പല പല മതങ്ങളുടെയും നാടാണ് ഇന്ത്യ. വിശ്വാസ ധാരകളും ജ്ഞാന പദ്ധതികളും വിചാരധാരകളും ഇവിടെ ഏറെ. യുഗങ്ങളിലൂടെ അവയെല്ലാം കടന്നു പോയി. പലതും കലർന്നു. പുതിയ മിശ്രിതങ്ങളു ണ്ടായി. കബീർ ഒരു ഉദയമായി- ദൈവത്തെ, വിശ്വാസത്തെ എല്ലാം അദ്ദേഹം പുനർനിർവചിച്ചു...(പുരുഷോത്തം അഗ്രവാൾ എഴുതിയ KABIR, KABIR-The Life And Work Of The Early Modern Poet-Philosopher എന്ന പുസ്തകത്തിന് എഴുതിയ ദേവ്ദത്ത് പട്നായിക്കിന്റെ ആമുഖം)സന്തോഷ് വാസുദേവിന്റെ പരിഭാഷയിൽ വായിക്കാം.

പുരുഷോത്തം അഗ്രവാൾ ജയ്പുർ സാഹിത്യോത്സവത്തിൽ കുംഭമേളയെക്കുറിച്ച് സംസാരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. 2013-ലായിരുന്നു അത്. മറ്റു വിദ്വാന്മാർ ചെയ്യാറുള്ളതുപോലെ, ആത്മീയതയെയും ഭൗതികതയെയും വേർതിരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. കുംഭമേളയെന്ന ആ വലിയ കൂടിച്ചേരലിനെ വിചിത്രമെന്നൊന്നും അദ്ദേഹം കണക്കാക്കിയില്ല. നഗ്നരായ സന്ന്യാസികൾക്കും ശുചിത്വ വിഷയങ്ങൾക്കുമപ്പുറം അതിലെ സാമ്പത്തിക, രാഷ്ട്രീയ, ചരിത്ര, സാംസ്കാരിക, ആത്മീയ, പ്രായോഗിക വിഷയങ്ങൾ തമ്മിലുള്ള പരസ്പരബന്ധമാണ് അദ്ദേഹം പരിഗണിച്ചത്. ആ പശ്ചാത്തലം -അതിന്റെ ഉള്ളടക്കവും ചരിത്രവും അനന്തതയും കവിയും നെയ്ത്തുകാരനും വിപ്ലവാത്മക ചിന്താഗതിക്കാരനും ആത്മജ്ഞാനിയും തമ്മിലുള്ള ബന്ധവും- കബീറിനെക്കുറിച്ചുള്ള ഈ പുസ്തകത്തിലും കാണാം. അതുകൊണ്ടാണ് ഇതിന്റെ തലക്കെട്ടിൽ കബീർ എന്ന് രണ്ടുവട്ടം വന്നത്.

അഗ്രവാളിന്റെ അഭിനിവേശം കാണുന്നതുവരെ അദ്ദേഹം കബീറിന്റെ ശിഷ്യനാണെന്ന് എനിക്കറിയില്ലായിരുന്നു. അന്ന് കാപ്പി കഴിക്കുന്നതിനിടെ, കവിയെ ഒരു മുസ്ലിം നെയ്ത്തുകാരൻ മാത്രമായി കാണാൻ പാശ്ചാത്യപണ്ഡിതർ ശ്രമിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഏതെങ്കിലും തരത്തിലുള്ള ബ്രാഹ്മണ സ്വാധീനത്തിൽനിന്ന് അകറ്റാനും ശ്രമിച്ചിരുന്നു. അതേസമയം, കബീറിന്റെ ആരാധകരും ശിഷ്യരും അവരുടെ സ്വന്തം താത്‌പര്യാർഥം അദ്ദേഹത്തെ 'മതപര'മാക്കാതെ 'ആത്മീയ'മാക്കാൻ കഠിനാധ്വാനം ചെയ്തു. സാഹിത്യോത്സവ പുസ്തകശാലയിൽനിന്ന് അന്നുതന്നെ കബീറിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകം ഞാൻ വാങ്ങി. പക്ഷേ, അതിലെ ഹിന്ദി കുറച്ചു കട്ടികൂടിയതായിരുന്നു. എന്നെപ്പോലുള്ള ഒരു ഇംഗ്ലീഷ് വായനക്കാരനുവേണ്ടി ആ പുസ്തകം തർജമചെയ്യാനോ വീണ്ടും എഴുതാനോ അദ്ദേഹത്തോട് ഞാൻ അപേക്ഷിച്ചു. പാശ്ചാത്യ രീതിശാസ്ത്രങ്ങൾവെച്ച് ഇന്ത്യയെ സമീപിക്കുന്നതിനെ പാശ്ചാത്യപണ്ഡിതരെ എത്രകാലം നമുക്ക് വിമർശിക്കാനാകും? നമ്മൾ ഇന്ത്യക്കാർ തീർച്ചയായും ഇന്ത്യൻ രീതിശാസ്ത്രങ്ങൾ ആഗോളതലത്തിൽ പങ്കുവെക്കണം. അതിനോട് അദ്ദേഹം യോജിച്ചു.

