നൂറ്റിഇരുപത്തഞ്ച് വർഷം മുമ്പുളള ഒരു ഏപ്രിൽ മൂന്നിനാണ് ലോകപ്രശസ്ത എഴുത്തുകാരനായ ഓസ്കർ വൈൽഡിന്റെ വിചാരണ ആരംഭിക്കുന്നത്. കുറ്റം സ്വവർഗരതിയല്ലാതെ മറ്റൊന്നുമല്ലായിരുന്നു! അസാന്മാർഗികതയാരോപിച്ചുകൊണ്ട് തന്റെ മേൽ കുറ്റം ചാർത്തപ്പെട്ടപ്പോൾ അതിനെ സധൈര്യം നേരിടാനാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ നാടകകൃത്തും കവിയും ജനപ്രിയനുമായ ഓസ്കർ വൈൽഡ് തീരുമാനിച്ചത്. സ്വവർഗരതി വിക്ടോറിയൻ ഇംഗ്ളണ്ട് പാപമായി കണ്ടിരുന്ന കാലത്താണ് അദ്ദേഹത്തിന് ഒരു ബ്രിട്ടീഷ് യുവപ്രഭുവുമായി ഉണ്ടായിരുന്ന രഹസ്യബന്ധം നാട്ടിൽ പാട്ടാവുന്നത്.

ഡബ്ളിനിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തുതന്നെ കവിതകളെഴുതി സെലിബ്രിറ്റിയായി മാറിയ ഓസ്കർ വൈൽഡ് പിന്നീട് ഓക്സ്‌ഫഡിൽ തന്റെ പഠനം തുടരുകയും 1890 കളുടെ തുടക്കത്തിൽ ലണ്ടനിൽ ഏറ്റവും പ്രശസ്തരായ നാടകകൃത്തുക്കളിൽ ഒരാളായി മാറുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ഏറെ പ്രശസ്തമാക്കിയ നാടകങ്ങളിലൊന്നായിരുന്നു ദ ഇംപോർട്ടൻസ് ഓഫ് ബീയിംഗ് ഏണസ്റ്റ്. ദ പിക്ചർ ഓഫ് ഡോറിയൻ ഗ്രേ എന്ന പ്രശസ്തമായ നോവലും അദ്ദേഹത്തിന്റെതാണ്.

കലയിലെയും സാഹിത്യത്തിലെയും സൗന്ദര്യങ്ങളെ വിശകലനം ചെയ്യുന്ന പ്രസ്ഥാനമായ ഈസ്തറ്റിക് മൂവ്മെൻഡ് വൈൽഡിന്റെ കൂടി സംഭാവനയാണ്. അക്കാലത്തെ വിക്ടോറിയൻ ഫാഷനായ വർണാഭമായ വെൽവെറ്റ് വസ്ത്രങ്ങളും നീണ്ടമുടിയുമൊക്കെ അദ്ദേഹത്തിന്റെ ചാരുതയായിരുന്നു.

ഇനി വിചാരണയിലേക്കു വരാം. തന്റെ സ്വവർഗലൈംഗികത പരമാവധി രഹസ്യമാക്കിയായിരുന്നു വൈൽഡ് സൂക്ഷിച്ചിരുന്നത്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായിരുന്നു വൈൽഡ്. 1891-ലാണ് തന്റെ പതിനാറ് വയസിനിളപ്പമുള്ള ആൽഫ്രഡ് ഡഗ്ളാസ് പ്രഭുവുമായി ബന്ധത്തിലാവുന്നത്. യുവകവിയും ധനികനുമായിരുന്ന ഡഗ്ളാസുമായുള്ള ബന്ധം കണ്ടുപിടിച്ചത് ക്വീൻസ്ബറിയുടെ അധിപനായിരുന്ന യുവകവിയുടെ പിതാവ് തന്നെയായിരുന്നു. സ്വവർഗരതി ഒരു ക്രമിനൽ കുറ്റമായി 1960 വരെ ബ്രിട്ടനിൽ നിലനിന്നിരുന്നതിനാൽ വൈൽഡ് ഒരു കുറ്റവാളിയായി മാറി. വൈൽഡിന്റെ ലൈംഗികതയെക്കുറിച്ചറിയാവുന്ന സുഹൃത്തുക്കൾ അദ്ദേഹത്തെ ഫ്രാൻസിലേക്കു പലായനം ചെയ്യാൻ നിർബന്ധിച്ചു. ഫ്രഞ്ച് വിപ്ളവത്തിന് ശേഷം ഫ്രാൻസിൽ സ്വവർഗരതി കുറ്റവിമുക്തമാക്കിയിരുന്നു. മർക്കേസിന്റെ നടപടിയ്ക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കാൻ വൈൽഡും തീരുമാനിച്ചു.

