ലയെ എത്രകണ്ട് കാലികപ്രസക്തമാക്കുവാന്‍ സാധിക്കുമെന്ന ദൗത്യത്തില്‍ മുഴുകുകയാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്‍. സമകാലികമായ സംഭവങ്ങളെ വ്യത്യസ്തമായ രീതിയില്‍ ആവിഷ്‌കരിക്കുന്ന അദ്ദേഹം കലാസൃഷ്ടിയുടെ ആയുസ് ഒരു വിഷയമാക്കാറേ ഇല്ല. ഏറ്റവും സമകാലികമായ സംഭവത്തെ അപ്പോള്‍ കൈയില്‍ കിട്ടുന്ന എന്തും മീഡിയം ആക്കുകയോ എന്താണ് സംഭവം, അതിനെ ബന്ധപ്പെട്ട എന്താണ് എങ്കില്‍ അത് മീഡിയമാക്കി ഉണ്ടാക്കുന്ന കലാസൃഷ്ടികള്‍ ഒട്ടേറെയാണ്. ഇത്തരത്തില്‍ വ്യത്യസ്തതകള്‍ കൊണ്ട് ഡാവിഞ്ചി സുരേഷിന്റെ ഓരോ കലാസൃഷ്ടിയും കേരളം അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് സ്വീകരിക്കുന്നത്. വല്ലഭന് പുല്ലും ആയുധമെന്ന പഴമൊഴി ചേരുന്ന ഒരു കലാകാരന്‍.

ആദിവാസി മധുവിന്റെ മുഖം ഇന്നും നമുക്കൊക്കെ ഒരു വേദനയാണ്. മാനസിക വെല്ലുവിളി നേരിടുന്ന ആ യുവാവിനെ കൈകള്‍ കെട്ടിയിട്ട് തല്ലിക്കൊന്നത് ആരും മറന്നു കാണില്ല. വിശന്നുവലഞ്ഞ ഒരു മനുഷ്യനെ മനുഷ്യത്വം ഇല്ലാത്ത കുറച്ചു പേര്‍ മോഷണത്തിന്റെ പേരില്‍ കൈകള്‍ ബന്ധിച്ചു ദയനീയമായി നില്‍ക്കുന്ന മധുവിന്റെ ശില്പം ഡാവിഞ്ചി സുരേഷ് കളിമണ്ണില്‍ കുഴച്ചു ഉണ്ടാക്കുമ്പോള്‍ തന്നിലെ രാഷ്ട്രീയം കൂടിയാണ് ചേര്‍ത്തു കുഴച്ചത്.

മലയാള സിനിമയില്‍ വൈകി എത്തുകയും വളരെ പെട്ടെന്ന് തന്നെ എല്ലാവരുടേയും മനസ്സില്‍ ഇടം നേടുകയും ചെയ്ത നാടക നടനാണ് കലിംഗ ശശി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം എല്ലാവരേയും വേദനിപ്പിച്ചു. കലിംഗ ശശിയുടെ മുഖം ഒരു പപ്പായയില്‍ ആണ് സുരേഷ് നിമിഷ നേരങ്ങള്‍ കൊണ്ട് കൊത്തിവെച്ചത്. പ്രളയകാലത്ത് കാരുണ്യത്തിന്റെ സ്പര്‍ശമായി മാറിയ നൗഷാദിനെ മറക്കാനാകില്ല. കടയിലെ മുഴുവന്‍ തുണികളും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാന്‍ തയ്യാറായ സാധാരണക്കാരനായ ആ പച്ച മനുഷ്യന്റെ മുഖം തുണികള്‍ കൂട്ടിയിട്ടുകൊണ്ടാണ് ഡാവിഞ്ചി സുരേഷ് നമ്മെ അത്ഭുതപ്പെടുത്തിയത്. കലയും കാരുണ്യവും ചേര്‍ന്നുനില്‍ക്കുമ്പോള്‍ തുണികള്‍ കൊണ്ട് തീര്‍ത്ത ആ മുഖം ഓരോ മനസ്സിലും മായാതെ ഇന്നും പതിഞ്ഞു കിടക്കുന്നു.

