ജി.ആര്‍. ഇന്ദുഗോപന്റെ 'പ്രേതവേട്ടക്കാരന്‍' വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്, ആത്മസുഹൃത്ത് അശ്വരയുടെ അമ്മമ്മയുടെ മരണവാര്‍ത്ത വാട്സ്ആപ്പ് സന്ദേശമായി എത്തിയത്. 'അമ്മമ്മ പോയി' എന്നായിരുന്നു സന്ദേശം. അമ്മമ്മയെ എനിക്കറിയാം. അമ്മമ്മ വരുമ്പോള്‍ ഉത്സവാന്തരീക്ഷമായിത്തീരുന്ന വീടിനെക്കുറിച്ചും, അമ്മമ്മക്ക് വേണ്ടി മുറി ഒഴിഞ്ഞുകൊടുക്കുന്നതിനെക്കുറിച്ചുമെല്ലാം അയാള്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാനോര്‍ത്തു, അമ്മമ്മ പോയി, ഇനി അയാള്‍ ആര്‍ക്ക് വേണ്ടി മുറി ഒഴിഞ്ഞുകൊടുക്കും. അമ്മമ്മയുടെ മരണം അയാളില്‍ എത്ര വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുക എന്ന് മറ്റാരേക്കാളും നന്നായി എനിക്ക് മനസ്സിലാവും എന്നപ്പോള്‍ തോന്നി. എന്തുകഥ പറഞ്ഞാണ് എനിക്കയാളെ സന്തോഷിപ്പിക്കാനാവുക എന്നാണ് ഞാന്‍ ആദ്യം ആലോചിച്ചത്. ഞാന്‍ വെറുതെ കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് എന്ന വിമര്‍ശനം, അയാള്‍ക്കും, ഞങ്ങളുടെ 'അഗാധസ്‌നേഹത്തിന്റെ റിപബ്ലിക്കി'ലെ മൂന്നാമത്തെ കണ്ണി ജോജുവേട്ടനും പണ്ടേ ഉണ്ട് എന്നെനിക്ക് തോന്നാറുണ്ട്. ജോജുവേട്ടന്‍ അതിനെ 'വീണിടത്തു കിടന്നിരുളുക' എന്നാണ് വിളിക്കുന്നത്. എങ്കിലും എനിക്കയാളോട് എന്തെങ്കിലും പറയണമായിരുന്നു; കുറഞ്ഞത് അമ്മമ്മ എവിടെയും പോയിട്ടില്ല സ്ത്രീയെ (ഞാന്‍ അയാളെ അങ്ങനെയാണ് വിളിക്കുന്നത്) എന്നെങ്കിലും! അല്ലെങ്കിലും ആരും എവിടെയും പോകുന്നില്ല; പോയി എന്നത് ജീവിച്ചിരിക്കുന്നു എന്ന നമ്മുടെ അഹങ്കാരത്തിന്റെ ഭാഷ്യമാണ്. മരിച്ചവര്‍ പാവങ്ങളാണ് എന്ന് പറയുന്ന ഒരാളെപ്പറ്റി ഇന്ദുഗോപന്‍ പുസ്തകത്തില്‍ എഴുതുന്നുണ്ട്. 

ഇന്ദുഗോപന്റെ പുസ്തകത്തില്‍ ഓഗസ്റ്റിലെ കൈ എന്നൊരു കഥയുണ്ട്. കഥയുടെ ഒടുവില്‍ മരിച്ചുപോയ പ്രിയസുഹൃത്ത് ശര്‍മയുടെ വീട്ടിലേക്ക്  പോകുന്നുണ്ട് രാംകുമാര്‍ എന്ന കഥാപാത്രം. അവിടെ അയാളുടെ ഭാര്യ ശ്രീജയും മകനുമുണ്ട്:

'വരൂ' ഡൈനിങ് റൂമിലേക്ക് ശ്രീജ എന്നെ ക്ഷണിച്ചു. അവിടെ ശര്‍മയുടെ വലിയൊരു ചിത്രം കണ്ട് പെട്ടെന്ന് ഞാന്‍ ഞെട്ടി. അവന്‍ ജീവനോടെ നില്‍ക്കുന്നതുപോലെ, ശ്രീജ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പിന്നീട് ഞാന്‍ എന്‍ലാര്‍ജ് ചെയ്തുവച്ചിരിക്കുന്ന ശര്‍മയുടെ പല ചിത്രങ്ങള്‍ കണ്ടു. മുറിയില്‍ അങ്ങുമിങ്ങുമെല്ലാം...

