സ്ത്രീകൾ പുരുഷന്മാരേക്കാൾ ശ്രേഷ്ഠരല്ല മറിച്ച് തുല്യരാണെന്ന വിശ്വാസമാണ് ഫെമിനിസത്തിന്റെ അടിസ്ഥാനം. കാലഹരണപ്പെട്ട വിശ്വാസങ്ങൾ ഇന്നും കാലത്തിന്റേതായ മോടിയിൽ പൊതിഞ്ഞ് സൂക്ഷിച്ചുകൊണ്ട് പുരുഷന്മാരെ ശ്രേഷ്ഠരായ പ്രതിഷ്ഠിച്ചിരിക്കുന്ന വർത്തമാനലോകത്ത് ലിംഗപരമായ സന്തുലിതാവസ്ഥയാണ് ഫെമിനിസ്റ്റുകൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നത്. സാഹിത്യം വളരെയധികം പങ്കുവഹിച്ചിരിക്കുന്നു ഈ ഉദ്യമത്തിൽ. തീർച്ചയായും വായിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട സ്ത്രീപക്ഷ എഴുത്തുകളെക്കുറിച്ചും എഴുത്തുകാരികളെക്കുറിച്ചും വായിക്കാം.

ഷിമാംന്റ ഗോസി അഡിഷീ

ലോകമൊട്ടാകെ ആഘോഷിക്കപ്പെടുന്ന എഴുത്തുകളുടെ സ്രഷ്ടാവാണ് നൈജീരിയൻ എഴുത്തുകാരിയായ ഷിമാംന്റ. 'നമ്മളെല്ലാവരും തീർച്ചയായും ഫെമിനിസ്റ്റുകളായിരിക്കണം' എന്ന എഴുത്തുകാരിയുടെ പ്രഖ്യാപനമാണ് അവരെ ഔന്നത്യത്തിലെത്തിച്ചത്. സ്ത്രീജീവിതങ്ങളെക്കുറിച്ചുള്ള അവരുടെ ലേഖനത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. നോവൽ, നോവലിതര വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ഷിമാംന്റ. എല്ലാ കൃതികളിലും ലിംഗസമത്വത്തിന്റെ ആവശ്യകതയ്ക്കാണ് അവർ ഊന്നൽ നൽകിയിരിക്കുന്നത്.

കരോളിൻ ക്രിയാഡോ പെറേസ്

ബ്രിട്ടീഷ് ബാങ്ക്നോട്ടുകളിൽ ജെയ്ൻ ഓസ്റ്റിൻ ഇടം നേടിയത് മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ കരോളിൻ ക്രിയാഡോ പെറേസിന്റെ ഒറ്റയാൾ പ്രയത്നം കൊണ്ടാണ്. പാർലമെന്റ് സ്ക്വയറിൽ ജെയ്ൻ ഓസ്റ്റിൻ പ്രതിമ സ്ഥാപിച്ചതും ഇവരുടെ ഇടപെടൽ കൊണ്ടാണ്. 'ഇൻവിസിബിൾ വിമൻ: എക്സ്പോസിങ് ഡാറ്റ ബയസ് ഇൻ എ വേൾഡ് ഡിസൈൻഡ് ഓഫ് മെൻ' എന്ന വിഖ്യാതകൃതിയുടെ രചയിതാവാണ് കരോളിൻ. ലോകം സ്ത്രീകളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പരിഗണിച്ചുകൊണ്ടല്ല ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത,മറിച്ച് പുരുഷവാഞ്ഛകളുടെ അധികപറ്റുമാത്രമാണ് സ്ത്രീകളുടെ ആവശ്യങ്ങൾ എന്ന പൊതുകാഴ്ചപ്പാടിനെ പൊളിച്ചെഴുതുകയാണ് കരോളിൻ ഈ പുസ്തകത്തിൽ.

