ലോകപ്രശസ്ത അമേരിക്കന്‍ സാഹിത്യകാരനായ ഒ ഹെൻ​റിയുടെ ജന്മവാര്‍ഷിക ദിനമാണ് സെപ്തംബര്‍ 11. വില്യം സിഡ്നി പോര്‍ട്ടര്‍ എന്നാണ് ഒ ഹെൻ​റിയുടെ യഥാര്‍ഥ നാമം. തന്റെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ ഭാവനയില്‍ ചാലിച്ചാണ് അദ്ദേഹം കഥകള്‍ സൃഷ്ടിച്ചത്. മനുഷ്യജീവിതങ്ങളെ കൃത്യമായി അതിന്റെ സമസ്തവൈവിധ്യത്തിലും അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു ഹെൻ​റി. അദ്ദേഹത്തിന്റെ 400 കൂടുതല്‍ ചെറുകഥകള്‍ അവയിലെ നര്‍മം, കഥാപാത്രങ്ങള്‍, അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ എന്നിവ കാരണം ലോകപ്രശസ്തമാണ്. 

1862 സെപ്തംബര്‍ 11 ന് ജനിച്ച അദ്ദേഹത്തിന്റെ ബാല്യകാലം യാതനകളുടെയും ദാരിദ്രത്തിന്റേതുമായിരുന്നു. യാതനകളുടെയും ദാരിദ്രത്തിന്റെയും ബാല്യകാലവും നിത്യവൃത്തിക്കായി അലയേണ്ടിവന്ന യൗവനവുമായിരുന്നു ആ എഴുത്തുകാരനെ എഴുത്തില്‍ സ്വാധാനിച്ചത്. ഒരു ബാങ്കില്‍ ജോലി ചെയ്യവെ പണം അപഹരിച്ചു എന്ന കുറ്റത്തിന് ജയിലില്‍ കഴിയവെയാണ് അദ്ദേഹം ഒ ഹെൻ​റി എന്ന പേരില്‍ കഥകള്‍ എഴുതി തുടങ്ങുന്നത്. പിന്നീട് അദ്ദേഹം മുഴുവന്‍സമയ കഥാകൃത്തായി മാറുകയായിരുന്നു. 

സ്നേഹവും ത്യാഗവും വഞ്ചനയുമെല്ലാം അദ്ദേഹത്തിന്റെ കഥകളുടെ പ്രധാന വിഷയങ്ങളായിരുന്നു. അവസാനം വരെ ആകാംക്ഷയും അനിശ്ചിതത്വവും നിലനിര്‍ത്തുന്നതായിരുന്നു ആ കഥകളുടെ രീതി. പ്രശസ്തമായ ഒ ഹെൻ​റി ട്വിസ്റ്റ് എന്ന പ്രയോഗം പോലും അങ്ങനെയാണ് ഉണ്ടാവുന്നത്. 

o henry
പുസ്തകം വാങ്ങാം

ഒ. ഹെൻ​റിയുടെ പ്രധാനപ്പെട്ട ആദ്യ രചനകള്‍ കാബേജസ് ആന്‍ഡ് കിങ്‌സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്. ഒരു നോവലിനോട് അടുത്തുനില്‍ക്കുന്നു എന്ന് പറയാന്‍ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ് ബനാന റിപ്പബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം. ദി ഗിഫ്റ്റ് ഓഫ് ദില മജൈ, ദി ലാസ്റ്റ് ലീഫ്, എ റിട്രീവ് ഇന്‍ഫര്‍മേഷന്‍, ദി കോപ് ആന്റ് ദി ആന്‍തം, ആഫ്റ്റര്‍ ട്വന്റി ഇയേഴ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികള്‍. 1910 ജൂണ്‍ അഞ്ചിന് ഒ. ഹെൻ​റി അന്തരിച്ചു.

Content Highlights: American short story writer O Henry birth anniversary