രയും ഒരു കൗമാരക്കാരനുമുള്‍പ്പെടെ എട്ടുപ്രതികള്‍. ആരെയും നടുക്കാന്‍പോന്ന കൊടുംക്രൂരത അരങ്ങേറിയത് സഞ്ജി റാമിന്റെ നിയന്ത്രണത്തിലുള്ള ദേവീസ്ഥാനിലായിരുന്നു. നൊന്തുപിടഞ്ഞ് ജീവന്‍വെടിഞ്ഞ പെണ്‍കുട്ടിയുടെ ജഡത്തോടുപോലും അവര്‍ ക്രൂരതകാട്ടി. മുന്‍പ് ജഡങ്ങള്‍ മറവുചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലത്ത് അവള്‍ക്കായി കുഴിയെടുക്കുമ്പോള്‍ അത് തടസ്സപ്പെട്ടു. ആ സ്ഥലം ബക്കര്‍വാലകളുടേതല്ലെന്നായിരുന്നു വാദം. 

യൂസഫും ബന്ധുക്കളും ജഡവുമായി എട്ടുകിലോമീറ്റര്‍ അകലേക്കു നടന്നു. ചാര്‍ച്ചയില്‍പ്പെട്ട ഒരാള്‍ കബറിടത്തിനുള്ള ഇത്തിരി മണ്ണുനല്‍കി. അതിനുള്ളില്‍ പുറത്തുള്ള ആരവങ്ങളൊന്നുമറിയാതെ ബാലിക ഉറങ്ങുന്നു. മുഹമ്മദ് യൂസഫ് പജ്വാല ഇപ്പോള്‍ രസാനയിലില്ല. വീട് അടഞ്ഞുകിടക്കുന്നു. കഠുവയിലെ മറ്റു ബക്കര്‍വാലകള്‍ പതിവു ദേശാടനം ആരംഭിക്കുന്നതിനു മുന്‍പേയാണ് യൂസഫ് പുറപ്പെട്ടത്. ആരുടെയും കണ്ണില്‍പ്പെടാതിരിക്കാന്‍ ഒരു രാത്രിയില്‍ ഭാര്യയും രണ്ടു മക്കളും ഇരുപത് കുതിരകളും ഇരുനൂറ് ആടുകളും ഏതാനും കാവല്‍നായ്ക്കളുമായി അയാള്‍ യാത്രയായി.

മരണത്തിന്റെ നിശ്ശബ്ദത ഒരാവരണംപോലെ പൊതിഞ്ഞ വീടിന്റെ താഴിനുമീതെ അയാള്‍ തൂക്കിയിട്ട തിളങ്ങുന്ന ലോഹക്കഷ്ണം രസാനയ്ക്ക്, കഠുവയ്ക്ക്, ലോകത്തിനാകെ, ഒരു സൂചന നല്‍കുന്നുണ്ട്: വരും, തിരിച്ചുവരും.

സി.വി. ബാലകൃഷ്ണന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights : bakarwal community in kathuva, jammu and kashmir, c v balakrishnan