രു പുതുവര്‍ഷംകൂടി പുലരുന്നു. പുരാതന റോമന്‍ ഗാഥകളില്‍ നിറഞ്ഞു നിന്ന രണ്ടു തലകളുള്ള ജേനസ് എന്ന ദേവനത്രേ ജനുവരിയുടെ ദേവന്‍. ഒരു തല ഭൂത കാലത്തിലേക്കും മറുതല ഭാവിയിലേക്കും നോക്കിനില്ക്കുന്നവനായാണ് ജേനസ് ദേവനെ പുരാതന റോമാക്കാര്‍ ചിത്രീകരിച്ചിട്ടുള്ളത്.  

ജേനസിന്റെ പുറകോട്ടു നോക്കിയിരിക്കുന്ന മുഖത്തില്‍ പലപ്പോഴും കണ്ണുകള്‍ മാത്രമേ വരച്ചു കാണാറുള്ളു. പഴയത് കണ്ടു മനസ്സിലാക്കാന്‍ മാത്രമുള്ളതാണ് എന്നു സൂചിപ്പിക്കാന്‍ ആണ് ഇത്. പഴയകാല പ്രതാപങ്ങള്‍, ശരികള്‍, തെറ്റുകള്‍, ജയപരാജയങ്ങള്‍, തുടങ്ങി കഴിഞ്ഞു പോയത് ഒന്നും പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ലാത്തതു കൊണ്ടാവാം വാ ഇല്ലാതെയോ, ഉണ്ടെങ്കില്‍ അത് പൊത്തി വെച്ച രീതിയിലോ ചിത്രീകരിച്ചിട്ടുള്ളത്. 

അനുഭവപരിചയവും, ജീവിതം കോറിയിട്ട കാലത്തിന്റെ ചുളിവുകളും, ഉള്ള ഒരു വൃദ്ധനാണ് ഈ ഭൂതകാലമുഖം. എന്നാല്‍, ഭാവിയിലേക്ക് നോക്കുന്ന മുഖം പ്രസരിപ്പാര്‍ന്ന ഒരു യുവാവിന്റെ പുഞ്ചിരിക്കുന്ന മുഖമാണ്.  നമ്മുടെ നാട്ടിലെ ഗണപതിയെപ്പോലെ തുടക്കങ്ങളുടെ, പുതു പ്രതീക്ഷകളുടെ, കാലത്തിന്റെ, പുതിയ പാതകളുടെ, പുതുതായി ആര്‍ജിക്കേണ്ട അറിവുകളുടെ ഒക്കെ ദേവനാണ് ജേനസ്. ജേനസിന്റെ ഈ മുഖം പുതുവര്‍ഷം ജീവിതം വീണ്ടും വീണ്ടും അവസരങ്ങള്‍ തരും എന്ന ഒരു ഓര്‍മപ്പെടുത്തലാണ്.

അവസരങ്ങളെക്കുറിച്ച് പണ്ട് അച്ഛന്‍ ഒരു പുരാണ കഥ പറയാറുണ്ടായിരുന്നു. ഇപ്പോഴും ജീവിതത്തില്‍ എന്തു റിസ്‌ക് എടുത്തും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യുവാന്‍ എന്നെ പ്രേരിപ്പിക്കുനത് ഈ കഥയാണ്. ജീവിതവിജയത്തിനായി പ്രാര്‍ഥനയും പൂജയും ജ്യോതിഷവും മാത്രം ചെയ്തു കാലം പോക്കി, വന്ന ഒരു വലിയ ശിവഭക്തനുണ്ടായിരുന്നത്രേ. എന്നും മുടങ്ങാതെ അമ്പലത്തില്‍ പോകും, ശയന പ്രദക്ഷിണം, ശിവനു മുമ്പില്‍ ഏത്തമിടല്‍, ദേവി സന്നിധിയില്‍ കരഞ്ഞു പ്രാര്‍ഥന തുടങ്ങി, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കൈയില്‍ കാശു വരുന്നില്ല എന്ന് കണ്ടപ്പോള്‍, ഭക്തന്‍ പിന്നെ ഭഗവാനെ നല്ല സംസ്‌കൃതത്തില്‍ തെറിവിളി തുടങ്ങി. ഉറക്കെ വിളിച്ചാല്‍ മറ്റു ഭക്തര്‍ കൈ വെയ്ക്കും എന്നറിയാവുന്നത് കൊണ്ട് മനസ്സിലാണ് വിളി.

