സ്‌ട്രേലിയയിലെ പ്രസിദ്ധമായ നോവലിസ്റ്റുകളില്‍ ഒരാളാണ് കോറി ടെയ്ലര്‍. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ച 'Dying : A Memoir’ കൂടാതെ, Me and Mr Booker (ഇതിന് പസഫിക് മേഖലയിലെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് അവാര്‍ഡ് കിട്ടി), മൈ ബ്യൂട്ടിഫുള്‍ എനിമി (Miles Franklin Award അവസാനപട്ടികയില്‍ ഇടം നേടി) എന്നീ പുസ്തകങ്ങള്‍ കൂടി അവര്‍ രചിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിന്റെ അന്ത്യത്തോടടുത്തപ്പോള്‍, ഒരു ഓര്‍മ്മക്കുറിപ്പ് എന്ന രീതിയില്‍ എഴുതിയ ഈ പുസ്തകത്തില്‍, തുറന്നതും അസാധാരണവുമായ എഴുത്തിലൂടെ കോറി സ്വന്തം ജീവിതം കോറിയിടുന്നു. അമ്പതാം വയസ്സില്‍ തന്നെ തേടിയെത്തിയ കാന്‍സര്‍ എന്ന രോഗാവസ്ഥ കണ്ടുപിടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഈ ഓര്‍മ്മക്കുറിപ്പ് ആരംഭിക്കുന്നതുതന്നെ. ഈ സ്മരണകള്‍ മൂന്നു ഘട്ടങ്ങളായി ഓരോ അധ്യായമെന്നോണം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

ആദ്യ അധ്യായത്തില്‍ ടെയ്ലര്‍ തന്റെ രോഗനിര്‍ണയവും, മെലനോമ ബാധിച്ച തലച്ചോറിലെ അര്‍ബുദത്തെക്കുറിച്ചും എങ്ങനെ ഈ രോഗത്തെ ഉള്‍ക്കൊണ്ടുവെന്നതും ചര്‍ച്ച ചെയ്യുന്നു. മതാചാരങ്ങള്‍, ആദ്ധ്യാത്മികത, സൈക്കോളജി, പരസ്പരബന്ധിതമായ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചും, തൊട്ടടുത്തെത്തിയ മരണത്തെക്കുറിച്ചും, അതിനോടനുബന്ധിച്ചു തനിക്കുണ്ടായ ആകുലതകളെയും, ചിന്തകളെയും കുറിച്ചും ചര്‍ച്ച ചെയ്യുന്നു. രോഗനിര്‍ണയത്തിന് മുമ്പുണ്ടായിരുന്ന ജീവിതവും, എഴുത്തും, യാത്രയും, ഭക്ഷണക്രമങ്ങളും എല്ലാം ഈ ആദ്യ അദ്ധ്യായം പങ്കു വയ്ക്കുന്നു. 

രണ്ടാമത്തെ അധ്യായം അവരുടെ കുടുംബ ജീവിതത്തെയും, അവര്‍ക്ക് ഏറ്റവും അടുപ്പമുള്ളവരെയും പറ്റിയുള്ള ഓര്‍മച്ചിത്രമാണ്. ഫിജിയില്‍ ചെലവഴിച്ച ബാല്യകാലം ഓര്‍മിച്ചെടുക്കുകയാണ് അവസാനത്തെ ഭാഗം. ജീവിതത്തെ റീവൈന്‍ഡ് ചെയ്യുന്ന പോലെ കോറി ഈ പുസ്തകത്തില്‍ പുറകോട്ടാണ് ഓര്‍മകളെ പായിക്കുന്നത്. 

2015 ക്രിസ്മസ് വരെയേ ഡോക്ടര്‍മാര്‍ കോറിക്ക് വിധിച്ചിട്ടുണ്ടായിരുന്നുവെങ്കിലും, പിന്നെയും ഒരാറു മാസം കൂടി ജീവിതം നീട്ടിക്കിട്ടിയെന്നോ, നേടിയെടുത്തുവെന്നോ വിശേഷിപ്പിക്കാം. പത്ത് വര്‍ഷമായി മരണത്തെ സന്തതസഹചാരിയായി, കൊണ്ടുനടക്കുകയായിരുന്നു കോറി. മരിക്കുകയാണെന്ന് അറിഞ്ഞുകൊണ്ട്, സധൈര്യം ജീവിച്ചു; തുടര്‍ന്നും എഴുതിക്കൊണ്ടേയിരുന്നു. തിരക്കഥാകൃത്തായിരുന്ന കോറി, തന്റെ എഴുത്തിന്റെ രീതികള്‍ നോവലിലേക്ക് മാറ്റിയെടുത്തു, ചുരുങ്ങിയ കാലയളവില്‍ മൂന്നു പുസ്തകങ്ങള്‍ രചിച്ചു.

