ഇംഗ്ലീഷില്‍ നോവലും, ചെറുകഥയും, കവിതയും, ലേഖനങ്ങളും എഴുതുന്ന ഇന്ത്യന്‍ സാഹിത്യകാരിയായ അന്‍ജും ഹാസന്‍ ജനിച്ചതും വളര്‍ന്നതും ഷില്ലോങ്ങിലാണ്. അതുകൊണ്ടാവാം അവരുടെ 'ലുണാറ്റിക്ക് ഇന്‍ മൈ ഹെഡ്' എന്ന ആദ്യ നോവലിന്റെ കഥനം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയുടെ മുഖമുദ്രയായ സാവധാനത കൊണ്ട് മുഖരിതമായത്.

അധികമൊന്നും സംഭവിക്കാത്ത ഷില്ലോങ് പോലെയുള്ള ഒരു ചെറുപട്ടണത്തില്‍ എന്തൊക്കെയാണ് സാധാരണ 'സംഭവിക്കുന്നത്'? അവിടെയുള്ളവരുടെ നിത്യജീവിതം എങ്ങനെയാണ്? മൂന്നേമൂന്നു വ്യത്യസ്ത പ്രായങ്ങളിലുള്ള കഥാപാത്രങ്ങളിലൂടെ ഇതൊക്കെ ഭംഗിയായി, ഭാവസാന്ദ്രമായി,വിചാരപൂര്‍ണമായി, മിതഹാസ്യം മേമ്പൊടിയായി ചേര്‍ത്ത ശൈലിയിലൂടെ വരച്ചു കാണിക്കാന്‍ അന്‍ജുമിന് ഈ നോവലിലൂടെ കഴിഞ്ഞു. 

തൊണ്ണൂറുകളില്‍ തുടങ്ങുന്ന കാലഘട്ടമാണ് ഇതില്‍ കഥ നടക്കുന്ന സമയം. പിങ്ക് ഫ്‌ലോയിഡ് സംഗീതം ഇഷ്ടപ്പെടുന്നവര്‍ ഈ പുസ്തകത്തിന്റെ ശീര്‍ഷകം ഇതിനകം തിരിച്ചറിഞ്ഞു കാണും. ആ ബാന്‍ഡിന്റെ പ്രസിദ്ധമായ ബ്രെയിന്‍ ഡാമേജ് എന്ന ഗാനത്തിലെ വരികളാണ് 'ലുണാറ്റിക്ക് ഈസ് ഇന്‍ മൈ ഹെഡ്'.  അന്‍ജുമിന്റെ ആദ്യ നോവലിന് വളരെ നല്ല സ്വീകരണം ലഭിച്ചു. വായനക്കാര്‍ ഈ പുസ്തകം കൊണ്ടാടുകയും, വിമര്‍ശകര്‍ നല്ല അഭിപ്രായം പറയുകയും, അക്കൊല്ലത്തെ ക്രോസ് വേര്‍ഡ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. 

രണ്ടു കൊല്ലം കഴിഞ്ഞ് അന്‍ജും അടുത്ത നോവല്‍ പ്രസിദ്ധീകരിച്ചു. 'നേതി, നേതി', എന്ന് പേരിട്ട ഈ പുസ്തകം പശ്ചാത്തലമാക്കുന്നത് ബെംഗളൂരു നഗരമാണ്. എഴുത്തുകാരി അന്‍ജും ഹാസന്‍ ഷില്ലോങ് വിട്ട് ബെംഗളൂരുവില്‍ താമസമാക്കിയത് പോലെ, ആദ്യ നോവലിലെ സോഫീ ദാസ് എന്ന എട്ടു വയസ്സുകാരിയും ഉദ്യോഗവും സ്വാതന്ത്ര്യവും തേടി െബംഗളൂരു നഗരത്തിലെത്തുന്നു. സോഫിയുടെ കൂട്ടുകാരും അവളും കൂടി ആ നഗരത്തിന്റെ മുഖമുദ്രയായ വേഗജീവിതം തുടിക്കുന്ന പബ്ബുകള്‍, മാളുകള്‍, കാള്‍ സെന്ററുകള്‍, റോക്ക് സംഗീത മേളകള്‍, ധനികരുടെ ഭവനങ്ങള്‍ എന്നിവ ചുറ്റുന്നു. അപ്പോഴും അവര്‍ അന്വേഷിക്കുന്നത് സ്വത്വമാണ്, അംഗീകാരമാണ്.

