വെടിയുണ്ട ശരീരത്തില്‍ സ്പര്‍ശിച്ചതുമുതല്‍ മരണമെത്തുന്നതുവരെയുള്ള സമയത്ത് മഹാത്മാഗാന്ധിക്കൊപ്പം ഒരു യാത്ര -അതാണ് ജര്‍മന്‍കാരനായ വാള്‍ട്ടര്‍ എറിഷ് ഷെയ്ഫര്‍ രചിച്ച റേഡിയോ നാടകത്തിന്റെ സവിശേഷത. വെടിയുണ്ടയോടും തോക്കിനോടും അതു പ്രയോഗിച്ചയാളോടും ഒരേപോലെ കരുണയുള്ള മഹാത്മാവിന്റെ അനന്യമായ ദര്‍ശനഗാംഭീര്യം വെളിപ്പെടുത്തുന്നു 'മഹാത്മാഗാന്ധിയുടെ അഞ്ചുനിമിഷങ്ങള്‍' എന്ന ഈ നാടകം. 1955-ലെ രക്തസാക്ഷിദിനത്തിലാണ് ഈ നാടകത്തിന്റെ മലയാളപരിഭാഷ മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഗാന്ധിജിയാരെന്നും അദ്ദേഹത്തിന്റെ ദര്‍ശനമെന്തെന്നും മറന്നുപോകുന്ന നാളുകളില്‍ വീണ്ടുമൊരു രക്തസാക്ഷിദിനമെത്തുമ്പോള്‍ ആ നാടകത്തിലേക്ക് ഒന്നുകൂടി നോക്കുകയാണിവിടെ...

''അപ്പോള്‍ അതാ, അയാള്‍ എണീറ്റു. അയാളുടെ മുഖം വല്ലാതെ വിളറിയിരിക്കുന്നു. അതേവരെ ഉടുപ്പിനടിയില്‍ പൂഴ്ത്തിവെച്ചിരുന്ന തന്റെ വലതുകൈ അയാള്‍ മുന്നോട്ടു വലിച്ചെടുത്ത് മഹാത്മാവിന്റെ നേര്‍ക്ക് ഒരു കൈത്തോക്ക് നീട്ടി.'' 

'മഹാത്മാഗാന്ധിയുടെ അഞ്ചുനിമിഷങ്ങള്‍' എന്ന റേഡിയോ നാടകത്തില്‍നിന്നാണ് ഈ ഭാഗം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1955 ജനുവരി മുപ്പതിന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ നാടകം. ആ കൈത്തോക്കില്‍നിന്നുള്ള വെടിയുണ്ട ഗാന്ധിജിയുടെ നെഞ്ചില്‍ പതിച്ചതുമുതല്‍ അദ്ദേഹം മരണത്തിലേക്കെത്തുന്നതുവരെയുള്ള സമയത്ത് എന്താണു സംഭവിച്ചതെന്നാണ്  നാടകം രേഖപ്പെടുത്തുന്നത്. 

വാള്‍ട്ടര്‍ എറിഷ് ഷെയ്ഫര്‍ എന്ന ജര്‍മന്‍കാരന്‍ എഴുതിയ ഈ നാടകം സ്റ്റുട്ട്ഗാര്‍ട്ടിലുള്ള തെക്കന്‍ ജര്‍മന്‍ പ്രക്ഷേപണകേന്ദ്രത്തില്‍നിന്നാണ് ആദ്യമായി പ്രക്ഷേപണം ചെയ്തത്. കുറേക്കാലം ഇന്ത്യയില്‍ താമസിച്ചയാളാണ് ഷെയ്ഫര്‍. പിന്നീട് ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്ത് പാരീസില്‍നിന്ന് പ്രക്ഷേപണം ചെയ്തു. വലിയ പ്രശംസ നേടിയ ഈ നാടകം ഡോ.ശ്രീകൃഷ്ണശര്‍മയാണ് ജര്‍മനില്‍നിന്ന് നേരിട്ട്  മലയാളത്തിലേക്ക് മൊഴിമാറ്റിയത്.

