ലയാള ചെറുകഥാസാഹിത്യത്തിലെ കുലപതിയായി വിശേഷിപ്പിക്കപ്പെടുന്ന ടി. പത്മനാഭന്റെ സില്‍വര്‍ലൈനിനെക്കുറിച്ചുള്ള ശക്തമായ പ്രതികരണം ഇന്നലെ ഒരു വീഡിയോയില്‍ യാദൃശ്ചികമായി കാണാനിടയായി. അന്നേരം ഞാനോര്‍മിച്ചത് അദ്ദേഹത്തിന്റെ 'സാക്ഷി' എന്ന ചെറുകഥയാണ്. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് ആശാസ്യമല്ല എന്നും ആ പദ്ധതി മലര്‍പ്പൊടി വില്പനക്കാരന്റെ മനോരാജ്യം പോലെയാണെന്നും അദ്ദേഹം പ്രസ്താവിച്ചത് അക്ഷരംപ്രതി ശരിയാണെന്ന് വിശ്വസിക്കുന്ന അനേകം പേരില്‍ ഒരാളാണ് ഈയുള്ളവനും.

സൈലന്റ് വാലി പദ്ധതിവിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നതിനും ഒരു ദശകം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1969 ല്‍ ആണ് 'സാക്ഷി' പ്രകാശിതമാകുന്നത്. എഴുതാതിരുന്ന ഒരു ഇടവേളയ്ക്കുശേഷം ഒരു രണ്ടാംവരവായിരുന്നു 'സാക്ഷി'യുടെ രചന. മലയാളത്തിലെ ഏറ്റവും മികച്ച കഥകളില്‍ ഒന്ന് എന്നുപറഞ്ഞാല്‍ പോര, മലയാളത്തിലെ പരിസ്ഥിതി വിഷയമായി രചിക്കപ്പെട്ട കഥകളില്‍ ഏറ്റവും മികച്ച കഥയാണ് 'സാക്ഷി'.

'മലയാളത്തിലെ പരിസ്ഥിതി കഥകള്‍' എന്ന മാതൃഭൂമി പ്രസിദ്ധീകരിച്ച, ഞാന്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ ഈ കഥയുടെ പ്രാധാന്യത്തെ വിശദീകരിച്ചിട്ടുണ്ട്, 2016-ല്‍. മലയാള പരിസ്ഥിതി കവിതാചരിത്രത്തില്‍ ഇടശ്ശേരിയുടെ  'കുറ്റിപ്പുറം പാല'ത്തിനുള്ള പ്രാധാന്യമാണ് മലയാള പരിസ്ഥിതി കഥാചരിത്രത്തില്‍ 'സാക്ഷി'ക്കുള്ളത്. 'കുറ്റിപ്പുറംപാല'ത്തില്‍ കവി ഭയന്നത് 'സാക്ഷി'യില്‍ നമ്മുടെ കണ്‍മുന്നില്‍ ഭീതിദമായി സംഭവിക്കുകയാണ്. കഥയില്‍ നിന്നും ഏതാനും വരികള്‍ മാത്രം ഉദ്ധരിക്കാം:

'പുതുതായി വെട്ടിയ പാതയിലൂടെ കൂറ്റന്‍ യന്ത്രങ്ങള്‍ ഞരങ്ങിക്കൊണ്ടുവന്നു. പാറ പൊളിക്കുന്ന യന്ത്രങ്ങള്‍, മണ്ണുനീക്കുന്ന യന്ത്രങ്ങള്‍, കോണ്‍ക്രീറ്റ് കുഴയ്ക്കുന്ന യന്ത്രങ്ങള്‍. കാണെക്കാണെ താഴ്വരയ്ക്ക് വിലങ്ങനെ കരിങ്കല്ല് കൊണ്ടുള്ള ഒരു അണക്കെട്ട് ഉയര്‍ന്നുവന്നു. അകലെയുള്ള നദിയില്‍ നിന്ന് എഞ്ചിനീയര്‍മാര്‍ തോട് കീറി വെള്ളം താഴ്വരയിലെത്തിച്ചു. അതോടൊപ്പം കോപാകുലയായി അലറിപ്പാഞ്ഞ് ഒരു ഉന്മാദിനിയെപ്പോലെ കാലവര്‍ഷവും വന്നു.പിന്നീട് അവിടെ താഴ്വരയുണ്ടായിരുന്നില്ല. പഴയ ഒരു ജനപഥം അയാള്‍ നോക്കിനില്‍ക്കെ മാഞ്ഞുപോയി.'

