സുഗതകുമാരിയെന്ന ഉണ്മനക്ഷത്രം പൊലിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍ കവയിത്രിയുടെ ജീവിതം അടയാളപ്പെടുത്തുന്നു.

തിരുവാറന്മുളയപ്പന്റെ തിരുസന്നിധാനത്തിന്റെ കിഴക്കേനടയിലുള്ള വാഴുവേല്‍ തറവാടിനോട് ചേര്‍ന്നു കിടക്കുന്ന സര്‍പ്പക്കാവില്‍, അന്നു നിറയെ കൂറ്റന്‍ മരങ്ങളുണ്ടായിരുന്നു. ഊഞ്ഞാല്‍വള്ളി കെട്ടുപിണഞ്ഞു കിടക്കുന്ന മരങ്ങള്‍ക്ക് താഴെ പാലപ്പൂക്കളും ഇലഞ്ഞിപ്പൂക്കളും പാടേ ചിതറിക്കിടക്കുന്നുണ്ടാകും. ആ പൂക്കള്‍ കോര്‍ത്തുണ്ടാക്കിയ മാലയും ഈര്‍ക്കിലില്‍ ഇലഞ്ഞിപ്പൂക്കള്‍ കോര്‍ത്തു വളച്ചുണ്ടാക്കിയ വളകളുമണിഞ്ഞുകൊണ്ട്, ശകുന്തള ചമഞ്ഞ് തോഴിവേഷം കെട്ടുന്ന കൂട്ടുകാരികളുടെ അകമ്പടിയോടെ അലഞ്ഞു നടക്കാന്‍ ഒരുപാടിഷ്ടമായിരുന്നു, ആ പെണ്‍കുട്ടിക്ക്...

 അക്ഷരം കൂട്ടിച്ചൊല്ലാന്‍ തുടങ്ങിയിട്ടില്ലാത്ത പ്രായത്തില്‍ തന്നെ, അമ്മയും അമ്മച്ചിയമ്മയും പഠിപ്പിച്ച്, രാമായണവും ഭാരതവും തുള്ളലും കീര്‍ത്തനങ്ങളുമൊക്കെ ആ ബാലിക ഹൃദിസ്ഥമാക്കി. എഴുതാന്‍ പഠിക്കുന്നതിനേറെ മുമ്പ്, എത്ര വേണമെങ്കിലും അക്ഷരശ്ലോകം ചൊല്ലാന്‍ സാധിക്കുമായിരുന്നു, അവള്‍ക്ക്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, വെള്ളിയാഴ്ച സായാഹ്നങ്ങളിലുള്ള സാഹിത്യ ക്ലാസ്സില്‍ രാമായണമോ മഹാഭാരതമോ ഏതു ഭാഗത്തുനിന്നു വേണമെങ്കിലും വായിക്കുന്നത് ഒരു സാധാരണ സംഗതിയായി. വീട്ടില്‍വെച്ച് വായിക്കാന്‍ വേണ്ടി പുസ്തകം തിരഞ്ഞു ചെല്ലുമ്പോള്‍ അമ്മ കയ്യിലെടുത്തു കൊടുക്കുന്നത് മിക്കവാറും മഹാഭാരതവും പാവങ്ങളും മാര്‍ത്താണ്ഡവര്‍മ്മയും രാമരാജാ ബഹദൂറുമൊക്കെയായിരിക്കും. തീരെ കുട്ടിയായിരുന്നപ്പോള്‍ ഒരു ദിവസം ക്ലാസിലിരുന്ന് സ്ലേറ്റില്‍ ഒരു പദ്യമെഴുതി. ടീച്ചര്‍ 'കണ്ടിട്ട് കൊള്ളാം നന്നായിട്ടുണ്ടെ'ന്നു അഭിനന്ദിച്ചപ്പോള്‍ മടിച്ചു മടിച്ചാണെങ്കിലും 'ഞാനെഴുതിയതാണ്' എന്നു പറഞ്ഞു. 'പോ കുട്ടീ, കള്ളം പറയാതെ' എന്നായിരുന്നു അപ്പോള്‍ അവരുടെ പ്രതികരണം. അന്ന് ഭയങ്കരമായി കരഞ്ഞുകൊണ്ടാണ്, മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചിയുടെ കയ്യുംപിടിച്ച് വീട്ടില്‍ ചെന്ന് കയറിയത്.

