ണ്‍പത്തിനാലു വയസ്സു തികഞ്ഞ ഹൃദയകുമാരിട്ടീച്ചര്‍ കടന്നുപോയത് 2014 നവംബറിലാണ്. ടീച്ചറേക്കാള്‍ മൂന്നു വയസ്സിളപ്പമാണ് സുഗതച്ചേച്ചിയ്ക്ക്. എണ്‍പതു കൊല്ലത്തെ സാഹോദര്യം. എന്നിട്ടും ചേച്ചിയോടു പറയേണ്ടതൊന്നും പറഞ്ഞു തീര്‍ന്നില്ലല്ലോ എന്നായിരുന്നു സങ്കടം. ടീച്ചറെ അനുസ്മരിച്ച് ഞാന്‍ 'ഹൃദ്യം' എന്ന പേരില്‍ ഒരു ലേഖനം എഴുതി പ്രസിദ്ധം ചെയ്തതറിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു- 'ഞാന്‍ അതു വായിച്ചില്ല. വായിക്കുന്നില്ല. എനിക്കു വായിക്ക വയ്യ.' 

എങ്കിലും സങ്കടക്കടലില്‍ മുങ്ങിയാലും തലയ്ക്കു മീതേ കവിതയെ ഉയര്‍ത്തിപ്പിടിച്ച് നെരിയാണി പോലും നനഞ്ഞിട്ടില്ല എന്ന ഭാവത്തില്‍ അക്കരയ്ക്ക് നടന്നു കേറാറുള്ള ആളായിരുന്നു. ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിന്നെതിരെ സമരം കനപ്പിച്ചത് അക്കാലത്താണല്ലോ. ആറന്മുള പാടശേഖരത്തില്‍ വിത്തിറക്കി കൊയ്‌തെടുത്ത നെല്ലുകുത്തി അരിയാക്കി വീട്ടില്‍ കൊണ്ടുചെന്നു കൊടുത്തു അന്നത്തെ കൃഷിമന്ത്രി. കുറേക്കാലം കൂടി ഒന്നു സന്തോഷിച്ചു കണ്ടത് അന്നായിരുന്നു. ആ നെല്‍ക്കതിര്‍ക്കുല ഏറെ നാള്‍ ഉമ്മറത്തുണ്ടായിരുന്നു. ബദ്ധവൈരികളായ രാഷ്ട്രീയ കക്ഷികളെയും സാമുദായിക സംഘടനകളെയും ഏകോപിപ്പിച്ച് ആറന്മുളയില്‍ സുഗതച്ചേച്ചി ഒരുക്കിയ സമരതന്ത്രങ്ങള്‍ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ക്ക് സാധനാപാഠമാകേണ്ടതാണ്. എപ്പോഴും പറയാറുണ്ട്, തോറ്റ യുദ്ധങ്ങളാണേറെ; തോല്‍ക്കുമെന്നുറപ്പുള്ള യുദ്ധങ്ങള്‍ക്കും പടയാളികള്‍ വേണമല്ലോ.

2018-ലാണ് പക്ഷേ, ഈ പടയാളി തളര്‍ന്നു പോയത്. മേയ് മാസത്തില്‍ അനുജത്തി സുജാത(ദേവി)യ്ക്ക് സുഖമില്ലാതായി. ഒരു മാസത്തിനകം മരിച്ചു. പിന്നെ രണ്ടരക്കൊല്ലം സുഗതച്ചേച്ചി ജീവിച്ചുവെന്നേയുള്ളൂ. ഒരിയ്ക്കലും ആ സങ്കടം മാഞ്ഞില്ല. എന്നേക്കാള്‍ പന്ത്രണ്ടു വയസ്സിളപ്പമുള്ള കുഞ്ഞല്ലേ, എന്റെ മടിയില്‍വെച്ചു തന്നതല്ലേ എന്ന് എണ്ണിയെണ്ണിപ്പറഞ്ഞു കരയുക പതിവായി. ഹൃദയകുമാരിട്ടീച്ചറുടെ മരണത്തോട് മൂപ്പുമുറക്കണക്കില്‍ താന്‍ പൊരുത്തപ്പെട്ടതാണ്. അനുജത്തിയുടെ മരണം പക്ഷേ, ദുസ്സഹമായിരുന്നു.

