എസ്.സി.ആര്‍.ടി യുടെ പന്ത്രണ്ടാംതരം ആന്ത്രോപോളജി പാഠപുസ്തകത്തില്‍  ഡോ. അയിനാപ്പള്ളി അയ്യപ്പന് പകരം കവി എ. അയ്യപ്പന്റെ ചിത്രം തെറ്റായി അച്ചടിച്ചുവന്നത് വാര്‍ത്തയായിരുന്നു. കവി അയ്യപ്പനോളം ഇന്ന് കേരളത്തില്‍ പ്രസിദ്ധനല്ലാത്തത് കൊണ്ടാവാം പല മാധ്യമങ്ങള്‍ക്കും കേരളാ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ എന്ന്  ഡോ. അയ്യപ്പനെ പരിചയപ്പെടുത്തേണ്ടി വന്നത്. വൈസ് ചാന്‍സലര്‍ പദവി കൊണ്ടുമാത്രം ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണോ അദ്ദേഹം?

a ayyappan
ഡോ. എ. അയ്യപ്പന്റെ ചിത്രം തെറ്റായി അച്ചടിച്ച
എസ്.സി.ആര്‍.ടി പാഠപുസ്തകം

ഇന്ത്യയിലെ സംസ്‌കാരങ്ങളെക്കുറിച്ച് പഠിച്ച പണ്ഡിതരുടെ പട്ടികയില്‍ മുന്‍ നിരയിലുള്ള നരവംശശാസ്ത്രജ്ഞനാണ് ഡോ. അയ്യപ്പനെന്ന് പ്രശസ്ത ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞ കാത് ലീന്‍ ഗഫ് അഭിപ്രായപ്പെടുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ബ്രിട്ടീഷ് നരവംശശാസ്ത്ര പാരമ്പര്യത്തിന്റെ കുലപതികളായ ബ്രോണിസ് ലോ മലിനോവ്‌സ്‌കിയുടെയും റെയ്മണ്ട് ഫിര്‍ത്തിന്റെയും വിദ്യാര്‍ത്ഥിയായിരുന്നു അയ്യപ്പന്‍. മദ്രാസ് നരവംശശാസ്ത്ര ബോര്‍ഡ് ചെയര്‍മാന്‍, മദ്രാസ് ഗവണ്‍മെന്റ് മ്യൂസിയത്തിന്റെ ആദ്യ ഇന്ത്യന്‍ ഡയറക്ടര്‍, ഒറീസ്സയിലെ ഉത്കല്‍ സര്‍വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം മേധാവി, പ്ലാനിംഗ് കമ്മീഷന്റെ റിസര്‍ച്ച് പ്രോഗ്രാംസ് കമ്മിറ്റി അംഗം തുടങ്ങി പല താക്കോല്‍ സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടനിലെ റോയല്‍ ആന്ത്രോപോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഫെലോ ആയിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ(സി.ഡി.എസ്) സ്ഥാപകനും ആദ്യത്തെ ചെയര്‍മാനും കൂടിയാണ്. അക്കാഡമിക് മേഖലയിലും ഭരണരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത്രയേറെ ശ്രദ്ധനേടിയ മലയാളികള്‍ ചുരുക്കമാണ്.