കവിയും സ്വാതന്ത്ര്യസമര പോരാളിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളേജിലെ സംസ്‌കൃത പ്രൊഫസറായ വി.കെ. കാര്‍ത്ത്യായനി അമ്മയുടെയും സുഗതകുമാരി എന്നു പേരിട്ട രണ്ടാമത്തെ പുത്രിക്ക് പ്രകൃതിയോടും കവിതയോടുമുള്ള  പ്രണയം സിരകളില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നു.

'ജയജയകോമള കേരളധരണീ' എന്നു തുടങ്ങുന്ന കേരളഗാനമെഴുതിയ അച്ഛന്റെ കൈവിരലില്‍ തൂങ്ങി ചേച്ചിയുമൊത്തു വൈകുന്നേരങ്ങളില്‍, തിരുവനന്തപുരം പട്ടണത്തില്‍ നടക്കാനിറങ്ങുന്നത് പതിവായിരുന്നു. തൈക്കാടുള്ള ബ്രിട്ടീഷ് റസിഡന്‍സിയുടെ മുറ്റത്തെ വലിയ കൊടിമരത്തില്‍ പറക്കുന്ന യൂണിയന്‍ ജാക്കിനെയും അതിനു കാവല്‍ നില്‍ക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാരെയും ചൂണ്ടിക്കാണിച്ച് ആ അച്ഛന്‍ പുത്രിമാരോട് പറയും. 'ഈ കൊടി നാളെ ഇവിടെ കാണില്ല. മൂന്നു വര്‍ണ്ണങ്ങളുള്ള നമ്മുടെ കൊടിയായിരിക്കും ഇവിടെ പറക്കുന്നത്. നമ്മുടെ പൊലീസുകാര്‍ അതിനു കാവല്‍ നില്‍ക്കും.'

സ്വാതന്ത്ര്യസമരത്തിന്റെ വലിയ പൊതുയോഗങ്ങളില്‍ പതാക ഉയര്‍ത്തുന്ന നേരത്ത്, 'ഝണ്ടാ ഊഞ്ഛാ രഹേ ഹമാരാ രഹേ ഹമാരാ'  പാട്ടുകള്‍ പാടുന്നത് സുഗതയാണ്. പറവൂര്‍ ടി.കെ. നാരായണ പിള്ളയുടെ മകളും പൊന്നറ ശ്രീധറിന്റെ അനന്തരവളുമാണ് കൂടെ പാടുന്ന കുട്ടികള്‍. നെഹ്‌റുവിനെയും കൃപാലാനിയെയും ജയപ്രകാശ് നാരായണനെയുമൊക്കെ അങ്ങനെ കാണാനാവസരമുണ്ടായി. പട്ടം താണുപിള്ള, പറവൂര്‍ ടി.കെ., പനമ്പിള്ളി, അടുത്ത ബന്ധു കൂടിയായ എം.എന്‍. ഗോവിന്ദന്‍ നായര്‍, ആര്‍. സുഗതന്‍, കെ.സി. ജോര്‍ജ്, തകഴി, ബഷീര്‍, കേശവദേവ്, പി. ഭാസ്‌കരന്‍... ഇവരൊക്കെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു.

സ്വാതന്ത്ര്യ സമരത്തെയും സാഹിത്യത്തെയും കവിതയെയുമൊക്കെകുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ആ വീട്ടില്‍  സദാ മുഴങ്ങിക്കേട്ടു. രാത്രികളില്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ നിരോധിക്കപ്പെട്ട ലഘുലേഖകള്‍ കൊണ്ടുവന്ന് ജനലില്‍ കൂടി ഇട്ടു തരും. അതു കൊണ്ടുപോയി വിതരണം ചെയ്യുന്ന ഉത്തരവാദിത്വം ആ രണ്ടു സഹോദരിമാരുടേതായിരുന്നു. അച്ഛന്‍ കൊച്ചിയില്‍നിന്ന് അച്ചടിച്ചുകൊണ്ടു വരുന്ന ലഘുലേഖകള്‍ സ്‌കൂള്‍ ബാഗില്‍ ഒളിപ്പിച്ചുവെച്ചു കൊണ്ടുപോയി വേണ്ട ആള്‍ക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. ഇതൊക്കെ ചെയ്യാന്‍ വലിയ ഉത്സാഹവും ആവേശവുമായിരുന്നു,ആ പെണ്‍കുട്ടികള്‍ക്ക്.

