മാറഡോണ എന്ന വ്യക്തിത്വത്തിന്റെ ഭാരം ആ മനുഷ്യന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ആരാധകരുടെ നാവിൽനിന്ന് മാറഡോണ എന്ന് ആദ്യമായി പുറത്തുവന്നതുമുതൽ നട്ടെല്ലിലെ ഒരു നോവായി അത് കനപ്പെട്ടുവന്നു. ആ ശരീരം ഒരു അലങ്കാരവസ്തുവായി. ഗുളിക കഴിക്കാതെ ഉറക്കം വരാതെയായി. കളിക്കളത്തിലെ ദൈവം എന്ന ഉത്തരവാദിത്വം ചുമലിലേന്തിജീവിക്കുക പ്രയാസകരമാണെന്ന തിരിച്ചറിവ് നേരത്തേ ഉണ്ടായിരുന്നു. എന്നാൽ, അതിന് വിരാമമിടാൻ തനിക്കാവില്ലെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഉറേഗ്വൻ പത്രപ്രവർത്തകനും നോവലിസ്റ്റുമായ ഗെലിയാനൊയുടെ പ്രസിദ്ധമായ Football in Sun & Shadow എന്ന പുസ്തകത്തിൽനിന്നും ഒരേട് വായിക്കാം.
1994-ലെ ലോകകപ്പിൽ നിന്ന് ഡീഗോ മാറഡോണ പുറത്തായി. ഉത്തേജകമരുന്ന് പരിശോധനയിൽ എഫഡ്രിൻ സാന്നിധ്യം തെളിഞ്ഞതായിരുന്നു കാരണം. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പ്രൊഫഷണൽ കായികരംഗത്ത് ഉത്തേജകമരുന്നായി കണക്കാക്കുന്നതല്ല എഫഡ്രിനെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ അതിന് വിലക്കുണ്ട്. തുടർന്ന് ഉയർന്നുവന്ന പരിഹാസങ്ങളും അപവാദങ്ങളും ധാർമികതയെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും ലോകത്തിന്റെ കാതടപ്പിച്ചു. വീണുടഞ്ഞ വിഗ്രഹത്തെ താങ്ങിനിർത്താൻ അപ്പോഴും അങ്ങിങ്ങുനിന്നായി ശബ്ദങ്ങൾ ഉയർന്നു. മുറിവേറ്റ് നിശ്ശബ്ദമായ അർജന്റീനയിൽ നിന്നു മാത്രമായിരുന്നില്ല, അങ്ങുദൂരെ ബംഗ്ലാദേശിൽ നിന്നു പോലും ഫിഫയ്ക്കെതിരായ മുദ്രാവാക്യങ്ങൾ മുഴങ്ങി. മാറഡോണയെ തിരികെ കളിക്കളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സാമാന്യം വലിയ ആൾക്കൂട്ടം തെരുവിലിറങ്ങി. വിധികല്പിക്കാനും പുച്ഛിക്കാനും ആർക്കും എളുപ്പമാണ്. എന്നാൽ, മാറഡോണയുടെ കാര്യത്തിൽ എളുപ്പം മറക്കാനാകാത്തതായി ചിലതുണ്ട്. വർഷങ്ങളായി ഏറ്റവും മികച്ച കളിക്കാരനായി തുടർന്നു എന്ന 'കുറ്റം', അധികാരകേന്ദ്രങ്ങൾ മൂടിവെക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞ, ഇടതുകൈയ്യൻ.ഓക്സ്‌ഫഡ് നിഘണ്ടുപ്രകാരം ഇടതുകൈയ്യൻ എന്ന വാക്കിന് 'ദുഷിച്ചത്, സംശയാസ്പദം' എന്നിങ്ങനെയുള്ള അർഥങ്ങൾകൂടിയുണ്ട്.
ശരീരത്തിന്റെ പരിമിതികൾ മറികടക്കാൻ മത്സരങ്ങൾക്കുമുമ്പ് മാറഡോണ ഒരിക്കൽപ്പോലും ഉത്തേജകമരുന്നുകൾ ഉപയോഗിച്ചിട്ടില്ല. കൊക്കെയ്ൻ ഉപയോഗിക്കാറുണ്ടെന്നത് സത്യമാണെങ്കിലും അത് ദുഃഖം നുരയുന്ന പാർട്ടികളിൽ മാത്രമായിരുന്നു. തന്റെ പ്രതിഭയെക്കുറിച്ചും പ്രശസ്തിയെക്കുറിച്ചുമായിരുന്നു അയാളുടെ ഉത്‌കണ്ഠ. അത് മറക്കാനുള്ള ശ്രമങ്ങളായിരുന്നു അവ. പ്രശസ്തി സദാ മാറഡോണയിൽ നിന്ന് മനസ്സമാധാനം കവർന്നെടുത്തിരുന്നെങ്കിലും അതില്ലാത്ത ജീവിതം അദ്ദേഹത്തിന് സങ്കൽപ്പിക്കാനാകുമായിരുന്നില്ല.