അങ്ങനെ ഏപ്രിൽ മൂന്നിന് വിചാരണയാരംഭിച്ചു. ഇംഗ്ളണ്ടിലെ സെൻട്രൽ ക്രിമിനൽ കോടതിയിലാണ് വിചാരണ നടന്നത്. വൈൽഡിനെ സംബന്ധിച്ചിടത്തോളം വിചാരണ വളരെ മോശമായിരുന്നു. ക്വീൻസ്ബറിയുടെ അധിപൻ ആരോപിച്ച ഹോമോസെക്ഷ്വാലിറ്റിയെ നിഷേധിക്കാൻ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അത് കൊണ്ടുതന്നെ മാനനഷ്ടത്തിന് സ്കോപ്പില്ലാതായി. പ്രഭുവിന്റെ വാദത്തെ സാധൂകരിക്കാനായി പന്ത്രണ്ട് യുവാക്കളെയാണ് കോടതി വിസ്തരിച്ചത്. വൈൽഡിന്റെ വിവാദ നോവലായ ദ പിക്ചർ ഓഫ് ഡോറിയൻ ഗ്രേയുടെ പ്രമേയത്തെയും കോടതി ചോദ്യം ചെയ്തു. ആൽഫ്രഡ് പ്രഭുവിന്റെ സ്വവർഗരതിചോദന ഉണർത്തുന്നതിനായി ആ നോവലിനെ വൈൽഡ് ദുരുപയോഗം ചെയ്തു എന്നാണ് കോടതി കണ്ടെത്തിയത്. പ്രസ്തുതനോവലിൽ വൃദ്ധനായ ചിത്രകാരൻ ഒരു യുവാവിന്റെ അതിമനോഹരമായ ചിത്രം വരച്ച് അയാളെ തന്നോടാകർഷിപ്പിക്കുന്ന ഒരു വിവരണമുണ്ടായിരുന്നു. തെളിവായി കോടതിയിൽ സമർപ്പിക്കപ്പെട്ടത് നോവലിലെ ഈ ഭാഗവും!

മൂന്നു ദിവസത്തെ വാദപ്രതിവാദത്തിനുശേഷം വൈൽഡിന്റെ അഭിഭാഷകൻ പിൻവാങ്ങി. വൈൽഡിന്റെ വാദത്തിൽ കളങ്കമുണ്ടെന്ന് കണ്ടെത്തിയ കോടതി മതിയായ തെളിവുകളോടെ അദ്ദേഹത്തെ അസാന്മാർഗിക ജീവിത്തതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. പുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധം 1885-ലെ ബ്രിട്ടൻ ക്രിമിനൽ നിയമഭേദഗതിപ്രകാരം ഗ്രോസ് ഇൻഡീസൻസിയായി പ്രഖ്യാപിച്ചിരുന്നു(സ്ത്രീകൾക്കിത് ബാധകമല്ലായിരുന്നു!)