sugathakumari

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ ടീച്ചര്‍ ഇല്ലാത്ത ക്ലാസ്സില്‍ ബഹളമുണ്ടാക്കാതെ കുട്ടികളെ അടക്കിയിരുത്തേണ്ട ചുമതല ഏല്പിക്കാറുണ്ടായിരുന്നത് എപ്പോഴും സുഗതയെയാണ്. പുരാണേതിഹാസങ്ങളില്‍നിന്നും ചരിത്രത്തില്‍ നിന്നുമൊക്കെയുള്ള കഥകള്‍ അങ്ങനെ  തെളിഞ്ഞ ശബ്ദത്തില്‍ തികഞ്ഞ സ്ഫുടതയോടെ അനുസ്യൂതം പ്രവഹിക്കുമ്പോള്‍, കുട്ടികള്‍ നിര്‍ന്നിമേഷരായി കേട്ടിരിക്കും.

വലിയ ഗൗരവക്കാരിയും വായനക്കാരിയുമൊക്കെയായ ചേച്ചി ഹൃദയകുമാരി പഠനം കഴിഞ്ഞയുടനെ കോളേജ് അദ്ധ്യാപികയായി. അനിയത്തി സുജാതയാകട്ടെ പന്ത്രണ്ട് വയസ്സിന് താഴെയുമാണ്. പുറമെ ബഹളക്കാരിയൊക്കെയായിരുന്നെങ്കിലും സുഗത ഏകാന്തതയില്‍ വല്ലാതെ അഭിരമിക്കാനിഷ്ടപ്പെട്ടു. ഉള്ളിലുറഞ്ഞു കൂടിയ കവിത, ആ നാളുകളില്‍ നിലയ്ക്കാത്ത  പ്രവാഹം പോലെ പുറത്തേക്കൊഴുകുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളേജില്‍ ബി.എ. ഫിലോസഫി ഓണേഴ്‌സിന് പഠിക്കുമ്പോള്‍ കോളേജ് മാഗസിനിലാണ് ആദ്യമായി കവിത പ്രസിദ്ധീകരിക്കുന്നത്. എസ്.കെ. എന്ന പേരില്‍. ആയിടക്കാണ് തിരുവനന്തപുരത്തെ സംസ്‌കൃത കോളേജില്‍ വെച്ച് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം നടക്കുന്നത്. അച്ഛന്റെ അനിയത്തിയുടെ മകന്‍ ശ്രീകുമാറിന്റെ പേരിലയച്ച കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടി. വിധിനിര്‍ണ്ണയ സമിതിയില്‍ അംഗമായിരുന്ന ബോധേശ്വരന്‍ വാസ്തവമറിഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ ചെന്ന് സമ്മാനം ക്യാന്‍സല്‍ ചെയ്യിച്ചു.

സുഗത അന്നൊരുപാട് കരഞ്ഞു. ചേച്ചി ഹൃദയകുമാരി പറഞ്ഞതനുസരിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് ആ കവിത അയച്ചു. ശ്രീകുമാര്‍ എന്ന പേരില്‍ അത് പ്രസിദ്ധീകരിച്ചു വന്നു. പിന്നെയും നാലഞ്ചു കവിതകള്‍കൂടി ആ പേരില്‍ അച്ചടിച്ചു വന്നു. പിന്നീടൊരിക്കല്‍ അബദ്ധവശാല്‍ കള്ളി പൊളിഞ്ഞതോടെ സുഗതകുമാരി എന്ന പേരില്‍ തന്നെ പത്രാധിപരായ എന്‍.വി. കൃഷ്ണ വാര്യര്‍ കവിത പ്രസിദ്ധീകരിച്ചു. എന്‍.വിയുടെയും മഹാകവി ജി. ശങ്കരക്കുറുപ്പിന്റെയും വൈലോപ്പിള്ളിയുടെയും ബാലാമണിയമ്മയുടെയും ഉറൂബിന്റെയുമൊക്കെ വാല്‍സല്യനിര്‍ഭരമായ പ്രോത്സാഹനം ആവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായ നാളുകള്‍.

