ശിവനെയും സീതയെയും രാമനെയും കേന്ദ്രകഥാപാത്രമാക്കി എഴുതിയ ശ്രദ്ധേയമായ നോവലുകള്‍ക്ക് ശേഷം കിഴക്കിന്റെ പൗലോ കൊയ്ലോ എന്ന് വിശേഷണമുള്ള എഴുത്തുകാരന്‍ അമീഷ് ത്രിപാഠി പേന ചലിപ്പിക്കുന്നത് ഇന്ത്യയെക്കുറിച്ച് എഴുതാനാണ്. ആദ്യമായാണ് ഒരു നോണ്‍ ഫിക്ഷന്‍ എഴുത്തുമായി അമീഷ് എത്തുന്നത്. 

ഇന്ത്യയുടെ ചരിത്രം, പുരാണം, സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അമീഷ് തന്റെ പുതിയ പുസ്തകമായ 'ഇമ്മോര്‍ട്ടല്‍ ഇന്ത്യ - യങ് കണ്‍ട്രി, ടൈംലെസ് സിവിലൈസേഷന്‍' എന്ന  പുസ്തകത്തിലൂടെ വായനക്കാരിലേക്കെത്തിക്കുന്നത്. ഒട്ടനവധി സംസ്‌കാരങ്ങളുടെ ഉയര്‍ച്ചയും അസ്തമയവും കണ്ട നാടാണ് ഇന്ത്യ. ഒരേസമയം ആക്രമിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത നാട്.

വിവിധ കാലഘട്ടങ്ങളിലൂടെ കടന്ന് ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്ന ഇന്ത്യ. ഭാരതമെന്നോ, ഹിന്ദുസ്ഥാനെന്നോ, ഇന്ത്യയെന്നോ പേരുകള്‍ എത്ര മാറ്റി വിളിച്ചാലും അനശ്വരമായി ആത്മാവ് ചോരാതെ ഇന്നും നിലനില്‍ക്കുന്ന നാടിനെയാണ് എഴുത്തുകാരന്‍ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
അമീഷ് ത്രിപാഠിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും വ്യത്യസ്ത ചര്‍ച്ചകളിലെ ചിന്തകളുമാണ് 'ഇമ്മോര്‍ട്ടല്‍ ഇന്ത്യ' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. 

ആധുനികലോകത്ത് നിന്നുകൊണ്ടുതന്നെ പൗരാണികതയെ അതിന്റെ സൗന്ദര്യത്തോടെ നോക്കിക്കാണാനാണ് അമീഷ് തന്റെ വാക്കുകളിലൂടെ ശ്രമിക്കുന്നത്. മതവും പൗരാണിക സങ്കല്‍പ്പങ്ങളും സാമൂഹിക പ്രശ്‌നങ്ങള്‍, ചരിത്രം, മ്യൂസിങ് എന്നിങ്ങനെ നാല് ഭാഗങ്ങളിലായി വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളാണ് വായനക്കാരന്റെ മുന്നിലേക്കെത്തിക്കുന്നത്. എല്‍.ജി.ബി.ടി. കമ്മ്യൂണിറ്റി, മതാതിഷ്ഠിതമായ ആക്രമണങ്ങള്‍, അഴിമതികള്‍, രാജ്യത്തിന്റെ പ്രതിനിധികള്‍, രാഷ്ട്രീയത്തെയും രാഷ്ട്രത്തെയും കുറിച്ച് പൗരാണിക കാലങ്ങളുടെ ചിന്തകള്‍ എന്നിവയാണ് 'സാമൂഹിക പ്രശ്‌നങ്ങള്‍' എന്ന തലക്കെട്ടില്‍ എഴുത്തുകാരന്‍ വായനക്കാരിലേക്ക് എത്തിക്കുന്നത്. 

അമീഷ് ത്രിപാഠിയുടെ പുസ്തകങ്ങൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

മതപരമായ പീഡനങ്ങള്‍ ശാന്തമനസ്സോടും നിരീക്ഷണത്തോടും കൂടിയാണ് ഇല്ലാതാക്കേണ്ടതെന്ന് പുസ്തകം പറയുന്നു. നമ്മുടെ വേദകാല സംസ്‌കാരം മറക്കാതെ അവ ഏത് പുരോഗമനകാലത്തും കൂടെക്കൊണ്ടുപോകാന്‍ തയ്യാറാകണമെന്നാണ് ഇമ്മോര്‍ട്ടല്‍ ഇന്ത്യ കുറിക്കുന്നത്. അതോടൊപ്പം രണ്ടു തരത്തിലുള്ള സേവന മനസ്സുകളെക്കുറിച്ചും എഴുത്തുകാരന്‍ പ്രതിപാദിക്കുന്നു. സേവനത്തിലെ ഇന്ത്യന്‍ മാതൃകയും പാശ്ചാത്യ മാതൃകയും. ഈ രണ്ട് മാതൃകകള്‍ തമ്മിലുള്ള അജഗജാന്തരവും എഴുത്തുകാരന്‍ പുസ്തകത്തില്‍ വിവരിക്കുന്നു.

സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അമീഷ് ഈ വിഷയം വിവരിക്കുന്നത്. പൗരാണികതയും ചരിത്രവും ഏറെ പഠിച്ച് തയ്യാറാക്കിയ കുറിപ്പുകളാണിവയെന്ന് വ്യക്തമാക്കുന്നതാണ് പുസ്തകത്തിലെ ഓരോ വരിയും. വെസ്റ്റ് ലാന്‍ഡ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 275 രൂപയാണ്.

Content highlights : Amish Tripathi, Amish Tripathi books, Immortal India, meluha, The Secret of the Nagas