സുജാതട്ടീച്ചറുടെ കവിത സ്വന്തം കവിതയേക്കാള്‍ പ്രിയമായിരുന്നു. 2007-ല്‍ ദില്ലിയിലെ സാഹിത്യ അക്കാദമിക്കു വേണ്ടി ഇംഗ്ലീഷില്‍ സുഗതച്ചേച്ചിയെപ്പറ്റി ഒരു ലേഖനം തയാറാക്കിക്കൊടുത്തപ്പോള്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്; സുജാതയെപ്പറ്റി എഴുതണം, ഞാന്‍ കവിതയെഴുതുന്നുവെന്നേയുള്ളൂ, പല ദര്‍ശനങ്ങളും അവളുടേതാണ്. 'മുറിയ്ക്കുള്ളില്‍ കൊളുത്തിയ നിലവിളക്കുണ്ട് ' എന്നതു ഞാന്‍ കണ്ട സ്വപ്നമല്ല, സുജാത കണ്ടതാണ്. ഞാന്‍ അത് കവിതയിലാക്കിയെന്നേയുള്ളൂ.

2019-ല്‍ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ദീര്‍ഘമായ അഭിമുഖത്തില്‍ സുജാതയുടെ കവിതകള്‍ സമാഹരിക്കുന്ന ജോലി ആത്മാരാമനെ ഏല്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. സുജാതട്ടീച്ചറുടെ ഡയറികളില്‍നിന്ന് കവിതകള്‍ തെരഞ്ഞെടുക്കുന്നതുതന്നെ വിഷമമായിരുന്നു. ഒരേ പേരില്‍ പല കവിതകള്‍, ഒരേ കവിതയുടെ പല പാഠങ്ങള്‍, ആഭ്യന്തരസ്ഥാനവിചാലനങ്ങള്‍, നിര്‍ദേശങ്ങളിലെ അവ്യക്തത, അസംഖ്യം തിരുത്തുകള്‍, ചിഹ്നനത്തിന്റെ അഭാവം ഇത്യാദി കാരണങ്ങളാല്‍. എങ്കിലും അവതാരികയെഴുതാന്‍ എനിക്കു സമ്മതമായിരുന്നില്ല. പതിവുപോലെ സുഗതച്ചേച്ചിയുടെ നിര്‍ബന്ധത്തിന്ന് ഞാന്‍ വഴങ്ങി.

ടീച്ചറുടെ ജീവിതത്തെയും കവിതയെയും പദേ പദേ ബന്ധിപ്പിച്ചേ എഴുതാന്‍ ആകുമായിരുന്നുള്ളൂ. ദുഷ്‌കരമായ പണിയായിരുന്നു. എങ്ങനെയോ അതു തീര്‍ത്തു കൊടുത്തുവെന്നു പറഞ്ഞാല്‍ മതിയല്ലോ. 'നീലത്തിമിംഗിലത്തിന്റെ പാട്ട് ' എന്നു പേരിട്ട അവതാരിക ഞാന്‍ കൊണ്ടുചെന്നു കൊടുത്തു. തിമിരശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിയ്ക്കുന്ന സമയം. അവതാരിക വായിച്ചു കേള്‍ക്കണമെന്നായി അപ്പോള്‍. മുമ്പേ പറഞ്ഞ കൃഷ്ണകവിതയ്ക്കു കാരണമായ സ്വപ്നത്തെ സുജാതട്ടീച്ചര്‍ ആവിഷ്‌കരിച്ചതും 'കൃഷ്ണ, നീയെന്നെയറിയില്ല' എന്ന പ്രസിദ്ധരചനയ്ക്ക് സുജാതട്ടീച്ചര്‍  അനുബന്ധമെഴുതിയതുമെല്ലാം വിവരിച്ചിട്ടുണ്ടതില്‍. വായിച്ചു കേള്‍ക്കുന്നതിന്നിടെത്തന്നെ കരഞ്ഞു തുടങ്ങി. ഇപ്പറയുന്നതെല്ലാം നേരാണോ? അവള്‍ ഒന്നും എന്നോടു പറഞ്ഞില്ലല്ലോ! എന്നെ ഇതൊന്നും കാണിച്ചു തന്നില്ലല്ലോ! എന്റെ കുഞ്ഞ് എത്ര വിഷമിച്ചുകാണും!

