പോസ്റ്റ് കൊളോണിയല്‍ സിദ്ധാന്തത്തിലും സാഹിത്യത്തിലും സവിശേഷമായ ശ്രദ്ധകൊടുക്കുകയും അഭയാര്‍ഥിയായി ജീവിക്കുകയും അതിന്റെ പീഡകളെ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുകയും ചെയ്ത ഒരു സാഹിത്യകാരനെ ആദരിക്കുന്നതിലൂടെ ഈ നൊബേല്‍പുരസ്‌കാരം രാഷ്ട്രീയമായി കൂടുതല്‍ മൂല്യമുള്ള ഒന്നായിത്തീരുന്നുണ്ട്. പലപ്പോഴും രാഷ്ട്രീയതാത്പര്യങ്ങളുടെ പേരില്‍ പുരസ്‌കാരങ്ങള്‍ വിമര്‍ശിക്കപ്പെടാറുണ്ട്, വിശേഷിച്ചും നൊബേല്‍സമ്മാനങ്ങള്‍. വംശീയകലാപങ്ങളെത്തുടര്‍ന്ന് സ്വന്തം ജന്മദേശമായ ടാന്‍സാനിയയിലെ സാന്‍സിബാര്‍ ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യേണ്ടിവന്ന ഗുര്‍ണ നൊബേല്‍ പുരസ്‌കൃതനാവുമ്പോള്‍ രാഷ്ട്രീയമായി അത് പ്രത്യാശയ്ക്ക് വക നല്‍കുന്നുണ്ട്. 

ഗുര്‍ണയുടെ ഏറ്റവും ശ്രദ്ധേയമായ നോവല്‍ 1994-ല്‍ പുറത്തുവന്ന പാരഡൈസ് ആണ്. മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍, പില്‍ഗ്രിംസ് വേ, ബൈ ദി സീ, ഡിസേര്‍ഷന്‍, ആഫ്റ്റര്‍ ലൈവ്സ് ഉള്‍പ്പെടെ ഗുര്‍ണയുടെ പത്ത് നോവലുകളും അഭയാര്‍ഥിത്വത്തിന്റെ ദുരിതപര്‍വങ്ങളെ ഏറിയും കുറഞ്ഞും ആവിഷ്‌കരിക്കുന്നവയാണ്. 

അബ്ദുള്‍റസാക്ക് ഗുര്‍ണയുടെ കൂടുകള്‍ എന്ന കഥയില്‍, കടല്‍ കാണുമ്പോള്‍ ഉപ്പയുടെ നാടോര്‍മിക്കുന്ന ഒരു കഥാപാത്രമുണ്ട്. ദേശം ഗുര്‍ണയുടെ കഥാപാത്രങ്ങളെ സംബന്ധിച്ച് ഒരു സ്മൃതിഭൂമിക (Memory Landscape) മാത്രമാണ്. ഈ കഥയില്‍ അയാളുടെ പേര് ഹമീദെന്നാണ്- ഉപ്പയും ഉമ്മയും ജന്മദേശവുമെല്ലാം ഉപേക്ഷിക്കേണ്ടിവന്ന, 'ഒന്നുമില്ലായ്മയുടെ നടുവില്‍ കഴിയുന്ന' ഒരാള്‍. പിതാവിന് വീട്ടാനാവാത്ത കടത്തിനുപകരമായി വില്‍ക്കപ്പെടുന്ന യൂസഫാണ് ഗുര്‍ണയുടെ നോവലായ പാരഡൈസിലെ കഥാപാത്രം. ഏറ്റവും പുതിയ നോവലായ ആഫ്റ്റര്‍ ലൈവ്സില്‍ ആ കഥാപാത്രം ഹംസയാണ്. ഗുര്‍ണയുടെ സാഹിത്യത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കും അതുകൊണ്ടുതന്നെ അയാളുടെ സാഹിത്യത്തിന്റെ അടിയടരുകളില്‍ മറഞ്ഞും തെളിഞ്ഞുമിരിക്കുന്ന രാഷ്ട്രശരീരത്തെ കാണാതെ മുന്നോട്ടുപോവാനാവില്ല.

