ബുക്കര്‍ സമ്മാനത്തിന്റെ അന്‍പതാം വര്‍ഷമാണ് 2018. 1969 മുതല്‍ കഴിഞ്ഞകൊല്ലം വരെ ആകെ നാല് ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും 'വിലപിടിച്ച' പുസ്തകസമ്മാനം നേടിയിട്ടുള്ളത്. 1981-ല്‍ സല്‍മാന്‍ റുഷ്ദി, 1997-ല്‍ അരുന്ധതി റോയ്, 2006-ല്‍ കിരണ്‍ ദേശായ്, ഒടുവില്‍ 2008-ല്‍ അരവിന്ദ് അഡിഗ. ഇതില്‍ റുഷ്ദിയും അരുന്ധതി റോയിയും അനേകം മറ്റു പുസ്തകങ്ങള്‍ എഴുതുകയും വിവാദങ്ങളുടെ നടുവിലായി പൊതുജനശ്രദ്ധയില്‍ നിന്നുപോരുകയും ചെയ്യുന്നുണ്ട്. കിരണ്‍ ദേശായ് ബുക്കറിനു ശേഷം കാര്യമായി ഒന്നും എഴുതിയിട്ടില്ല എന്നു മാത്രമല്ല, വാര്‍ത്തകളില്‍ അങ്ങനെ നിറയാറുമില്ല. 

അരവിന്ദ് അഡിഗയുടെ കാര്യം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. കഴിഞ്ഞ പത്ത് കൊല്ലത്തിനുള്ളില്‍ അദ്ദേഹം ബുക്കര്‍ സമ്മാനിതമായ 'ദ വൈറ്റ് ടൈഗര്‍' കൂടാതെ ശ്രദ്ധേയമായ മൂന്നു പുസ്തകങ്ങള്‍ എഴുതി. സ്വതന്ത്ര പത്രപ്രവര്‍ത്തകനായി മുംബൈ നഗരത്തില്‍  പ്രവര്‍ത്തിച്ചുപോരുകയും ഇടയ്ക്കിടെ വിവിധ മാസികകളിലും പത്രങ്ങളിലും മറ്റും കാലികമായ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നു.

മംഗലാപുരത്തുകാരായ ഡോക്ടര്‍ മാധവ അഡിഗയുടെയും ഉഷ അഡിഗയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനായി 1974-ല്‍ ജനിച്ച അരവിന്ദിന്റെ ആദ്യകാല വിദ്യാഭ്യാസം മംഗലാപുരത്തെ വിഖ്യാതമായ സ്ഥാപനങ്ങളില്‍ത്തന്നെയായിരുന്നു. എണ്‍പതുകളിലെ മംഗലാപുരം നഗരനാട്യങ്ങള്‍ തീരെ ഇല്ലാത്ത ഒരു  തീരദേശ പട്ടണമായിരുന്നു. പുസ്തകങ്ങള്‍ വാങ്ങുന്നത് ചെലവുള്ള കാര്യമായതു കൊണ്ട് അന്നാട്ടില്‍ ധാരാളമായുണ്ടായിരുന്ന വായനശാലകളില്‍ അംഗത്വമെടുത്ത്, ഒപ്പമുള്ള പലരെയും പോലെ കിട്ടാവുന്ന ഇംഗ്ലീഷ് പുസ്തകങ്ങളൊക്കെ അരവിന്ദ് വായിച്ചുകൂട്ടി.

ഹാര്‍ഡി ബോയ്‌സ്, അലിസ്റ്റര്‍ മക്ലീന്‍, അഗത ക്രിസ്റ്റി, തുടങ്ങിയവരില്‍നിന്ന് ചെന്നെത്തിയത് പ്രീസ്റ്റലി, ഷാ, സോമെര്‍സെറ്റ് മോം, ചെസ്റ്റെര്‍ട്ടന്‍ തുടങ്ങിയവരുടെ അതുല്യമായ ഗദ്യത്തിലായിരുന്നു. കൂടാതെ, ലോകനിലവാരത്തിലുള്ള ഇംഗ്ലീഷ് ആനുകാലികങ്ങളും ശക്തമായ എഴുത്തിന്റെ വക്താക്കളായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും എണ്‍പതുകളുടെ ഭാഗവും ഭാഗ്യവുമായിരുന്നു. 