'മൃണ്‍മയി' എന്ന പേരിലാണ് പുതിയ പുസ്തകം സംവിധാനം ചെയ്തിറക്കിയത്. പല തവണ എന്നോടു പറഞ്ഞു, ഞാന്‍ അതു തുറന്നു നോക്കിയിട്ടില്ല, എനിയ്ക്കതിന്നു വയ്യ, എങ്കിലും ഞാന്‍ മരിക്കുന്നതിന്നുമുമ്പ് പുസ്തകം അച്ചടിച്ചിറക്കുവാന്‍ കഴിഞ്ഞല്ലോ. ഹൃദയകുമാരിട്ടീച്ചറുടെ 'ഹരിനാമകീര്‍ത്തനം മുതല്‍ കിങ് ലിയര്‍ വരെ 'എന്ന ലേഖനസമാഹാരം പ്രസാധനം ചെയ്തപ്പൊഴത്തേക്കാള്‍ മുന്തിയ ചാരിതാര്‍ത്ഥ്യം.

sujatha devi, sugathakumari, hridayakumari
സുജാത ദേവി, സുഗതകുമാരി, ഹൃദയകുമാരി

മരിക്കുവാന്‍ ഒരുങ്ങിയിരിക്കുന്ന മട്ടിലായിരുന്നു ഒടുവിലെ ആറു മാസം. പുറത്തിറങ്ങുവാന്‍ വയ്യ, അതിഥികളെ സ്വീകരിക്കുവാന്‍ വയ്യ. എന്തിനാണ് ഇങ്ങനെ ജീവിയ്ക്കുന്നതെന്നായി ചോദ്യം. മുമ്പൊരിക്കല്‍ ഹൃദ്രോഗം മൂര്‍ച്ഛിച്ച് ആസ്പത്രിയിലായപ്പോള്‍ പറഞ്ഞു, ദശരഥന്‍ പുത്രദുഃഖത്താല്‍ ഹൃദയം പൊട്ടി മരിച്ചുവെന്ന് കേട്ടിട്ടില്ലേ? അതേ ഹൃദ്രോഗമാണെനിക്ക്‌. വേഗം പോകും. കിടക്കില്ല.

സമാഹരിക്കാത്ത പതിനഞ്ചു കവിതകള്‍ ഒരു പുസ്തകമാക്കാമെന്നു സമ്മതിച്ചതാണ്. അവയെല്ലാം കണ്ടുപിടിയ്ക്കാന്‍തന്നെ ഏറെ പണിപ്പെടേണ്ടിവന്നു. മൂന്നെണ്ണം കൈപ്പടയില്‍. ബാക്കി പന്ത്രണ്ടെണ്ണം കൈപ്പടയില്‍ എഴുതിത്തരണമെന്നു ഞാന്‍ കുറെ ശഠിച്ചു നോക്കി. അപ്പോഴേയ്ക്കും വയ്യാതായിക്കഴിഞ്ഞു. കയ്യിടറുന്നു, മുന്നേപ്പോലെ എഴുതാന്‍ വയ്യ എന്നെല്ലാം പറഞ്ഞൊഴിഞ്ഞു. പുസ്തകത്തിന്നെന്തു പേരിടണമെന്നു ചോദിച്ചപ്പോള്‍ അതു സ്വയം തീരുമാനിച്ചുകൊള്ളൂ എന്നായിരുന്നു മറുപടി.

