'നാളെ' അനിശ്ചിതത്ത്വത്തിലായി കോവിഡിന്റെ വ്യാപനത്തോടെ. ഭാവിയെ കെട്ടിപ്പടുക്കുന്ന നിത്യവൃത്തി നിശ്ചലമായി. സർവരും നാളിതുവരെ എന്തുചെയ്യുമ്പോഴും ചെയ്തുകൊണ്ടിരുന്നത് നാളെ എന്ന മഹാസൗധത്തിന്റെ നിർമിതികൂടിയായിരുന്നല്ലോ. ഇന്നലെയുടെ മിച്ചത്തിൽ ജീവിച്ചുകൊണ്ട് നാളേയ്ക്കുവേണ്ടി വിതച്ചു, നാളേയ്ക്കുവേണ്ടി പണിതു, നാളേക്കുവേണ്ടി ഇരന്നു, നാളേയ്ക്കുവേണ്ടി തിന്നു, നാളേക്ക് വേണ്ടി മാറ്റിവെച്ചു, നാളേക്കുവേണ്ടി പഠിച്ചു, നാളേക്കുവേണ്ടി പഠിപ്പിച്ചു, നാളേയ്ക്കുവേണ്ടി നാളെയുടെ കോളനിയിൽ സാഷ്ടാംഗം ജീവിച്ചു. മരണം ബോധാബോധങ്ങളിൽനിന്ന് മാറിനിന്ന് ഈ അന്ധമായ ഭാവി നിർമിതിയെ സകൗതുകം നോക്കിക്കൊണ്ടിരുന്നു. മരണം മറ്റാരുടെയോ അനുഭവമാണെന്ന്, മറ്റെവിടെയോ ആണെന്ന്, ഇവിടെ അടുത്താണെങ്കിലും എന്റെ വീട്ടിലില്ല എന്ന്, എന്റെ വീട്ടിലാണെങ്കിലും എനിക്കല്ല എന്ന്, ഞാനാണെങ്കിലും എനിക്കുശേഷം അതെന്നെ ബാധിക്കുന്നില്ല എന്ന് അതൊരു ദൈനംദിന വിഷയമേ അല്ലാതായി, ഗുരുതരമായ ചിന്തയേ അല്ലാതായി, ദുർബലമായി, യാദൃച്ഛികവുമായി. 'ഇന്ന് റൊക്കം നാളെ കടം' എന്നെഴുതിവെച്ച കടയിൽനിന്ന് നാളെ വരാമെന്നുപറഞ്ഞ് പരിഭവമില്ലാതെ നമ്മൾ താഴെയിറങ്ങി. നാളെ അടുത്ത ദിവസത്തെക്കാൾ വരുംകാലത്തെക്കുറിക്കുമ്പോഴും നാം ശങ്കാകുലരായില്ല. ഇൻഷുറൻസ് കമ്പനികൾ പറയുമ്പോലെ നമ്മുടെ മെച്ചുരിറ്റി വിദൂരഭാവിയിലാവുമ്പോൾ നമുക്ക് ഭദ്രത കൂടുതൽ. നൂറിനെ ലക്ഷമായി മാറ്റുന്ന ഒരു രാസവിദ്യയുടെ ആലയായീ നാളെ.