ഗാന്ധിജിയുടെ ദര്‍ശനങ്ങളെക്കുറിച്ച് തികഞ്ഞ വ്യക്തതയുള്ളയാളാണ് നാടകകൃത്തെന്ന് വ്യക്തമാക്കുന്നതാണ് ഈ നാടകം. നാടകീയതയ്ക്കു വേണ്ടിയാകാം ഗാന്ധിജിക്ക് വെടിയേറ്റ സമയമുള്‍പ്പെടെ ചില വിശദാംശങ്ങളില്‍ വ്യത്യാസം കാണുന്നുണ്ട്. നാടകത്തില്‍ കാലത്ത് എട്ടുമണിക്കാണ് ഗാന്ധിജിക്ക് വെടിയേല്‍ക്കുന്നത്. അതുപോലെ, പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കാന്‍ വരുന്ന ഗാന്ധിയുടെ പിന്നാലെ നെഹ്റു ഉണ്ടെന്നും നാടകത്തില്‍ പറയുന്നു. 
കുതിരവട്ടം ദേശപോഷിണി ഗ്രന്ഥാലയത്തില്‍ വിഷയാധിഷ്ഠിതമായി ഡയറക്ടറി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1955-ലെ രക്തസാക്ഷിദിനപ്പതിപ്പില്‍ ഈ നാടകം വീണ്ടും ശ്രദ്ധയിലെത്തിയത്.

ഗാന്ധിജിയുടെ ജീവിതത്തിലെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ സഹിതം പതിനൊന്നു പേജുകളിലായാണ് ഈ നാടകം അച്ചടിച്ചിരിക്കുന്നത്. ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ച പഴയലക്കങ്ങള്‍ വിഷയാധിഷ്ഠിതമായി ക്രമപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ലൈബ്രേറിയന്‍ യതീന്ദ്രന്‍ കാവില്‍ പറഞ്ഞു. രസകരവും വിജ്ഞാനപ്രദവുമായ പല കാര്യങ്ങളും ഈ പഴയ താളുകളിലുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്കും മറ്റും ഉപകരിക്കണമെന്ന ലക്ഷ്യവും ഡയറക്ടറി തയ്യാറാക്കുന്നതിനുപിന്നിലുണ്ട്.

തന്റെ ഘാതകനുപോലും മാപ്പു നല്‍കുകയെന്ന, മനുഷ്യത്വത്തിന്റെ ശ്രേഷ്ഠഗുണം ഗാന്ധിയില്‍ എത്ര സ്വാഭാവികമാണെന്ന് വെളിപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഈ നാടകത്തില്‍ കേള്‍ക്കാം. തനിക്കുനേരെ വെടിപൊട്ടിച്ചയാളെക്കുറിച്ച് ഗാന്ധിജി പറയുന്നത് ഇപ്രകാരം:  ''എനിക്കു നിലവിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എല്ലാവരും കേള്‍ക്കത്തക്കവിധം ഞാന്‍ നിലവിളിച്ചു പറയുമായിരുന്നു: അയാള്‍ നിരപരാധനാണ്.'' (നാടക വിവര്‍ത്തനത്തില്‍ ഇങ്ങനെയാണ് പ്രയോഗിച്ചത്).

വെടിയേറ്റ ശേഷം മരണത്തിലെത്തുന്നതുവരെ ഗാന്ധിജിയുടെ ജീവന്റെ യാത്രയാണ് ഈ നാടകത്തിന്റെ ഉള്ളടക്കം. വെടിയുണ്ട, ഭൂമി, വായു, നദി, ശബ്ദം എന്നീ കഥാപാത്രങ്ങളാണ് ഈ ഘട്ടത്തില്‍ ഗാന്ധിജിയുമായി സംവദിക്കുന്നത്. എന്തൊക്കെയാണ്  ഗാന്ധിജിയുടെ ജീവിതത്തില്‍ സംഭവിച്ചത്, ജനങ്ങള്‍ക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് ജനങ്ങളോടുമുള്ള സമീപനം എന്തായിരുന്നു, അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ദര്‍ശനങ്ങളും ഈ നാട് എത്രത്തോളം സ്വീകരിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അഞ്ചുനിമിഷങ്ങള്‍ എന്നു വിളിക്കപ്പെടുന്ന സമയത്തിനുള്ളിലെ സംഭാഷണത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.