സമകാല ഇന്ത്യയുടെ ഒരു ഛായയുണ്ട് ഗുര്‍ണ ജനിച്ച സാന്‍സിബാര്‍ ദ്വീപിന്. 1963-ലാണ് സാന്‍സിബാര്‍ ബ്രിട്ടനില്‍നിന്ന് സ്വതന്ത്രമാവുന്നത്. അബൈദ് കരുമ ദ്വീപിന്റെ ആദ്യ പ്രസിഡന്റായി. സ്വാതന്ത്ര്യാനന്തരം അരങ്ങേറിയ അറബ് വംശഹത്യയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. സ്വതന്ത്രചിന്തകരും എഴുത്തുകാരുമെല്ലാം ആക്രമണങ്ങള്‍ക്കിരയായി. അറബ് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഗുര്‍ണയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ബ്രിട്ടനിലേക്ക് പോകേണ്ടിവന്നു. ഡാരെല്‍ പിങ്ക്നി ദി ന്യൂയോര്‍ക്ക് റിവ്യൂവില്‍ റിച്ചാര്‍ഡ് ബുര്‍ട്ടന്റെ Zanzibar: City,Island and Coast എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്ന സാന്‍സിബാറിന്റെ ചരിത്രത്തെ മുന്‍നിര്‍ത്തി ഗുര്‍ണയുടെ സാഹിത്യത്തെ വായിക്കുന്നുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ അടിമത്തത്തിന്റെ ഒരു ചരിത്രരേഖയാണ് ആ പുസ്തകം. സാന്‍സിബാറിന്റെ രാഷ്ട്രസ്വത്തിന്റെ ഭൂരിപക്ഷവും ഈ അടിമക്കച്ചവടത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. ബര്‍ട്ടന്റെ കണക്കനുസരിച്ച് സാന്‍സിബാറിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും അടിമകളായിരുന്നു. അറേബ്യന്‍ ഉപദ്വീപിലെ പ്ലാന്റേഷനുകളിലേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തേയിലത്തോട്ടങ്ങളിലേക്കും മറ്റും അടിമകളെ വിറ്റിരുന്നതിന്റെ ചരിത്രരേഖകളുണ്ട്. ഈ അടിമക്കച്ചവടം അത്യധികം ക്രൂരമായിരുന്നു. പത്തിലൊന്ന് അടിമകള്‍ മാത്രമാണ് പലപ്പോഴും അതിജീവിച്ചിരുന്നത് എന്ന് രേഖകളില്‍ കാണാം. ബര്‍ട്ടന്റെ പുസ്തകത്തിന് ഒരുനൂറ്റാണ്ടിനുശേഷം പുറത്തുവന്ന മറ്റൊരു പുസ്തകത്തെ സംബന്ധിച്ചും പിങ്ക്നി എഴുതുന്നുണ്ട്. എവലിന്‍ വാഗിന്റെ A Tourist in Africa ദ്വീപില്‍നിന്നുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള പിന്‍വാങ്ങലിനെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവയ്ക്കുന്നു. കൊളോണിയലിസം ലോകചരിത്രത്തിലുടനീളം അവശേഷിച്ചുപോയ വംശീയതുടെ ദുരന്തങ്ങള്‍ ആ ദേശത്തെയും പിടിമുറുക്കി. അത് സൃഷ്ടിച്ച കലാപത്തില്‍ നിരവധി അറബ് വംശജരും ആഫ്രിക്കന്‍ അറബ് വംശജരും കൊല്ലപ്പെട്ടു. സംഘര്‍ഷഭരിതമായ ആ രാഷ്ട്രീയപരിസരത്തായിരുന്നു 1948-ല്‍ ആഫ്രിക്കന്‍ മുസ്ലിം ആയി ജനിച്ച ഗുര്‍ണയ്ക്ക് കുട്ടിക്കാലം ചെലവഴിക്കേണ്ടി വന്നത്. 'മഞ്ഞിനാല്‍ തണുത്ത കാല്‍വിരലുകളും വിദ്വേഷത്താല്‍ ഇരുട്ടുമൂടിയ ഹൃദയവുമായി അടിമകള്‍ നടന്നുനീങ്ങിയ തെരുവുകളെ'ക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് ഗുര്‍ണ മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍ എന്ന തന്റെ ആദ്യ നോവലില്‍. 

ആ പേരില്‍ത്തന്നെയുള്ള  പുറപ്പെടലും (Departure ഓര്‍മയും (Memory) രാഷ്ട്രീയമായി വലിയ ധ്വനികളുള്ള വാക്കുകളാണ്്. വിദേശത്തിരുന്ന് എഴുതുമ്പോഴും പിരിഞ്ഞുപോകേണ്ടി വന്ന നാടിനെക്കുറിച്ചുള്ള ഓര്‍മയാണ് ആ സാഹിത്യത്തിന്റെ കേന്ദ്രസത്തകളിലൊന്ന്.  സുശീല നാസ്തയുമായുള്ള അഭിമുഖത്തില്‍ (Writing Across Worlds Contemporary Writers എന്ന പുസ്തകത്തില്‍ നിന്ന്) ഗുര്‍ണ തന്റെ സാഹിത്യത്തില്‍ ചരിത്രം കടന്നുവരുന്നതിനെപ്പറ്റി ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: ''ഓര്‍മയാണ് എന്റെ എഴുത്തിന്റെ സ്രോതസ്സ്. അത് തന്നെയാണ് എന്റെ വിഷയവും; അതല്ലെങ്കില്‍ ഓര്‍മിക്കുന്ന കാര്യങ്ങള്‍. ഒരുപക്ഷേ, നിങ്ങളുടെ ഓര്‍മ അത്ര കൃത്യമായിക്കൊള്ളണമെന്നില്ല. അപ്പോള്‍ നിങ്ങള്‍ ഓര്‍മയിലുണ്ട് എന്നുറപ്പില്ലാത്ത കാര്യങ്ങളെപ്പോലും തിരികെ വിളിക്കേണ്ടി വരും. ആ വിടവിനെ ചിലപ്പോള്‍ വിശ്വസനീയമാം വിധം നികത്തപ്പെടും. അപ്പോള്‍ അവ സൃഷ്ടിക്കപ്പെട്ടത് എന്നതിനെക്കാള്‍ 'യഥാര്‍ഥം' എന്ന നിലയില്‍ മനസ്സിലാക്കപ്പെടും. അങ്ങനെ കഥ അവയുടെതായ മറ്റൊരു ജീവിതം കണ്ടെത്തും. അവ അവയുടേതായ യുക്തി വികസിപ്പിക്കും. ആദ്യം അതൊരു നുണയാണ് എന്ന കാഴ്ചപ്പാടാണ് ഉണ്ടാവുക. എന്നാല്‍ യഥാര്‍ഥത്തില്‍ ഓര്‍മിക്കുന്ന കാര്യത്തിന്റെ വെളിച്ചത്തില്‍ നിങ്ങളെ പുനര്‍നിര്‍മിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.'' വ്യക്തിയുടെ ആ ഓര്‍മ ഇവിടെ സാമൂഹികമായ ഒന്നുകൂടിയാണ് എന്നതാണ് ഗുര്‍ണയുടെ സാഹിത്യത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അതുകൊണ്ടാണ് സാന്‍സിബാറിലെ അടിമക്കച്ചവടം മുതല്‍ പലായനത്തിന്റെ സമകാലികവും സമീപസ്ഥവുമായ രാഷ്ട്രീയപരിസരം വരെ ഗുര്‍ണയുടെ സാഹിത്യവഴികളില്‍ കണ്ടെത്താനാവുന്നത്.

