ലോകപ്രശസ്തനായ ഭാഷാ ശാസ്ത്രജ്ഞനനും രാഷ്ട്രീയ തത്വചിന്തകനും വിമര്‍ശകനുമായ നോം ചോസ്‌കിയുടെ ജന്മദിനമാണ് ഇന്ന്. 1950കള്‍ മുതല്‍ അമേരിക്കയുടെയും ലോകത്തിന്റെയും രാഷ്ട്രീയ, ജനാധിപത്യ മുന്നേറ്റങ്ങളുടെ കുന്തമുനയായിരുന്ന ചോംസ്‌കി തന്റെ തൊണ്ണൂറുകളിലും അക്കാദമിക രാഷ്ട്രീയ ലോകത്ത് സജീവമാണ്.
ഭാഷാശാസ്ത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം എന്ന സരണിയുടെ സ്രഷ്ടാവാണ് ഇദ്ദേഹം. ഔപചാരിക ഭാഷകളുടെ വിഭാഗീകരണത്തിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍വ്വചിച്ചതും ഇദ്ദേഹമാണ്. അറുപതുകളിലെ വിയറ്റ്‌നാം യുദ്ധത്തെ ശക്തമായി വിമര്‍ശിച്ചതു മുതല്‍ അമേരിക്കയുടെ വിദേശനയത്തിന്റെ വിമര്‍ശകനായാണ് ചോംസ്‌കി. വിവിധ ശാസ്ത്രമേഖലകളിലെ സംഭാവനകളേക്കാളും ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ചോംസ്‌കി അന്താരാഷ്്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷക്കാരനായാണ് ചോംസ്‌കി വിലയിരുത്തപ്പെടുന്നത്. മാധ്യമങ്ങളുടെ നിലപാടുകളെ ശാസ്ത്രീയമായി അപഗ്രഥിച്ചുകൊണ്ട് അവയുടെ ഭരണകുടത്തോടുള്ള ആശ്രിതത്വം തുറന്നുകാണിച്ചതാണ് ഇദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്.
1928 ഡിസംബര്‍ 7ന് യുഎസിലെ പെന്‍സില്‍വേനിയ സംസ്ഥാനത്തു ഫിലഡെല്‍ഫിയയിലെ മധ്യവര്‍ഗ ജൂത കുടുംബത്തിലാണു ജനനം. ചെറുപ്പത്തില്‍ ന്യൂയോര്‍ക്കിലേക്ക് നടത്തുന്ന യാത്രകള്‍ക്കിടെ ജൂതത്തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് തന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചോംസ്‌കി എഴുതിയിട്ടുണ്ട്. 15ാം വയസ്സില്‍ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ ചേര്‍ന്നു. 1955 ല്‍ ഭാഷാശാസ്ത്രത്തില്‍ പിഎച്ച്ഡി ലഭിച്ചു. 1956 ല്‍ മാസച്യൂസിറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എംഐടി) അധ്യാപകനായി ചേര്‍ന്നു.
യൂറോപ്പിലെ ഫാഷിസത്തിന്റെ വളര്‍ച്ച സംബന്ധിച്ച് സ്‌കൂള്‍ മാഗസിനില്‍ ലേഖനമെഴുതിയ ചോംസ്‌കി, 1960 കളിലാണു രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. രാഷ്ട്രീയവും ജീവിതവും രണ്ടായിട്ടായിരുന്നില്ല ചോംസ്‌കി കണ്ടിരുന്നത്.
മറ്റുരാജ്യങ്ങളില്‍ സൈനിക നീക്കങ്ങള്‍ നടത്തി സമ്പത്ത് വര്‍ധിപ്പിക്കുന്ന അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായാണ് ചോംസ്‌കി പ്രതികരിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ തടയാനായി അമേരിക്ക ഇടപെട്ട് കൈപൊള്ളിയ വിയറ്റ്‌നാം യുദ്ധത്തിനെതിരേ അമേരിക്കയില്‍ തന്നെ നടന്ന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വമായി ചോംസ്‌കി ഉണ്ടായിരുന്നു. എല്ലാകാലത്തും ഇസ്രേയലിന്റെ കടുത്ത വിമര്‍ശകനായ ചോംസ്‌കി പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണയും പ്രഖ്യാപിച്ചു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സമരം ഉള്‍പ്പെടെ ഭരണകൂടങ്ങള്‍ക്കെതിരെ ലോകത്താകമാനം നടക്കുന്ന എല്ലാ ജനാധിപത്യ മുന്നേറ്റങ്ങളെയും പിന്തുണയ്ക്കാന്‍ ഈ പ്രായത്തിലും ചോംസ്‌കി തയ്യാറാവാറുണ്ട്.
Content Highlights: American linguist, philosopher Noam chomsky birthday