മാറഡോണ എന്ന വ്യക്തിത്വത്തിന്റെ ഭാരം ആ മനുഷ്യന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ആരാധകരുടെ നാവിൽനിന്ന് മാറഡോണ എന്ന് ആദ്യമായി പുറത്തുവന്നതുമുതൽ നട്ടെല്ലിലെ ഒരു നോവായി അത് കനപ്പെട്ടുവന്നു. ആ ശരീരം ഒരു അലങ്കാരവസ്തുവായി. ഗുളിക കഴിക്കാതെ ഉറക്കം വരാതെയായി. കളിക്കളത്തിലെ ദൈവം എന്ന ഉത്തരവാദിത്തം ചുമലിലേന്തി ജീവിക്കുക പ്രയാസകരമാണെന്ന തിരിച്ചറിവ് നേരത്തേ ഉണ്ടായിരുന്നു. എന്നാൽ, അതിന് വിരാമമിടാൻ തനിക്കാവില്ലെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. 'അവർക്കെന്നെ ആവശ്യമാകേണ്ടത് എന്റെ ആവശ്യമാണ്' എന്ന കുമ്പസാരം അദ്ദേഹം നടത്തിയത് അമാനുഷിക പ്രകടനങ്ങളുടെ പരുഷമായ പ്രഭാവലയത്തിൽ വിരാജിക്കുമ്പോൾ തന്നെയാണ്. കോർട്ടിസോൺ സ്റ്റിറോയിഡും അനാൽജിസിക് വേദനസംഹാരിയും കൊണ്ട് ആ ശരീരം വീർത്തുകെട്ടി. മാധ്യമങ്ങളുടെ പുകഴ്ത്തലുകളും ആരാധകരുടെ പ്രതീക്ഷകളും ശത്രുക്കളുടെ പകയും ആ മനുഷ്യനിൽ ഭാരം നിറച്ചു.
നേപ്പിൾസിൽ മാറഡോണ വിശുദ്ധനായിരുന്നു. ഷോർട്സ് ധരിച്ച ദൈവത്തിന്റെ ചിത്രങ്ങൾ തെരുവുവിപണികളെ സജീവമാക്കി. കന്യാമറിയത്തിന്റേതുപോലെ പ്രകാശവലയമുള്ളവയും വിശുദ്ധന്മാരുടെ മേലാപ്പണിഞ്ഞവയും എങ്ങും നിറഞ്ഞു. കൊച്ചു കുട്ടികളും ഓമനിച്ചു വളർത്തുന്ന പട്ടികളും വരെ മാറഡോണയുടെ വെപ്പുമുടിയിൽ വിലസി. ഡാന്റെയുടെ പ്രതിമയ്ക്കു താഴെ ആരോ ഒരു കാൽപ്പന്തു കൊണ്ടു?െവച്ചു. മാൾട്ടയിലെ ട്രിറ്റൺ ജലധാര നാപ്പോളിയുടെ നീലക്കുപ്പായം എടുത്തണിഞ്ഞു.വെസൂവിയസ് അഗ്നിപർവതത്തിന്റെ ഉഗ്രകോപവും കാൽപ്പന്തു മൈതാനങ്ങളിലെ നിത്യ തോൽവിയും അരനൂറ്റാണ്ടായി അനുഭവിച്ചുപോന്നവരായിരുന്നു നേപ്പിൾസുകാർ. ഒടുവിൽ അവരും ഒരു ചാമ്പ്യൻഷിപ്പ് നേടി. തങ്ങളെ നിരന്തരം പുച്ഛിച്ചിരുന്ന വടക്കൻ ഇറ്റലിക്കാരെ അപമാനത്തിന്റെ കയ്പുരസം നുണയിച്ചതിനും തോൽവിയെന്തെന്ന് എതിരാളികൾക്ക് കാണിച്ചുകൊടുത്തതിനും നേപ്പിൾസ് മാറഡോണയോട് നന്ദി പറഞ്ഞു. തുടർന്ന്, ഇറ്റലിയിലെ സ്റ്റേഡിയങ്ങളിലും യൂറോപ്പിലാകെയും നാപ്പോളി വിജയം മാത്രമറിഞ്ഞു. അവർ കപ്പുകൾ ഒന്നൊന്നായി വാരിക്കൂട്ടി. വ്യവസ്ഥാപിതക്രമങ്ങളെ തച്ചുടയ്ക്കുന്നതും ചരിത്രത്തോടുള്ള പകവീട്ടലുമായിരുന്നു അവരടിച്ച ഓരോ ഗോളും.
