കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ വിയോഗത്തില്‍ അനുശോചനമര്‍പ്പിച്ചുകൊണ്ട് ചിത്രകാരന്‍ മദനന്‍ സംസാരിക്കുന്നു. 

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചുവെന്ന വാര്‍ത്ത വളരെ ദു:ഖത്തോടുകൂടി മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. 1994-ല്‍ അദ്ദേഹം ലളിതകലാ അക്കാദമിയുടെ അധ്യക്ഷനായി വന്ന സന്ദര്‍ഭമാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. അക്കാദമി എക്‌സിക്യുട്ടീവ് അംഗത്വം എനിക്കു തരുന്നത് യേശുദാസനാണ്. അന്നുമുതല്‍ അദ്ദേഹവുമായ ആദരവുകലര്‍ന്ന ബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എന്റെ കുട്ടിക്കാലം മുതല്‍ക്കുതന്ന മലയാളമനോരമയിലെ കാര്‍ട്ടൂണ്‍ വരകളിലൂടെ ആരാധ്യനായിത്തീര്‍ന്ന പ്രതിഭയാണ് അദ്ദേഹം. അദ്ദേഹവുമായിട്ട് നല്ല ബന്ധം പുലര്‍ത്താനുള്ള ഭാഗ്യം കാലം കാത്തുവെക്കുമെന്ന് ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. ലളിതകലാ അക്കാദമി കാര്യങ്ങളുടെ കാര്യനിര്‍വഹണം അതീവ താല്‍പര്യത്തോടെയും തികഞ്ഞ മാനേജ്‌മെന്റ് വൈഗദ്ധ്യത്തോടെയും അദ്ദേഹം നടത്തിയിരുന്നു. ഞാന്‍ ഇത്രനാളും കണ്ടതില്‍വെച്ച് ഏറ്റവും മികച്ച സംഘാടകന്‍ കൂടിയായിരുന്നു കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍.

വളരെ ദൃഢതയുള്ള മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. മുമ്പില്‍ എന്തുഭീഷണി വന്നാലും പ്രതിസന്ധികള്‍ വട്ടംകറക്കിയാലും കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കുലുങ്ങിയിരുന്നില്ല. തന്റെ തീരുമാനത്തില്‍ ഉറച്ച് അദ്ദേഹം എതിര്‍പ്പുകളെ നേരിടും, അതും എത്രകണ്ട് ശാന്തതയോടെ പെരുമാറാന്‍ പറ്റുമോ അത്രയും ശാന്തത അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം കൈവരിക്കുമായിരുന്നു. അക്കാദമി അംഗങ്ങള്‍ക്ക് പ്രകോപനം ഉണ്ടാക്കുന്ന കാര്യങ്ങളാണ് പറയാന്‍ പോകുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെ വളരെ സമചിത്തതയോടെ അംഗങ്ങള്‍ക്ക് എതിര്‍ക്കാന്‍ അവസരം കൊടുക്കാത്ത തരത്തില്‍ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു.  

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ പ്രഥമഗുണങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റെ അപാരമായ ഓര്‍മശക്തി. നമ്മള്‍ പറഞ്ഞകാര്യങ്ങളോടൊപ്പം തന്നെ അദ്ദേഹം തന്ന മറുപടിയും ഓര്‍ത്തെടുത്ത് തുരുതുരാ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. അതുപോലെ തന്നെ അധ്യക്ഷനെന്ന നിലയില്‍ മിതഭാഷിയായിരുന്നു. വേണ്ട കാര്യങ്ങള്‍ മാത്രം അവതരിപ്പിക്കുക, വിശകലനം ചെയ്യുക. അല്ലാത്തതിനൊന്നും അദ്ദേഹം പ്രാധാന്യം കൊടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ അധ്യക്ഷതയിലുള്ള ലളിതകലാഅക്കാദമി പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ എന്നോടൊപ്പം ഫ്രാന്‍സിസ് കോടംകണ്ടത്ത്, പി.വി കൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ മാരാര്‍, സിറില്‍ പി.ജേക്കബ്, അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് തോമസ് ആന്റണി തുടങ്ങിയവരായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വളരെ സൗഹാര്‍ദ്ദപരമായി അദ്ദേഹത്തിന്റെ കീഴില്‍ ലളിതകലാഅക്കാദമി പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ വളരെ ഉയര്‍ന്ന സ്വാധീനം തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. കോണ്‍ഗ്രസ് ഭരണത്തില്‍ ടി.എം ജേക്കബ് ആയിരുന്നു സാംസ്‌കാരികവകുപ്പ് മന്ത്രി.  