'ശര്‍മയുടെ ചരമവാര്‍ഷികമല്ലേ?', ഞാന്‍ ചോദിച്ചു

'ഏയ്, ഞങ്ങളത് ആചരിക്കാറെയില്ല,' ശ്രീജ ഉത്സാഹത്തോടെ പറഞ്ഞു, 'അതിന് ശര്‍മ എങ്ങും പോയിട്ടില്ലല്ലോ'. 

***   ***   ***    ***  ***    ***    ***    ***     ****

മരിച്ചുപോയ അമ്മമ്മയുടെ ചിത്രം കാണിച്ചു തന്നു കഴിഞ്ഞ ദിവസം അനിയത്തിക്കുട്ടി ശ്രീരഞ്ജിനി.

ശരിക്കും ജീവിച്ചിരിക്കുന്നൊരാള്‍ അത്യാഹ്ലാദത്തോടെ എന്നെ നോക്കി നില്‍ക്കുകയാണോ എന്ന് തോന്നി. ഞാന്‍ ശ്രീയുടെ കണ്ണുകളിലേക്ക് നോക്കി; അവളിലുമുണ്ട്, ഒരാള്‍ പോയ ശൂന്യതയുടെ ഭാരം. ഇന്ദുഗോപന്‍ എഴുതുന്നത് ശരിയാണ്; 'ദുഃഖകരമായ അനുഭവങ്ങള്‍ ഉണ്ടാവുക എന്നത് പിന്നിലേക്ക് വലിയൊരു വാതില്‍ തുറന്നിട്ടിരിക്കുന്നതു പോലെയാണ്. നാമതിലൂടെ ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കിപ്പോകും'. എനിക്ക് ശ്രീയോട് പറയണം എന്ന് തോന്നി. 'തിരിഞ്ഞുനോക്കൂ കുഞ്ഞേ, അമ്മമ്മ പുറകിലുണ്ട്. പുറകിലിരുന്ന്, സ്‌കൂള്‍കാലത്തെപ്പോഴും മരിച്ചുകഴിഞ്ഞുള്ള ജീവിതത്തെ പേടിച്ചു വാപ്പിച്ചിയെ കെട്ടിപ്പിടിച്ചു കരയുമായിരുന്ന, വാപ്പച്ചി കാരണം തിരക്കുമ്പോള്‍, 'മരിക്കാന്‍ പേടിയാ'ണെന്ന് സങ്കടപ്പെടുമായിരുന്ന, ഈ ഏട്ടന് മരിച്ചുപോയ അമ്മമ്മയുടെ ചിത്രം കാണിക്കുന്ന നിന്നെ ഓര്‍ത്ത് അമ്മമ്മ ചിരിക്കുന്നുണ്ടാവും.'

മരിച്ച മനുഷ്യര്‍ എവിടെയും പോകുന്നില്ലെന്ന് ആദ്യം പറഞ്ഞു തന്നത് ഷെറി സാറാണ്. Absence presence- നെ കുറിച്ചു പഠിപ്പിക്കുമ്പോഴായിരുന്നു അത് എന്നാണ് ഓര്‍മ്മ. എത്ര അകലെയായിരുന്നാലും ചില മനുഷ്യര്‍ തൊട്ടടുത്തുള്ളതുപോലെ നമുക്കവരെ അനുഭവിക്കാന്‍ പറ്റും. അവരെ നാം കാണും, അവരുടെ ശബ്ദം നാം കേള്‍ക്കും. 'അമ്മമ്മ പോയിട്ടില്ല സ്ത്രീയെ, അമ്മമ്മ നമ്മുടെയൊക്കെ കൂടെയുണ്ട്' എന്ന് അശ്വരയോട് പറയാന്‍, മനുഷ്യരെ സന്തോഷിപ്പിക്കാനെങ്കിലും, കഥകള്‍ മെനഞ്ഞുണ്ടാക്കുന്നവന്‍ എന്ന ദുഷ്‌പേരില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ മരണാനന്തരവുമായി ബന്ധപ്പെട്ട എന്റെയൊരു അനുഭവം അയാള്‍ക്ക് വേണ്ടി എഴുതാന്‍ തീരുമാനിച്ചു. പൊയ്‌പോയ ശൈത്യകാലത്തിലെങ്ങോ നാമനുഭവിച്ച തണുപ്പിന് നമ്മള്‍ അഗാധമായി സ്‌നേഹിക്കുന്നൊരാളെ തണുപ്പിക്കാനാവില്ലെന്ന് ആര് കണ്ടു.