സില്‍വര്‍ലൈന്‍ പദ്ധതി വന്നാലുണ്ടാവാന്‍ പോകുന്ന ഭീമമായ പ്രകൃതിവിനാശത്തെക്കുറിച്ച് 'സാക്ഷി' എഴുതിയ കഥാകാരന് മിണ്ടാതിരിക്കാനാവില്ല. കാരണം കഥ ഹൃദയത്തില്‍ നിന്നും പൊങ്ങിവരുന്നതാണ്. ഈ വിഷയത്തില്‍ പപ്പേട്ടന്‍ പ്രതികരിക്കുമ്പോള്‍ അദ്ദേഹം സാക്ഷിയായി മാറിനില്‍ക്കുന്നില്ല. അദ്ദേഹം നേരിട്ട് ഇടപെടുകയാണ്. ഈ വിഷയത്തില്‍ മൗനം ഭജിച്ചിരിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ  ധീരമായ ഇടപെടല്‍ പ്രചോദനമാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇന്നലെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൂടുതല്‍ വ്യക്തവും ശക്തവുമായ പ്രതികരണം വന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കേണ്ട പദ്ധതിയല്ലെന്നും ഇത് സമ്പന്ന വിഭാഗങ്ങള്‍ക്ക് മാത്രം ഉപയോഗപ്പെടുന്ന പദ്ധതിയാണെന്നും കേരളത്തിന്റെ പരിസ്ഥിതിയില്‍ ഇത് ഭയാനകമായ വിപത്തുകള്‍ സൃഷ്ടിക്കുമെന്നും ഭീകരമായ കടക്കെണിയില്‍ ഇത് കേരളത്തെ അകപ്പെടുത്തുമെന്നും വലിയ അഴിമതിയുടെ സാഹചര്യം ഒരുങ്ങുമെന്നും ബ്രോഡ്ഗേജില്‍ ആലോചന നടന്നതിന് പിന്നില്‍ വലിയ അജണ്ടയുണ്ട് എന്നും പരിഷത്ത് തുറന്നുപറയുന്നു.

എക്കാലവും ഇടതുപക്ഷത്തെ അനുകൂലിച്ചിരുന്ന പരിഷത്ത് ഇങ്ങനെ തുറന്ന് പറയുന്നത് മലയാളികള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. അറുപത്തിനാലായിരം കോടിയാണ് സര്‍ക്കാര്‍ ചെലവ് പറയുന്നത്. നീതി ആയോഗ് കണക്ക് കൂട്ടിയത് ഒന്നേകാല്‍ ലക്ഷം കോടിയാണ്. പക്ഷേ പദ്ധതി തുടങ്ങുമ്പോള്‍ തുക ഇരട്ടിയിലേക്ക് പോകും. ഇത്രയും പണം എങ്ങനെ തിരിച്ചുകിട്ടും. ജപ്പാനില്‍ നിന്നും മറ്റും വാങ്ങുന്ന ലോണ്‍ എങ്ങനെ തിരിച്ചടയ്ക്കും? കേരളത്തിലെ ഏറ്റവും ജനവാസമുള്ള എറണാകുളം നഗരത്തിന്റെ ഹൃദയത്തിലൂടെയുള്ള മെട്രോ സംവിധാനത്തിന് തന്നെ നാലുകൊല്ലം കൊണ്ടുള്ള നഷ്ടം ആയിരം കോടിയാണ് എന്നത് ഓര്‍മിക്കുക.