കോവിഡോടെ മരണം ഒരു വിദൂരസാധ്യതയല്ലാതായി. അയൽപക്കത്തുനിന്ന് അത് നമ്മുടെ വീട്ടിലേക്ക് കയറാനുള്ള ശ്രമത്തിലാണ്. ഭാവിയുടെ ഇടപാടുകൾക്ക് വിശ്വാസ്യത കുറഞ്ഞു. അടുത്ത വർഷം ആയിരം തരാം ഇന്നാണെങ്കിൽ നൂറ്, മതിയാവുമോ? എനിക്കങ്ങനെ വ്യാമോഹമൊന്നുമില്ല സാറേ, സാറാ നൂറുരൂപതാ. കടംവാങ്ങി ധൂർത്തമായി ചെലവുചെയ്യുന്ന സാമ്പത്തികവഴി. വേറെ നിവൃത്തിയില്ലാത്തതിനാലും ഉപഭോഗാർത്തിമൂലവും മിക്ക മലയാളികളും നടക്കുന്ന വഴിയായതിനാലാകാം, കോവിഡ് വിവേകം ശരിവെച്ച വഴിയായതിനാലുമാവാം വൻതോതിൽ ജനസമ്മതിനേടി. നാളെ ഒരു കിനാക(ൗീേുശമ)മാണെന്ന് മലയാളികൾക്കും പതുക്കെ ബോധ്യപ്പെട്ടു. നിയുക്തമന്ത്രിയോട് ചോദിച്ചു: രണ്ടൂഴങ്ങളിൽ രണ്ടാമത്തേത് നിങ്ങൾക്കുതരാം, അതാണ് ലാഭകരം. ആദ്യത്തെ രണ്ടരവർഷം ഭാവി മന്ത്രിയായും പിന്നത്തെ രണ്ടരവർഷം അസൽ മന്ത്രിയായും ഇരിക്കാം. നിയുക്തൻ പറഞ്ഞു: അങ്ങനെയെങ്കിൽ എനിക്ക് മന്ത്രിസ്ഥാനമേ വേണ്ടാ. രണ്ടരവർഷം കഴിഞ്ഞുള്ള കാലത്തിന് വല്ല സംഭവ്യതയുമുണ്ടോ? അന്ന് 'ആരെന്നുമെന്തെന്നുമാർക്കറിയാം'.

നാളെ എന്തൊരു വാത്സല്യപാത്രമായിരുന്നു! ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ? അമ്മയ്ക്ക് കൊഞ്ചിച്ച് മതിയായിട്ടില്ല. പാല് തിളച്ചുതൂവി, ഫയല് നീങ്ങിയില്ലാ, ക്ലാസ് നന്നാവുന്നില്ല. അച്ഛന്റെ ചെരിപ്പ് കാലിലിട്ട് തപ്പിത്തടഞ്ഞ് ഭാവിയിലക്ക് നടക്കുന്ന പിഞ്ചുപൈതലിനെ എത്രകണ്ടാലാണ് മതിയാവുക. എല്ലാവരും കാണുന്ന കിനാവ് നാളെയെപ്പറ്റിയുള്ളതാണ്. 'നാളെ നാളെ...', വിൽക്കുന്നത് ഭാഗ്യക്കുറിയെക്കാൾ നാളെയെയാണ്. പോരായ്മകളെല്ലാം പരിഹൃതമായ ഒരിന്നലെയാണ് നാളെ. ഭൂതകാലത്തിന്റെ, വൃത്തിയാക്കി വെടിപ്പാക്കിയ രൂപമാണ് നാളെയ്ക്കുള്ളത്. ഭൂതകാലത്തെ അനുകൂലമാക്കി വ്യാഖ്യാനിച്ചാൽ ഭാവികാലത്തെ നിയന്ത്രിക്കാമെന്ന് എല്ലാ സർവാധിപത്യമോഹികളും കരുതുന്നു. നാളേക്കായി ചേറിനന്നാക്കിയ ചരിത്രങ്ങൾ. തൊട്ടുമുന്നിലെ ദിവസം എന്ന നാളെയെ വരുംകാലത്തെക്കുറിക്കാനും നാമുപയോഗിക്കുന്നു. അതിലൊരു പ്രത്യാശയുണ്ട്, പ്രത്യാശയുടെ കൗശലവും. ഏറക്കുറെ നമുക്കധീനമായിക്കഴിഞ്ഞ തൊട്ടടുത്ത നാളിനെ-നാളെയെത്തുന്ന വണ്ടി പുറപ്പെട്ടുകഴിഞ്ഞു, നാളെ വിടരുന്ന പൂവിന്റെ മൊട്ട് വലുതായിക്കഴിഞ്ഞു, നാളെ മാറുന്ന ചെക്ക് കൈയിലെത്തി-മുൻ നിർത്തി ഭാവികാലത്തെ നാളെ എന്ന് വിളിച്ച് നാം കഠിനമായ ഭവിതവ്യതയെ സൗമ്യമാക്കുന്നു.