വന്‍നഗരത്തിലെത്തുന്ന യുവതികളുടെ ജീവിതം പ്രമേയമാക്കുന്ന, അവരുടെ വിഹ്വലതകള്‍ വിശകലനം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നോവലുകളില്‍ ഒന്നായി 'നേതി, നേതി' ശ്ലാഘിക്കപ്പെട്ടു. ഹാസ്യം തുളുമ്പുന്ന ലോകനിരീക്ഷണങ്ങളും, ഒപ്പം ഊഷ്മളതയും, ഇടയ്ക്ക് മുഴച്ചു നില്‍ക്കുന്ന സന്ദേഹങ്ങളും ഒക്കെ ഇഴ ചേര്‍ത്ത് തികച്ചും സന്തുലിതമായ സാഹിതീയ ശൈലിയായിരുന്നു സവിശേഷത. 

മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസ്, ഹിന്ദു ബെസ്റ്റ് ഫിക്ഷന്‍ അവാര്‍ഡ്, ഡി.എസ്.സി  പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചര്‍ തുടങ്ങിയ പ്രമുഖ സാഹിത്യ സമ്മാനങ്ങളുടെ നാമനിര്‍ദ്ദേശപ്പട്ടികയില്‍ ഈ പുസ്തകം ഇടം പിടിച്ചു. അന്‍ജും പിന്നീട് പ്രസിദ്ധീകരിച്ചത് 'ഡിഫിക്കല്‍റ്റ് പ്ലെഷേഴ്‌സ്' എന്ന പേരില്‍ ഒരു കഥാസമാഹാരമാണ്. ഹിന്ദു, ക്രോസ് വേര്‍ഡ് അവാര്‍ഡുകളുടെ ചുരുക്കപ്പട്ടികയില്‍ വന്ന ഈ പുസ്തകത്തിനു ശേഷം 2015-ല്‍ 'ദ കോസ്‌മോപോളിറ്റന്‍സ്' എന്ന നോവല്‍ പുറത്തു വന്നു.

ബെംഗളൂരു നഗരത്തിലെ കലാലോകത്തെ പശ്ചാത്തലമാക്കി എഴുതിയ ഈ നോവല്‍ അമ്പത്തി മൂന്നു വയസ്സുള്ള ഖയെനാത്ത് എന്ന ഏകാകിയും മൃദുമനസ്‌കയുമായ കലാരസികയുടെ ജീവിതം പറയുന്നു. 'ആശയങ്ങളുടെ നോവല്‍' എന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ഈ പുസ്തകം ഇറങ്ങിയ സമയത്ത്, സ്വതവേ അന്തര്‍മുഖിയായ എഴുത്തുകാരി തന്റെ കൂര്‍ഗിലെവീട്ടില്‍ എഴുത്തുകാരനായ ജീവിത പങ്കാളി സാക് ഓയെയുടെ കൂടെ ഏതാണ്ട് ഒളിവില്‍ത്തന്നെ ആയിരുന്നു എന്നു പറയാം.

ആരവങ്ങളില്‍ ചെന്നുപെടാന്‍ പൊതുവേ അന്‍ജും ഇഷ്ടപ്പെടാറില്ല. എന്നാല്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ചില പുസ്തകമേളകള്‍, എഴുതിത്തുടങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള സാഹിത്യ ശില്പശാലകള്‍ എന്നിവയില്‍ സഹകരിക്കാറുണ്ട്. കുറച്ചു കാലമായി കാരവന്‍ മാസികയുടെ ബുക്‌സ് എഡിറ്റര്‍ ആയ അവര്‍ പകുതി സമയം ബെംഗളൂരും, ബാക്കി കൂര്‍ഗിലുമായി എഴുത്തും വായനയുമായി കഴിച്ചുകൂട്ടുകയാണ് പതിവ്.

ബെംഗളൂരെ വീട്ടില്‍ പുസ്തകങ്ങള്‍ മുഴുവന്‍ സൂക്ഷിക്കാന്‍ ഇടം കിട്ടാതെവന്നതോടെയാണ് ഷില്ലോങ്ങിനെ ഓര്‍മിപ്പിക്കുന്ന ജീവിതവേഗം കുറഞ്ഞ ഒരിടം തേടി ഈ ദമ്പതിമാര്‍ കൂര്‍ഗിലെത്തിയത്. കേന്ദ്ര സാഹിത്യ അക്കാദമി 2006-ല്‍ പ്രസിദ്ധീകരിച്ച 'സ്ട്രീറ്റ് ഓണ്‍ ദ ഹില്‍' എന്ന കവിതാ സമാഹാരത്തിലൂടെ സാഹിത്യലോകത്ത് കാലുകുത്തിയ അന്‍ജുമിന്റെ ലേഖനങ്ങള്‍ 'ഗ്രാന്റ്' തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്.

Content Highlites : Anjum hasan, Indian english writer, The cosmopolis, Literatures, Malayalam Literatures, Book, Book news