തന്റെ കൗമാരകാലത്തിലെ ഒരേട് അടര്‍ത്തിയെടുത്തെഴുതിയ ആദ്യ പുസ്തകമാണ് 2010 ല്‍ പുറത്തിറങ്ങിയ, ‘Me and Mr Booker’. 2013-ല്‍ പുറത്തിറങ്ങിയ, രണ്ടാമത്തെ പുസ്തകമായ ‘My Beautiful Enemy’, ആര്‍തര്‍ വീലര്‍ എന്ന പട്ടാളക്കാരനും, സ്റ്റാന്‍ലെ എന്ന  ഒരു ജാപ്പനീസ് തടവുകാരനുമിടയില്‍ ഉടലെടുക്കുന്ന സ്‌നേഹ ബന്ധത്തെക്കുറിച്ചും, അതിനിടയാക്കിയ  സാഹചര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. 

മരണമടയുന്നതിനുമുന്‍പ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് കോറി ‘dying: a memoir’ എഴുതിത്തീര്‍ത്തത്. ശരീരത്തെയും ജീവിതത്തേയും രോഗം പിടിമുറുക്കി എന്നറിഞ്ഞ്, അവശതയുടെ വക്കില്‍ നിന്നാണ് ഇതിന്റെ അവസാന ഭാഗങ്ങള്‍ അവര്‍ മുഴുമിപ്പിച്ചത്. ജീവിതവും, മരണവും തന്നെ എന്താണ് പഠിപ്പിച്ചത് എന്നത് അവര്‍ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു. 

തനിക്കാകെ നഷ്ടമാവുക മുപ്പത്തൊന്നു വര്‍ഷം തന്റെ കൂടെ ജീവിച്ച ഭര്‍ത്താവ് ഷിന്‍, മക്കളായ നാറ്റ്,ഡാന്‍ എന്നിവരെ മാത്രമെന്ന്  പറയുന്നതിനോടൊപ്പം, ലോകവും അതിലുള്ള സകലതും-കാറ്റ്, സൂര്യന്‍, മഴ, മഞ്ഞ് തുടങ്ങിയ എല്ലാം-ആ നഷ്ടങ്ങളില്‍ പെടും എന്നുകൂടി എഴുതുന്നു. ജീവിക്കുക എന്ന ആഗ്രഹത്തെക്കുറിച്ചും, മരണത്തിനോടുള്ള വികാരത്തെക്കുറിച്ചും, രോഗത്തോടുള്ള ചുറ്റുമുള്ളവരുടെ പ്രതികരണങ്ങളെക്കുറിച്ചുമെല്ലാമുള്ള വിളിച്ചുപറയലാണ്. സ്വന്തം മരണത്തെ കാത്തിരിക്കുന്ന ഒരുവളുടെ മനസ്സ് ഏതൊക്കെ തലങ്ങളിലാണ് വിഹരിക്കുക എന്നും, മരണത്തെ എങ്ങനെ സ്വീകരിക്കാന്‍ തയ്യാറെടുക്കണമെന്നും അവര്‍ ഇടയ്ക്കിടെ ഓര്‍മ്മിക്കുന്നു.

കോറിയുടെ അപാര മനഃശക്തിയും, ധൈര്യവും, എളിമയും, അതോടൊപ്പം അനിവാര്യമായ കീഴടങ്ങലും നിറയുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും. മരണമെന്ന ശക്തനായ പോരാളിയുടെ മുന്നില്‍ ധീരമായി പൊരുതിക്കൊണ്ട്, വിരസമായ ജീവിതത്തില്‍ ഒരു ഉള്‍ക്കണ്ണു തുറക്കാനുള്ള ശ്രമമെന്നാണ് ഈ രോഗത്തെ വിവരിക്കുന്നത്. ആത്മഹത്യയോട് ശക്തമായ എതിര്‍പ്പാണ് കോറിക്ക്. അതേസമയം ദയാവധത്തെ പിന്തുണയ്ക്കുന്നു. 

മരണമെന്നത് ഒരു വലിയ നിശ്ശബ്ദതയാണെന്നു ഓര്‍മപ്പെടുത്തിക്കൊണ്ടാണ്, കോറി ആ നിശ്ശബ്ദതയെ, മറ്റു പോംവഴികളില്ലാതെ, ആലിംഗനം ചെയ്യുന്നത്. 2016 ജൂലായ് 5-ന് ആഗ്രഹിച്ചതുപോലെ തന്നെ ഉറ്റവരുടെയും, കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ കോറി മരണത്തിനു കീഴടങ്ങി