അദ്ദേഹത്തിന് വേദന അനുഭവപ്പെടരുതെന്ന കരുതലോടെയാണ് വെടിയുണ്ട ശരീരം തുളച്ച് ഹൃദയത്തെ ലക്ഷ്യമിട്ടു നീങ്ങുന്നത്. എങ്കിലും ഒരു ഘട്ടത്തില്‍ അസഹ്യമായ വേദനയുണ്ടെന്ന് ഗാന്ധിജി പറയുന്നു. ആകാശങ്ങള്‍ക്കപ്പുറം പ്രകാശത്തിന്റെ വലിയൊരു ലോകത്തേക്കാണ് അദ്ദേഹത്തിന്റെ യാത്ര. ആ യാത്രയില്‍ തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും ലോകത്തിന്റെയാകേയും ദുരിതങ്ങളും പ്രശ്‌നങ്ങളും അദ്ദേഹം കാണുന്നുണ്ട്.

ഇക്കാലത്ത് ഹിംസയുടെ ഒച്ചയ്ക്കാണ് ഏറ്റവും അധികം ശക്തിയെന്നും വിദ്വേഷത്തിന്റെ സ്വരം ഏറ്റവും ഉച്ചമാണെന്നും ഭൗതികശക്തിയുടെ തിളക്കം ഭയങ്കരമാണെന്നും യാത്രയില്‍ അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ഒരു ഘട്ടത്തില്‍ തന്റെ ജനങ്ങള്‍ക്കടുത്തേക്ക് മടങ്ങിപ്പോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, അത് അസാധ്യമായിരുന്നു. പിന്നെപ്പിന്നെ, വേദനയും ഭാരവുമെല്ലാം ഒഴിഞ്ഞ് ആ പ്രകാശലോകത്തിലേക്ക് വിലയം പ്രാപിക്കുകയായി. 

അപ്പോഴും, ആ വെളിച്ചത്തിലെ ശബ്ദത്തോടുള്ള ഗാന്ധിജിയുടെ പ്രാര്‍ഥന ഇപ്രകാരം: ''എന്നേക്കാള്‍ ബലിഷ്ഠനും എന്നേക്കാള്‍ ധീരനുമായ ഒരു സന്ദേശഹരനെ അങ്ങോട്ടയയ്ക്കൂ. ഞങ്ങളുടെ കാലഘട്ടത്തിന്റെ ദുഃഖത്തെയും ദയനീയതയെയും കഷ്ടപ്പാടിനെയും എല്ലാത്തരം ഹിംസയെയും നിന്റെ ഹൃദയത്തിലേക്കു വഹിച്ചുകൊണ്ടുപോകാന്‍ കരുത്തുള്ള ഒരു സന്ദേശഹരനെ അയയ്ക്കൂ. ഞാനദ്ദേഹത്തിന്റെ പാദങ്ങളില്‍ ചുംബിക്കും. എന്നിട്ട് ചാരിതാര്‍ഥ്യത്തോടെ നിശ്ശബ്ദം ശൂന്യതയില്‍ ലയിക്കും...''

അന്ത്യനിമിഷങ്ങളില്‍പ്പോലും തന്റെ ദൗത്യത്തെക്കുറിച്ച് തികഞ്ഞബോധ്യമുണ്ടായിരുന്ന കര്‍മയോഗിയുടെ വലുപ്പം അനുഭവിപ്പിച്ചുകൊണ്ടാണ് നാടകം സമാപിക്കുന്നത്.