davinchi suresh
Photo: facebook.com/davinchi.suresh

സ്വന്തം കരള്‍ പകുത്തു മറ്റൊരാള്‍ക്ക് ജീവന്‍ നല്‍കാന്‍ കേരളത്തില്‍ ആദ്യമായി തയ്യാറായ അന്‍ഷാദിനെ ഡാവിഞ്ചി സുരേഷ് ആദരിച്ചത് മുറിവ് തുന്നികെട്ടിയ ശരീരം വരച്ചുകൊണ്ടാണ്. പകുത്തുനല്‍കിയ കരള്‍ നല്‍കിയ മാതൃക നമ്മുടെ മെഡിക്കല്‍ സയന്‍സിന് തന്നെ വലിയ പ്രചോദനം ആയപ്പോള്‍ കരള്‍ നല്‍കിയ അന്‍ഷാദിന്റെ ചിത്രം ആ വലിയ മനുഷ്യ സ്‌നേഹിക്ക് നല്‍കിയ ആദരവ് കൂടിയായി. ഈയിടെ ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോയ ജീവനെ കണ്ടുനില്‍ക്കാന്‍ കഴിയാത്ത ശില്പമായി കളിമണ്ണില്‍ സൃഷ്ടിച്ചപ്പോള്‍ ഒരു ദുരന്തത്തിന്റെ നേര്‍ചിത്രമായി മാറി. 

പ്രളയ കാലത്ത് കടലിന്റെ മക്കളുടെ ധീരമായ ഇടപെടലിന്റെ ആദരിക്കാന്‍ ഉണ്ടാക്കിയ ശില്പവും മോഹന്‍ലാലിന്റെ ശില്പവും യുവ നടന്മാരില്‍ ശ്രദ്ധേയരായ ടൊവീനോയുടെ മുഖം പാടത്തെ ഞാറുകൊണ്ട് തീര്‍ത്തതും ഉരുളന്‍ പാറക്കല്ലുകള്‍ കൊണ്ട് ദുല്‍ഖര്‍ സല്‍മാന്റെ മുഖം നിര്‍മിച്ചും നമ്മെ ഡാവിഞ്ചി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ രീതിയില്‍ ചെയ്ത തീപുലി എന്ന ശില്പം കണ്ണുകളെ വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. ഈ രീതിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തീപുലി എന്ന ശില്പം അനമോര്‍ഫിക് ആര്‍ട്ടിന്റെ ഗണത്തില്‍ പെടുത്താം. ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ പോലെ തന്നെ ഇതിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പള്ളികളില്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. സെയ്ന്റ് ഇഗ്‌നേഷ്യോ ദേവാലയത്തിന്റെ താഴികക്കുടവും നിലവറയും ആന്‍ഡ്രിയ പോസോ വരച്ച ഓയില്‍ പെയിന്റ് ചിത്രങ്ങള്‍ ഉദാഹരണം. 1690-ലാണ് ഈ ചിത്രം പൂര്‍ത്തിയായത്. ഇക്കാലത്തെ ശില്പിയായ മൈക്കല്‍ മര്‍ഫിയുടെ അനമോര്‍ഫിക് ശില്പങ്ങളും പ്രശസ്തമാണ്. ഈ രീതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടെങ്കിലും ഇന്ന് ഇലസ്ട്രേഷന്‍ രംഗത്ത് ഇത്തരം ടെക്നിക് സര്‍വസാധാരണമായിട്ടുണ്ട്. സാധാരണക്കാരും ഈ രീതിയെ ഉള്‍ക്കൊണ്ട് കഴിഞ്ഞു.

റിയലസ്റ്റിക്ക് ശില്പങ്ങളെ വെല്ലുന്ന ശില്പങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇലൂഷന്‍ വര്‍ക്കുകള്‍ പോലെ ഒളിപ്പിച്ച അത്ഭുതം കണ്ടെത്താന്‍ കാഴ്ചക്കാരെ നിര്‍ബന്ധിക്കുന്നതാണ് അനമോര്‍ഫിക് ആര്‍ട്ട്. നമുക്കത്ര പരിചിതമല്ലാത്ത, അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോയ രണ്ടു രീതികള്‍ ആണ് ഇവ. ഇന്‍സ്റ്റലേഷന്‍ രംഗത്ത് അനമോര്‍ഫിക് ശില്പങ്ങള്‍ക്ക് വലിയ സാധ്യതകള്‍ ആണുള്ളത്. ഒരര്‍ഥത്തില്‍ ഇതൊരു ഇന്‍സ്റ്റലേഷന്‍ തന്നെ. ഡാവിഞ്ചി സുരേഷിന്റെ കല സര്‍ഗാത്മകവും ഒപ്പം തന്നെ വലിയ പ്രതിരോധവും പ്രതിഷേധവും കൂടിയാണ്.

നിയതമായ വസ്തുക്കള്‍ ഉപയോഗിച്ചല്ല ഡാവിഞ്ചി സുരേഷ് കലാസൃഷ്ടികള്‍ ഒരുക്കുന്നത്. സമകാലീന സംഭവങ്ങളെ എന്തുപയോഗിച്ചും ആവിഷ്‌ക്കരിക്കുകയാണ് അദ്ദേഹത്തിന്റെ രീതി.

Content Highlights: Artist Davinchi Suresh works and life