ഈ പദ്ധതിക്കുവേണ്ട പ്രകൃതിവിഭവങ്ങള്‍ എവിടെ നിന്നെടുക്കും. അതിന്റെ മൂല്യം കണക്കാക്കിയാല്‍ കണക്ക് കൂട്ടാനാവാത്ത വിലവരും എന്ന് രാഷ്ട്രീയ നേതാക്കള്‍ക്ക് എന്നാണ് മനസ്സിലാവുക? പത്ത് ജെ.സി.ബി. വിചാരിച്ചാല്‍ ഒരു കുന്ന് ഒരു ദിവസം കൊണ്ട്  ഇല്ലാതാക്കാം. എന്നാല്‍ ആയിരം ജെ.സി.ബി. വിചാരിച്ചാലും കൊല്ലങ്ങള്‍ എടുത്താലും ഒരു കുന്നോ പുഴയോ ഉണ്ടാക്കാനാവില്ല. റെയിലിന്റെ 530 ല്‍ 292 കിലോമീറ്റര്‍ നീളത്തില്‍ എംബാഗ്മെന്റ് (Embankment) നിര്‍മിക്കണം. 20-25 മീറ്റര്‍ വീതിയില്‍ 8 മീറ്റര്‍ ഉയരത്തില്‍ മണ്ണോ പാറയോ ഇട്ട് വലിയ മതില്‍ നിര്‍മ്മിക്കണം (292 കിലോമീറ്റര്‍ എന്നാല്‍ കേരളത്തിന്റെ പകുതിയലധികം ദൂരം) ഇത്രയധികം പാറയും മണ്ണും എവിടെ നിന്നെടുക്കും? അത് എടുത്താലുണ്ടാവുന്ന പാരിസ്ഥിതികാഘാതം എത്ര ഭയാനകമായിരിക്കും. പ്രളയകാലങ്ങളില്‍ നിന്നും നാം ഒന്നും പഠിച്ചില്ല എന്നല്ലേ അര്‍ത്ഥം? അരക്കിലോമീറ്ററിലേ അടിപ്പാത കാണുകയുള്ളൂ. ഇതിലൂടെ ജലം മഴക്കാലത്ത് കുത്തിയൊഴുകി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെ. ജനജീവിതം മതിലിന് അപ്പുറവും ഇപ്പുറവും ആകും, ദുസ്സഹമാകും.

 ഇപ്പോള്‍ നടക്കുന്ന കല്ലിടല്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ഹൈക്കോടതിയും പരിഷത്തും പറഞ്ഞുകഴിഞ്ഞു. ജനങ്ങളെ, നിയമസഭാ സാമാജികരെ, മാധ്യമങ്ങളെ ഒന്നും അറിയിക്കാതെയാണോ കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതി വരേണ്ടത്? വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാതെയാണോ, പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയാണോ രാത്രിയിലൊക്കെ വീടുകള്‍ കയ്യേറി കല്ലിടേണ്ടത്? ഈ നാട്ടില്‍ ജനാധിപത്യം അവശേഷിക്കുന്നില്ല എന്നാണോ?

മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രമാണ് വണ്ടി കയറി വന്നിരിക്കുന്നത്. പരിഷത്ത് ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച, ജി. മധുസൂദനന്‍ എഴുതിയ 'മുതലാളിത്ത വളര്‍ച്ച, സര്‍വ്വനാശത്തിന്റെ വഴി' എന്ന പുസ്തകമാണ് ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. അയ്യായിരത്തോളം കോപ്പി പ്രീ പബ്ലിക്കേഷനില്‍ മാത്രം വിറ്റഴിഞ്ഞ 800 രൂപ വിലയുള്ള വലിയ പുസ്തകമാണിത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പുസ്തകങ്ങളിലൊന്നാണിത്. ഈ പുസ്തകത്തിന്റെ ശീര്‍ഷകം സില്‍വര്‍ലൈനിനെക്കുറിച്ചുള്ളതാണോ എന്ന് വായനക്കാരന് പെട്ടെന്ന് തോന്നിപ്പോകും. ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിച്ച പരിഷത്തിന് സില്‍വര്‍ലൈനിനെ അനുകൂലിക്കാനാവുകയുമില്ല. 