ജലി മാമ മരിച്ചപ്പോഴാണ് ഞാന്‍ ഏറ്റവുമധികം കരഞ്ഞിട്ടുള്ളത്. ഞാന്‍ പോലും പ്രതീക്ഷിക്കാതത്ര നിയന്ത്രണാതീതമായി പോയി കാര്യങ്ങള്‍. എല്ലാവരും എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ജലി മാമ വളരെ വൈകാതെ മരിക്കും എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അങ്ങനെയൊരു ജീവിതമായിരുന്നു അത്. മരണാനന്തരമുള്ള സ്വര്‍ഗമല്ല, ജീവിതത്തിന്റെ ലഹരികളാണ്, അത് മാത്രമാണ് അയാളെ  ഭ്രമിപ്പിച്ചത്. അതിന് വേണ്ടി ജീവിതത്തിലെ എല്ലാ സ്വസ്ഥതകളെയും ഉത്തരവാദിത്തങ്ങളെയും ത്യജിക്കുക പോലും ചെയ്തു ചിലപ്പോള്‍. അതില്‍ ശരികളെന്ന പോലെ തെറ്റുകളും ഉണ്ടായിരുന്നിരിക്കാം. എന്നിട്ടും എല്ലാവരും അയാളെ സ്‌നേഹിച്ചു. അയാളും എല്ലാവരെയും സ്‌നേഹിച്ചു. 'നല്ലൊരു മനുഷ്യനായിരുന്നു' എന്ന് ആ മരണത്തിന് ശേഷം എല്ലാവരും പറഞ്ഞു.

എങ്കിലും ആ മരണം ഒരാള്‍ക്കും അപ്രതീക്ഷിതമായി തോന്നിയില്ല. പെട്ടെന്നായിപ്പോയി എന്ന് ആരും ആശങ്കപ്പെട്ടില്ല. വൈകിപ്പോയി എന്നാണ് പലരും പറഞ്ഞത്. അതിനുമെത്രയോ മുന്‍പ് തന്നെ മരണപ്പെട്ടേക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു മരണക്കിണറിലൂടെയാണ് മാമ ജീവിതം ഓടിച്ചിരുന്നത്. എന്നിട്ടും 'ജലി ഇനി തിരിച്ചുവരില്ല' എന്ന എല്ലാത്തരം പ്രവചനങ്ങളെയും അതിജീവിച്ചുകൊണ്ട് മൂപ്പര്‍ ഓരോ തവണയും, കൂടുതല്‍ കരുത്തോടെ മടങ്ങിവന്നു. 'ഇത്തവണ സാധ്യതയില്ലെ'ന്ന് പ്രവചിച്ച മനുഷ്യരുടെ മുന്നിലൂടെ കൂളായി  നടന്നുപോയി. അവസാനത്തെ തവണയും ഞാന്‍ അങ്ങനെയൊരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. ഇനി കീഴടങ്ങിയേക്കാം എന്ന് മൂപ്പര്‍ തീരുമാനിച്ചിരുന്നു എന്ന് തോന്നുന്നു.

BOOK COVER
പുസ്തകം വാങ്ങാം

 ഞാന്‍ പക്ഷെ മരണാനന്തരവും ജലിമാമനെ പലകുറി കണ്ടിട്ടുണ്ട്. 