പഴയ മദ്രാസ് പ്രൊവിന്‍സിന്റെ ഭാഗമായ മലബാര്‍ ജില്ലയിലെ (ഇന്നത്തെ തൃശൂര്‍ ജില്ല ) മരുത്തയൂര്‍ ദേശത്തുള്ള ( ചാവക്കാട് താലൂക്ക് ) പവറട്ടിയില്‍ 1905 ഫെബ്രുവരി അഞ്ചിനാണ് അയിനാപ്പള്ളി അയ്യപ്പന്‍ ജനിച്ചത്. ഏഴംഗങ്ങളുള്ള, സാമ്പത്തികമായി ഒട്ടും ഭദ്രമല്ലാത്ത ഒരു ഈഴവ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അയ്യപ്പന് പതിനാല് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും പഠനം തുടരാന്‍ നിര്‍ബന്ധിച്ചത് മൂത്ത ജ്യേഷ്ഛനായിരുന്നു. ഐതിഹ്യങ്ങളും നാടോടിക്കഥകളും പറഞ്ഞ്തന്ന് വ്യത്യസ്ത സംസ്‌ക്കാരങ്ങളിലുള്ള തന്റെ അഭിരുചിക്ക് വിത്തിട്ടത് അമ്മയായിരുന്നുവെന്ന് അപൂര്‍ണമായ ആത്മകഥയില്‍ അയ്യപ്പന്‍ ഓര്‍ക്കുന്നുണ്ട്.

ആറാം വയസ്സില്‍ മരുത്തയൂര്‍ പ്രൈമറി സ്‌കൂളില്‍ ചേര്‍ന്ന അയ്യപ്പന്‍ ഡബിള്‍ പ്രമോഷന്‍ നേടിയാണ് പവറട്ടിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെത്തിയത്. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും ശേഷം 1927 ല്‍ മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് സുവോളജിയില്‍ ബി.എ ഓണേഴ്‌സ് ബിരുദവും കരസ്ഥമാക്കി. ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ അയ്യപ്പന്‍ പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധന്‍ ഗില്‍ബര്‍ട്ട് സ്ലാട്ടറുടെ കീഴില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡിപ്ലോമയും നേടിയിരുന്നു. എന്നാല്‍ ബിരുദത്തിനും ഡിപ്ലോമയ്ക്കും കഷ്ടിച്ച് പാസ്സാവാനുള്ള മാര്‍ക്കേ ഉണ്ടായിരുന്നുള്ളു. തേര്‍ഡ് ക്ലാസ് ബിരുദം കൊണ്ട് നല്ലൊരു ജോലി ലഭിക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിന്റെ പരീക്ഷയെഴുതാനായി ഡല്‍ഹിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. പക്ഷെ അവിടെയും നിരാശയായിരുന്നു ഫലം. 

വീട്ടിലെ സാമ്പത്തിക ഞെരുക്കം അയ്യപ്പനെ ഡല്‍ഹിയില്‍ത്തന്നെ മറ്റെന്തെങ്കിലും ജോലി നോക്കാന്‍ നിര്‍ബന്ധിതനാക്കി. അന്നത്തെ പഞ്ചാബിലെ അമ്പാലയില്‍ ഒരു സ്‌കൂളില്‍ ടീച്ചറായി ജോലി ലഭിച്ചെങ്കിലും, സ്‌കൂളിന്റെ ശോചനീയാവസ്ഥയും ജീവിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 1929ല്‍ കല്‍ക്കട്ടയിലെ സുവോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ലഭിച്ചു. അദ്ദേഹത്തിന്റെ അക്കാഡമിക് കരിയര്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. അതേവര്‍ഷം തന്നെ മദ്രാസ് ഗവണ്‍മെന്റ് മ്യൂസിയത്തില്‍ ആന്ത്രോപോളജിക്കല്‍ അസിസ്റ്റന്റ്/ക്യുറേറ്റര്‍ എന്ന തസ്തികയില്‍ നിയമിതനായി.

