The more bare a life is, the more we fear changeþ Graham Green
ബ്രിങ്ടൺ റോക്ക്, ദ പവർ ആൻഡ് ദ ഗ്ളോറി, ദ ഹാർട്ട് ഓഫ് ദ മാറ്റർ, ദി എൻഡ് ഓഫ് ദ അഫയർ... ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംദശകത്തോടെ ലോകം ആ പേര് ഉറക്കെയുച്ചരിച്ചു. ഗ്രഹാം ഗ്രീൻ! ത്രസിപ്പിക്കുന്ന വായനയെ പിന്നീട് ലോകം ചേർത്തുപിടിച്ചത് ആ പേരിനൊപ്പമാണ്. ഗ്രഹാംഗ്രീനിന്റെ എഴുത്തിന് വിശ്രമമില്ലാതായപ്പോൾ വായനാലോകം ''വിശ്വസ്ഥനായ ഏജന്റി''നെയും ''ശാന്തനായ അമേരിക്കക്കാരനെ''യും ''ഹവാനയിലെ ഞങ്ങളുടെ പുരുഷനെ''യും നിലത്തുവെക്കാതെ വായിച്ചുതീർത്തു. അവിടെയും തീരുന്നില്ല ഗ്രീനിന്റെ എഴുത്ത് ''മൂന്നാമതൊരാൾ'' എന്ന തിരക്കഥയിലൂടെ ഹോളിവുഡിലും സാന്നിധ്യമറിയിച്ചു. അതെ എഴുത്തെന്നാൽ ഗ്രഹാം ഗ്രീനായി മാറി. വായനയെന്നാൽ അദ്ദേഹത്തിന്റെ കൃതികളെന്നായി. നിരവധി ലോകഭാഷകളിലേക്ക് വിവർത്തനങ്ങൾ, നിരൂപണങ്ങൾ, സിദ്ധാന്തങ്ങൾ ഗ്രീൻ അക്ഷരാർഥത്തിൽ എഴുത്തിന്റെ മാസ്കരികതയിൽ അഭിരമിക്കുകയായിരുന്നു. ഗ്രീൻ വിടവാങ്ങിയിട്ട് ഇന്നേയ്‍ക്ക് ഇരുപത്തൊമ്പതു വർഷങ്ങൾ കടന്നുപോയെങ്കിലും ലോകസാഹിത്യത്തിൽ ഗ്രീൻ പടുത്തുയർത്തിയ ഖ്യാതി ഒളിമങ്ങിയിട്ടില്ല.
തന്റെ പിതാവ് ഹെഡ്മാസ്റ്ററായിരിക്കുന്ന സ്കൂളിൽ തന്നെ പഠിക്കാൻ നിയോഗിക്കപ്പെട്ട ഹെൻറി ഗ്രഹാം ഗ്രീൻ നിരാശമൂലം നിരവധി തവണ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നത് പതിവായിരുന്നു. സ്കൂൾ കാലത്തിന് ശേഷം ഓക്സ്‌ഫഡിനു കീഴിലുള്ള ബലിയോൾ കോളേജിൽ ചരിത്രപഠനത്തിന് ചേർന്നു. സർഗാത്മകതയുടെ ആദ്യപരിശ്രമമെന്ന നിലയിൽ ആദ്യം പ്രസിദ്ധീകരിച്ചത് കവിതാസമാഹാരമാണ്. ബാബ്ളിംഗ് ഏപ്രിൽ. ബിരുദത്തിനുശേഷം കുറച്ചുകാലം ട്യൂട്ടറായി ജോലിനോക്കിയെങ്കിലും താമസിയാതെ പത്രപ്രവർത്തനത്തിലേക്ക് ശ്രദ്ധതിരിച്ച ഗ്രീൻ പിന്നെ ദ ടൈംസിന്റെ സഹപത്രാധിപരായി. ''ദ മാൻ വിതിൻ'' എന്ന ആദ്യനോവൽ വായനക്കാർക്കിടയിൽ മികച്ച പ്രതികരണം സൃഷ്ടിച്ചതോടെ തന്റെ മേഖല എഴുത്താണെന്ന് ഗ്രീൻ മനസ്സിലാക്കി. എഴുത്തിന്റെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് പോകില്ല എന്നു മനസ്സിലാക്കിയ ഗ്രീൻ പുസ്തകങ്ങളും സിനിമകളും നിരൂപണം ചെയ്യാൻ തുടങ്ങി. അത് പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുത്ത് കിട്ടുന്ന വരുമാനവും ഗ്രീനിനെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരുന്നു. വീ വില്ലീ വിൻകീ എന്ന സിനിമയിലെ ഒമ്പതുവയസ്സുള്ള കഥാപാത്രത്തിന്റെ ലൈംഗികതയെപ്പറ്റി പരാമർശിച്ച ഗ്രീനിനെതിരെ കേസെടുക്കുകയും വിചാരണ കഴിയുന്നതുവരെ മെക്സിക്കോയിലേക്ക് താമസം മാറാനും ഗ്രീൻ തീരുമാനിച്ചു. മെക്സിക്കോയിൽ വച്ചാണ് ഗ്രീനിന്റെ അതിപ്രശസ്തമായ നോവലായ ''ദ പവർ ആൻഡ് ദ ഗ്ളോറി'' രൂപപ്പെടുന്നത്. ത്രില്ലറായും, രസകരമായ നോവലായും ആളുകൾ ''ദ പവർ ആൻഡ്ദ ഗ്ളോറി''യെ പ്രകീർത്തിച്ചു.