പത്താംക്ലാസ് പരീക്ഷയില്‍ കര്‍ണാടക സംസ്ഥാനത്ത് അരവിന്ദ് ഒന്നാം റാങ്ക് നേടിയപ്പോള്‍ അച്ഛന്റെയും മുത്തച്ഛന്റെയും വഴി അവന്‍ പിന്തുടരും എന്നുതന്നെയാവും എല്ലാരും കരുതിയത്. പക്ഷേ, വിധി കാത്തുവച്ചിരുന്നത് മറ്റൊന്നായിരുന്നു. പതിനഞ്ചാം വയസ്സില്‍ അമ്മ കാന്‍സര്‍ വന്നു മരിച്ചപ്പോള്‍ അച്ഛന്‍ മക്കളെയും കൂട്ടി ഓസ്‌ട്രേലിയയിലേക്ക് ചേക്കേറി. അവിടെ സ്‌കൂള്‍ പഠനം മുഴുമിപ്പിച്ച അരവിന്ദ് അതുകഴിഞ്ഞ് കൊളംബിയ, ഓക്‌സ്ഫഡ് സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. പ്രിന്‍സ്റ്റനില്‍ ഗവേഷണത്തിന് ചേര്‍ന്നെങ്കിലും തീരുമാനം മാറ്റി 'ഫിനാന്‍ഷ്യല്‍ ടൈംസി'ല്‍  ജേണലിസ്റ്റായി. പിന്നീട് 'ടൈം മാസിക'യുടെ തെക്കേ ഏഷ്യന്‍ ലേഖകനായി. 
 
പഴയ വായനയുടെ കരുത്തും, പുതിയ എഴുത്തിന്റെ കാഴ്ചപ്പാടും ലോകത്ത് നടക്കുന്ന പലതിനെയും വസ്തുനിഷ്ടമായി കാണാനും വിശകലനം ചെയ്യാനും അരവിന്ദിനെ പഠിപ്പിച്ചു കാണണം. 'വൈറ്റ് ടൈഗര്‍' വിളിച്ചുപറയുന്ന ഇന്ത്യയുടെ അപ്രിയസത്യങ്ങള്‍ ഒരുപാടുപേരെ അസ്വസ്ഥമാക്കിയെങ്കിലും മുപ്പത്തിമൂന്നാം വയസ്സില്‍ അത് എഴുത്തുകാരന്റെ കൈകളില്‍ 'ബുക്കര്‍' എന്ന ഭാഗ്യം എത്തിച്ചു. 

ഒരു ഉള്‍നാടന്‍ ദരിദ്രഗ്രാമത്തില്‍ നിന്നു വന്ന ബല്‍റാം ഹല്‍വായി എന്ന ഡ്രൈവര്‍ ഏഴുദിവസം കൊണ്ട് ദില്ലി നഗരത്തിന്റെ കഥ എക്‌സ്‌റേ കണ്ണുകളോടെ നിശിതമായി പറയുകയാണിവിടെ. ബലറാം ചൈനീസ് പ്രീമിയറിനു എഴുതുന്ന എഴുത്തില്‍ പറയുന്ന വിശേഷങ്ങളായാണ് ഈ നോവലിന്റെ ആഖ്യാനം. കാശുള്ളവന്റെ നഗരജീവിതം മദ്ധ്യവര്‍ത്തികള്‍ പോലും കാണാത്ത കഥകളായി ബല്‍റാം പറഞ്ഞു വച്ചപ്പോള്‍ ഒരുപാട് പുരികങ്ങള്‍ ചുളിഞ്ഞു എന്നതില്‍ അതിശയമില്ല. അവാര്‍ഡ് നേടുക മാത്രമല്ല, പല ലക്ഷം കോപ്പി വിറ്റുപോയ ബെസ്റ്റ് സെല്ലര്‍ പുസ്തകമായി 'ദ വൈറ്റ് ടൈഗര്‍'.

