'ഹിക്കീസ് ബംഗാള്‍ ഗസറ്റ്' ഇന്ത്യയിലെ ആദ്യ പത്രം എന്ന് ജേര്‍ണലിസം ക്ലാസുകളില്‍ പത്രപ്രവര്‍ത്തന ചരിത്രം പഠിക്കുമ്പോള്‍ മനസ്സിരുത്തുന്ന പേര്! 1780-ല്‍ ജെയിംസ് അഗസ്തസ് ഹിക്കി എന്ന വെള്ളക്കാരന്‍ തുടങ്ങിയ പത്രം! രണ്ടേ രണ്ടു കൊല്ലമേ ഈ പത്രം ഇറങ്ങിയുള്ളൂ. അതിനകം അതിന്റെ അച്ചുകൂടമടക്കം പിടിച്ചുകെട്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഹിക്കിയുടെ കച്ചവടം പൂട്ടിച്ചു. 

അതിനു കാരണവുമുണ്ട്... കല്‍ക്കത്തയിലെ അക്കാലത്തെ ഏറ്റം പ്രബലരായ രണ്ടു വ്യക്തികള്‍ക്ക്  നേരെയാണ് ഹിക്കി തൂലികയോങ്ങിയത്: ഒന്ന്  സാക്ഷാല്‍ ഹേസ്റ്റിങ്‌സ് പ്രഭു. രണ്ട്, റവറന്റ് ജോഹാന്‍ സക്കറിയാസ് കിര്‍നാന്‍ഡര്‍. ആദ്യത്തെയാള്‍ ഗവര്‍ണര്‍ ജനറല്‍. രണ്ടാമന്‍ കല്‍ക്കത്തയിലെ ക്രിസ്ത്യന്‍ മിഷന്‍ തലവന്‍. പോരേ പുകില്‍? അതും എജ്ജാതി എഴുത്തെന്നു കൂടി പറഞ്ഞാലേ കഥ മനസ്സിലാകൂ. 

ദൈവ വചനത്തിന്റെ വഴിയിലെ അഴിമതിയില്‍ തുടങ്ങി, അധികാരത്തിലുള്ള ഉന്നതശീര്‍ഷരുടെ സ്വകാര്യമായ ലൈംഗിക പ്രശ്നങ്ങളെക്കുറിച്ചുള്ള അര്‍ത്ഥംവച്ച വാര്‍ത്തകള്‍ വരെ തന്റെ പത്രത്തില്‍ എഴുതാന്‍ ഹിക്കി മുതിര്‍ന്നു. അതിന്റെ ഭവിഷ്യത്ത് അദ്ദേഹം അനുഭവിക്കുകയും ചെയ്തു. 

ഇവര്‍ രണ്ടുപേര്‍ മാത്രമല്ല ഹിക്കിയുടെ ഇരകളായത്. അക്കാലത്തെ പ്രമുഖരായ പലരും ഹിക്കിയുടെ തൂലികയുടെ മൂര്‍ച്ച അറിഞ്ഞു. എന്നുവച്ച് 'ഹിക്കീസ് ബംഗാള്‍ ഗസറ്റ്' മഞ്ഞപ്പത്രമൊന്നും ആയിരുന്നില്ല. 'സെന്‍സേഷണല്‍' ആകുന്നതിനൊപ്പം 'ഹാര്‍ഡ് ന്യൂസ്' കൂട്ടിക്കലര്‍ത്തിയുള്ള ബിസിനസ് മോഡല്‍ ആയിരുന്നു ജെയിംസ് ഹിക്കി പിന്തുടര്‍ന്നിരുന്നത് എന്നു പറയുന്നത് മറ്റാരുമല്ല; കഴിഞ്ഞ മാസം പുറത്തിറങ്ങിയ 'ഹിക്കീസ് ബംഗാള്‍ ഗസറ്റ്, ദി അണ്‍ ടോള്‍ഡ് സ്റ്റോറി ഓഫ് ഇന്ത്യാസ് ഫസ്റ്റ് ന്യൂസ് പേപ്പര്‍' എന്ന കൃതിയുടെ രചയിതാവ് 'ആന്‍ഡ്രൂ ഓട്ടിസ്' തന്നെയാണ്. 

