'മറ്റുള്ളവര്‍ സാഹിത്യസൗധത്തിന്റെ ഭിത്തികളില്‍ ചിത്രപ്പണികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഈ സ്ഥപതിമൂര്‍ധന്യന്‍ അതിന്റെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ച് അതിന് ശാശ്വതപ്രതിഷ്ഠ നല്‍കി കേരളീയരെ ആകമാനം അനുഗ്രഹിച്ചു'. മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ ഇങ്ങനെ കുറിച്ചത് മലയാളഭാഷയുടെ പാണിനി എ.ആര്‍.രാജരാജവര്‍മ്മയെക്കുറിച്ചായിരുന്നു. കൈരളിയുടെ വൈയാകരണനായ എ.ആറിന്റെ ജന്മവാര്‍ഷികമാണ് ഫെബ്രുവരി 20.
സര്‍ക്കാര്‍ വിദ്യാലയത്തില്‍ രാജവംശക്കാര്‍ക്കായുള്ള പ്രത്യേക ഇരിപ്പിടം ഉപേക്ഷിച്ച് മറ്റുള്ളവര്‍ക്കൊപ്പം ഇരുന്നും ബന്ധുജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ ജോലി നേടിയും സംസ്‌കൃത പാഠശാലയില്‍ അബ്രാഹ്മണര്‍ക്ക് പ്രവേശനത്തിനായി ശുപാര്‍ശ ചെയ്തും എ.ആര്‍. മലയാളത്തെ പുരോഗമനവഴിയിലേക്ക് നയിച്ചു. മലയവിലാസം, ഭാഷാ കുമാരസംഭവം, കേരളപാണിനീയം തുടങ്ങി സംസ്‌കൃതത്തിലും മലയാളത്തിലുമായി 43 കൃതികള്‍ എ.ആറിന്റെതായിട്ടുണ്ട്. ഭാഷാഭൂഷണം, ശബ്ദശോധിനി, വൃത്തമഞ്ജരി, നളചരിതവ്യാഖ്യാനം, പ്രഥമ വ്യാകരണം, മധ്യമ വ്യാകരണം തുടങ്ങി ഭാഷാപഠിതാക്കള്‍ക്കായി എ.ആറിന്റെ സംഭാവനകള്‍ നിരവധി. മഹാരാജാസ് കോളേജിലെ ആദ്യ ഭാരതീയ പ്രിന്‍സിപ്പലും എ.ആര്‍.രാജരാജവര്‍മ്മതന്നെ.
കേരള വൈയാകരണകാരന്‍, കേരളപാണിനി, അഭിനവ പാണിനി സാഹിത്യകാരന്‍ നിരൂപകന്‍, കവി, ഉപന്യാസകാരന്‍, സര്‍വകലാശാലാ അധ്യാപകന്‍ എന്നീ നിലകളില്‍ കൈരളിയുടെ പ്രതിഭാധനനായിരുന്നു എ ആര്‍ രാജരാജവര്‍മ്മ. അദ്ദേഹത്തിന്റെ ഓമനപ്പേര് 'കൊച്ചപ്പന്‍' എന്നായിരുന്നു. കിടങ്ങൂര്‍ ഓണന്തുരുത്തി പാറ്റിയാല്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെയും മാതൃസഹോദരീപുത്രിയായ ഭരണിതിരുനാള്‍ കുഞ്ഞിക്കാവ് അമ്മത്തമ്പുരാട്ടിയുടെയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തില്‍ 1863 ഫെബ്രുവരി 20ന് അദ്ദേഹം ജനിക്കുകയും 1918 ജൂണ്‍ 18ന് മരണപ്പടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മലയാള ഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകള്‍ എന്നിവയ്ക്ക് എ ആര്‍ നിയതമായ രൂപരേഖകളുണ്ടാക്കി.
സംസ്‌കൃത വൈയാകരണനായ അദ്ദേഹം അഷ്ടാധ്യായി ഉള്‍പ്പെടുന്ന പാണിനീസുക്തങ്ങളിലൂടെ സംസ്‌കൃത വ്യാകരണത്തിന് ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ നിര്‍വചിച്ചതിനു സമാനമായി 'കേരള പാണിനീയം' എന്ന മലയാള വ്യാകരണഗ്രന്ഥം രചിച്ചു. 1894ല്‍ സംസകൃതമഹാപാഠശാലയിലെ പ്രിന്‍സിപ്പാളായി നിയമിതനായി. അഞ്ചു വര്‍ഷത്തിനുശേഷം തിരുവനന്തപുരം മഹാരാജാസ് കോളജ് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) നാട്ടുഭാഷാ സൂപ്രണ്ടായി. അദ്ദേഹം കോളജുകളില്‍ ഭാഷാസംബന്ധമായി ക്ലാസുകള്‍ എടുക്കാനായി തയാറാക്കിയ കുറിപ്പുകളില്‍ നിന്നാണ് ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യ സാഹ്യം തുടങ്ങിയ കൃതികള്‍ മലയാളത്തിന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് സംസ്‌കതദ്രാവിഡ ഭാഷകളുടെ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുകയുണ്ടായി.
Content Highlights: AR Raja Raja Varma birth anniversary