('കഠിനതാൻ ഭവിതവ്യത' എന്ന് ആശാൻ) വിദൂരമായ ഭാവിയെ നാളെയാക്കി സമീപസ്ഥമാക്കുന്നു. ദുരൂഹമായ ഭാവിയെ നാളെയെന്നുവിളിച്ച് കൈകാര്യം ചെയ്യാവുന്നതാക്കുന്നു. അതിനായി ഭൂതകാലത്തിലെ അവിചാരിതമായി പ്രത്യക്ഷപ്പെട്ട ദുരന്തങ്ങളെ നാം മറക്കുന്നു. ദുരന്തങ്ങൾ തലേന്ന് പ്രതീക്ഷിക്കപ്പെട്ട നാളെയിലല്ല, അവിചാരിതമായ ഒരു നാളെയിലാണ് സംഭവിക്കുന്നത്. ദുരന്തങ്ങൾ ആസൂത്രണത്തെ അട്ടിമറിക്കുന്നു. നാം സെറ്റ് ചെയ്തുെവച്ച ഭാവിയിലല്ല ഭൂകമ്പമോ പ്ലേഗോ കോവിഡോ വരുന്നത്. നാളേക്കപ്പുറം ദൃഷ്ടിയെത്തുന്ന ഒരു ദൈവത്തെ സങ്കല്പിച്ച് അതുമായി ഐക്യപ്പെട്ട് ഈ നാളെയെ വിശ്വാസി സഹ്യമാക്കുന്നു. ലോകത്ത് സംഭവിക്കാവുന്ന എത്ര കൊടിയ ദുരന്തത്തെയും ഉൾക്കൊള്ളുന്ന ദേവസങ്കല്പം മനുഷ്യസങ്കല്പമായ ഏതിതര ഐഡിയോളജിയെക്കാളും ഈടോടെ പ്രവർത്തിക്കുന്നു. നല്ല നാളേക്കുവേണ്ടിയുള്ള പ്രാർഥനകളാണ് എല്ലാ പ്രാർഥനകളും. വരാനുള്ളതിനോട് സംവദിക്കാൻ വിശ്വാസിക്ക് അവിശ്വാസിയെക്കാൾ കഴിയുമെന്ന് വിശ്വാസി വിശ്വസിക്കുന്നു. അവിശ്വാസിയുടെ നാളെയെക്കാൾ അനിശ്ചിതമായിരിക്കാൻ, ഭീകരമാവാനും സ്വാതന്ത്ര്യമുണ്ട് വിശ്വാസിയുടെ നാളേക്ക്.

നാളെയെ ഏറ്റവും ജീവത്താക്കിയ തത്ത്വചിന്ത മാർക്സിന്റേതാണ്. നാളെ ഇന്നഗണ്യരായവരെല്ലാം ഗണ്യരാകുന്ന, ഇന്നത്തേതിന്റെയെല്ലാം അഭാവങ്ങളാൽ അസന്തുഷ്ടമായിരിക്കുന്നുവോ അവയെല്ലാം പരിഹൃതമാവുന്ന ഒരിടം. ചൂഷണമില്ലാത്ത, അന്യവത്‌കരണമില്ലാത്ത, സമത്വസുന്ദരമായ, ദിനങ്ങൾ തോളിൽ കൈയിട്ട് നടക്കുന്ന ഒരിടം. എല്ലാംതികഞ്ഞ ഒരിടം. 