പ്രചോദനം ഒരു കാര്യവും നിർവഹണം മറ്റൊരു കാര്യവുമാണ്. ഈ കൈയെഴുത്തുപ്രതി സുഖകരമായൊരു വഴിമാറ്റത്തിനൊടുവിൽ ഏറെ സമയമെടുത്തു, തയ്യാറായി വരാൻ. അദ്ദേഹത്തിന്റെ 'പദ്മാവത്' എന്ന പുസ്തകവും എന്നെ പ്രചോദിപ്പിച്ചിട്ടുള്ളതും എനിക്ക് അവതരിപ്പിക്കാനും വരയ്ക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ളതുമാണ്. 'കബീർ കബീർ' എന്നത് ഹിന്ദി പുസ്തകത്തിന്റെ തർജമയല്ല. ഇതൊരു പുതിയ കൃതിയാണ്. കബീറും ഭക്തിയുമായുള്ള അദ്ദേഹത്തിന്റെ നിരന്തര സമ്പർക്കത്തിന്റെയും അതിന്റെ ആനുകാലിക പ്രസക്തിയുടെയും അനന്തരഫലമാണ് ഈ പുസ്തകം.

പണ്ഡിതർ പൊതുജനവുമായി ഇടപഴകാത്തൊരു കാലത്താണ് നാം ജീവിക്കുന്നത്. ഇടപഴകുന്നവരെയാകട്ടെ, രാഷ്ട്രീയക്കാർ ആക്ഷേപിക്കുകയും ചെയ്യും. കാരണം, അവരുടെ കൃതികൾ പ്രചാരവേലകളെ വെല്ലുവിളിക്കുന്നതായിരിക്കും. ആളുകൾ മതങ്ങളെക്കുറിച്ചു പഠിക്കുകയും എന്നാൽ, ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്നു വ്യതിചലിക്കാതിരിക്കാൻ തങ്ങൾ മതാധിഷ്ഠിതരല്ലെന്നു സമർഥിക്കുകയും ചെയ്യുന്ന കാലവും കൂടിയാണിത്. മതപരമായ ഐതിഹ്യങ്ങൾ അവരുടെ വിശ്വാസങ്ങളെ പ്രാദേശികവത്‌കരിക്കുന്നതോടൊപ്പം ധാരണകളെ ഭീതിദമെന്നോണം നിശിതമായി പരിശോധിക്കുകയും ചെയ്യുന്നു. പക്ഷേ, ഇതുപോലൊരു പുസ്തകം, മികച്ച പണ്ഡിതരുടെ കൃതികൾ ആസ്വദിക്കാൻ സാധാരണ വായനക്കാരന് അവസരമൊരുക്കുന്നു. ചരിത്ര, രാഷ്ട്രീയ, സാഹിത്യ വസ്തുതകളുടെ വളച്ചൊടിക്കലും ആത്മീയാശയങ്ങളുടെ വിളക്കിച്ചേർക്കലും കബീറിന്റെ മുഴുവൻ ചരിത്രവുമെല്ലാം അതിലുൾച്ചേർന്നിരിക്കുന്നു. ഇന്ത്യൻ രീതിശാസ്ത്രമായും മസാലാ രീതിയായും ഞാനിതിനെ വിശേഷിപ്പിക്കും. ഇതിൽ എല്ലാ രുചിഭേദങ്ങളും ഒരേസമയം ഉൾച്ചേരുകയും ഒറ്റയ്ക്കും കൂട്ടായുമുള്ള ഉൾക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