ഇന്ത്യയിലെ നരവംശശാസ്ത്രത്തിന്റെ വികാസത്തിന് മ്യൂസിയങ്ങളുമായി ഗാഢമായ ബന്ധമുണ്ട്. ജീവശാസ്ത്ര ബിരുദധാരികള്‍ക്ക് നരവംശശാസ്ത്രത്തില്‍ പരിശീലനം നല്‍കിയാണ് അന്ന് മ്യൂസിയങ്ങള്‍ നരവംശശാസ്ത്രജ്ഞരുടെ അഭാവം പരിഹരിച്ചിരുന്നത്. അങ്ങനെയാണ് അയ്യപ്പന്‍ ഹ്യൂമന്‍ അനാട്ടമിയില്‍ ഒരു വര്‍ഷം നീണ്ട പരിശീലനം നേടാനായി മദ്രാസ് മെഡിക്കല്‍ കോളേജിലെത്തുന്നത്. തുടര്‍ന്ന് ബി.എസ് ഗുഹയുടെ കീഴില്‍ ഇന്ത്യന്‍ മ്യൂസിയത്തില്‍ നിന്ന് ഫിസിക്കല്‍ ആന്ത്രോപോളജിയിലും പരിശീലനം നേടി. വ്യത്യസ്ത സംസ്‌കാരങ്ങളുമായി അടുത്തിടപഴകി ജീവശാസ്ത്രപരവും സാംസ്‌കാരികവുമായ വിവരങ്ങള്‍ ശേഖരിക്കുന്ന നരവംശശാസ്ത്രത്തിന്റെ എത്‌നോഗ്രാഫിക് രീതിശാസ്ത്രത്തെ അയ്യപ്പന് പരിചയപ്പെടുത്തുന്നത് ദിവാന്‍ ബഹദൂര്‍ കെ. രങ്കാചാരിയാണ്. സാമ്പത്തികശാസ്ത്രത്തിലും സുവോളജിയിലുമുള്ള പ്രാഗല്‍ഭ്യം അയ്യപ്പനിലെ നരവംശശാസ്ത്രജ്ഞന് ബോണസായി ഭവിച്ചു. 1932 ല്‍ തന്നെ മാതൃഭൂമി ആഴ്ചപതിപ്പിലും മറ്റും അദേഹം നരവംശശാസ്ത്ര സംബന്ധിയായ ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു.

1932ല്‍ തന്നെയാണ് അയ്യപ്പന്റെ നരവംശശാസ്ത്ര കരിയറില്‍ നിര്‍ണായകമായൊരു വഴിത്തിരിവ് സംഭവിക്കുന്നത്. തിരുവിതാംകൂറിലെ വണ്ടിപ്പെരിയാറില്‍ പ്രാചീന കല്ലറകളുടെ ഉല്‍ഖനന കാലത്ത് അദ്ദേഹം ബ്രോണിസ്ലോ മലിനോവ്‌സ്‌കിയുടെ വിഖ്യാത ഗ്രന്ഥമായ 'The Argonouts of Western Pacific' വായിക്കാനിടയായി. 1922ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം മെലനേഷ്യയിലെ ന്യൂഗിനിയന്‍ ദ്വീപസമൂഹത്തിലെ ട്രോബ്രിയന്റ് (Trobriand) ദ്വീപ് നിവാസികളുടെ സംസ്‌കാരത്തെ കുറിച്ചുള്ള സമഗ്രമായ നരവംശശാസ്ത്രപഠനമാണ്. ദ്വീപില്‍ രണ്ടു വര്‍ഷത്തോളം ജീവിച്ച് മലിനോവ്‌സ്‌കി തയ്യാറാക്കിയ പഠനം നരവംശശാസ്ത്ര ചരിത്രത്തില്‍ സമാനതകളില്ലാത്ത രീതിയില്‍ വിപ്ലവം സൃഷ്ടിച്ചിരുന്നു. മലിനോവ്‌സ്‌കിയുടെ നിരീക്ഷണ പാടവവും രചനാവൈഭവവും അയ്യപ്പനെ ആഴത്തില്‍ സ്വാധീനിച്ചു. പുസ്തകത്തെക്കുറിച്ചുള്ള തന്റെ നിരൂപണം അയ്യപ്പന്‍ മലിനോവ്‌സ്‌കിയെ എഴുതിയറിയിച്ചു. നരവംശശാസ്ത്രത്തോടുള്ള അയ്യപ്പന്റെ അഭിനിവേശം തിരിച്ചറിഞ്ഞ മലിനോവ്‌സ്‌കി തന്റെ വിദ്യാര്‍ത്ഥിയായി അദേഹത്തെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സിലേക്ക് (L. S. E) ക്ഷണിച്ചു.