നാസ്തയുമായുള്ള അഭിമുഖത്തില്‍ സാഹിത്യത്തിലേക്കുള്ള തന്റെ പ്രവേശനത്തെപ്പറ്റി ഗുര്‍ണ പറയുന്നു: ''ഇംഗ്ലണ്ടിലെ അനുഭവങ്ങളാണ് എന്നെ സാഹിത്യകാരനാക്കിയത്. അതിനര്‍ഥം ഞാന്‍ മുന്‍പ് എഴുതിയിരുന്നില്ല എന്നല്ല. എന്നാല്‍ അത് എഴുത്തായിരുന്നില്ല. മറ്റൊരു നിലയില്‍ പറഞ്ഞാല്‍ അത് എഴുത്തായിരുന്നു എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യം മാത്രമായിരുന്നു അത്. ഞാന്‍ പെട്ടെന്ന് എഴുതാന്‍ തീരുമാനിക്കുകയായിരുന്നില്ല. വെറുതെ കാര്യങ്ങള്‍ എഴുതിയെടുക്കുന്നതും 'എഴുത്തും' തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയായിരുന്നു മെമ്മറി ഓഫ് ഡിപ്പാര്‍ച്ചറിലൂടെ ഞാന്‍.'' ആ തിരിച്ചറിവ് തന്റെ സാഹിത്യസഞ്ചാരത്തിലുടനീളം ഗുര്‍ണ നവീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

വംശീയതയും കോളനിവത്കരണവും അനന്തരപലായനങ്ങളും സൃഷ്ടിച്ച മുറിവുകള്‍ ദ്രുതവേഗത്തില്‍ ഉണങ്ങുന്ന ഒന്നല്ലെന്ന നിലപാടുതന്നെയാണ് അപ്പോഴൊക്കെ ആ സാഹിത്യവഴികളില്‍ കണ്ടത്. Admiring Silence എന്ന നോവലിലെ ഒരു കഥാപാത്രം ഇംഗ്ലണ്ടിനെ ഹതാശമായ സ്‌നേഹം (Disappointen Love) എന്ന് വിളിക്കുന്നുണ്ട്. പലായനത്തിന്റെ സൂക്ഷ്മമായ രാഷ്ട്രീയംകൂടി പ്രകടമാവുന്നുണ്ട് ആ പ്രയോഗത്തില്‍. സ്ഥാനഭ്രംശ(Dislocatin)മുണ്ടാക്കുന്ന ഏറ്റവും അടിസ്ഥാനപരമായ വികാരം പ്രതീക്ഷാനഷ്ടമാണെന്ന് ഗുര്‍ണ തന്നെ നിരീക്ഷിക്കുന്നുമുണ്ട്. ആദ്യപുസ്തകമെഴുതുമ്പോള്‍ പലായനം ചെയ്യുകയും മറ്റൊരുദേശത്ത് കുടിയേറുകയും ചെയ്ത മനുഷ്യര്‍ ഏതുവിധമാണ് തങ്ങളെ മറ്റൊരുതരത്തില്‍ രൂപപ്പെടുന്നത് എന്നറിയാനുള്ള താത്പര്യം തന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി ഗുര്‍ണ ചൂണ്ടിക്കാണിക്കുന്നുണ്ട്: ''ഒരുപാട് ദൂരദേശങ്ങളില്‍നിന്ന് യൂറോപ്പ് പോലൊരിടത്ത് മനുഷ്യര്‍ എത്തിച്ചേരുന്നു. മാറുക എന്നതല്ലാതെ ആ മനുഷ്യരെ സംബന്ധിച്ച് മറ്റ് വഴികളില്ല.''

