'ഹിസ്റ്റോയ്ർ ദ്' അഥവാ 'ഓയുടെ കഥ'. ഫ്രഞ്ച് സാഹിത്യത്തിലെ ഏറ്റവും 'മഹത്തായ' ഇറോട്ടിക് നോവലായി കണക്കാക്കപ്പെടുന്ന പുസ്തകം. ബോണ്ടേജ്, ഡിസിപ്ലിൻ, ഡോമിനൻസ്, സബ്മിഷൻ എന്നീ നാല് ലൈംഗിക-വൈകാരിക ഉപാധികളിലൂടെ പെൺകാമനകളെ അടിമയാക്കിവെക്കുന്ന അവസ്ഥയോ വ്യവസ്ഥയോ ആയ ഫീമെയിൽ സബ്മിഷൻ എന്ന കാമാർത്തി പ്രമേയമാക്കി എഴുതപ്പെട്ട, ലോകം മുഴുവൻ കൊണ്ടാടപ്പെട്ട നോവൽ. സെക്സിനായി അടിമപ്പെടേണ്ടി വന്ന, തന്റെ പങ്കാളി താൽക്കാലികനോ, സ്ഥിരപ്പെട്ടവനോ ആകട്ടെ ശരീരവും മനസ്സും മുഴുവൻ സെക്സ് മാത്രമായി മാറ്റപ്പെടുന്ന സ്ത്രീകളെ മുഴുവനായും 'ഓ' എന്ന സുന്ദരിയായ ഫ്രഞ്ച് ഫാഷൻ ഡിസേനറിലൂടെ പ്രതിനിധീകരിച്ചുകൊണ്ടെഴുതിയ കൃതി 1954-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുരുഷന്റെ ലൈംഗിക-വൈകാരിക അടിമയായി, പുരുഷനാൽ ആകർഷിക്കപ്പെടാനായി സ്വകാര്യഭാഗങ്ങളെല്ലാം തന്നെ സ്റ്റീൽ ലോഹങ്ങളാൽ അലങ്കരിച്ച 'ഓ' എന്ന യുവതിയുടെ സ്രഷ്ടാവിനെ തിരഞ്ഞായിരുന്നു പിന്നെ ലോകം മുഴുവൻ ഓടിയത്. 1955-ൽ ഫ്രഞ്ച് സാഹിത്യപുരസ്കാരം 'ഓയുടെ കഥ'യ്ക്ക് പ്രഖ്യാപിക്കപ്പെട്ടു. അതേസമയം തന്നെ അശ്ളീലം പ്രസിദ്ധീകരിച്ചതിന് പ്രസാധകനെതിരെ കേസെടുക്കുകയും ചെയ്തു. കേസ് കോടതിയിലെത്തിയപ്പോൾ അസാധുവായെങ്കിലും കുറച്ചുകാലത്തേക്ക് 'ഓയുടെ കഥ' ആരും വായിക്കേണ്ട എന്ന തീരുമാനത്തോടെ പ്രസാധനവിലക്കേർപ്പെടുത്തി.

ഓയുടെ കഥയിലെന്താണ് ഇത്രയേറെ പ്രശ്നമിരിക്കുന്നത് എന്നാണെങ്കിൽ കഥ ചുരുക്കിപ്പറയാം. പാരീസിലെ ഫാഷൻ ഡിസെനറാണ് അതിസുന്ദരിയായ 'ഓ' എന്ന പെൺകുട്ടി. അവളുടെ കാമുകനാണ് റെനെ. ഫ്രഞ്ച് വരേണ്യവർഗക്കാർ മാത്രം അംഗങ്ങളായുള്ള ഒരു ക്ളബിലെ ആളുകൾക്ക് 'സേവനം' നൽകാനുള്ള പരിശീലനം നൽകാനായി തന്റെ കാമുകിയെയും കൊണ്ട് റെനെ റോയ്സി വരെ പോകുന്നു. ആദ്യഘട്ടപരിശീലനം പൂർത്തിയായപ്പോൾ കമിതാക്കൾ തമ്മിലുള്ള ആത്മാർഥതയും ഉടമ്പടിയും പ്രകാരം നമ്മുടെ ഓ യെ തന്റെ പിതാവിന്റെ ആദ്യഭാര്യയിലെ ഏറ്റവും മൂത്ത മകനായ സർ സ്റ്റീഫന് കൈമാറുകയാണ്. സർ സ്റ്റീഫൻ ആളൊരു മോശം കാരക്ടറാണ്. അതറിഞ്ഞുകൊണ്ടുതന്നെയാണ് ഓ യെ റെനെ അയാൾക്ക് കൈമാറുന്നതും.അതിനു പിന്നിൽ മറ്റൊരു ഉദ്ദേശ്യമുണ്ട്. താൻ ഇഷ്ടപ്പെടാത്ത, ഒരുകാലത്തും സ്നേഹിക്കാൻ സാധ്യതയില്ലാത്ത, തിരിച്ച് അവളെയും ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരാളുടെ പെണ്ണടിമയായി ഓയെക്കൊണ്ട് സേവനം ചെയ്യിക്കണം.