1934ല്‍ Anthropological and Ethnological Sciences ന്റെ ആദ്യ അന്താരാഷ്ട്ര കോണ്‍ഗ്രസ്സ് ലണ്ടനില്‍ സമ്മേളിക്കുന്നുവെന്ന വാര്‍ത്ത അയ്യപ്പന്റെ ഗവേഷണ പഠന സ്വപ്നങ്ങള്‍ക്ക് ഉത്തേജനമായി. ലണ്ടനിലെത്തിയ അയ്യപ്പന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ 'Cross -Cousin and Uncle - Niece Marriages in South India' എന്ന പ്രബന്ധം അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ L.S. E യില്‍ പി.എച്ച്.ഡി അഡ്മിഷന്‍ നേടി. നരവംശശാസ്ത്രത്തില്‍ ബിരുദമില്ലാത്തത് അഡ്മിഷന് വിലങ്ങുതടിയായെങ്കിലും മലിനോവ്‌സ്‌കിയുമായുള്ള ബന്ധം അയ്യപ്പനെ തുണച്ചു. അക്കാഡമിക് ചുമതലകള്‍ക്ക് പുറമേ ഭരണപരമായ ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നതിനാല്‍ മലിനോവ്‌സ്‌കിക്ക് ഗവേഷണ മാര്‍ഗദര്‍ശിയാവാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം റയ്മണ്ട് ഫിര്‍ത്തിന്റെ കീഴില്‍ അയ്യപ്പന്‍ ഗവേഷണം പൂര്‍ത്തിയാക്കി. ലണ്ടനിലെ തന്റെ പഠനകാലം എ.സി. ഹഡ്ഡനെയും സി.ജി. സെലഗ്മനെയും പോലെ ബ്രിട്ടീഷ് നരവംശശാസ്ത്രത്തിന്റെ ഗതി നിര്‍ണയിച്ച പല പണ്ഡിതരോടും സൗഹൃദം സ്ഥാപിക്കാനും റോയല്‍ ആന്ത്രോപോളജിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാനും ലൈബ്രറികള്‍ ഉപയോഗപ്പെടുത്താനും അയ്യപ്പന്‍ വിനിയോഗിച്ചു. മഹാ ശിലായുഗ കാലത്തെ ശവസംസ്‌കാര രീതികളെ വിശകലനം ചെയ്യുന്ന സുദീര്‍ഘ പഠന മുള്‍പ്പെടെയുള്ള പല പ്രധാന പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണ് (Excavation report on rock-cut megalithic buriasl -1933)