പലായനത്തിനുശേഷം ഗുര്‍ണ ആദ്യമായി സ്വദേശത്തേക്ക് മടങ്ങുന്നത് 1984-ലാണ്. അപ്പോള്‍ ഗുര്‍ണയുടെതായി ഒരു പുസ്തകവും പുറത്തുവന്നിട്ടില്ല. 1994-ല്‍ പ്രസിദ്ധീകരിച്ച പറുദീസ പുറത്തുവരുന്നതിന് മുന്‍പ് ഗുര്‍ണ മറ്റൊരു തവണ കൂടി തന്റെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്തെ ആഫ്രിക്കന്‍ നഗരത്തിന്റെ വംശീയസങ്കീര്‍ണതയിലെത്തിപ്പെട്ട പറുദീസയിലെ യൂസഫിന്റെ പിറവി ആ ദീര്‍ഘയാത്രയുടെ കൂടി ഫലമാണ്. യൂസഫിന്റെ മുതിര്‍ച്ചയും ഇടര്‍ച്ചയും തെളിയുന്ന ഛായകള്‍ പിന്നീടും പല കഥാപാത്രങ്ങള്‍ക്കും ഗുര്‍ണ നല്‍കുന്നുണ്ട്. സ്വദേശത്തെയും ഉറ്റവരെയും എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരികയും നഷ്ടപ്പെട്ട ആ ദേശത്തെ ഒരു ഗൃഹാതുരഭാരമായി കൊണ്ടുനടക്കേണ്ടി വരികയും ചെയ്യുന്നുണ്ട് ഗുര്‍ണയുടെ കഥാപാത്രങ്ങള്‍ക്ക്. പലായനത്തിന്റെ ആ 'ഗൃഹാതുരഭാര'ത്തെ ആവിഷ്‌കരിക്കുകവഴി തന്റെ ആദ്യകാലനോവലുകളിലെ മുഖ്യപ്രമേയമായിരുന്ന ഇംഗ്ലണ്ടിനെ മറ്റൊരുവിധം ഗുര്‍ണ പുനരാവിഷ്‌കരിക്കുന്നതായി കാണാം. 

''Admiring Silenceലും By the Seaയിലും അവരുടെ കഥകള്‍ക്കനുസരിച്ച് നിരന്തരം അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ കാണാം'' (അഭിമുഖത്തില്‍ നിന്ന്).ഇംഗ്ലണ്ടിനെ മാത്രമല്ല പലായനത്തെത്തന്നെ പുനരാവിഷ്‌കരിക്കുന്ന ഒരു രീതിശാസ്ത്രം മുന്നോട്ടുവയ്ക്കുന്നുണ്ട് ഇവിടെ അദ്ദേഹം. ആ രീതിശാസ്ത്രത്തില്‍ ഒരു കീഴ്മേല്‍മറിക്കലുണ്ട്. പാശ്ചാത്യ ജ്ഞാനാധികാരത്തോടും അതിന്റെ അധീശവ്യവഹാരത്തോടുമുള്ള ഒരു വെല്ലുവിളിയായാണ് ഗുര്‍ണ തന്റെ സാഹിത്യഭാവുകത്വത്തെ വിശദീകരിക്കുന്നത്. കൊളോണിയല്‍കാല ലോകക്രമത്തിന്റെ ആകെ സത്തയിലുണ്ടായ മാറ്റം തന്നെയാണ് ഗുര്‍ണയുടെ സാഹിത്യത്തിലും പ്രകടമാവുന്നത്. കൊളോണിയല്‍ കാലത്ത് യൂറോപ്പില്‍നിന്ന് പുറത്തേക്കുനടന്ന പലായനം ഒരു ആഖ്യാനമാതൃകയെ സൃഷ്ടിച്ചു. യൂറോപ്പിന് പുറത്തേക്ക് പോയ കോടിക്കണക്കിന് മനുഷ്യര്‍ യൂറോപ്പിന് പുറത്തെ ലോകത്തെ മനസ്സിലാക്കുകയും അവിടത്തെ കഥകളുമായി മടങ്ങിവരികയും ചെയ്തു. എന്നാല്‍ അവര്‍ കൊണ്ടുവന്ന കഥകള്‍, ആ ആഖ്യാനമാതൃകകള്‍ തന്നെയും, മുന്‍പ് പലരും വിശദീകരിച്ചിട്ടുള്ളതുപോലെ വടക്കിനെ  കേന്ദ്രമാക്കിയുള്ളതായിരുന്നു. പൗരസ്ത്യദേശങ്ങള്‍ ആ ആഖ്യാനങ്ങളിലെങ്ങും അരികുവത്കരിക്കപ്പെട്ടു. 