കബീർ ഒരു ചരിത്രബിംബമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ആശയങ്ങൾ ഭൗതികമല്ല, മറിച്ച് ദാർശനികമാണ്. അതുകൊണ്ടുതന്നെ ബിംബാത്മകവുമാണ്. അദ്ദേഹം വിശ്വസിച്ചത് എല്ലാവരുടെയും ഉള്ളിലുള്ള സാർവലൗകികമായ ഈശ്വരാംശമായ ആത്മാവിലാണ്. അതാണ് അദ്ദേഹം അന്വേഷിച്ചതും പങ്കുവെക്കുന്നതും. വിശുദ്ധമായ ഈ സംഗതി അളക്കാവുന്നതാണോ? അല്ലേയല്ല. അതുകൊണ്ടുതന്നെ അത് ശാസ്ത്രത്തിന്റെ പരിധിക്കു പുറത്താണ്. പക്ഷേ, അതൊരു വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമെന്നത് ലിംഗഭേദംപോലെ, നീതിപോലെ, തുല്യതപോലെ രൂപകല്പന ചെയ്യപ്പെട്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ, 'വസ്തുതകളും സങ്കല്പങ്ങളു'മെന്ന ദ്വിമാനത്തെ നമുക്ക് മറികടക്കേണ്ടതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആശയങ്ങളെ സ്വീകരിക്കേണ്ടതുമുണ്ട്. ഇവിടെ നമുക്ക് വസ്തുതകൾക്കും (എല്ലാവരുടെയും ശരി) സങ്കല്പങ്ങൾക്കും (ആരുടെയും ശരിയല്ല) ഇടയിലുള്ള ബിംബങ്ങളുടെ ലോകത്തെ (ആരുടെയെങ്കിലും ശരി) തിരിച്ചറിയേണ്ടതുണ്ട്. കബീറിന്റെ ശരികൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കവിതകളെ അന്വേഷിക്കുന്നവരെയും സംബന്ധിച്ച് യാഥാർഥ്യമായിരുന്നു. ആ അന്വേഷണങ്ങളിലെ വിശുദ്ധത നമ്മെ നല്ല മനുഷ്യരാക്കും. നമ്മുടെ ഉള്ളിനെ പ്രശാന്തവും ആർദ്രവുമാക്കും. നീതിയും തുല്യതയുമൊക്കെപ്പോലുള്ള ആശയങ്ങൾ നമുക്കുചുറ്റുമുള്ള സമൂഹത്തെ പ്രശാന്തവും ആർദ്രവുമാക്കുന്നതുപോലെയാണത്. ഒരാൾക്കും മറ്റൊരാളില്ലാതെ നിലനിൽക്കാനാവില്ല. നയംകൊണ്ടുമാത്രം സ്വർഗം പണിയാനാവില്ല. കവിതയ്ക്കും സ്വന്തം നിലയ്ക്ക് അതു സാധ്യമല്ല.

വേദങ്ങളിൽ ദൈവികതയെ 'ബ്രാഹ്മൺ' എന്നു വിളിക്കുന്നു. അലങ്കാരം എന്ന പദത്തിന്റെ അർഥംപോലെ അതും പിടിതരാത്തതാണ്. മുസ്ലിങ്ങൾക്കിടയിൽ രൂപമില്ലാതെയും ഹിന്ദുക്കൾക്കിടയിൽ കൊത്തുപണികളാൽ അലംകൃതമാക്കിയ ചിത്രവിധാനത്തോടെയുമുള്ള ദൈവങ്ങളായി മതം പുറമേനിന്ന് പണിതുയരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യോഗാത്മക ദർശനങ്ങൾ ആത്മാവായി ഉള്ളിൽനിന്നാണ് ഉടലെടുക്കുന്നത്. അത് ഇവിടെയും അവിടെയും എല്ലായിടത്തുമായി സന്നിഹിതമായിരിക്കും. അന്തർലീനമായ ഈ ദൈവികത തേടുന്നതിനിടയിൽ, പുറമേയുള്ള മതരൂപങ്ങൾക്കോ പ്രകടനങ്ങൾക്കോ ഒരു വിലയുമില്ലെന്ന് കബീർ മനസ്സിലാക്കി. അത് അദ്ദേഹത്തെ മതവിരുദ്ധനോ മതനിരപേക്ഷനോ ആക്കി മാറ്റിയോ? ഒരു യോഗിക്ക് മതനിരപേക്ഷനാവാൻ പറ്റുമോ? കബീറിന്റെ യോഗദർശനങ്ങളെ ഇസ്ലാമോ ഉപനിഷത്തുക്കളോ സ്വാധീനിച്ചിട്ടുണ്ടോ? അദ്ദേഹം ഹിന്ദുവായിരുന്നോ, അതോ മുസ്ലിമോ? എന്തെല്ലാമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്? അദ്ദേഹത്തിന്റെ ജാതി ഏതായിരുന്നു? വർഗപരമായ വിഷയങ്ങളെ അദ്ദേഹം എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത്? അദ്ദേഹം വിവാഹിതനായിരുന്നോ? അദ്ദേഹത്തിന് കുട്ടികളോ ശിഷ്യരോ അദ്ദേഹത്തിന്റെ പാരമ്പര്യത്തിലുള്ള അനന്തരാവകാശികളോ ഉണ്ടായിരുന്നോ? ഇത്തരത്തിലുള്ള പഠനസംബന്ധമോ രാഷ്ട്രീയമായതോ ആയ ചോദ്യങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമിടയ്ക്ക്, ഉള്ളിലുള്ള ദൈവികത ശ്രദ്ധയിൽപ്പെടാതെ പോവുകയോ ബോധപൂർവം അവഗണിക്കപ്പെടുകയോ ചെയ്യുന്നു.