dr a aiyappanഗവേഷണം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശേഷം മദ്രാസ് മ്യൂസിയത്തിന്റെ ആദ്യ ഇന്ത്യന്‍ ഡയറക്ടറായി അയ്യപ്പന്‍ നിയമിതനായി. ഇക്കാലം മുതലാണ് അദ്ദേഹീ സാമൂഹ്യ നരവംശശാസ്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈഴവരെ കുറിച്ചും നായാടികളെക്കുറിച്ചുമുള്ള സമഗ്ര പഠനങ്ങള്‍ യഥാക്രമം 1937 ലും 1944 ലും പ്രസിദ്ധീകരിക്കപ്പെട്ടു (Social and Physical Anthropology of the Nayadis of Malabar, Iravas and Cultural change). പൊതു സമൂഹം മനുഷ്യര്‍ എന്ന പരിഗണനപോലും നല്‍കാതെ മാറ്റി നിര്‍ത്തിയ നായാടി വിഭാഗത്തെ പഠിക്കുക എന്നത് ശ്രമകരമായിരുന്നു. ഇന്നത്തെ കോഴിക്കോട് മുതല്‍ എറണാകുളം വരെയുള്ള പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഓരോ നായാടി കുടുംബത്തേയും കണ്ടെത്തി നേരിട്ടു തന്നെ വിവരങ്ങള്‍ ശേഖരിച്ചു. ആദ്യം പ്രബന്ധമായും പിന്നെ പുസ്തകമായും പ്രസിദ്ധീകരിച്ച 'Iravas and Cultural Change ' എന്ന പഠനം ഈഴവ സമുദായത്തിന് കാലാന്തരത്തില്‍ സംഭവിച്ച സാമൂഹിക മാറ്റത്തെ അടയാളപ്പെടുത്തുകയാണ് ചെയ്തത്. അയ്യപ്പന്‍ താനുള്‍പ്പെടുന്ന സമുദായത്തിന്റെ സംസ്‌കാരിക പ0നം എഴുതുന്ന കാലത്ത് ഓട്ടോ-എത്നോഗ്രാഫി എന്ന പ്രയോഗം നരവംശശാസ്ത്രത്തില്‍ പ്രചാരം നേടിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മറ്റൊരു പ്രധാനപ്പെട്ട പുസ്തകം മലയാളത്തിലെഴുതിയ 'ഭാരതപ്പഴമ'യാണ് (മാതൃഭൂമി ബുക്‌സ്, 1962). അന്ന് ലഭ്യമായിരുന്ന പരമാവധി പുരാവസ്തു ഗവേഷണ രേഖകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ഗ്രന്ഥം ഇന്ത്യയിലെ പ്രാചീന സംസ്‌കാരങ്ങളെക്കുറിച്ചുള്ള നരവംശ ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളാള്‍ സമ്പന്നമാണ്.

1947 ന് ശേഷം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേള നല്‍കിയ അദ്ദേഹം ഭരണപരമായ ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. തുടര്‍ന്ന് മ്യൂസിയത്തെ ജനങ്ങളുമായും വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ബന്ധിപ്പിക്കുന്ന പല പദ്ധതികളും ആവിഷ്‌കരിച്ചു. 1951 ല്‍ മദ്രാസ് മ്യൂസിയത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അയ്യപ്പന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ച നാഷണല്‍ ആര്‍ട്ട് ഗാലറി ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ഉദ്ഘാടന പ്രഭാഷണത്തില്‍ മദ്രാസ് മ്യൂസിയത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച മ്യൂസിയമെന്ന് നെഹ്‌റു വിശേഷിപ്പിച്ചത് അയ്യപ്പന് ലഭിച്ച വലിയ അംഗീകാരമാണ്.

1953-54 കാലഘട്ടത്തില്‍ ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ അയ്യപ്പന്‍ വിസിറ്റിംഗ് പ്രൊഫസ്സറായിരുന്നു. ന്യൂയോര്‍ക്കിലെ തന്നെ റോചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'മതങ്ങളുടെ പ്രസക്തി ഇന്ത്യന്‍ സമൂഹത്തില്‍' എന്ന വിഷയത്തില്‍ സംസാരിക്കാനായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. ഈയവസരത്തിലാണ് യൂണിവേഴ്‌സിറ്റി റോചെസ്റ്റര്‍ മ്യൂസിയം അസോസിയേഷന്റെ ഓണററി ഫെല്ലോഷിപ്പ് നല്‍കി അദ്ദേഹത്തെ ആദരിച്ചത്. 1958ല്‍ മ്യൂസിയത്തില്‍ നിന്നും വിരമിച്ച ശേഷം 1966 വരെ ഒറീസ്സയിലെ ഉത്കല്‍ യൂണിവേഴ്‌സിറ്റിയിലും, 1966 മുതല്‍ 1968 വരെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയിലും നരവംശശാസ്ത്ര വിഭാഗം പ്രൊഫസ്സറായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി 1969 ലാണ് അയ്യപ്പന്‍ കേരളത്തില്‍ തിരിച്ചെത്തുന്നത്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വളരെ മൗലികവും നവീനവുമായ കാഴ്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തിയ അദ്ദേഹം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഉടച്ചുവാര്‍ക്കാനുള്ള അവസരമായാണ് തന്റെ പുതിയ പദവിയെ കണ്ടത്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാ ഭരണവ്യവസ്ഥയുടെ ഉദ്യോഗസ്ഥമേധാവിത്വവും കക്ഷിരാഷ്ട്രീയ താത്പര്യങ്ങളും അദ്ദേഹത്തെ നിരാശപ്പെടുത്തി. വൈസ് ചാന്‍സലര്‍ ഒരു 'ഗ്ലോറിഫൈഡ് ക്ലര്‍ക്ക്' മാത്രമാണെന്ന തിരിച്ചറിവാണ് പദവി രാജിവെക്കാന്‍ അച്ഛനെ പ്രേരിപ്പിച്ചതെന്ന് മകള്‍ ശാന്താ ബാലചന്ദ്രന്‍ ഓര്‍മിക്കുന്നുണ്ട്. 1970 ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാമത് ബിരുദദാനച്ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തില്‍ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ വിദ്യാഭ്യാസ മേഖലയില്‍ നവീനമായ പരിഷ്‌കാരങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് അയ്യപ്പന്‍ ഊന്നിപ്പറഞ്ഞു:

'സര്‍വകലാശാലകള്‍ സ്വയം ലക്ഷ്യങ്ങളല്ല, ചില സാമൂഹിക ലക്ഷ്യങ്ങള്‍ക്കു വേണ്ട ഉപകരണങ്ങളാണവ. ആത്യന്തിക വിദൂര ലക്ഷ്യങ്ങള്‍ ഏതു രാജ്യത്തും സമാനങ്ങളാകാം. എന്നാല്‍, അടിയന്തരലക്ഷ്യങ്ങളുടെ കാര്യത്തില്‍ ഊന്നല്‍ ഓരോ രാജ്യത്തും മാറി മാറിയിരിക്കും. നമുക്കു പാശ്ചാത്യ മാതൃകകളുടെ ദുര്‍ബലാനുകരണങ്ങളല്ല വേണ്ടത്. ഇന്ത്യയെ ആധുനികമാക്കുന്നതില്‍ പ്രാമാണികമായ പങ്ക് വിദ്യാഭ്യാസം വഹിക്കണം. ദരിദ്രമായ ഈ രാജ്യത്ത് സമ്പന്നരുടെ ധാരാളിത്തം സാധാരണക്കാരുടെ ദാരിദ്ര്യത്തെ കൂടുതല്‍ കറുപ്പിച്ചുകാട്ടുന്ന ഇവിടെ എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമ്പത്തിക സാമൂഹിക വികസനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കണം - സര്‍വകലാശാലകള്‍ അതിലും വിശേഷിച്ചും.' (മാതൃഭൂമി ദിനപത്രം, 1970 നവംബര്‍ 10 ).

വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞ ശേഷം സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യാനായി കേരളാ ഗവണ്‍മെന്റ് സപെഷ്യല്‍ ഓഫീസറായി അയ്യപ്പനെ നിയോഗിച്ചു. കേരളത്തിലെ ആദിവാസിജീവിതത്തെക്കുറിച്ച് ആധികാരികമായി പഠിച്ച അയ്യപ്പന് ഭരണകൂടത്തിന്റെ ആദിവാസികളോടുള്ള സമീപനത്തോട് ശക്തമായ വിയോജിപ്പുകളുണ്ടായിരുന്നു. പട്ടികവര്‍ഗ ശാക്തീകരണത്തിനായി ഒട്ടേറെ പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും ഇവിടെയും ചുവപ്പുനാടകള്‍ വില്ലനായി.