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം- ഗുര്‍ണ സാഹിത്യത്തില്‍ സജീവമാവുന്ന കാലം- സൈദ്ധാന്തികമായി വലിയ നവീകരണങ്ങള്‍ നടന്ന കാലഘട്ടമാണ്. അപരത്വങ്ങള്‍ യൂറോപ്യന്‍ജ്ഞാനാധികാരത്തിന്റെ അകത്ത് എങ്ങനെയാണ് പ്രതിനിധാനം ചെയ്യപ്പെട്ടത് എന്ന ചോദ്യം ഈ ഘട്ടത്തിലുണ്ടാവുന്നുണ്ട്. സാഹിത്യകാരന്‍ എന്ന നിലയില്‍ മാത്രമല്ല സൈദ്ധാന്തികന്‍ എന്ന നിലയിലും ഗുര്‍ണ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു. അപരത്വങ്ങളുടെ പ്രതിനിധാനം പലകാലങ്ങളില്‍ സാമൂഹികശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമായിരുന്നു. അറിവും അധികാരവും തമ്മിലുള്ള ബാന്ധവത്തെ ഈ ചിന്തകള്‍ തുറന്നുകാട്ടി. 1978-ല്‍ എഡ്വാര്‍ഡ് സെയ്ദിന്റെ ഓറിയന്റലിസം പ്രസിദ്ധീകരിക്കപ്പെടുന്നതോടെ ആ ചിന്താപദ്ധതികള്‍ കൂടുതല്‍ സക്രിയമായി. തങ്ങളുടെ സാഹിത്യത്തിലൂടെയും അക്കാദമിക വ്യവഹാരങ്ങളിലൂടെയും 'പടിഞ്ഞാറ്' പടിഞ്ഞാറിതരങ്ങളെക്കുറിച്ചുള്ള അപചയത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെതും ആയ ചില വാര്‍പ്പുമാതൃകകളെ സൃഷ്ടിച്ചു എന്ന് സെയ്ദ് നിരീക്ഷിച്ചു. ഈ ഓറിയന്റലിസ്റ്റ് വ്യവഹാരത്തില്‍ പടിഞ്ഞാറ് യുക്തിയെയും ചലനാത്മകതയെയും പ്രതിനിധാനം ചെയ്യുന്നുവെങ്കില്‍ കാലത്തില്‍ ഉറച്ച് പോയതും യുക്തിരാഹിത്യത്തെ പേറുന്നതും നിര്‍വാഹകത്വശേഷി ഇല്ലാത്തതും ആയ ദേശങ്ങളെയാണ് കിഴക്ക് പ്രതിനിധീകരിക്കുന്നത്.
 
പടിഞ്ഞാറിന്റെ അറിവുത്പാദനവും സാമ്രാജ്യത്വവും തമ്മിലുള്ള പാരസ്പര്യത്തെ മുന്‍നിര്‍ത്തി സെയ്ദ് ഉന്നയിക്കുന്ന വിമര്‍ശനത്തിന്റെ തുടര്‍ച്ച തന്നെയാണ് 'The Story of Our Times' എന്ന പരികല്പനയിലൂടെ ഗുര്‍ണ വിവക്ഷിക്കുന്നത്. നാസ്തയുമായുള്ള അഭിമുഖത്തില്‍, 'The Story of Our Times' എന്നതുകൊണ്ട്  അര്‍ഥമാക്കുന്നത് യൂറോപ്പില്‍നിന്ന് പുറത്തേക്ക് സംഭവിച്ച പലായനത്തിന്റെയും അത് സൃഷ്ടിച്ച യൂറോപ്യന്‍ ജ്ഞാനാധികാരത്തിന്റെയും ഒരു ദിശാവ്യതിയാനത്തെയാണ് എന്ന് ഗുര്‍ണ സൂചിപ്പിക്കുന്നത് കാണാം. യൂറോപ്പിലേക്ക് സംഭവിച്ച പുതിയ പലായനങ്ങള്‍ അഭയാര്‍ഥികളുടെ കഥകള്‍ കേള്‍ക്കാന്‍ യൂറോപ്പിനെ നിര്‍ബന്ധിച്ചു എന്ന് ഗുര്‍ണ പറയുന്നുണ്ട്. 'അവരെക്കുറിച്ച് കഥകള്‍ പറഞ്ഞിരുന്ന' കാലത്തുനിന്ന് 'അവരുടെ കഥകള്‍ കേള്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന' കാലത്തിലേക്കുള്ള ആ രാഷ്ട്രീയപരിണാമം ഗുര്‍ണയുടെ സാഹിത്യത്തിമ്പാടുമുണ്ട്. ആഖ്യാനത്തില്‍ നിലനിന്നിരുന്ന അധികാരത്തിന്റെ തകര്‍ച്ച അവിടെ ദൃശ്യമാണ്. തദ്ദേശീയരായ മനുഷ്യരെ പാശ്ചാത്യ ആഖ്യാനവ്യവഹാരങ്ങള്‍ക്ക് പുറത്തുകൊണ്ടുവന്ന് തദ്ദേശീയമായിത്തന്നെ അവതരിപ്പിച്ചു എന്നിടത്തുകൂടിയാണ് ഗുര്‍ണയിലെ സാഹിത്യകാരന്‍ കൂടുതല്‍ പ്രസക്തമാവുന്നത്. പാശ്ചാത്യഭാഷകളില്‍ സാഹിത്യമെഴുതുന്നവര്‍ മറ്റ് സംസ്‌കാരത്തെക്കുറിച്ചെഴുതുമ്പോള്‍ മിക്കവാറും പാശ്ചാത്യരുടെ കണ്ണുകളിലൂടെ തന്നെയായിരിക്കും അതാവിഷ്‌കരിക്കുക എന്നും അതിനെ തകിടം മറിച്ചുകൊണ്ട് കാഴ്ചയും സ്വരവും എല്ലാം തദ്ദേശീയരുടെതായി എഴുതുന്ന ഗുര്‍ണയ്ക്ക് മുന്‍ഗാമികള്‍ കുറവാണ് എന്നും എന്‍.എസ്. മാധവന്‍ എഴുതുന്നുണ്ട്. സ്വാഹിലി മാതൃഭാഷയായ ഗുര്‍ണ ഇംഗ്ലീഷിലെഴുതുമ്പോഴും അറബ് പൈതൃകത്തിന്റെ അടരുകള്‍ അതില്‍ തെളിയുന്നതുകാണാം. ആയിരത്തൊന്നുരാവുകള്‍, ഖുര്‍ആന്‍ എന്നിവയാല്‍ പ്രചോദിതമാണ് ഗുര്‍ണയുടെ സാഹിത്യം എന്ന് ചില നിരൂപകര്‍ വിലയിരുത്തുന്നുമുണ്ട്.  ഗുര്‍ണയുടെ പലകഥാപാത്രങ്ങളെയും ശ്രദ്ധിച്ചാല്‍ മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്ന നബിയുടെ ഛായ തെളിഞ്ഞുകാണാനാവും.