ഒരിക്കല്‍, മാമ അവസാനകാലത്ത് ജോലി ചെയ്തിരുന്ന, ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോള്‍, അവിടെ യൂണീഫോം ഒക്കെ ഇട്ട്, ട്രാഫിക് നിയന്ത്രിക്കുന്നുണ്ട് പുള്ളി. മരിച്ചുപോയൊരാള്‍ ജീവിക്കുന്ന മനുഷ്യരുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്നു. എനിക്കതില്‍ വല്ലാത്ത കൗതുകം തോന്നി. വണ്ടി അരികില്‍ ഒതുക്കിനിര്‍ത്തി ഇറങ്ങിച്ചെന്ന് ജീവിച്ചിരിക്കുന്നവരുടെ എല്ലാ വിശേഷങ്ങളും പറയണമെന്ന് തോന്നി. അപ്പോഴേക്കും പച്ച കത്തി. 

മറ്റൊരിക്കല്‍ ഞാന്‍ ആ വീടിന് മുന്നിലൂടെ പോവുമ്പോള്‍, പതിവ് പോലെ കസേരയില്‍ ഇരുന്ന് കവിത ചൊല്ലുന്നു. നിങ്ങള്‍ വിശ്വസിക്കാനിടയില്ലെങ്കിലും, ഞാന്‍ ആ ശബ്ദം കേട്ടു എന്നതാണ് സത്യം:

'വേര്‍പിരിയുവാന്‍ മാത്രം ഒന്നിച്ചു കൂടി നാം
വേദനകള്‍ പങ്കു വയ്ക്കുന്നു..' എന്നും
'നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ' എന്നും ജലി മാമ ചൊല്ലുന്നത് ഞാന്‍ കേട്ടു. 

മറ്റൊരിക്കല്‍, കടലയിലിരുന്ന് ജലിമാമ കോണ്‍ഗ്രസുകാരോട്, രാഷ്ട്രീയം പറയുകയാണ്; ഉള്ളിലെ സിപിഐഎംകാരന്റെ എല്ലാ ഉശിരോടെയും അയാള്‍ തന്റെ പാര്‍ട്ടിക്ക് വേണ്ടി തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു.  ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും തമ്മില്‍ രാഷ്ട്രീയസംവാദത്തിലേര്‍പ്പെട്ടാല്‍ മരിച്ചുപോയവരേ ജയിക്കൂ; അവര്‍ക്ക് സത്യമറിയാം.
ജീവിച്ച ജീവിതത്തിന്റെ ഒരു തരിമ്പും ഉപേക്ഷിക്കാതെ മരിച്ചുപോയവര്‍ നമ്മുടെ കൂടെയുണ്ട്. അതുകൊണ്ട് പ്രിയപ്പെട്ടവ(ളെ/രെ),

പോയവര്‍ പോയി എന്നതല്ല മരണത്തിന്റെ ഫിലോസഫി. അവര്‍ ജീവിച്ച വലിയ ജീവിതം, അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അവരിലൂടെ നാം അറിയുകയും അനുഭവിക്കുകയും ചെയ്ത ലോകങ്ങള്‍,അവര്‍ പഠിപ്പിച്ച പാഠങ്ങള്‍, പങ്കുവച്ച ബോധ്യങ്ങള്‍, അവര്‍ നമ്മളില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ എല്ലാം ഭൂമിയില്‍ അവശേഷിക്കും; അവരുടെ വേദനകള്‍ നിറഞ്ഞ ശരീരം മാത്രമാണ് പോവുന്നത്. അവര്‍ ഇവിടെ അവശേഷിക്കും. ഒരുപക്ഷേ Absence Presence എന്നത് അത് തന്നെയാവും. 'അസാന്നിധ്യം പകരുന്ന വേദനകൊണ്ട് പാനപാത്രം നിറക്കാനാവും' എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് നമ്മളോട് എത്രയോ മുന്‍പേ പറഞ്ഞിട്ടുണ്ട്. 

മരിച്ചു കഴിഞ്ഞാലും നാം അവരെ കാണുകയും സംസാരിക്കുകയും ചെയ്യും; മകന്‍ ഹാംലറ്റ് അച്ഛനെ കാണുന്നത് പോലെ!

Content Highlights : ancif abu writes a nostalgic memory on the persons passed away