അതേസമയം, തങ്ങൾക്ക് അപമാനമേൽപ്പിച്ച ധിക്കാരിയോട് മിലനുകാർ വെറുപ്പുമാത്രം കൊണ്ടുനടന്നു. മിലനിൽ മാത്രം ഒതുങ്ങിയില്ല അത്, 1990 ലോകകപ്പിൽ മാറഡോണയുടെ കാൽ പന്തിൽതൊട്ടപ്പോഴെല്ലാം ഭയപ്പെടുത്തുന്ന ചൂളംവിളി മുഴക്കി അവർ അയാളെ പരമാവധി ഉപദ്രവിച്ചു. അർജന്റീന ജർമനിയോട് തോറ്റപ്പോൾ അത് ഇറ്റലിയുടെ ജയമായി അവർ ആഘോഷിച്ചു.
കൊക്കെയ്ൻ ഉപയോഗം പൊട്ടിത്തെറിയുണ്ടാക്കിയതോടെ മാറഡോണ 'മാറകോക്ക'യായി, നായകരൂപത്തിൽ വന്ന് മനുഷ്യരെ കബളിപ്പിച്ച കുറ്റവാളി. വിഗ്രഹങ്ങൾ വാർത്തെടുക്കുമ്പോഴുള്ള അതേ ആനന്ദമാണ് അവ തകർന്നുവീഴുമ്പോഴും. മുറുക്കം നിറഞ്ഞ കളി കാണുന്ന അതേ ഉദ്വേഗത്തോടെ മാറഡോണയുടെ അറസ്റ്റും തത്സമയം ആളുകൾ കണ്ടുനിന്നു. രാജാവിന്റെ ഉടയാടകൾ അഴിഞ്ഞുവീഴുന്നത് കണ്ടുനിൽക്കുന്ന അതേ കൗതുകത്തോടെ അയാളെ പോലീസ് വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്നത് ജനം നോക്കിനിന്നു.
തെക്കൻ ഇറ്റലിക്കാരെ അവരുടെ നരകയാതനയിൽ നിന്ന് മോചിപ്പിക്കാനായി അവതരിച്ച മിശിഹായായിരുന്നു മാറഡോണ. ഫോക്ലാൻഡിൽ അർജന്റീനയ്ക്കേറ്റ പരാജയത്തിന് തന്ത്രപരമായ ഗോളിലൂടെയാണ് തക്കമറുപടി നൽകിയത്. ഇംഗ്ലീഷുകാരെ വർഷങ്ങളോളം വട്ടം കറക്കിയ അത്യുജ്ജ്വലമായ മറ്റൊരു ഗോളിലൂടെ വടക്കിനോടും പകരം വീട്ടി. എന്നാൽ, ആ 'ഗോൾഡൻ ബോയ്'ക്ക് അടിതെറ്റിയപ്പോൾ അവർക്ക് അവൻ തണുപ്പനായ താന്തോന്നിയായി മാറി. അയാൾക്ക് ഭ്രാന്താണ്, അയാളുടെ കഥ കഴിഞ്ഞു എന്നവർ ഉറക്കെപ്പറഞ്ഞു. തന്നെ ആരാധിച്ച കുട്ടികളെ വഞ്ചിച്ചവനും കാൽപ്പന്തുകളിക്ക് അവമാനം വരുത്തിയവനുമായി. മാറഡോണ മരിച്ചതായി അവർ എഴുതിത്തള്ളി.
എന്നാൽ അയാൾ അതിശക്തമായി തിരിച്ചുവന്നു.'94 ലെ ലോകകപ്പിനായി എരിഞ്ഞുകൊണ്ടിരിക്കുന്ന അർജന്റീനൻ ടീമിന്റെ തീപ്പൊരിയായി മാറി. നന്ദി, മാറഡോണ. അവരെ ആ ലക്ഷ്യത്തിലെത്തിച്ചതിന്, ഒരിക്കൽകൂടി കപ്പിൽ ചുംബിക്കാൻ അവർക്ക് അവസരം നേടിക്കൊടുത്തതിന്. പഴയപ്രതാപത്തോടെ മികച്ചവരിൽ മികച്ചവനായാണ് മാറഡോണ തിരിച്ചുവന്നത്, എഫഡ്രിൻ ആരോപണം ഉയരുന്നതുവരെ അത് അങ്ങനെ തുടർന്നു.