ശങ്കേഴ്‌സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോടൊപ്പം ജോലി ചെയ്തിരുന്നയാളാണ് യേശുദാസന്‍. തന്റെ കഴിവുകള്‍ എല്ലാ തരത്തിലും ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള മനോരമ പത്രത്തിലൂടെയാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കൂടുതല്‍ ജനകീയനായത്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുമായിരുന്നു അക്കാലത്തൊക്കെ. യേശുദാസന്‍ കാര്‍ട്ടൂണുകളിലെ നായനാര്‍ ജനപ്രിയമായ ഒരു വിഭവമായിരുന്നു. നായനാരെ കണ്ണുംപൂട്ടി വരയ്ക്കാനുള്ള കഴിവ് യേശുദാസനുണ്ടായിരുന്നു. വളരെ കൃത്യമായ നിരീക്ഷണം ആയിരുന്നു കലാകാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയം. ഇടയ്ക്കിടെ നിയമസഭയുടെ ചുറ്റുവട്ടത്തുകൂടി കറങ്ങിനടക്കാറുണ്ടായിരുന്നു അദ്ദേഹം. മന്ത്രിമാരും എം.എല്‍.എ മാരും ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, കണ്ണടകള്‍, ഹെയര്‍സ്‌റ്റൈല്‍, വാച്ചുകള്‍, ചെരിപ്പുകള്‍, താടിയും മീശയും തുടങ്ങി നിയമസഭാസാമാജികര്‍ തങ്ങളുടെ വേഷവിധാനത്തില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍പോലും അദ്ദേഹം കണ്ടുപിടിക്കുമായിരുന്നു. ആ മാറ്റം തീര്‍ച്ചയായും പിറ്റെ ദിവസം കാര്‍ട്ടൂണായി പ്രത്യക്ഷപ്പെടും. അതുകൊണ്ടുതന്നെ യേശുദാസന്റെ കാര്‍ട്ടൂണുകള്‍ തികച്ചും വ്യത്യസ്തത വരുത്തി. 

സമയനിഷ്ഠതയുടെ കാര്യത്തില്‍ മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു യേശുദാസന്‍. അതുപോലെ തന്നെ അക്കാദമിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന കൃത്യതയ്ക്കുമുമ്പില്‍ മറ്റുള്ളവരും അദ്ദേഹത്തെ അനുസരിക്കുകയായിരുന്നു പതിവ്. ആ കൃത്യത അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിരുന്നു. അദ്ദേഹം ഭക്ഷണം കഴിക്കുന്നതുപോലും ഒരു കലയായി തോന്നിയിട്ടുണ്ട് പലപ്പോഴും. ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നെങ്കിലും അതൊന്നും തന്നെ സഹപ്രവര്‍ത്തകര്‍ക്കോ തന്റെ ഉത്തരവാദിത്തങ്ങള്‍ക്കോ ഭാരമാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഓരോ ജില്ലകളിലെയും ചെറുതും വലുതുമായ കലാകാരന്മാര്‍ എത്രയുണ്ടെന്നും അവരെയെല്ലാം അക്കാദമിയുടെ കീഴിലേക്ക് എങ്ങനെ ഏകോപിപ്പിച്ചുകൊണ്ടുവരാം എന്ന ചിന്തയിലും അതിനായുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു.  

കോഴിക്കോട് ലളിതകലാഅക്കാദമി കെട്ടിടത്തില്‍ വെച്ച് ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. അത് ഉദ്ഘാടനം ചെയ്തത് ലോകമാദരിക്കുന്ന എഴുത്തുകാരി മാധവിക്കുട്ടിയായിരുന്നു. നഗ്നയായ ഒരു സ്ത്രീയുടെ ചിത്രം മനോഹരമായി വരച്ചുകൊണ്ട് അവര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ചിത്രകാരിയായി മാറുന്ന ആ മുഹൂര്‍ത്തത്തിന് കാരണം യേശുദാസനായിരുന്നു. 

മനോരമയില്‍ നിന്നും ജോലിയവസാനിപ്പിച്ചതിനു ശേഷം ആശയപരമായി തികച്ചും എതിര്‍ ചേരിയിലുണ്ടായിരുന്ന ദേശാഭിമാനിയിലായിരുന്നു അദ്ദേഹം വരച്ചിരുന്നത്. പക്ഷേ മുമ്പ് അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ക്കുണ്ടായിരുന്ന പൊതുജനാരാധന ദേശാഭിമാനിയിലൂടെ ലഭിച്ചിരുന്നില്ല എന്നാണ് ഞാന്‍ വ്യക്തിപരമായി നിരീക്ഷിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഓര്‍മയായിരിക്കുന്നു. പകരം വെക്കാനില്ലാത്ത ഒരു പ്രതിഭകൂടി മണ്‍മറഞ്ഞു. 

Content Hiighlights : Artist Madanan pays homage to Cartoonist Yesudasan