ഭക്തിയോ ദൈവികതയോടുള്ള വൈകാരിക പ്രതികരണമോ ഒക്കെ മിക്ക മതങ്ങളുടെയും ഭാഗമാണ്. ഇത് പ്രതിഫലിപ്പിക്കപ്പെടുന്നത് അനുഷ്ഠാനങ്ങളിലൂടെയും ആരാധനാ സൂക്തങ്ങളിലൂടെയുമൊക്കെയാണ്. വേദകാലഘട്ടത്തിൽ, സോമയാഗങ്ങളിലൊക്കെ പങ്കെടുക്കാനും തിരിച്ചുപോകുന്നതിനു മുമ്പായി അനുഗ്രഹം ചൊരിയാനുമായി ദൈവങ്ങളെ യജ്ഞത്തിലൂടെയാണ് ക്ഷണിച്ചുകൊണ്ടിരുന്നത്. വൈകാരികത, അനുഷ്ഠാനങ്ങളോട് ഇഴചേർന്നു കിടക്കുന്നതാണ്. വൈകാരികതയില്ലാതെ ഇത് മുന്നോട്ടുകൊണ്ടുപോകാനാവില്ല. അല്ലെങ്കിൽ നിങ്ങളൊരു യന്ത്രമായിരിക്കണം. മഹാഭാരതത്തിൽ 'ഭക്തി' എന്ന പദം സ്പഷ്ടമായി പറയുന്നത് ഭഗവദ്ഗീതയിലാണ്. യുദ്ധത്തിനു തൊട്ടുമുമ്പ്, അർജുനന്റെ ധർമസങ്കടം പരിഹരിക്കാനുള്ള മാർഗമായി കൃഷ്ണൻ ഭക്തിയോഗം നിർദേശിക്കുന്നു. യുദ്ധത്തിനുശേഷം, ആ വാക്കുകൾ ആവർത്തിക്കാൻ അർജുനൻ ആവശ്യപ്പെട്ടപ്പോൾ കൃഷ്ണൻ സംസാരിച്ചത് തന്റെ സംഭാഷണത്തിലെ ധൈഷണികവും നിർവഹണപരവുമായ വശങ്ങളെക്കുറിച്ചാണ്, ജ്ഞാനത്തെയും കർമയോഗത്തെയും യോഗത്തെയും കുറിച്ചാണ്. മറിച്ച്, വൈകാരികതയെക്കുറിച്ചല്ല. യോദ്ധാക്കളെ സംബന്ധിച്ച് ഭക്തിയെന്നത് അഭയംതേടാനുള്ള അവസാന അത്താണി മാത്രമാണ്.

എട്ടാംനൂറ്റാണ്ടിലെ വേദാന്ത പണ്ഡിതനായിരുന്ന ആദിശങ്കരനും ഭക്തിയെന്നത് അത്ര ഇഷ്ടമുള്ള സംഗതിയായിരുന്നില്ല. അദ്ദേഹം വെല്ലുവിളിച്ചിട്ടുള്ള ബുദ്ധിസ്റ്റുകളെപ്പോലെ ആദിശങ്കരനും ദൈവികതയിലേക്ക് ധൈഷണിക പാതയാണ് സ്വീകരിച്ചത്. നമുക്കെല്ലാമറിയുന്നതുപോലെ ഭക്തി ദക്ഷിണേന്ത്യയിലാണ് ഉയർന്നുവന്നത്. ക്ഷേത്ര പാരമ്പര്യവുമായി അത് അത്രമേൽ ബന്ധപ്പെട്ടുകിടക്കുന്നു. ആൾവാർമാരും നായനാർമാരും വിഷ്ണുവിനെയും ശിവനെയും കുറിച്ച് ഉത്‌കടമായി പാടി. പക്ഷേ, അവരുടെ വിഷ്ണുവും ശിവനും ക്ഷേത്രങ്ങളിൽ കുടിയിരുത്തപ്പെട്ടു. അവയ്ക്ക് ഭൂമിശാസ്ത്രപരമായ സ്ഥാനവുമുണ്ടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ, രാമാനുജൻ വേദാന്തത്തെ ഭക്തിയുമായി ബന്ധിപ്പിച്ചു. അത് ക്ഷേത്രങ്ങളിലെ മൂർത്തരൂപങ്ങളുള്ള ദൈവങ്ങളോടുള്ള ഭക്തിയെ(സഗുണഭക്തി), പഴയ യജ്ഞവിദ്യാലയങ്ങളിലെ രൂപങ്ങളില്ലാത്ത ദൈവങ്ങളോടുള്ള ഭക്തിയെക്കാൾ (നിർഗുണഭക്തി) പ്രബലമാക്കി.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് ഇസ്ലാമിന്റെ കടന്നുവരവോടെ നിർഗുണഭക്തി സഗുണഭക്തിയെക്കാൾ ശക്തിപ്രാപിച്ചു. സ്വാഭാവികമായും പിന്നീടുള്ള നൂറ്റാണ്ടുകൾ കണ്ടത്, കബീറിനെയും നാനാക്കിനെയുംപോലുള്ള യോഗികളായ കവികളുടെ ഉദയമായിരുന്നു. ദൈവത്തിന് രൂപമില്ലെന്നും അവയെ സ്ഥലത്തിനോ സമയത്തിനോ ഒതുക്കിനിർത്താനാവില്ലെന്നും പറഞ്ഞവരാണവർ. വായ്ത്താരികളെക്കാൾ വിശുദ്ധ ഗ്രന്ഥങ്ങൾക്ക് പ്രാധാന്യം കൈവരുന്നത് നമ്മളും കണ്ടതാണ്. രാമചരിത മാനസത്തിന്റെ സൃഷ്ടിയും ഗ്രന്ഥസാഹിബിന്റെ സമാഹരണവുംമുതൽ മുസ്ലിം രാജാക്കന്മാർ ഖുർആനു നൽകിയിരുന്ന പ്രാധാന്യംവരെ നമ്മൾ കണ്ടു. പക്ഷേ, ഹൈന്ദവക്ഷേത്രങ്ങൾ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരുന്നു. കവിയും സന്ന്യാസിയുമായ ധ്യാനേശ്വരനെയും ബാലറാം ദാസനെയും അന്നമാചാര്യയെയും പോലുള്ളവർ കൃഷ്ണഭക്തിയെക്കുറിച്ച് അഭിനിവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. വിഠാല, ജഗന്നാഥ്, വെങ്കിടേശ്വര എന്നീ നിലകളിൽ അവരുടെ സ്വദേശങ്ങളായ പാന്തർപുർ, പുരി, തിരുപ്പതി എന്നിവിടങ്ങളിൽ കുടിയിരുത്തി.