തൊള്ളായിരത്തിഎണ്‍പത്തിയെട്ട് ജൂണില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രകൃതിസ്‌നേഹികളുടെ ഒരു ലോകസമ്മേളനത്തില്‍ പങ്കെടുത്തതിനെപ്പറ്റി സുഗതച്ചേച്ചി ഒരു ദീര്‍ഘലേഖനം എഴുതിയിട്ടുണ്ട്. ഒരിക്കല്‍ പഴയ ചിത്രങ്ങള്‍ തിരഞ്ഞപ്പോള്‍ സമ്മേളനത്തിന്റെ നേതാവായ അമേരിക്കന്‍ പരിസ്ഥിതിപ്രവര്‍ത്തകന്‍ മാര്‍ക്ക് ഡുബോയുടെ പടവും ഡേവിഡ് ബോളിങ് എന്നു പേരുള്ള ഒരാളുടെ ചെറിയ ഒരു എഴുത്തും കാട്ടിത്തന്നു. ''ഏഴടി പൊക്കവും അതിനൊത്ത തടിയും സ്വര്‍ണത്തലമുടിയും താടിയും അതീവ ശാന്തമായ മിഴികളുമുള്ള ഒരു ഭീമാകാരനാണ് മാര്‍ക്ക്. ശക്തനും സൗമ്യനും പണ്ഡിതനുമായ ഒരു അപൂര്‍വ മനുഷ്യന്‍. നഗ്‌നപാദനായ അമേരിക്കക്കാരന്‍!'' എന്നാണ് സുഗതച്ചേച്ചി മാര്‍ക്കിനെ അനുസ്മരിക്കുന്നത്. കിങ്‌സ് റിവറില്‍ ഫൈബര്‍ ഗ്ലാസ് റാഫ്റ്റില്‍ നടത്തിയ അപകടകരമായ യാത്രയെപ്പറ്റിയും മേല്‍പ്പറഞ്ഞ ലേഖനത്തില്‍ സുഗതച്ചേച്ചി എഴുതിയിട്ടുണ്ട്; റാഫ്റ്റ് തുഴഞ്ഞയാളാണ് ഡേവിഡ് ബോളിങ്.

രണ്ടായിരത്തിപ്പതിനെട്ടില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പോയപ്പോള്‍  ഏറെക്കിണഞ്ഞാണു ഞാന്‍ ഇവരെ രണ്ടുപേരെയും കണ്ടുപിടിച്ചത്. അന്നത്തെ സമ്മേളനത്തിന്റെ എന്തെങ്കിലും ചിത്രങ്ങളോ രേഖകളോ കിട്ടുമോ എന്ന് അന്വേഷിച്ചു. രേഖകളെല്ലാം ഒരു ഡെപ്പോസിറ്ററിയിലേക്കു മാറ്റിയിരുന്നു. സുഗതച്ചേച്ചി സംസാരിച്ചതിന്റെ രേഖകളൊന്നും കിട്ടിയില്ല; ചിത്രങ്ങളൊന്നുമില്ലതാനും. സുഗതച്ചേച്ചിയെ ആദരപൂര്‍വം ഓര്‍ത്തുകൊണ്ട് അവരിരുവരും എഴുതിത്തന്ന കുറിപ്പുകള്‍ ചേര്‍ത്താണ് 'മരമാമരം' എന്ന പേരില്‍ ചരമാനന്തരം ആ പുസ്തകം പുറത്തിറക്കിയത്.

എനിയ്ക്കിനി പിറന്നാളില്ല എന്ന് പലവുരു പറഞ്ഞിരുന്നു. 'ഒറ്റയ്ക്കു വീണു മരിക്കാന്‍ പഠിച്ചു ഞാന്‍ ' എന്ന് നാലു പന്തീരാണ്ടു മുമ്പേ എഴുതിയിരുന്നു. അറം പറ്റി.

ആരെ നിനയ്ക്കുംപൊഴുതെന്‍
ആരുയിര്‍ അമ്മിഞ്ഞയുണ്ടു മതിരുന്നൂ,
ആയിരം അശരണര്‍ ആര്‍ക്കായ്
ആയിരമായുസ്സിരന്നു കേഴുന്നൂ,
ആര്‍ അത്താണിയും അഭയവു-
മായവരുടെ കണ്ണുനീര്‍ തുടയ്ക്കുന്നൂ,
ആഗമരൂപിണി അമ്മ,-
യ്ക്കാദിമജനനിക്കിതെന്റെ ഉപഹാരം!

Content Highlights:Athamaraman pays homage to poet sugathakumari