'ഒരു താരകയെക്കാണുമ്പോളതു 
രാവു മറക്കും, പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും, പാല്‍ച്ചിരിയെകണ്ടതു
മൃതിയെ മറന്നു സുഖിച്ചേപോകും
പാവം, മാനവഹൃദയം!'

'മുത്തുചിപ്പി', കാളിയമര്‍ദ്ദനം','ഗജേന്ദ്ര മോക്ഷം,'പാവം മാനവഹൃദയം', 'ഇരുള്‍'ച്ചിറകുകള്‍', 'രാത്രിമഴ', 'കൃഷ്ണ, നീയെന്നെയറിയില്ല'.... ഒ.എന്‍.വി. കുറുപ്പിന്റെ വാക്കുകളില്‍, ഊതിക്കാച്ചിയ പൊന്നുപോലെ ഈടും തിളക്കവുമുള്ള,ശുദ്ധമായ സംഗീതം പോലെ ഉഷശോഭയുള്ള, ഒരു വികസ്വര പുഷ്പത്തിന്റെ കന്യാവിശുദ്ധിയുള്ള, ഇലത്തുമ്പില്‍ തുളുമ്പിനില്‍ക്കുന്ന മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്യമുള്ള ശുദ്ധഭാവഗീതത്തിന്റെ ഉത്തമ മാതൃകകളായിട്ടാണ് സുഗത കുമാരി എഴുതിത്തുടങ്ങിയത്.

sugathakumati
ജി. കുമാരപ്പിള്ള, കെ. സുരേന്ദ്രനാഥ് എന്നിവരോടൊപ്പം മദ്യവിരുദ്ധസമരത്തില്‍ സുഗതകുമാരി

'ഒരു പൂവ് വിരിയുന്നു. ഒരു കവിത ജനിക്കുന്നു. ബോധപൂര്‍വമായ ഒരുദ്ദേശ്യവുമില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ, അനശ്വരതയെപ്പറ്റി യാതൊരു വ്യാമോഹവുമില്ലാതെ, പൂമൊട്ടിനു വിരിഞ്ഞേ കഴിയൂ. പക്ഷിക്കു പാടിയേ കഴിയൂ. തൊട്ടാവാടിച്ചെടിക്ക് വാടിയേ കഴിയൂ. തിരമാലയ്ക്ക് ആഹ്ലാദത്തോടെ സ്വയം ഉയര്‍ന്നടിച്ചു ചിതറിയേ കഴിയൂ. അതുപോലെ തന്നെ അത്രമേല്‍ സ്വാഭാവികമായി, ആത്മാര്‍ത്ഥമായി ഞാന്‍ എഴുതുന്നു.'

ഭര്‍ത്താവ് കെ. വേലായുധന്‍ നായരോടും മകള്‍ ലക്ഷ്മീദേവിയോടുമൊപ്പം ദല്‍ഹിയില്‍ താമസിച്ചിരുന്ന സുഗതകുമാരി എഴുപതുകളുടെ തുടക്കത്തില്‍ കേരളത്തില്‍ മടങ്ങിയെത്തി. തിരുവനന്തപുരത്ത് 'തളിര്‍' ബാലമാസികയുടെ പത്രാധിപയും ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാളുമായി. ആ കാലത്താണ് സുഗതകുമാരിയുടെ ജീവിതത്തിലും കവിതയിലും പ്രക്ഷോഭത്തിന്റെയും പ്രക്ഷുബ്ധതയുടെയും നാളുകള്‍ക്ക് തുടക്കം കുറിക്കുന്നത്. സൈലന്റ് വാലിയെ കുറിച്ച് പ്രൊഫ. എം.കെ. പ്രസാദ് എഴുതിയ ഒരു ലേഖനം വായിച്ച് മനസ്സ് തപിച്ച സുഗതകുമാരി, എന്‍.വി. കൃഷ്ണ വാര്യര്‍, ഒ.എന്‍.വി., അയ്യപ്പപ്പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, കടമ്മനിട്ട തുടങ്ങിയ കവികളും ശര്‍മ്മാജി,കെ.വി. സുരേന്ദ്രനാഥ്, പി. ഗോവിന്ദപിള്ള തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരുമെല്ലാമായി ചേര്‍ന്നു കൊണ്ട് പ്രകൃതി സംരക്ഷണ സമിതിക്കു രൂപം കൊടുത്തു. കേരളത്തിലെ എല്ലാ എഴുത്തുകാര്‍ക്കും അവര്‍ ഇങ്ങനെ എഴുതി: 'തോല്‍ക്കുന്ന യുദ്ധത്തിനും പടയാളികള്‍ വേണമല്ലോ. ഞങ്ങളോടൊപ്പം ചേരുക.'