ഇതങ്ങനെ കുറച്ചു നാള്‍ തുടര്‍ന്നപ്പോള്‍, പാര്‍വതി ദേവിക്ക് സഹിക്കവയ്യാതായി. ശിവനോട് ദേവി പരാതി പറഞ്ഞു. ഇതിനെന്തെങ്കിലും പരിഹാരം കാണണം. ശിവന്‍ പറഞ്ഞു, ദേവി അവനെ ശിക്ഷിക്കാന്‍ മാത്രമുള്ള തെറ്റൊന്നും അവന്‍ ചെയ്തിട്ടില്ല. നമ്മളെ കുറച്ച് ചീത്ത വിളിച്ചു, അത് സാരമില്ല. എല്ലാം ക്ഷമിക്കുന്ന ഞാന്‍ അതവന്റെ വിവരക്കേട് എന്ന് വിചാരിച്ചു അങ്ങ് ക്ഷമിച്ചു. പാര്‍വതി പറഞ്ഞു. എന്നാല്‍ അനുഗ്രഹിച്ചു വിട്ടൂടെ? എത്ര കാലമായി ആ പാവം പ്രാര്‍ഥിക്കുന്നു. ശിവന്‍ പറഞ്ഞു, അനുഗ്രഹിക്കാന്‍ മാത്രമുള്ള ഒരു പ്രവൃത്തിയും അവന്‍ ചെയ്തിട്ടില്ല. 

കുറച്ചു കാശും സ്ഥലവുമൊക്കെ അവന് ജന്മനാ കിട്ടിയത് വെടിവഴിപാട് നടത്തിയും എന്റെ പേരില്‍ സ്വയം കുറേ പായസം കുടിച്ചും അവന്‍ നശിപ്പിച്ചു. അവന് അവസരം കിട്ടിയാലും ഉപയോഗിക്കനറിയില്ല. ഭഗവാന്റെ ഈ വാദങ്ങളൊന്നും ഭാര്യയുടെ അടുത്തു വിലപ്പോയില്ല. ദേവി മഹാദേവനുമായി പിണക്കമായി. ഒടുവില്‍ ദേവന്‍ പറഞ്ഞു, ശരി ഞാന്‍ അവന് ഒരവസരം കൂടി കൊടുക്കാം. 

അന്നു രാവിലെ, പതിവ് പൂജയൊക്കെ കഴിഞ്ഞ് ഭക്തന്‍ തന്റെ വീട്ടിലേക്ക് വരുന്ന വഴിയില്‍ മഹാദേവന്‍ ഒരു സ്വര്‍ണക്കുടം വെച്ചു. വഴിയില്‍ മറ്റാരുമില്ല. ഇത് ഭക്തനു തന്നെ കിട്ടും. തനിക്കു കുറച്ചു സമാധാനവും കിട്ടും എന്ന് പാര്‍വതിയും ഉറപ്പിച്ചു. ഭക്തന്‍ അടുത്തെത്തുന്നതും നോക്കി, പാര്‍വതിയും, മക്കളായ ഗണപതിയും, മുരുകനും ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്. ഒരു ചെറു ചിരിയോടെ മഹാദേവനും അടുത്തുണ്ട്. 