ജെയിംസ് ഹിക്കിയുടെ കല്‍ക്കട്ട ജീവിതത്തിന്റെ ഏടുകള്‍ തിരഞ്ഞുപിടിച്ച് മുന്നൂറ് പേജുള്ള ഈ പുസ്തകം എഴുതാന്‍ ഓട്ടിസ് എടുത്തത് അഞ്ചു കൊല്ലമാണ്. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ ആയി കല്‍ക്കട്ടയിലും ഡല്‍ഹിയിലും ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലെ ഇന്ത്യ ഓഫീസ് വിഭാഗത്തിലുമായി തിരഞ്ഞു കണ്ടുപിടിച്ചെടുത്ത പിന്നാമ്പുറക്കഥകള്‍,  ഇതിനുമുന്നേ ഹിക്കിയുടെ ജീവിതത്തിനെ കുറിച്ച് എഴുതപ്പെട്ട രണ്ടു പുസ്തകങ്ങളിലും ഇല്ല എന്ന്  ഓട്ടിസ് ഉറപ്പിച്ചുപറയുന്നു. അതിനു തെളിവായി ഓട്ടിസ് പറയുന്നത് ഈ പുസ്തകത്തിലേക്ക് എത്തിപ്പെട്ട വഴി ചൂണ്ടിക്കാട്ടിയാണ്. 

റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്ത സമയത്ത് ഓട്ടിസ് അവിടത്തെ ലൈബ്രറിയില്‍ നിന്ന് ഒരു പഴയ പുസ്തകം കണ്ടെടുത്തിരുന്നു. ജെയിംസ് ഹിക്കിയുടെ വക്കീലായിരുന്ന വില്ല്യം ഹിക്കിയുടെ (അതേ, അതും ഹിക്കി, സ്പെല്ലിങ് അല്‍പ്പം വ്യത്യാസം എന്നു മാത്രം) ഓര്‍മക്കുറിപ്പുകളുടെ ഒരു പുനഃപ്രകാശനം. ഈ വക്കീലിന് ബ്രിട്ടീഷുകാര്‍ ലോകത്തെവിടെയുണ്ടോ അവിടെയെല്ലാം 'കക്ഷികള്‍' ഉണ്ടായിരുന്നു. അവരുടെ അനുഭവങ്ങളും സ്ഥലങ്ങളുമൊക്കെ ഓര്‍മക്കുറിപ്പില്‍ വിശദമായി എഴുതിയിരുന്നു. അക്കൂട്ടത്തിലാണ് കല്‍ക്കട്ടയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കൊപ്പം, പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതി ജയിലില്‍ അടയ്ക്കപ്പെട്ട ജെയിംസ് ഹിക്കിയുടെ അനുഭവങ്ങള്‍ വിശദമായി കുറിക്കപ്പെട്ടിരുന്നത്. 

അങ്ങനെ ഇന്ത്യയിലെ ആദ്യ പത്രത്തെക്കുറിച്ച്  വായിക്കാന്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ എത്തിയ ഓട്ടിസിനെ കാത്തിരുന്നത് ആ പത്രത്തിന്റെ പഴയ താളുകളും അതില്‍ ഒളിഞ്ഞിരിക്കുന്ന കഥകളുമായിരുന്നു. 'ഫുള്‍ബ്രൈറ്റ്'  സ്‌കോളര്‍ഷിപ്പ് കിട്ടിയതോടെ ഓട്ടിസിന് കല്‍ക്കട്ടയിലേക്കുള്ള യാത്രയുടെ വഴിയും തെളിഞ്ഞു. അങ്ങനെ ഇവിടെയും നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ ഇതാ ഇന്ത്യയിലെ ആദ്യ പത്രം നേരിട്ട വെല്ലുവിളികള്‍ വിശദമായി അക്കമിട്ടെഴുതുന്ന ഒരു പുസ്തകം... മുന്നൂറോളം പേജുകളിലായി ഹിക്കിയുടെ യാത്രയുടെ ഉയര്‍ച്ചതാഴ്ചകളുടെ വായനാസുഖമുള്ള ആഖ്യാനം... എട്ടു കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ഹിക്കിയുടെ ജീവിത കഥ. നോണ്‍-ഫിക്ഷന്‍ വിഭാഗത്തിലുള്ള പുസ്തകമാണിത്.