മുരളി തുമ്മാരുക്കുടി- എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരനാണ്. എവിടെ കണ്ടാലും ഞാന്‍ ആവേശത്തോടെ വായിക്കും. പക്ഷേ സില്‍വര്‍ ലൈനിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് എനിക്ക് ദഹിച്ചിട്ടേയില്ല. സില്‍വര്‍ലൈന്‍ സംഭവിച്ചാല്‍ ഉണ്ടാകുന്ന സൗകര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് സമ്മതിക്കാം. പക്ഷേ ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതി വിഭാഗം തലവനായ അദ്ദേഹം ഈ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന പരിസ്ഥിതി വിനാശത്തെക്കുറിച്ചോ, പാരിസ്ഥിതികാഘാതപഠനം നടക്കാത്തതിനെക്കുറിച്ചോ ഒട്ടും വേവലാതിപ്പെടുന്നില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ കേരളത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് വളരെ ഉല്‍ക്കണ്ഠ പുലര്‍ത്തിവന്ന ഒരാള്‍ എന്ന നിലയ്ക്ക് പ്രത്യേകിച്ചും. കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനമല്ല, കാലാവസ്ഥ അടിയന്തരാവസ്ഥയാണ് എന്നും വരുംവര്‍ഷങ്ങളില്‍ കേരളത്തില്‍ ചുഴലിക്കാറ്റുകളും പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അനിയന്ത്രിതമായി വര്‍ധിച്ചുവരും എന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച അദ്ദേഹം സില്‍വര്‍ലൈനിനെക്കുറിച്ച് പറയുമ്പോള്‍ വേഗതയെക്കുറിച്ചും സമയലാഭത്തെക്കുറിച്ചും മാത്രമാണ് പറയുന്നത്.

നിര്‍ദ്ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം പാതയെ മുരളി തുമ്മാരുക്കുടി ജപ്പാനിലെ ഒസാക്ക-ടോക്കിയോ പാതയോടാണല്ലോ സാദൃശ്യപ്പെടുത്തുന്നത്. ഈ പാതയിലെ ബുള്ളറ്റ് ട്രെയിനില്‍ നാലഞ്ചുതവണ യാത്ര ചെയ്തിട്ടുള്ള ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്. മൂന്നുതരം വേഗവണ്ടികളാണ് (നൊസാമി, ഹികാരി, കൊദമ) ഈ വഴി ഓടുന്നത്. 16 സ്റ്റേഷനുകളാണ് ഉള്ളത്. നൊസാമി 4 സ്റ്റേഷനുകളിലും ഹികാരി 12 സ്റ്റേഷനുകളിലും കൊദമ 16 സ്റ്റേഷനുകളിലും നില്‍ക്കും. ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ടോക്കിയോ. ഒസാക്കയും മറ്റ് ചില നഗരങ്ങളും ഒപ്പത്തിനൊപ്പം വരും. ഇങ്ങനെയുള്ള വന്‍നഗരങ്ങള്‍ക്ക് നടുവിലൂടെയാണ് ഈ വണ്ടികള്‍ പായുന്നത്. കേരളത്തില്‍ പുതിയപാത ഗ്രാമപ്രദേശങ്ങളിലൂടെയാണ് പോകുന്നത്. ഒസാക്ക-ടോക്കിയോ പാതയില്‍, ജനങ്ങള്‍ കയറുന്നത് പോലെ ഇവിടെ യാത്രക്കാര്‍ കയറും എന്ന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. ജപ്പാന്‍ സമ്പന്ന രാഷ്ട്രമാണ് എന്നതും ഓര്‍ക്കുക. ഇവിടെയും സമ്പന്നര്‍ക്കും സൗജന്യയാത്രക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കും മാത്രമേ ഈ പാതയില്‍ യാത്ര ചെയ്യാനാവൂ. കേരളത്തിലെ 5 ശതമാനം ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി കേരളത്തിന്റെ അനേക ലക്ഷം കോടി മൂല്യമുള്ള പ്രകൃതിവിഭവങ്ങളെ നശിപ്പിക്കേണ്ടതുണ്ടോ?