ഭക്തന്‍ എത്താന്‍ ഇനി പത്തടി മാത്രം. അപ്പോഴാണ് ഭക്തന്റെ മനസ്സില്‍ ഒരു ചിന്ത വളര്‍ന്നു വന്നത്. ഈ കുരുടന്‍മാര്‍ നടക്കുന്നതെങ്ങനെ? ഭക്തന്‍ കണ്ണടച്ചു നടന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്തു വന്നാലും വീടെത്തുന്നതുവരെ കണ്ണ് തുറക്കില്ല എന്ന് സ്വയം വാതു വെച്ചു. കണ്ണടച്ച് നടന്ന ഭക്തന്‍ സ്വര്‍ണക്കുടത്തില്‍ തട്ടി മൂക്ക് കുത്തി താഴെ വീണു. ''ഫ, ആരാടാ, ഈ നടുവഴിയില്‍ കല്ല് കൊണ്ട് വെച്ചിരിക്കണത്' എന്ന് ആക്രോശിച്ചു പുറങ്കാലു കൊണ്ട് സ്വര്‍ണക്കുടം തട്ടി തോട്ടിലിട്ടു. എന്നിട്ട് ഞൊണ്ടി ഞൊണ്ടി വീട്ടില്‍ പോയി, വീണ്ടും പ്രാര്‍ഥന തുടങ്ങി. ശിവന്‍ പാര്‍വതിയോട് പറഞ്ഞു: ദേവി, പലരും ഇങ്ങനെയാണ്. പ്രാര്‍ഥനയ്ക്ക് ഒരു ക്ഷാമവുമില്ല. 

ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങള്‍ വാങ്ങാം

പ്രവൃത്തി തീരെയില്ല. അവസരങ്ങള്‍ വരുമ്പോള്‍ കണ്ണടച്ച് നടക്കും. തട്ടി വീണാലും, സ്വന്തം വാശി വിടില്ല. എന്നിട്ട് കിട്ടുന്ന അവസരം പുറങ്കാലു കൊണ്ട് തട്ടി തോട്ടിലിടും. പിന്നെ ഭഗവാനോട് കരച്ചിലായി, ഭഗവാന് ചീത്ത വിളിയായി. ഈ കഥ ഓര്‍മയുള്ളത് കൊണ്ട് ജീവിതത്തില്‍ ഓരോ നിമിഷവും ഞാന്‍ അവസരങ്ങള്‍ തേടി നടക്കുകയാണ്. കാര്‍ട്ടൂണിസ്റ്റ്, ആര്‍ട്ടിസ്റ്റ്, ചപ്പാത്തിക്കല്ല് വില്‍ക്കുന്ന ഡോര്‍ ടു ഡോര്‍ സെയില്‍സ്മാന്‍, എന്‍ജിനീയര്‍, തട്ടു കട, ഓയില്‍ കമ്പനി മാനേജര്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍, തിരക്കഥാകൃത്ത്, തുടങ്ങി പല വേഷങ്ങള്‍ കെട്ടി. കെട്ടാന്‍ ഇനിയും അനവധി വേഷങ്ങള്‍ ബാക്കി. 
     
പുതുവര്‍ഷം. ഡിസംബര്‍ മുപ്പത്തിയൊന്ന് അര്‍ധരാത്രി, ജേനസ്സിന്റെ പഴമുഖം മാറി ജനുവരി ഒന്നിന്റെ യുവത്വമാര്‍ന്ന മുഖം പുഞ്ചിരിക്കും. പുതിയ ഒരു തുടക്കം. വീണ്ടും വരുന്ന ഒരു ചെറുപ്പം. പുതിയ അവസരങ്ങള്‍, എല്ലാം നമ്മെ കാത്തിരിക്കുന്നു. നമ്മള്‍ കണ്ണുകള്‍ തുറന്നിരിക്കുക. സ്വര്‍ണക്കുടം എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നാര്‍ക്കറിയാം.

Content highlights : anand neelakantan, anand neelakantan books