എല്ലാം പരിശീലനത്തിന്റെ ഭാഗമാണ്. പക്ഷേ ട്രെയിനിങ് ഏതാണ്ടവസാനിക്കാറായപ്പോൾ സർ സ്റ്റീഫനോട് ഓയ്ക്ക് വെട്ടിയാൽ മുറിയാത്ത പ്രണയമായി. തിരിച്ച് അയാൾക്കും അങ്ങനെ തന്നെയാണെന്ന് അവൾ വിശ്വസിച്ചു. ഓയുടെ പെണ്ണടിമത്തം കുറച്ചുകൂടി ആത്മാർഥവും ദൃഢവുമുള്ളതുമാക്കാൻ വേണ്ടി സ്റ്റീഫൻ അവളെ അയക്കുന്നതാവട്ടെ ഒരു കൂട്ടം മുതിർന്ന സ്ത്രീകൾ താമസിക്കുന്ന പഴയൊരു വസതിയിലേക്കാണ്. പെണ്ണടിമത്തത്തിന്റെ ഫൈനൽ ട്രെയിനിങ് നൽകുന്നതിവരാണ്. പെണ്ണുങ്ങൾ, പെണ്ണുങ്ങളാൽ ആണുങ്ങളുടെ അധീശത്വത്തിന് വിധേയപ്പെടാൻ പഠിപ്പിച്ചുകൊടുക്കുന്നയിടം എന്നുവേണം വിശദമാക്കിപ്പറയാൻ. അവിടെ നിന്നാണ് ഓ തന്റെ ശരീരത്തെ മുഴുവനായും ആത്മാർഥമായി കാണുന്നത്. തന്റെ ശരീരത്തിലെ ഓരോ അണുവിലെയും സൗന്ദര്യം അവൾക്കു കാണിച്ചു കൊടുക്കുന്നത് ഫീമെയിൽ സബ്മിഷനിൽ പാണ്ഡിത്യം നേടിയ ഈ മുതിർന്ന സ്ത്രീകളാണ്. ഓയ്ക്ക് തന്നോട് തന്നെ ആദരവ് തോന്നിപ്പോയ നിമിഷം. വശ്യമനോഹരമായ തന്റെ സൗന്ദര്യത്തിൽ സ്വയമഭിരമിച്ചു നിൽക്കേ സ്ത്രീകൾ അവളോട് ചോദിക്കുന്നു: 'ഇതിന് കാരണക്കാരനായ സർ സ്റ്റീഫനെ നിന്റെ ആജീവനാന്ത ഉടമയായി കാണാൻ സമ്മതമാണോ?' ഒരു നിലക്കണ്ണാടിയ്ക്ക് സാധിപ്പിച്ചു തരാവുന്നതേയുണ്ടായിരുന്നുള്ളൂ ആ സൗന്ദര്യവെളിപ്പെടുത്തൽ എങ്കിലും ഓയുടെ ശരീരവും മനസ്സും കടപ്പെട്ടത് സ്റ്റീഫനോടായിരുന്നു. അവൾ മുൻപിൻനോക്കാതെ സമ്മതം മൂളി.