ആഫ്രിക്കന്‍ മുസ്ലിം ജീവിതത്തിന്റെ പലതരം അനുഭൂതികളെ ആവിഷ്‌കരിക്കുന്നുണ്ട് ഗുര്‍ണ. അവയിലാവട്ടെ കേരളീയമുസ്ലിങ്ങള്‍ പാലിച്ചുപോരുന്നതിന് സമാനമായ നിരവധി തദ്ദേശീയ ആചാരങ്ങളുണ്ട്. ഖുര്‍ആന്‍ ഓതുകയും നബിയുടെയും അനുചരന്മാരുടെയും ചരിത്രകഥകള്‍ വാമൊഴിയായി പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെ മുതല്‍ നബിദിനാഘോഷത്തിന്റെയും അന്നേദിവസം മൗലിദ് കഴിക്കുന്ന (കേരളത്തിലുള്‍പ്പെടെ കാണുന്ന ഒരു മുസ്ലിം ആചാരം) കുടുംബങ്ങളുടെവരെ വിവരണം കാണാം അവിടെ. എന്‍.എസ് മാധവന്‍ നിരീക്ഷിക്കുന്നതുപോലെ ഗുര്‍ണയുടെ സാഹിത്യം പൂര്‍ണമായും തദ്ദേശീയമായ ഒന്നാണ്. ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ വീട്ടില്‍നിന്ന് ഒളിച്ചോടുന്ന ആഫ്റ്റര്‍ ലൈവ്സിലെ ഇല്യാസ്, ജര്‍മന്‍ പട്ടാളക്കാരുടെ ഇടയില്‍ എത്തിച്ചേര്‍ന്ന് ജര്‍മന്‍ ആരാധകനായി മാറുന്നുണ്ടെങ്കിലും പിന്നീട് തദ്ദേശീയതയിലേക്ക് അയാള്‍ മടങ്ങിയെത്തുന്നതായി കാണാം.

കോളനിയനന്തരം പൗരസ്ത്യദേശങ്ങളില്‍ നിന്നുയര്‍ന്ന രാഷ്ട്രീയപ്രമേയങ്ങളെയും- സാഹിത്യത്തെയുള്‍പ്പെടെ- വളരെ ജാഗ്രതയോടെ സമീപിക്കുന്ന ഒരു പോസ്റ്റ് കൊളോണിയല്‍ ചിന്തകന്‍ കൂടിയാണ് ഗുര്‍ണ. ഇംഗ്ലണ്ടില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ച ഗുര്‍ണ പ്രശസ്തമായ കെന്റ് സര്‍വകലാശാലയില്‍ അധ്യാപകനായാണ് ജോലിയില്‍ പ്രവേശിച്ചത്. സല്‍മാന്‍ റുഷ്ദിയുടെ പരികല്പനയെ ഓര്‍മിപ്പിക്കുംവിധം ഭാവനാ സ്വദേശങ്ങളിലെ (Imaginary Homeland റുഷ്ദിയുടെ വിഖ്യാതമായ ഒരു പുസ്തകത്തിന്റെ പേരുകൂടിയാണ് അത്) മനുഷ്യരെ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുക മാത്രമല്ല ഗുര്‍ണ ചെയ്തുകൊണ്ടിരുന്നത്. വിശാലാര്‍ഥത്തില്‍ പോസ്റ്റ് കൊളോണിയല്‍ സാഹിത്യകാരന്‍ എന്ന നിലയിലല്ല, 'ഒരു പോസ്റ്റ് കൊളോണിയല്‍ ജീവിതം' എന്ന നിലയിലാണ് ഗുര്‍ണ പ്രസക്തനാവുക. ഒരുവശത്ത് ഗുര്‍ണ, നിത്യമായ പ്രവാസം അനുഭവിക്കുകയും സ്വന്തമായി ദേശമില്ലാതിരിക്കയും ചെയ്യുന്ന രാഷ്ട്രീയമായ ഏകാന്തതയിലേക്ക് ചിതറിപ്പോയ മനുഷ്യരുടെ കഥകള്‍ പറഞ്ഞു. 'പരുപരുത്ത യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുന്നതില്‍നിന്നും നമ്മെ തടയുന്ന സങ്കീര്‍ണതകളെ കീഴ്പ്പെടുത്തുക' എന്ന യഥാര്‍ഥ സാഹിത്യകാരന്മാരുടെ കര്‍ത്തവ്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തം മുതല്‍ പലായനത്തിന്റെ  അവസ്ഥാന്തരങ്ങള്‍ വരെ നീളുന്ന സങ്കീര്‍ണമായ പ്രമേയങ്ങളെ ഇതിലും ലളിതമായി ആവിഷ്‌കരിക്കാനാവില്ലെന്ന മട്ടില്‍ ഹംസയും ഹമീദും യൂസഫും റുഖിയയുമെല്ലാം അവരുടെ കഥ പറഞ്ഞു. 
മറ്റൊരു വഴിയില്‍ ഗുര്‍ണ സല്‍മാന്‍ റുഷ്ദിയെയും വി. എസ്. നെയ്പാളിനെയുമെല്ലാം അക്കാദമികമായി പഠിച്ചു. ഗൂഗിവാതി ഓംഗിയും വോള്‍ സോയിങ്കയും ചിന്നു അച്ചെബെയുമെല്ലാം ഉയര്‍ത്തിക്കൊണ്ടുവന്ന പുതിയ അറിവുമാതൃകകളെ ഗൗരവത്തോടെ എന്നാല്‍ അറിവിന്റെ വിമര്‍ശതലത്തെ (Level of Critique) മുന്‍നിര്‍ത്തിത്തന്നെ കണ്ടു. 