'നിൻ പുരോഭാഗത്തതാ ധീരതേജസ്സാം നാളെ' എന്നും 'നാലഞ്ചുതാരങ്ങൾക്ക് പുഞ്ചിരിക്കൊള്ളാൻനിന്ന/ കാലമക്കരിയിലത്തുമ്പിന്മേൽ വിറയ്ക്കുന്നു' എന്നും 'ഇല്ലിനിദ്ദരിദ്രതയിപ്രഭാതത്തിൻ പൊന്നിൽ/പ്പുല്ലിനും മരത്തിനും തുല്യമാണവകാശം' എന്നും ജ്ഞാനപീഠം കയറിയ കവി സാക്ഷ്യപ്പെടുത്തിയ ഇടം. തന്നെ ശരിയായറിയാത്തവരിലൂടെയും സ്ഥൂലമായറിഞ്ഞവരിലൂടെയും നാളെയെ ഒരൈതിഹ്യമാക്കീ മാർക്സ്. ചരിത്രപരമായി അനിവാര്യമായ ചില ഘട്ടങ്ങൾ കടന്നുമാത്രം എത്താവുന്ന, ഒരുപക്ഷേ, ഏറ്റവും അകലത്തുള്ള നാളെ മാർക്സിന്റേതായിരുന്നെങ്കിലും അനുയായികൾക്കത് തൊട്ടടുത്തായിരുന്നു. എത്തിക്കൊണ്ടിരിക്കുന്നതായിരുന്നു. ജനമനസ്സിനോട് എളുപ്പത്തിൽ സംവദിക്കുക യുട്ടോപ്പിയയാണ്. യുട്ടോപ്പിയയല്ല എന്നവർ ധരിച്ചുവശായ യുട്ടോപ്പിയ. മാർക്സിയൻ യുട്ടോപ്പിയയാൽ പ്രചോദിതമായ നാടകങ്ങളും കവിതകളും കഥകളുമായിരുന്നു കേരളത്തിന്റെ ഇടത് ഭാവുകത്വത്തിന്റെ ശക്തി കൂട്ടിയത്. എത്തിപ്പോയി എന്ന ആവേശമുണ്ടാക്കിയ ഒരു നല്ല നാളെയായിരുന്നു ആ നാളെ. ഇന്നില്ലാത്തവരുടെ തീവ്രമായ നാളെ. നല്ല നാളെയിലേക്കുള്ള ക്രമാനുഗതവും നിരന്തരവുമായ ഒരു യാത്രയുടെ വിവരണമാണ് ചരിത്രമെങ്കിൽ ആ ചരിത്രം യാഥാർഥ്യത്തിന്റെ കലർപ്പുള്ള ഒരു മിത്താണെന്ന് പറയേണ്ടിവരും. ശരിയാണ്, ഒന്ന് പിന്തിരിഞ്ഞുനോക്കുകയേ വേണ്ടൂ അതിലെ യാഥാർഥ്യത്തെ കാണാൻ. പട്ടിണിമരണങ്ങൾ അപൂർവമായി, അടിമത്തം ഏറക്കുറെ ഇല്ലാതായി, തൊഴിലാളിക്കും തൊഴിലിനും അന്തസ്സ് കൈവന്നു, ആയുർദൈർഘ്യം വർധിച്ചു. ചരിത്രാരംഭഘട്ടത്തിലെ സ്വർഗത്തിലുണ്ടായിരുന്നതൊക്കെ നാം ഭൂമിയിൽ സാക്ഷാത്‌കരിച്ചുകഴിഞ്ഞു. സ്വിച്ചിട്ടാൽ എന്തെല്ലാം വെളിച്ചങ്ങൾ. പ്രകൃതിയെ ഗൗനിക്കാത്ത മിതശീതോഷ്ണമായ അകങ്ങൾ. ലോകത്തെവിടെയുമുള്ളത് കേൾക്കുന്ന കാതുകൾ, എവിടെയുള്ളതും കാണുന്ന കണ്ണുകൾ, എവിടെയുള്ളതും