'തോല്‍ക്കുന്ന യുദ്ധത്തില്‍ എന്നെക്കൂടി ചേര്‍ക്കൂ' എന്ന ആദ്യമറുപടി വൈക്കം മുഹമ്മദ് ബഷീറിന്റേതായിരുന്നു.' 'മരക്കവികള്‍',' വികസന വിരോധികള്‍' എന്ന വിമര്‍ശനവും  പരിഹാസവുമൊക്കെയുണ്ടായെങ്കിലും, ആ യുദ്ധം ഒടുവില്‍ അവര്‍  ജയിച്ചു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇടപെട്ട്  സൈലന്റ് വാലിയെ നിത്യഹരിതവനമായി പ്രഖ്യാപിച്ചു. 

സുഗതകുമാരിയെ സംബന്ധിച്ചിടത്തോളം ആ വിജയം വലിയൊരു യുദ്ധത്തിന്റെ തുടക്കമായിരുന്നു. പൂയംകുട്ടി, മൂച്ചിക്കുണ്ട്, ആറന്മുള.... പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കാനുള്ള ഏതൊരു ശ്രമങ്ങള്‍ക്കും മുഖ്യ വിലങ്ങുതടിയായി അവര്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു.

'നാട്ടുരാശാക്കളേ, ആദിവാസിക്ക് പൈക്കുന്നു' എന്നു പറഞ്ഞുകൊണ്ട്, അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടി രംഗത്തിറങ്ങി. മൊട്ടക്കുന്നായി കിടന്നിരുന്ന അട്ടപ്പാടിയില്‍ ആയിരക്കണക്കിന് മരത്തൈകള്‍ നട്ടുകൊണ്ട് എന്‍.വി. കൃഷ്ണ വാര്യരുടെ ഓര്‍മ്മയ്ക്ക് കൃഷ്ണവനം സ്ഥാപിച്ചു. വനം വകുപ്പിന്റെ മരംവെട്ടിനെതിരെ നിരന്തരം പ്രക്ഷോഭം നടത്തി. സൈലന്റ് വാലിയുടെ രക്ഷയ്ക്കും പ്രകൃതിയുടെ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ട സുഗതകുമാരിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ 'വൃക്ഷമിത്ര' പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

ഒരു ദിവസം തിരുവനന്തപുരത്തെ മാനസിക രോഗാസ്പത്രി സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് സുഗതകുമാരി അവിടുത്തെ അതിദയനീയമായ അവസ്ഥ നേരിട്ടു കാണുന്നത്. ദുര്‍ഗന്ധവും പട്ടിണിയും നഗ്‌നതയും സ്ത്രീപീഡനവുമൊക്കെ സാധാരണാനുഭവമായിരുന്ന, അന്നത്തെ കേരളത്തിലെ മനോരോഗാസ്പത്രികള്‍ കണ്ട് ഹൃദയം തകര്‍ന്ന സുഗതകുമാരി അശരണരും നിരാശ്രയരുമായ മനുഷ്യജീവികള്‍ക്ക് വേണ്ടി ആരംഭിച്ചതാണ് 'അഭയ'.