1971 ല്‍ കല്‍ക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ശരത് ചന്ദ്ര റായ് ഗോള്‍ഡ് മെഡല്‍ അദ്ദേഹത്തെ തേടിയെത്തി. പിന്നീട് 1973 ല്‍ യൂണിയന്‍ പ്പാനിംഗ് കമീഷന്റെ സാമൂഹ്യ ക്ഷേമം ലക്ഷ്യമിട്ടുള്ള കമ്മിറ്റിയിലും അംഗമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടാന്‍ തുടങ്ങിയപ്പോഴും ഒരിടത്ത് അടങ്ങിയിരിക്കാന്‍ അയ്യപ്പന്‍ കൂട്ടാക്കിയില്ല. തന്റെ എഴുപത്തി മൂന്നാം വയസ്സിലാണ് ഡല്‍ഹിയില്‍ വെച്ച് നടന്ന ഒമ്പതാമത് അന്താരാഷ്ട്ര ആന്ത്രോപോളജിക്കല്‍ കോണ്‍ഗ്രസ്സില്‍ അധ്യക്ഷത വഹിച്ചത്. 1980 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും സാധ്യമായ രീതിയിലുള്ള എഴുത്തും വായനയും 1988 ജൂണ്‍ 28 ന് മരിക്കുന്നത് വരെ അദ്ദേഹം തുടര്‍ന്നു.

dr a aiyappan
പുസ്തകം വാങ്ങാം

കേരള ചരിത്രത്തില്‍ തുല്യതകളില്ലാത്ത ദാര്‍ശനികനായിരുന്നിട്ടും ഡോ. അയ്യപ്പന്‍ വിസ്മരിക്കപ്പെട്ടു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അയ്യപ്പന്റെ മലയാള ലേഖനങ്ങളുടെ സമാഹാരമായ 'ആയുധപഴമയും നരോത്പത്തിയും' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എഡിറ്ററായ ബാബു സി.ടി. സുനില്‍ ഈ ''മറവിയുടെ രാഷ്ട്രീയം' വിശകലന വിധേയമാക്കുന്നുണ്ട്. കൊളോണിയല്‍ നരവംശശാസ്ത്രം നിഷ്‌കര്‍ഷിച്ചിരുന്ന പരമ്പരാഗത രീതികളില്‍ നിന്ന് മാറി ചിന്തിച്ചത് ബ്രിട്ടീഷ് രാജിന് അയ്യപ്പനെ അപ്രിയനാക്കിമാറ്റിയെന്ന് സുനില്‍ നിരീക്ഷിക്കുന്നുണ്ട്. ദേശീയവാദികളെന്ന് സ്വയം വിശേഷിപ്പിച്ച ബ്രാഹ്മണിക്കല്‍ ചിന്താധാരയോടും അയ്യപ്പന്‍ വ്യക്തമായ അകലം പാലിച്ചിരുന്നു. ഇന്ത്യന്‍ സാമൂഹ്യ ശാസ്ത്രചരിത്രത്തില്‍ അയ്യപ്പന്‍ തിരസ്‌കരിക്കപ്പെട്ടതിന്റെ കാരണമായി ഇത് ചൂണ്ടികാണിക്കപ്പെടുന്നു. അയ്യപ്പന്റെ ജാതി അദ്ദേഹം നേരിട്ട അവഗണനയ്ക്ക് പ്രധാന ഘടകമായി വര്‍ത്തിച്ചുവെന് ടി.ജെ ജിതയും വാദിക്കുന്നുണ്ട് (ജിത, 2010). സമൂഹത്തിന്റെ ഓര്‍മ പ്പിശകുകള്‍ ഒട്ടും നിഷ്‌കളങ്കമല്ലെന്നും അവ ഹെഗിമണിക്കലായ അധികാര ഘടനയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നുമുള്ളതിന്റെ സാക്ഷ്യം കൂടിയാണ് അയിനപ്പള്ളി അയ്യപ്പന്റെ ജീവിതം.

Reference:
Jitha, T. J. (2010). Mapping the Life and Works of Aiyappan.Indian Anthropologist, 21-42.

(ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ആന്ത്രപ്പോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Conten Highlights: Anthropologist Dr A Aiyappan life and works