മൈക്കുമായി നിരന്തരം മാറഡോണയുടെ പിന്നാലെകൂടിയ മാധ്യമപ്രവർത്തകർ തന്നെ പിന്നീട് ധാർഷ്ട്യത്തി?െന്റയും ധിക്കാരത്തിന്റെയും പേരിൽ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. മാറഡോണയുടെ ചില നേരത്തെ സംസാരം അവർക്ക് തീരെ രസിച്ചില്ല. അച്ചടക്കമില്ലാത്ത ഒരേയൊരു കളിക്കാരനൊന്നുമായിരുന്നില്ല അദ്ദേഹം. '86 ലും '94ലും മെക്സിക്കോയിൽ വെച്ച് ടെലിവിഷന്റെ അപ്രമാദിത്വത്തെപ്പറ്റി മാറഡോണ പരാതി പറഞ്ഞിരുന്നു. അപ്രിയ സത്യങ്ങളും അനിഷ്ടമുളവാക്കുന്ന ചോദ്യങ്ങളും ഉറക്കെ വിളിച്ചുപറഞ്ഞ മാറഡോണയായിരുന്നു എല്ലാവരുടെയും പ്രശ്നം. അന്താരാഷ്ട്രതലത്തിലെ തൊഴിൽ അവകാശങ്ങൾ എന്തുകൊണ്ട് ഫുട്ബോളിന് ബാധകമാകുന്നില്ലെന്നും കളിക്കാർക്ക് അന്താരാഷ്ട്ര ഫുട്ബോളിന്റെ കണക്കുപുസ്തകത്തിലേക്കുള്ള പ്രവേശനം എന്തുകൊണ്ട് നിഷേധിക്കുന്നുവെന്നും അദ്ദേഹം ഉറക്കെ ചോദിച്ചു.
1994-ലെ ലോകപ്പിൽനിന്ന് മാറഡോണ പുറത്താക്കപ്പെട്ടപ്പോൾ ലോകകപ്പ് ഫുട്ബോളിന് ഒരു വിപ്ലവകാരിയെയാണ് നഷ്ടമായത്. മഹാനായ ഒരു കളിക്കാരെനെയും. സംസാരിക്കുമ്പോൾ മാറഡോണയെ ആർക്കും തടയാനാകില്ലായിരുന്നു. കളിക്കളത്തിൽ അതിലും എത്രയോ മുന്നിലും. എന്ത് ഗൂഢതന്ത്രമാണ് അദ്ഭുതങ്ങളുടെ ആ തമ്പുരാൻ അടുത്ത നിമിഷത്തേക്കായി കാത്തുവെച്ചിരിക്കുന്നതെന്നത് പ്രവചനാതീതമായിരുന്നു. ഒരിക്കൽ പയറ്റിയ തന്ത്രങ്ങൾ പീന്നീടൊരിക്കലും അയാൾ ആവർത്തിക്കാറുമില്ലായിരുന്നു.
വേഗതയായിരുന്നില്ല മാറഡോണയുടെ പ്രത്യേകത. കുറുകിയ കാലുകളുള്ള കാളക്കൂറ്റനെപ്പോലെ അയാൾ കളിക്കളത്തിലൂടെ സുന്ദരമായി ഒഴുകിനീങ്ങി. കാലിൽ തുന്നിച്ചേർത്തതുപോലെ പന്തുമായി പാഞ്ഞു. ശരീരത്തിലുടനീളം കണ്ണുള്ളവനെപ്പോലെ ചടുലമായ കായികപ്രകടനങ്ങൾക്കൊണ്ട് അയാൾ കളിക്കളത്തിന്റെ ആവേശമായി. ഇടിമുഴക്കത്തിന്റെ ഗാംഭീര്യത്തോടെ മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള മഹാപ്രതിഭയായിരുന്നു മാറഡോണ. ഗോൾ പോസ്റ്റിന് പുറംതിരിഞ്ഞു നിൽക്കുമ്പോഴും ശത്രുകാലുകൾക്കിടയിലൂടെ വിദൂരത്തുനിന്ന് ലഭിക്കുന്ന അസാധ്യമായൊരു പാസ് മിന്നൽവേഗത്തിൽ ഗോളാക്കിമാറ്റാൻ കഴിയുന്ന തികഞ്ഞ അഭ്യാസി. ഡ്രിബിളിനുള്ള നീക്കമാണെങ്കിൽ ആർക്കും അതിനെ തടുക്കാനുമാകില്ല.
തോൽവി അംഗീകരിക്കാതിരിക്കുകയും എല്ലാ വിനോദങ്ങളെയും വിലക്കുകയും ചെയ്യുന്ന ഇക്കാലത്തെ മരവിച്ച ഫുട്ബോൾ ലോകത്ത് ഭാവനാശക്തികൊണ്ട് വിജയത്തിലെത്താനാകുമെന്നു തെളിയിച്ച ചുരുക്കം പ്രതിഭകളിൽ ഒരാളായിരുന്നു ഡീഗോ മാറഡോണ എന്ന ജീനിയസ്.