ഈസ്റ്റ് ഇന്ത്യ കമ്പനിയെ വിമര്‍ശിച്ചുകൊണ്ട് എഴുതിയതോടെയാണ് ഹിക്കിയുടെ പത്രം ജനപ്രിയമാകുന്നത് എന്ന് ഓട്ടിസ് പറയുന്നു. അതില്‍ എരിവും പുളിയുമുള്ള വാര്‍ത്തകള്‍ക്കൊപ്പം സത്യവും ഉള്ളത് ജനം തിരിച്ചറിഞ്ഞിരുന്നുവത്രേ. എന്നു മാത്രമല്ല, അക്കാലത്ത് ഇത്രയും ധൈര്യമായി പത്രപ്രവര്‍ത്തനം നടത്തിയിരുന്നവര്‍ ചുരുക്കം. 'ജനാധിപത്യം' എന്തെന്നറിയാത്ത കാലത്ത് ഭയക്കാന്‍ ഒരുപാടുണ്ടായിരുന്നല്ലോ. എന്നാല്‍, വ്യക്തികളെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ കൊടുത്തിരുന്നത് ആരുടേയും പേര് പറഞ്ഞേ ആയിരുന്നില്ല. ആളെ തിരിച്ചറിയാവുന്ന രീതിയിലുള്ള ഇരട്ടപ്പേരുകള്‍ ആയിരുന്നു ഹിക്കിയുടെ ആയുധം. അല്ലെങ്കില്‍, നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് പത്രാധിപര്‍ക്ക് നന്നായി അറിയാമായിരുന്നു. ബ്രിട്ടീഷ് ഭരണവര്‍ഗത്തിന്റെയും പള്ളിയുടെയും അഴിമതി ഉറക്കെ വിളിച്ചുപറയാന്‍ ഹിക്കി മടിച്ചിരുന്നില്ല എന്നതും ഓട്ടിസ് ചൂണ്ടിക്കാട്ടുന്നു.

'ഹിക്കീസ് ബംഗാള്‍ ഗസറ്റി'നെക്കുറിച്ച് മുന്‍പ് വന്ന പുസ്തകങ്ങള്‍ ഒന്നുകില്‍ ഇന്ത്യയിലെ ആര്‍ക്കൈവ്സ് അല്ലെങ്കില്‍, ബ്രിട്ടനിലെ ആര്‍ക്കൈവ്സ്  മാത്രം തിരഞ്ഞ് എഴുതപ്പെട്ടവയാണ്. ഇതില്‍ ഒരെണ്ണം എഴുതിയത് കൊല്‍ക്കത്തയുടെ ചരിത്രകാരനായ മലയാളി പി.ടി. നായരാണ്. ഓട്ടിസിന്റെ ഗവേഷണമാകട്ടെ രണ്ടു ഭൂഖണ്ഡങ്ങളിലും ഉള്ള രേഖകള്‍ ചേര്‍ത്തുവച്ച് അല്‍പ്പംകൂടി പൂര്‍ണമായ ഒരു ചിത്രം കുറിച്ചിടുന്നു എന്നു പറയാം. 

Content highlights: andrew otis,Hicky’s Bengal Gazette; The Untold Story of India’s First Newspaper