കോളനിപൂര്‍വസമൂഹങ്ങളുടെ നിലയെക്കുറിച്ച് പ്രസക്തമായ ഒരു നിരീക്ഷണം ഗുര്‍ണ മുന്നോട്ടു വെക്കുന്നുണ്ട്. കോളനിപൂര്‍വ സമൂഹങ്ങളില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്   എന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. അതിനോട് തനിക്ക് വിയോജിപ്പില്ലെന്ന് പറയുന്നുണ്ട് ഗുര്‍ണ. കോളനിരാജ്യങ്ങളെ സ്വാതന്ത്ര്യാനന്തരം ഐക്യമുള്ള ഒന്നായി രൂപപ്പെടുത്താനുള്ള ഒരു ത്വര ആ രാജ്യങ്ങള്‍ക്കകത്തുനിന്ന് തന്നെ പ്രവര്‍ത്തിച്ചിരുന്നു എന്നകാര്യം നിസ്തര്‍ക്കമാണ് (ഈ അവസരത്തില്‍ ഇന്ത്യയെ ഓര്‍ക്കാവുന്നതാണ്). കോളനിപൂര്‍വഘട്ടത്തിലെ സജാതീയതയെ സംബന്ധിക്കുന്ന ആഖ്യാനങ്ങള്‍ ദേശീയവാദികളും ഭരണകൂടങ്ങളും ഉപയോഗിച്ചത് 'നമ്മള്‍ ഒന്നാണ്' എന്നമട്ടിലുള്ള പ്രത്യയശാസ്ത്രനിര്‍മിതിക്കാണ്. അത് പക്ഷേ, ഒരു വിഭാഗത്തിന്റെ അപരവത്കരണത്തിലേക്ക് തന്നെയാണ് നയിച്ചത്. യുഗാണ്‍ഡയെയും ഈദി അമീനെയും മുന്‍നിര്‍ത്തി ഗുര്‍ണ അത് ഉദാഹരിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിംവിഭാഗം നേരിടുന്ന അപരവത്കരണത്തെക്കൂടി ഗുര്‍ണയെ വായിക്കുമ്പോള്‍ നാം ഓര്‍മ്മിച്ചേക്കും. ഗുര്‍ണ അത്തരമൊരു അപരവത്കരണത്തിന്റെ ഇര കൂടിയാണല്ലോ.
 
ഗൂഗിവാതി ഓംഗിയെയും സോയിങ്കയെയും അച്ചെബയെയും മുന്‍നിര്‍ത്തിയുള്ള നിരീക്ഷണങ്ങളില്‍ ഗുര്‍ണ  കോളനിയനന്തരസാഹിത്യത്തെ സംബന്ധിക്കുന്ന മൗലികവും പ്രസക്തവുമായ ഒരു വിമര്‍ശനം കൂടി മുന്നോട്ടുവെക്കുന്നുണ്ട്. മേല്‍പരാമര്‍ശിച്ച എഴുത്തുകാരുടെ ആദ്യകാല കൃതികളില്‍ ആഫ്രിക്കക്കാര്‍ നേരിടേണ്ടിവന്ന അതിക്രൂരമായ കൊളോണിയല്‍ പീഡകളെയും വംശീയസംഘര്‍ഷങ്ങളെയും വേണ്ടവിധം ആവിഷ്‌കരിക്കുന്നില്ലെന്ന വിമര്‍ശനമാണത്. അപകോളനീകരണത്തിന്റെ ആദ്യകാലത്തുണ്ടായിരുന്ന വരുംകാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് അത് മറച്ചുപിടിക്കുന്നതിന് ഈ എഴുത്തുകാരെ പ്രേരിപ്പിച്ചത് എന്ന നിരീക്ഷണമാണ് ഗുര്‍ണയുടേത്. എന്നാല്‍ പില്‍ക്കാലത്ത് അവരും ഈ പ്രതീക്ഷ തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അത് അവരുടെ പുതിയ കൃതികളില്‍ പ്രകടമാണ് എന്നും ഗുര്‍ണ നിരീക്ഷിക്കുന്നുണ്ട്. വോള്‍ സോയിങ്കയുടെ നാല്‍പത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങുന്ന നോവല്‍ (Chronicles From the land of the Happiest People on Earth) ആഫ്രിക്കയുടെ തന്നെ അഴിമതികളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് എന്നനിലയിലുള്ള വായനകള്‍ ഗുര്‍ണയുടെ നിരീക്ഷണത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.  