2009-ല്‍ പുറത്ത് വന്ന അരവിന്ദിന്റെ അടുത്ത പുസ്തകം 'ബിറ്റ്വീന്‍ അസാസിനേഷന്‍സ്' പറയുന്നത്  ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തിലെ ഒരു തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരദേശ പട്ടണത്തിലെ ജീവിതമാണ്. ഏതാണ്ട് രണ്ടുലക്ഷത്തില്‍ താഴെ ജനസംഖ്യ വരുന്ന 'കിട്ടൂര്‍' എന്ന പട്ടണത്തില്‍ വ്യക്തിതലത്തിലേക്ക്  ചെന്നെത്തുന്ന വര്‍ഗസമരങ്ങള്‍, മാറുന്ന കാലം ചെറുതും അറിയപ്പെടാത്തതുമായ ജീവിതങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളും അവയുടെ പ്രത്യാഘാതങ്ങളും തോറ്റുകൊണ്ടിരിക്കുന്നവന്റെയും വിഗ്രഹഭഞ്ജകന്റെയും വിഷമവൃത്തങ്ങള്‍ എന്നിവ പേറുന്ന മനോഹരമായ കുറച്ചു കഥകള്‍ കോര്‍ത്തിണക്കിയ പുസ്തകം. 

ഇത് വാസ്തവത്തില്‍ വൈറ്റ് ടൈഗറിന് മുന്നേ എഴുതിയതാണ്. പ്രസിദ്ധീകരിച്ചത് പിന്നീടാണ് എന്നുമാത്രം. 2011-ല്‍ ഇറങ്ങിയ 'ലാസ്റ്റ് മാന്‍ ഇന്‍ ടവര്‍' എന്ന അടുത്ത പുസ്തകത്തിന്റെ പശ്ചാത്തലം മുംബൈ നഗരവും അവിടത്തെ റിയല്‍ എസ്റ്റേറ്റ് നാടകങ്ങളുമാണ്. നഗരത്തിലെ ഇടിഞ്ഞുവീഴാറായ ഒരു 'സൊസൈറ്റി' ഒരു ബില്‍ഡര്‍ അതിലെ താമസക്കാര്‍ക്ക് മോഹവില വാഗ്ദാനം ചെയ്തു വാങ്ങാന്‍ ശ്രമിക്കുന്നു. ഒരാള്‍ ഒഴിച്ച് ബാക്കി എല്ലാവരും ഇതിനു സമ്മതിക്കുന്നു. 

മധ്യവര്‍ത്തികളുടെ ജീവിതം, അവരില്‍ ചിലരുടെ ദുരാഗ്രഹവും മറ്റു ചിലരുടെ ധാര്‍മികതയും തമ്മിലുള്ള സംഘര്‍ഷം, സ്വന്തം ഇടങ്ങള്‍ നിലനിര്‍ത്താനുള്ള മനുഷ്യന്റെ എന്നും തോല്‍ക്കുന്ന പടയോട്ടം തുടങ്ങിയവ യോഗേഷ് മൂര്‍ത്തി എന്ന പെന്‍ഷന്‍ പറ്റിയ അധ്യാപകനിലൂടെ കൃത്യമായി വരച്ചുവയ്ക്കുന്നുണ്ട് അരവിന്ദ്. ഒപ്പം മറ്റൊരു മഹാനഗരത്തിന്റെ എല്ലാ വശങ്ങളും. 

2017-ല്‍ പ്രസിദ്ധീകരിച്ച അരവിന്ദിന്റെ ഏറ്റവും പുതിയ പുസ്തകമായ 'സെലക്ഷന്‍ ഡേ' പറയുന്നത് ക്രിക്കറ്റിന്റെയും അഴിമതിയുടെയും കഥയാണ്. കര്‍ണാടകയില്‍ നിന്ന് മുംബൈയ്ക്ക് കുടിയേറിയ സഹോദരങ്ങളായ മഞ്ജുവും രാധയും ക്രിക്കറ്റ് ഭ്രാന്തനായ അവരുടെ അച്ഛനും അച്ഛന്റെ അവരെപ്രതിയുള്ള ക്രിക്കറ്റ് മോഹങ്ങളും അതിനിടയില്‍ ഞെരുങ്ങുന്ന അവര്‍ തമ്മിലുള്ള ബന്ധവും അവരുടെ ജീവിതവും ലൈംഗികതയും തുടങ്ങിയവ പ്രമേയമാക്കുന്ന ഈ നോവല്‍ അമ്മയില്ലാതെ വളരുന്ന ആണ്‍കുട്ടികളുടെ ജീവിതം മൃദുലമായി തൊട്ടുപോകുന്നുണ്ട്. ഒപ്പം സ്വവര്‍ഗ ലൈംഗികത എന്ന വിഷയവും.

Content Highlights : The White Tiger, Between the Assassinations, Last Man in Tower, Selection Day, aravind adiga