ഉള്ള ഭക്ഷണമേശകൾ, അവശ്യവസ്തുക്കളുടെ വിപണിയെക്കാൾ വലുതായി ആഡംബരവസ്തുക്കളുടെ വിപണി. വിരൽത്തുമ്പിലായി പരിഹാരങ്ങൾ. പക്ഷേ, അതിലെ യുട്ടോപ്പിയയെക്കാണാനും മുൻവിധിയില്ലാതെ തിരിഞ്ഞുനോക്കിയാൽ മതി. ഒരു ചുഴലിക്കാറ്റിനോ ഭൂകമ്പത്തിനോ പകർച്ചവ്യാധിക്കോ ഇതെല്ലാം തുടച്ചുകളയാൻ ഒരു ഞൊടിമതി (നാം പാചകംചെയ്തത് തിമിംഗിലത്തിന്റെ പുറത്തായിരുന്നു എന്ന് ആ ദ്വീപ് വെള്ളത്തിലേക്ക് താഴുമ്പോൾ നാമറിയുന്നു.) മനുഷ്യസാധ്യമായ വേഗങ്ങളെല്ലാം ആ വേഗത്തിനുമുന്നിൽ നിഷ്പ്രഭം. ഏതു തിരിവിലും വന്നെത്തുമായിരുന്ന വിനാശത്തെ ഉൾക്കൊള്ളാത്ത ചരിത്രത്തെ മിത്തല്ലെന്ന് പറയാമോ? അതിജീവിച്ചവർക്കുമാത്രമല്ല അതിജീവിക്കാത്തവർക്കും ചരിത്രത്തിൽപങ്കില്ലേ? ഏറ്റവും വലിയ വൈരുധ്യത്തെ ഒഴിഞ്ഞുമാറാമോ? വ്യക്തി അനിത്യവും സമൂഹം നിത്യവും(!) ആയതിനാലായിരിക്കാം, സമൂഹത്തിൽ മരണമില്ലാത്തതിനാലാവാം-ഒരംഗത്തിന്റെ അഭാവം എത്ര പെട്ടെന്നാണവിടെ നികത്തപ്പെടുന്നത്-സമൂഹപക്ഷത്തുനിന്ന് ചിന്തിക്കുന്ന പുരോഗതിയുടെ പ്രവാചകനായ മാർക്സിൽ മരണചിന്തയോ അശുഭചിന്തയോ കുറവാണ്. ആകുലചിന്തകളെക്കാൾ ആകുലതയെ മാറ്റിത്തീർക്കുന്ന ചിന്തയാണദ്ദേഹത്തിന് പഥ്യം. നേരാണ്, ഉറപ്പുള്ള ആ നല്ല നാളെ നിസ്വരായ ജനകോടികൾക്ക് ആശ്വാസവും പ്രതീക്ഷയും ആത്മവിശ്വാസവും മാറ്റത്തിനുള്ള ന്യായവും വിപ്ളവവീര്യവും നൽകി. മനുഷ്യശക്തി മഹാശക്തിയായി. പക്ഷേ, പറ്റിയ സന്ദർഭത്തിനായി ഇമവെട്ടാതെ നോക്കിയിരിക്കുന്ന ദുരന്തത്തെ ദർശനവുമായി അന്വയിക്കാൻ അതിന് കഴിഞ്ഞോ? അതിനുള്ള സായുധീകരണം മാർക്സിസത്തിലുണ്ടോ? നാളെ ഒരു യുട്ടോപ്യ അല്ലെന്ന് വരുത്താൻ ഏതെങ്കിലും സിദ്ധാന്തത്തിന് സാധിക്കുമോ? സാധിക്കണോ?