സ്വാതന്ത്ര്യാനന്തരം കോളനിവത്കൃതരാഷ്ട്രങ്ങളിലെങ്ങും പിറന്നത് 'പുതിയ പുലരി' തന്നെയാണോ എന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. ശുഭകരവും അതേസമയം അശുഭകരവുമായ ലോകത്തിനുള്ളില്‍ കലങ്ങിമറിഞ്ഞു അവിടത്തെ സാഹിത്യം. 'ഈടുവെപ്പുകളെല്ലാം/പോകിലും പുതിയൊരു/ നാടു നമ്മുടേതാകാം;/ അസംഖ്യം തോഴന്മാരും' എന്ന 'പണ്ടില്ലാത്ത അഭിമാന'ത്തിന്റെ കാലത്തുതന്നെ 'എന്നിലാദര്‍ശം ജ്വലിച്ചു, നീറ്റി/ മന്നു പൊന്നാക്കുവാനെന്ന മട്ടില്‍;/ ഇപ്പൊഴോ ചൂളിക്കിടപ്പിതാച്ചാരത്തി-/ ലെപ്പൊഴുമേതോ പുഴുത്ത പട്ടി!' എന്ന ദുരഭിമാനവും വൈലോപ്പിള്ളിയില്‍ തെളിഞ്ഞുനില്‍ക്കുന്നതിന്റെ രാഷ്ട്രീയം, ഗുര്‍ണയുടെ കോളനിയനന്തര സാഹിത്യത്തെ സംബന്ധിക്കുന്ന നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ വായിച്ചാല്‍ കൂടുതല്‍ വ്യക്തമാവും. 

''കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സംസ്‌കാരങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ഇടയില്‍പെട്ട അഭയാര്‍ഥികളുടെ ഭാവിയെക്കുറിച്ചും ഒരൊത്തുതീര്‍പ്പിനും മുതിരാതെ, എന്നാല്‍ ആര്‍ദ്രത കൈവിടാതെ അദ്ദേഹം നടത്തിയ തീക്ഷ്ണമായ പരിശോധനയ്ക്കാണ് സമ്മാനം '' എന്നാണ് നൊബേല്‍ കമ്മിറ്റിയുടെ പ്രഖ്യാപനം ('For his uncompromising and compassionate penetration of the effects of colonialism and the fate of the refugee in the gulf between cultures and continents'). 
നാസ്തയുമായുള്ള അഭിമുഖത്തിന്റെ അവസാനഘട്ടത്തില്‍ പുരസ്‌കൃതമാവുമ്പോള്‍ സാഹിത്യം കൂടുതലായും വ്യത്യസ്തമായും നിരൂപിക്കപ്പെടും എന്ന പ്രത്യാശ ഗുര്‍ണ പങ്കുവയ്ക്കുന്നു. അതേസമയം എഴുതുകയും ഗൗരവതരമായി നിരൂപിക്കപ്പെടുന്നുണ്ടോ എന്ന് ആശങ്കപ്പെടലും ഒരേസമയം നടക്കില്ലെന്നും ഗുര്‍ണ പറയുന്നുണ്ട്. നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെടുന്നതിന്റെ ഒടുവിലത്തെ നിമിഷങ്ങളില്‍ പോലും ഗുര്‍ണയുടെ പേര് കാര്യമായി പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. അതില്‍ ഗുര്‍ണയ്ക്ക് തെല്ലും ആശങ്കയില്ലായിരുന്നുവെന്ന് പുരസ്‌കാരലബ്ധിക്കുശേഷം സ്വീഡിഷ് അക്കാദമി പ്രതിനിധിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാവും. പുരസ്‌കരിക്കപ്പെട്ടാലും ഇല്ലെങ്കിലും ഗുര്‍ണയ്ക്ക് എഴുതാതിരിക്കാനാവില്ല. വെറുതെ എഴുതിവെക്കുന്നതും 'എഴുത്തും' തമ്മിലുള്ള വ്യത്യാസം ജീവിതം കൊണ്ടറിഞ്ഞിട്ടുണ്ട് അദ്ദേഹം. ആ എഴുത്താവട്ടെ അദ്ദേഹത്തെ സംബന്ധിച്ച് ജീവിതം തന്നെയാണ്; സ്വന്തം ജീവിതം മാത്രമല്ല, സ്വദേശത്തിന്റെ ജീവിതവും!'

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം.

Content Highlights : Ancif Abu writes about nobel prize winner Abdul Razak Gurnah