പുതിയ മധ്യേഷ്യൻ ഭരണകർത്താക്കൾ വിഗ്രഹാരാധനയ്ക്കും ബഹുദൈവ വാദത്തിനും എതിരായിരുന്നു. ഒരു ദൈവത്തിൽ മാത്രമായിരുന്നു അവരുടെ വിശ്വാസം. പക്ഷേ, ഈ ദൈവം ബിംബങ്ങൾക്കു പുറത്തായിരുന്നില്ല, മറിച്ച്, ജനങ്ങൾക്കു പുറത്തായിരുന്നു. മനുഷ്യർക്കുള്ളിലെ ദൈവികത എന്ന സൂഫി ആശയം ഇവിടെ പൈതൃകമായി ഉള്ളതായിരുന്നു. പരമ്പരാഗത മുസ്ലിം പുരോഹിതരെ സംബന്ധിച്ച് സംഗീതത്തെയും ചിത്രരചനയെയും നാടകത്തെയും പോലുള്ള സർഗാത്മകപ്രവൃത്തികൾ പൈതൃകമായി കിട്ടിയതായിരുന്നു. ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയിൽ അവ പുരോഗതിക്കു ശ്രമിച്ചിരുന്നു. ഹിന്ദുക്കളും സംഗീതത്തെയും ചിത്രരചനയെയും നാടകത്തെയും ശില്പകലയെയും സ്നേഹിച്ചിരുന്നു. അവരും ശരീരത്തിനുള്ളിലെ ദൈവികതയായ ജീവാത്മാവ്, ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബത്തിലുള്ള അദൃശ്യ ദൈവമായ പരമാത്മാവ് എന്നീ ആശയങ്ങളിൽ തൃപ്തരായിരുന്നു. പക്ഷേ, ശരീരവും അതിന്റെ ലിംഗഭേദവും ജാതിയും ഇച്ഛകളുമെല്ലാം ഇതിനു മങ്ങലേൽപ്പിക്കുന്നതായിരുന്നു. എല്ലാ ശരീരങ്ങൾക്കും ഹൈന്ദവക്ഷേത്രങ്ങളിൽ കയറാനുള്ള വിശുദ്ധിയുള്ളതായി കണക്കാക്കിയിരുന്നില്ല. ആദിശങ്കരൻ ഒരിക്കൽ, താഴ്ന്ന ജാതിക്കാരനായ ചണ്ഡാളനോട് തന്റെ വഴിയിൽനിന്നു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ആത്മാവിനെക്കാൾ ശരീരത്തിനു പ്രാധാന്യം നൽകുന്നതെന്ന് ആ ചണ്ഡാളന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ചണ്ഡാളന്റെ വിവേകത്തെ മാനിച്ചെങ്കിലും ആദിശങ്കരൻ ജാതിവ്യവസ്ഥയെ തള്ളിപ്പറഞ്ഞില്ല. അത് ഇന്ത്യൻ സമൂഹത്തിൽ വ്യാപിക്കുകതന്നെ ചെയ്തു. ആശ്രമജീവിതം നയിച്ചകാലത്ത് ആദിശങ്കരൻ ബുദ്ധഭിക്ഷുക്കളും ജൈന മുനിമാരും നാഥ് യോഗികളും പോലുള്ള സന്ന്യാസിമാർക്ക് ഗൃഹസ്ഥന്മാരെക്കാൾ പ്രാധാന്യം നൽകി.

രാഷ്ട്രീയക്കാരെ സംബന്ധിച്ച് മതം എന്നത് എപ്പോഴും അധികാരത്തിലേക്കുള്ള വഴിയാണ്. കച്ചവടക്കാരെ സംബന്ധിച്ച് മതം എപ്പോഴും വരുമാനത്തിനുള്ള വഴിയാണ്. അന്വേഷിക്ക് മതം എപ്പോഴും ജ്ഞാനത്തിലേക്കുള്ള വഴികാട്ടിയാണ്. അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നു. അത് തുടർന്നും അങ്ങനെത്തന്നെയായിരിക്കും. കബീർ സമാനമായി ഒരു സാഹിത്യബിംബംകൂടിയായിരിക്കും. രാഷ്ട്രീയവും യോഗാത്മകവുമായ ബിംബംകൂടിയാണ്. അദ്ദേഹത്തിന്റെ രാമൻ ഒരുപോലെ ജ്ഞാനത്തിന്റെ പ്രകാശവും ഗംഗാസമതലത്തിലെ പൊതു അഭിവാദ്യ സൂചകവും ഹിന്ദുത്വചിഹ്നവുമായിരിക്കും. എല്ലാവരുടെയും ശരികൾ വ്യത്യസ്തമാണ്. നമ്മുടെ ശരികൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കുന്നത് നമ്മുടെ കുറവുകൾ മറ്റുള്ളവർക്കു ചാർത്തിക്കൊടുക്കാനാണ്. ലോകവും ഭക്തിയും ദൈവികതയും എങ്ങനെയാണെന്നോ എങ്ങനെയായിരിക്കണമെന്നോ വിലപിക്കുന്നതിനു പകരം ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന രണ്ടു കബീർമാരെയും ആസ്വദിക്കുക. അത് നമ്മെ ചിലത് ഓർമിപ്പിക്കുന്നു:

അനന്തമായ മിത്തുകളിൽ അനശ്വരമായൊരു സത്യമുണ്ട്

അതെല്ലാം ആരു കാണുന്നു?

വരുണന് പക്ഷേ, ആയിരം കണ്ണുകളുണ്ട്

ഇന്ദ്രന് നൂറ്

എനിക്കും നിനക്കും രണ്ടുമാത്രം.

Content Highlights : Article by Devduth Patnaik translated by Santhosh Vasudev