എഴുത്തിലും വ്യക്തിജീവിതത്തിലും വിഷാദരോഗത്തിന്റെ അലട്ടലുകൾ കൊണ്ടുനടന്നിരുന്നു ഗ്രഹാം ഗ്രീൻ. ''ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്റെ ബോധത്തിന്റെയും ഉത്‌കണ്ഠയുടെയും ആത്യന്തിക ചരിത്രകാരൻ'' എന്ന് ഗ്രീനിനെ വിശേഷിപ്പിച്ചത് മറ്റാരുമല്ല, വില്യം ഗോൾഡിംഗാണ്. കാത്തോലിക് വിശ്വാസങ്ങളോട് മമതപുലർത്തിയിരുന്ന ഗ്രീൻ തന്റെ കാമുകിയായിരുന്ന വിവിയനെ വിവാഹം കഴിക്കാനായി കത്തോലിക്കനായി മാമോദീസയും ചെയ്തു. വിവാഹശേഷവും നിരവധി സ്ത്രീകളുമായി ഗ്രീൻ ബന്ധം പുലർത്തിയത് വിവിയനും രണ്ടുമക്കളുമുൾപ്പെടുന്ന കുടുംബത്തിൽ ഉലച്ചിൽ നേരിട്ടു. വൈവാഹിക ജീവിതം ഗ്രീൻ അർഹിക്കുന്നില്ല എന്ന് വിവിയൻ പ്രസ്താവിച്ചപ്പോൾ ഗ്രീൻ പറഞ്ഞത് പുസ്തകങ്ങളാണ് തന്റെ മക്കളെന്നാണ്. കടുത്ത ബൈപോളാർ ഡിസോർഡർ അനുഭവിക്കേണ്ടി വന്ന ആ മഹാനായ എഴുത്തുകാരന്റെ മാനസികാവസ്ഥ ഉൾക്കൊള്ളാൻ കുടുംബം തയ്യാറുമായിരുന്നില്ല.
സ്വിറ്റ്സർലാൻഡിലെ ജനീവയ്‍ക്കടുത്ത് വെവീ എന്ന സ്ഥലത്താണ് ഗ്രീൻ തന്റെ അവസാനനാളുകൾ ചെലവിട്ടത്. ആ സമയത്ത് അവിടെ താമസിച്ചിരുന്ന ചാർളി ചാപ്ളിനുമായി അടുത്ത ബന്ധം പുലർത്തുകയും ഗ്രീൻ മിക്കദിവസങ്ങളിലും ചാപ്ളിനെ സന്ദർശിക്കുകയും ചെയ്തു. ''ഡോക്ടർ ഫിഷർ ഇൻ ജനീവ ഓർ ദ ബോംബെപാർട്ടി'' എന്ന കൃതിയിൽ ആ സൗഹൃദത്തിന്റെ സാന്നിധ്യം പ്രകടമാവുന്നുണ്ട്. 1986 ൽ ബ്രിട്ടൻ സാഹിത്യത്തിനുള്ള സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ഓഡർ ഓഫ് മെറിറ്റ് നല്കി അദ്ദേഹത്തെ ആദരിച്ചു. 1991 ഏപ്രിൽ മൂന്നിന് ആ പ്രതിഭ ലോകത്തോട് വിടപറയുമ്പോൾ ലുക്കീമിയബാധിതനായിരുന്നു.
Content Highlights: Author Graham Green twentynineth Death Anniversary