മഹാശ്വേതാദേവി

ബഷായി ടുടു, ദ്രൗപദി,ഹജാർ ചുരാഷിർ മാ, രുദാലി, അരന്യർ അധികാർ തുടങ്ങിയ എഴുത്തുകളിലൂടെ ഇന്ത്യൻ സ്ത്രീപക്ഷരചനകളെ വിശ്വസാഹിത്യത്തിന്റെ നെറുകയിലേക്ക് ഉയർത്തിയ ബംഗാളി എഴുത്തുകാരിയാണ് മഹാശ്വേതാ ദേവി. ഇന്ത്യൻ ആദിവാസി ഗോത്രവിഭാഗക്കാരുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി എഴുത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആരാധ്യയായിത്തീർന്ന വ്യക്തിത്വത്തിനുടമയായിരുന്നു മഹാശ്വേതാ ദേവി.

സിമോൺ ദ ബുവേ
വിശ്വവിഖ്യാതയായ ഫ്രഞ്ച് ഫെമിനിസ്റ്റ്, ജീവചരിത്രകാരി, നോവലിസ്റ്റ്, ലേഖിക, സാമൂഹ്യനിരീക്ഷക, തത്വചിനിതക എന്നീ നിലകളിൽ പ്രസിദ്ധ. ദ സെക്കന്റെ് സെക്സ് എന്ന കൃതി ലോകഫെമിസ്റ്റ് ചിന്തകളുടെ ബൈബിൾ ആയി കണക്കാക്കപ്പെടുന്നു. ഷി കെയിം റ്റു സ്റ്റേ, ദ മൻഡാരിൻസ് എന്നിവയാണ് പ്രധാനപ്പെട്ട നോവലുകൾ.

പണ്ഡിത രമാബായ്
സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രവർത്തിച്ചിരുന്ന പണ്ഡിത രമാബായ് സരസ്വതി ജീവിച്ചിരുന്നത് 1858- 1922 കാലഘട്ടത്തിലാണ്. കൽക്കട്ടാ സർവകലാശാലയിൽ നിന്നും ആദ്യത്തെ പണ്ഡിത പട്ടം നേടുന്ന വനിതയാണ് രമാബായ്. സംസ്കൃതത്തിലാണ് അവർ പാണ്ഡിത്യം നേടിയിരുന്നത്. സരസ്വതി എന്ന ബഹുമാനപദവും രമാബായിക്ക് സ്വന്തം പേരിനൊപ്പം ചാർത്തി നൽകിയത് കൽക്കത്താ സർവകലാശാലയാണ്. 'ദ ഹൈ കാസ്റ്റ് ഹിന്ദു വിമൻ' എന്ന പുസ്തകം രചിച്ച രമാബായ് വരേണ്യവർഗക്കാരികൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെയും അസഹിഷ്ണുതയുടെയും അനുഭവങ്ങളാണ് പറഞ്ഞുവെക്കുന്നത്.

നിവേദിതാ മേനോൻ
ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രൊഫസറായി അധ്യാപനജീവിതം, ഫെമിനിസവും രാഷ്ട്രീയവും മുഖ്യവിഷയങ്ങളായിട്ടുള്ള പുസ്തകങ്ങളുടെ എഡിറ്റർ, വ്യക്തവും ദൃഢവുമായ അഭിപ്രായപ്രകടനങ്ങളിലൂടെ ഭരണാധികാരികളുടെ വായടപ്പിക്കുന്ന ബുദ്ധിമതി, തുടങ്ങിയ വിശേഷണങ്ങളാണ് നിവേദിതാ മേനോനെ വേറിട്ട വ്യക്തിത്വമാക്കി നിർത്തുന്നത്. വർത്താനകാല രാഷ്ട്രീയ ഇടങ്ങളിലെ ജൻഡർ പൊളിറ്റിക്സ് ഏതുതരത്തിലുള്ളതാണെന്ന് നിവേദിത തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും വ്യക്തമാക്കുന്നുണ്ട്.

ഗ്ലോറിയാ മേരി സ്റ്റെയ്നം
പ്രശസ്തയായ അമേരിക്കൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമാണ് സ്റ്റെയ്നം. സ്വയം ഒരു റാഡിക്കൽ ഫെമിനിസ്റ്റായി പ്രഖ്യാപിക്കുകയും സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതിയവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകമാനം ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു ഇവർ. 'ഞാനെങ്ങനെ ഒരു ഫെമിനിസ്റ്റായി' എന്ന ഓർമക്കുറിപ്പാണ് അവരെ പ്രശസ്തയാക്കിയത്.

Content Highlights: Article About Most celebrated Feminist Writers