ഓയുടെ ഉടമസ്ഥാവകാശം ഇനി മുതൽ സ്റ്റീഫനാണ്. അപ്പോൾ ഇനി അടയാളം വെപ്പ് തുടങ്ങാം. അവളുടെ നിതംബത്തിൽ ആഴ്ന്നിനറങ്ങിയ ചുട്ടുപഴുത്ത സ്റ്റീൽ ലോഹം തീർത്ത മനോഹാരിതയെ പ്രകീർത്തിച്ചുപാടിയാണ് സ്ത്രീകൾ നിതംബാലങ്കരണം നടത്തിയത്. ഇനിയുള്ളത് യോനിയാണ്. ഒരു മോതിരത്തോളം വലിപ്പമുള്ള സ്റ്റീൽ വളയത്താൽ രണ്ട് ലാബിയകളും തമ്മിൽ ബന്ധിപ്പിക്കണം. അതിലൊരു മുത്ത് ഞാന്നു കിടക്കണം. ഇത്രയുമായാൽ സ്റ്റീഫന്റെ പെണ്ണടിമ എക്കാലത്തേക്കും അടയാളപ്പെടുപ്പെട്ടു കഴിഞ്ഞു. ഓ പക്ഷേ എല്ലാം സഹിക്കാൻ തയ്യാറായിരുന്നു.

അതിനിടയിൽ ഓയുടെ ഡീൽ ഉറച്ചു എന്നറിഞ്ഞ റെനെ ഉഗ്രൻ വൈകാരിക പ്രകടനവുമായി വരുന്നുണ്ട്. റെനെയോട് ക്ഷമ ചോദിച്ച് പാവം ഓ
തന്റെ സ്റ്റീഫന് അടിമപ്പെട്ടു. പക്ഷേ റെനെ ആവശ്യപ്പെട്ടത് പ്രത്യുപകാരമായിരുന്നു. റോയ്സിയിലെ വളർന്നുവരുന്ന ഫാഷൻ മോഡലായ ജാക്വലിനെ എങ്ങനെയെങ്കിലും വലയിലാക്കിക്കൊടുക്കണം. മേലാസകലം കാമാർത്തി പതിപ്പിച്ച ചുവന്നപാടുകളുമായി ചങ്ങലയിൽ ബന്ധിക്കപ്പെട്ട നഗ്നയായ ഓയെ കണ്ട ജാക്വിലിൻ പക്ഷേ അലറിക്കരഞ്ഞു. പക്ഷേ തന്റെ സമ്മതപ്രകാരമുള്ള പെണ്ണടിമത്തെ അഭിമാനമായിട്ടായിരുന്നു ഓ കണ്ടത്. അതേസമയം ജാക്വിലിന്റെ ഇളയസഹോദരിയാവട്ടെ ഓയുടെ അവസ്ഥയിൽ അനുരക്തയാവുകയും തന്നെക്കൂടി റോയ്സിയിലേക്ക് കൊണ്ടുപോകാൻ കേണപേക്ഷിക്കുകയും ചെയ്തു.

പൂർണനഗ്നയായി, എന്നാൽ കാമക്കണ്ണുകൾ തിരയുന്നിടം പാതിമറച്ചുകൊണ്ട്, അതിവിശേഷപ്പെട്ട അതിഥികൾക്ക് ഓയെ മാത്രം മതിയെന്ന നിർബന്ധത്തിലേക്ക് നയിക്കാൻ സ്റ്റീഫന് കഴിഞ്ഞു. ഒടുക്കം സ്റ്റീഫന് മതിയായപ്പോൾ അവളുടെ ഉടമസ്ഥാവകാശം തൻെ സുഹൃത്തുമായി പങ്കുവെക്കുകയാണ് അയാൾ ചെയ്തത്.

'ഓയുടെ കഥ' പുറത്തിറങ്ങിയതുമുതൽ ചൂടപ്പം പോല വിറ്റഴിഞ്ഞുകൊണ്ടേയിരുന്നു. ആദ്യപതിപ്പിൽ സ്റ്റീഫൻ അവളെ അവസാനം വഴിയിൽ ഉപേക്ഷിക്കുന്നതായിട്ടായിരുന്നു രചയിതാവ് അവതരിപ്പിച്ചിരുന്നത്. ആ നീക്കത്തിൽ വിയോജിപ്പുമായി വായനക്കാർ ചർച്ചയും സംവാദവും തുടങ്ങിയപ്പോൾ തന്റെ യജമാനനോട് മരിക്കാനനുവദിക്കണം എന്ന അപേക്ഷ ഓ സമർപ്പിക്കുകയും ആത്മഹത്യ ചെയ്യാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു എന്നാക്കി മാറ്റി.