1934-ലെ ബിഹാർ ഭൂകമ്പത്തോട് പ്രതികരിച്ച് ഗാന്ധിജി എഴുതി: 'തൊട്ടുകൂടായ്മയ്ക്കു(ൗിീtuരവമയശഹശ്യേ) കിട്ടിയ ദൈവശിക്ഷയാണിത്. മരണത്തിനുമുന്നിൽ എത്ര നിന്ദ്യമാണ് ജാതിസ്പർധപോലുള്ള അഹങ്കാരങ്ങൾ. ജീവിതം അനിത്യമാണ്, ഓരോ ദുരന്തവും നമുക്ക് കാട്ടിത്തരുന്നത് മനുഷ്യസൃഷ്ടമായ ഉച്ചനീചഭേദങ്ങൾ അടിസ്ഥാനമില്ലാത്തവയാണെന്നാണ്. വിവേചനങ്ങൾക്ക് ഒരടിസ്ഥാനവുമില്ല. അതിനാൽ കനിവോടെ കാരുണ്യത്തോടെ വിവേകത്തോടെ വിനയത്തോടെ പരസ്പരം പെരുമാറൂ എന്ന ആഹ്വാനം വായിക്കുകയാണ് ദുരന്തത്തിൽ ഗാന്ധി. ഗീതയിൽ അനന്തതയും അന്തതയും തമ്മിലുള്ള സംവാദം വായിച്ച ഗാന്ധി ദുരന്തങ്ങളിൽ അനന്തതയുടെ സംഭാഷണം കേട്ടു. (കോവിഡിൽ ഈ സന്ദേശം വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അന്യായമായി തടവിലിട്ട സകല രാഷ്ട്രീയക്കുറ്റവാളിയെയും വിട്ടയക്കുമായിരുന്നു മോദി ഭരണകൂടം. സ്റ്റാൻ സ്വാമിക്ക് അന്തസ്സായ അർഹമായ ജീവിതവും യഥാകാലം ഉചിതമായ അവസാനവും ലഭിക്കുമായിരുന്നു). എത്ര പ്രകൃതിവിരുദ്ധമാണ് മനുഷ്യകേന്ദ്രിതമായ ചെയ്തികളെന്ന് നമ്മെ ഓർമിപ്പിക്കുന്നു ഓരോ പ്രകൃതിക്ഷോഭവും. ഗാന്ധി തന്റെ രാഷ്ട്രീയപ്രവർത്തനത്തിൽ, അതുവരെ നിസ്സംഗമായി നോക്കിനിൽക്കുകയായിരുന്ന ദുരന്തത്തെയും പങ്കാളിയാക്കുകയായിരുന്നു. വലിയ തയ്യൽക്കാരൻ ഒന്നും വ്യർഥമാക്കുന്നില്ലെന്ന് ലാവോത്സെ പറഞ്ഞത് ഗാന്ധിജിക്കും ബാധകമായിരുന്നു. വഴിയിലെ ഒരു പ്രതിബന്ധവും ഗാന്ധിജി കാണാതിരുന്നില്ല. ഉപയോഗപ്പെടുത്താതിരുന്നില്ല. സുനിശ്ചിതമായ ഒരു നല്ല നാളെയിലേക്കുള്ള കേവലമായ പടികളായിരുന്നില്ല ഗാന്ധിജിക്ക് ഇന്നലെയും ഇന്നും. ലക്ഷ്യം സാക്ഷാത്‌കരിക്കുമ്പോൾമാത്രം സഫലമാകുന്ന വഴിയിലല്ല ഗാന്ധിജി നടന്നത്. ഒരേസമയം അതിൽത്തന്നെ പൂർണവും അതിൽത്തന്നെ അപൂർണവുമായ മാർഗമായിരുന്നു ഗാന്ധിജിയുടേത്. മാർഗത്തിന്റെ എത്ര ചെറിയ ഘട്ടത്തിനും അതിൽ പ്രസക്തിയുണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ചെലവിലുള്ള യാത്രയായിരുന്നില്ല ഗാന്ധിജിയുടെ യാത്ര. പ്രതിബന്ധങ്ങളെ അത് വെറുത്തതുമില്ല. പ്രതിബന്ധമാവുന്ന ശക്തിയെ ശത്രുവായി പ്രഖ്യാപിക്കുന്നതിനോ അതിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത വെറുപ്പിനെ ബലമായിക്കാണുന്നതിനോ അതിനെ ഇല്ലാതാക്കാൻ ഹിംസയുടെ വഴി സ്വീകരിക്കുന്നതിനോ ന്യായങ്ങളുള്ള പ്രസ്ഥാനങ്ങളിൽനിന്നും അവരുടെ പതിരില്ലാത്ത നാളെയിൽനിന്നും ഗാന്ധിജി വിട്ടുനടന്നു. ആത്മവിമോചനംകൂടി സാധിക്കുന്ന മോചനശ്രമങ്ങളിൽമാത്രം ഗാന്ധിജി വിശ്വസിച്ചു. ഇന്ത്യയെ മോചിപ്പിക്കുന്നതിനൊപ്പം ആ മോചനത്തിന് തടസ്സമായ ഇംഗ്ലീഷുകാരുടെ മോചനത്തിനും ഉതകുന്ന സമരമായിരുന്നു ഗാന്ധിജിയുടേത്. അടിമത്തം അവസാനിക്കുമ്പോൾ അടിമ മാത്രമല്ല ഉടമയും മോചിപ്പിക്കപ്പെടുന്നു എന്നതിനാൽ ഇംഗ്ലീഷുകാരുടെ സ്വാതന്ത്ര്യസമരംകൂടിയാണ് അദ്ദേഹം നയിച്ചത്. സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനംതന്നെ സ്വാതന്ത്ര്യമായിത്തീരുകയായിരുന്നു ഗാന്ധിജിയിൽ. മരണംപോലൊരു വലിയ വൈരുധ്യത്തെ അദ്ദേഹം കാണാതിരുന്നില്ല. വലിയ വൈരുധ്യത്തെ അധിഷ്ഠിതമാക്കിയ വൈരുധ്യാധിഷ്ഠിതവാദം മെറ്റീരിയലിസ്റ്റല്ലാത്ത ഗാന്ധിജിയുടേതായിരുന്നോ? മരണത്തിനുമുന്നിൽ തോറ്റുപോകുന്ന പ്രയത്നമായിരുന്നില്ല തന്റേത്. തന്റെ മാർഗത്തിൽ യഥോചിതം മരണത്തെ സമന്വയിപ്പിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു( മാർക്സിനെ മനുഷ്യൻ എന്നുപറയാമെങ്കിൽ ഗാന്ധിജിയെ മർത്ത്യൻ എന്ന് പറയാം). നല്ല നാളെയുടെ കോളനിയിൽ കഴിഞ്ഞ ഒരു സ്വപ്നജീവിയായിരുന്നില്ല ഗാന്ധിജി. തൊള്ളായിരത്തിനാൽപ്പത്തെട്ടിലും ഗാന്ധി അസ്വതന്ത്ര ഭാരതത്തിലായിരുന്നു. ഗാന്ധിയിൽ നാളെ ഒരു യുട്ടോപ്യ അല്ല. ആ നാളെ വന്നില്ലെങ്കിൽപ്പോലും ഗാന്ധിജി വ്യർഥമാകുന്നുമില്ല. എങ്ങനെ പ്രത്യക്ഷപ്പെടാനുള്ള സ്വാതന്ത്ര്യവും ഗാന്ധിജിയുടെ നാളെക്കുണ്ടായിരുന്നു. നാളെ എന്ന അനിശ്ചിതത്വത്തിനകത്ത് സ്വാതന്ത്ര്യത്തോടെ കഴിയാൻ മഹാരോഗങ്ങളുൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങൾ നമ്മളെ ശക്തിപ്പെടുത്തുമോ?

നാളെ എന്നത് കാത്തിരിപ്പും
പ്രതീക്ഷയുമെല്ലാമാണ്.
നാളേക്കുവേണ്ടിയാണ് നമ്മിൽ പലരും
ജീവിക്കുന്നതുതന്നെ. എന്നാൽ, കോവിഡ്
നമ്മിലെ എല്ലാവിധ നാളെകളെയും
എടുത്തുകളഞ്ഞു. നാം ഇന്നിൽമാത്രം
ജീവിക്കാൻ വിധിക്കപ്പെട്ടവരായി.
നാളെയാരെന്നുമെന്തെന്നുമാർക്കറിയാം
എന്നത് ഏറ്റവും മഹത്തായ കവിതയായി...

Content Highlights : Article by Kalpetta Narayanan Iniyenth Naale