അതോടൊപ്പം മാനസിക രോഗാസ്പത്രികളിലെ ഭീകരവും ഭയാനകവുമായ സ്ഥിതിവിശേഷത്തിന് പരിഹാരം കാണാനായി മുന്നിട്ടിറങ്ങി വിജയിക്കുകയും  ചെയ്തു. മദ്യാസക്തരായ പുരുഷന്മാര്‍ മൂലം തകരുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ ക്കും കുഞ്ഞുങ്ങള്‍ക്കും തീരെ ചെറുപ്രായം മുതല്‍ക്ക് പീഡനത്തിനും ബലാല്‍സംഗത്തിനും ഇരയായിത്തീരുന്ന പെണ്‍കുട്ടികള്‍ക്കുമെല്ലാം 'അഭയ'യും 'അത്താണി'യും ആശ്രയകേന്ദ്രങ്ങളായി. കേരളത്തില്‍ രൂപം കൊണ്ട ആദ്യത്തെ വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായി സുഗതകുമാരിയുടേതല്ലാതെ മറ്റൊരു പേരും സര്‍ക്കാരിന് നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല.

sugathakumari, dayabhai
സുഗതകുമാരിയും ദയാഭായിയും

പത്മശ്രീ, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, എഴുത്തച്ഛന്‍ പുരസ്‌ക്കാരം... ബഹുമുഖങ്ങളുള്ള, വിശ്രമരഹിതമായ ആ കര്‍മ്മകാണ്ഡത്തിന്റെ പേരില്‍, ഒട്ടേറെ അംഗീകാരങ്ങള്‍ സുഗതകുമാരിയെ തേടി വന്നു. അതിലുമേറെ അധിക്ഷേപങ്ങളേയും പരിഹാസങ്ങളേയും അവര്‍ അഭിമുഖീകരിച്ചു.

'അമ്പലമണി, 'രാധയെവിടെ', 'ദേവദാസി', 'മണലെഴുത്ത്,' 'തുലാവര്‍ഷപ്പച്ച'... വ്യത്യസ്ത മായ രൂപഭാവങ്ങളും ഭാവുകത്വപരിണാമങ്ങളുമാര്‍ജ്ജിച്ചുകൊണ്ട് ആ കാവ്യലോകം പുതിയ ചക്രവാളങ്ങള്‍ തേടി. ''ഇനിയീ മനസ്സില്‍ കവിതയില്ല....' എന്നൊരിക്കല്‍ മനം നൊന്തു പാടിയ കവി, ചുറ്റുപാടും നടമാടുന്ന ദൈന്യതയും ക്രൂരതയും നിസ്സഹായതയും കണ്ട് വീണ്ടും പാടി.

'ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളൊരിക്കാട്ടുപക്ഷി!'

ഒരു പാട് സാര്‍ത്ഥകമായ ഒരു വലിയ ജീവിതം ജീവിച്ചു തീര്‍ത്ത ശേഷം സുഗതകുമാരി വിടപറഞ്ഞു പോയിട്ട് ഈ ഡിസംബര്‍ 23-ന് ഒരു വര്‍ഷം തികയുകയാണ്. ഭൂമിയുടെയും സ്ത്രീയുടെയും രക്ഷ, ഭാവിയിലെ പെണ്‍കുഞ്ഞുങ്ങളില്‍ ദര്‍ശിച്ച ആ വലിയ കവിയുടെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് ആ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ നമുക്ക് തലകുനിക്കാം.

'അക്കൈത്തണലിലായ് ദീപ്ത
ശുദ്ധിയായിവള്‍ നീര്‍ന്നിടും
അഗ്‌നി പൊള്ളില്ല, കാടേറി
ല്ലിവളീ ഭൂമി തന്‍ മകള്‍

വേല ചെയ്തു പുലര്‍ന്നോളായ്
പുലര്‍ത്തുന്നവളായ്, സ്വയം
ജീവിതം പൊന്‍കൊടിക്കൂറ
പോലുയര്‍ത്തിപ്പിടിച്ചിടും!

തല താഴില്ല, താഴ്ത്തില്ല,
ഇവള്‍ തന്‍ കാലില്‍ നില്‍പ്പവള്‍
ഇവള്‍ തന്‍ പുഞ്ചിരിക്കൊള്ളും 
മുഖമാണമ്മതന്‍ മുഖം!

ഇവള്‍ക്കു മക്കളായ് ശക്തി
നാളങ്ങള്‍ പിറകേ വരും
ഇവള്‍ തന്‍ ചുമലില്‍ ചാഞ്ഞീ
ഭൂമിയൊന്നാശ്വസിച്ചിടും.'

Content Highlights :Baiju Chandran pays homage to  poet Sugathakumari