പെണ്ണിനെ ഒരു ലൈംഗിക വസ്തുവാക്കി മാത്രം ചിത്രീകരിച്ചു എന്ന ആരോപണമാണ് ആദ്യം 'ഓയുടെ കഥ'യ്ക്കെതിരേ ഉയർന്നത്. ഓ എന്ന് നായികയ്ക്ക് പേരിട്ടതിനു പിന്നിലെ ദുരൂഹതയെത്തുടർന്നായി പിന്നെയുള്ള ചർച്ച. ഓ എന്നത് ഓഡൈൽ(Odile) എന്ന പദത്തിന്റെ ചുരുക്കമാണെന്നും അതല്ല Object എന്നതിന്റെ സൂചനയാണെന്നും സംവാദങ്ങൾ ചൂടുപിടിച്ചു. O എന്ന അക്ഷരം ഒരു ദ്വാരത്തെ പ്രതീകവൽക്കരിക്കുന്നു എന്നും വാദങ്ങളുയർന്നു. ഇരുപതാം നൂറ്റാണ്ടിലെ ഫെമിനിസത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ഓയുടെ കഥ. അവർ നോവൽ ബഹിഷ്കരിച്ചു, പ്രതിഷേധിച്ചു. സ്ത്രീചൂഷണങ്ങളെ മഹദ് വൽക്കരിക്കുന്നതായി ഫെമിനിസ്റ്റുകൾ ആരോപിച്ചു.

'ഓയുടെ കഥ'യ്ക്കു പിറേകേ ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യസാംസ്കാരിക ലോകം മുഴുവൻ ഓടുമ്പോഴും കൃതിയുടെ സ്രഷ്ടാവ് പൗളിൻ
റീഗ് നിർവികാരതയോടെ ഇരുന്നു. കാരണം ഴാങ് ഴാക്വസ് പൗവേ എന്ന മറ്റൊരു പേരിലും സാഹിത്യത്തിൽ പൊല്ലാപ്പുകൾ ഉണ്ടാക്കുക എന്നതായിരുന്നു രചയിതാവിന്റെ പ്രധാന ജോലി.് ഓയുടെ കഥ എഴുതിയത് ആരാണെന്ന് ഫ്രഞ്ച് എഴുത്തുകാരനും വിമർശകനുമായ ഴാൻ പൗളൻ വെളിപ്പെടുത്തിയത് അതിന്റെ സ്രഷ്ടാവിന്റെ മരണത്തിന് കുറച്ചു വർഷങ്ങൾക്കുമുമ്പാണ്. അദ്ദേഹത്തിന്റെ കാമുകിയും എഴുത്തുകാരിയുമായ ആൻ ഡെസ്ക്ലോസ് ആണ് ഓയുടെ കഥാകാരി. നോവൽ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട് നാൽപത് വർഷം കഴിഞ്ഞാണ് സ്രഷ്ടാവാരെണന്ന് അറിയുന്നത്.

1907 സെപ്തംബർ 23 ന് ഫ്രാൻസിൽ ജനിച്ച ആൻ സിസിൽ ഡെസ്ക്ലോസ് പത്രപ്രവർത്തയും എഴുത്തുകാരിയുമായിരുന്നു. പൗളിൻ റീഗിനെ കൂടാതെ ഡൊമ്നിക് ഓറി എന്ന തൂലികാനാമത്തിലും അവർ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഴാൻ പൗളനുമായി ദീർഘകാലം പ്രണയബന്ധം സൂക്ഷിച്ച എഴുത്തുകാരി അദ്ദേഹത്തിനയച്ച കത്തുകളിൽ നിന്നാണ് 'ഓയുടെ കഥ' എന്ന നോവലിന്റെ പ്രമേയം കണ്ടെത്തുന്നത്. തന്റെ ജീവിതകാലത്തിലുടനീളം ബൈസെക്ഷ്വൽ ഐഡന്റിറ്റി കാത്തുസൂക്ഷിച്ചിരുന്ന എഴുത്തുകാരിക്ക് ഒരു മകനും ഉണ്ടായിരുന്നു. 1998 ഏപ്രിൽ 27 ന് തൊണ്ണൂറാം വയസ്സിലാണ് ആൻ അന്തരിച്ചത്.

ContentHighlights : Anne Desclose Remembering French Writer and Journalist