വൈൽഡിനെതിരേ കോടതി തിരിഞ്ഞപ്പോൾ കൂട്ടുകാർ വീണ്ടും അദ്ദേഹത്തെ നാടുവിടാൻ പ്രേരിപ്പിച്ചെങ്കിലും വിചാരണ നേരിടാനായിരുന്നു വൈൽഡിന്റെ തീരുമാനം. അങ്ങനെ 1895 ഏപ്രിൽ ഇരുപത്തിയാറിന് വിചാരണയാരംഭിച്ചു. പ്രഥമ ജാമ്യാപക്ഷാസമയത്ത് വൈൽഡ് സ്ഥിരമായി താമസിക്കാനുണ്ടായിരുന്ന ഹോട്ടലിലെ ജീവനക്കാരെയാണ് വിസ്തരിച്ചത്. നിരവധി യുവാക്കൾ വൈൽഡിന്റെ മുറിയന്വേഷിച്ച് വരാറുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ കിടക്കവിരിയിൽ നിന്നും സ്രവങ്ങളുടെ കറകൾ കണ്ടിട്ടുണ്ടെന്നും ഹൗസ്കീപ്പിംഗ് ജോലിക്കാർ മൊഴി നല്കി. വിചാരണവേളയിൽ ആൽഫ്രഡ് ഡഗ്ളാസിന്റെ കവിതയിലെ വരി കോടതി ഉദ്ധരിച്ചു: the love that dare speak its name(TWO LOVES) സ്വവർഗരതിയുടെ രൂപകമായിട്ടാണ് കോടതി ആ വരിയെ നിർവചിച്ചത്.

കൃത്യമായ ഒരു വിധി നടപ്പാക്കാതെയാണ് കോടതി ആ വിചാരണ അവസാനിപ്പിച്ചത്. മൂന്നാഴ്ചയ്‍ക്കുശേഷം വീണ്ടും വൈൽഡ് വിസ്തരിക്കപ്പെട്ടു. ഇത്തവണ വൈൽഡ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ടുവർഷത്തെ കഠിനാധ്വാനത്തിന് വിധിക്കുകയും ചെയ്തു. ആ 'കുറ്റ'ത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയായിരുന്നു അത്.

1895 മെയ് ഇരുപത്തിയഞ്ചിന് വൈൽഡ് തടവിലാക്കപ്പെട്ടു.ലണ്ടനിലെ പെന്റൺവില്ല ജയിലിലായിരുന്നു ആദ്യത്തെ കുറച്ചുമാസങ്ങൾ. കപ്പലുകളിലെ വിടവുകൾ അടയ്‍ക്കാൻ വേണ്ടി ഉപയോഗശൂന്യമായ കമ്പക്കയറുകൾ അഴിച്ചെടുത്ത് ചകിരിനാരുകൾ വേർതിരിക്കലായിരുന്നു അദ്ദേഹത്തെ ഏൽപിച്ച ജോലി. തടവുകാർ മണിക്കൂറുകളോളം ക്ഷമയോടെ ഇരുന്ന് അധ്വാനിക്കേണ്ട ജോലി. പിന്നീട് ലണ്ടനിലെ റീഡിംഗ് ഗയോളിലായിരുന്നു പണികൊടുത്തത്. 1897-ൽ മോചിതനാവും വരെ ആ ജോലി തുടർന്നു.

തന്റെ ജീവിതത്തിന്റെ അവസാനത്തെ മൂന്നുവർഷമുമ്പ് അദ്ദേഹം ഫ്രാൻസിലേക്ക് പലായനം ചെയ്തു. റീഡിംഗ് ഗയോളിലെ ഗീതങ്ങൾ(The Balald in Reading Gaol) എന്ന അവസാന കൃതിയുടെ പ്രമേയം ആദ്ദേഹത്തിന്റെ ജയിലനുഭവങ്ങളായിരുന്നു. 1900 നവംബർ മുപ്പതിനാണ് തന്റെ നാല്പത്തിയാറാം വയസ്സിൽ ഓസ്കർ വൈൽഡ് അന്തരിക്കുന്നത്. മൃതദേഹം സംസ്കരിച്ചത് ഇംഗ്ളണ്ടിനേക്കാൾ മുന്നേ ലൈംഗികതയെ നിർവചിച്ച ഫ്രാൻസിൽത്തന്നെയായിരുന്നു.

അവലംബം: ഓസ്കർ വൈൽഡ്(1854-1900)ബി.ബി.സി,ഓസ്കർ വൈൽഡ് ഓൺ ട്രയൽ ഫെമിനിസ്റ്റ് തിയറി