ഹിരോഷിമയില്‍ നിന്നും ടോക്കിയോയിലേക്ക് നാലുമണിക്കൂര്‍ ദൂരമാണ് 'ഹികാരി' എന്ന ബുള്ളറ്റ് ട്രെയിന്‍ എടുത്തത്. ടിക്കറ്റ് ചാര്‍ജ് ഒരാള്‍ക്ക് 18,000 യെന്‍ (12,000 ഇന്ത്യന്‍ രൂപ) കൊടുത്തിട്ടാണ് ഞങ്ങള്‍ യാത്ര ചെയ്തത്! കേരളത്തില്‍ നാലുമണിക്കൂര്‍ ദൂരത്തിന് 1475 രൂപയേ വരൂ എന്ന് പറയുന്നതിന്റെ യുക്തി എന്ത്? അതുകൊണ്ടാണ് പറയുന്നത് സമ്പന്നര്‍ക്കേ ദിവസവും ഈ വണ്ടി ഉപയോഗിക്കാനാവൂ. പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം വിത്തെടുത്ത് കുത്തുന്ന പരിപാടിയാണിത്.

ഒരു വര്‍ഷം മുമ്പ് ജപ്പാനെക്കുറിച്ച് ഞാന്‍ ഒരു പുസ്തകം എഴുതിയിരുന്നു. 'യോക്കോസോ-ജപ്പാന്‍ വിശേഷങ്ങള്‍' എന്ന ഈ പുസ്തകത്തില്‍ ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചും മറ്റും ഞാന്‍ വിവരിച്ചിരുന്നു. കേരളത്തിന് ജപ്പാനെ ഏതൊക്കെ നിലയില്‍ മാതൃകയാക്കാം എന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്നും നാം സ്വീകരിക്കേണ്ട നിരവധി കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. കാടുകള്‍ സംരക്ഷിക്കുന്നതിലും പുഴകളെ കാത്ത് രക്ഷിക്കുന്നതിലും മാലിന്യം വലിച്ചെറിയാതിരിക്കുന്നതിലും പരസ്പരം വിനയത്തോടും സഹിഷ്ണുതയോടും പെരുമാറുന്നതിലുമൊക്കെ ജപ്പാന്‍ ജനത കാണിക്കുന്ന അസാധാരണമായ കരുതലുകളും വീക്ഷണങ്ങളുമായിരുന്നു നാം ജപ്പാനില്‍ നിന്നും കൊണ്ടുവരേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ നാം അവരോട് ചോദിക്കുന്നത് സില്‍വര്‍ലൈനാണ്, ഭീമമായ തുകയുടെ കടമാണ്!

കേരള സര്‍ക്കാരിന്റെ പരിസ്ഥിതി സമിതിയില്‍ അംഗമായ പി.വി. അന്‍വര്‍ ജപ്പാനെക്കുറിച്ച് മുമ്പ് പറഞ്ഞത് ഓര്‍മിച്ചുപോകുന്നു. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മഴമേഘങ്ങളെ ഇവിടെ പെയ്യാനനുവദിക്കാതെ ജപ്പാനിലേക്ക് പോകാന്‍ അനുവദിക്കുന്നു, അവിടെ നല്ല മഴ കിട്ടുന്നു എന്നാണ്. അദ്ദേഹം സംസാരിക്കുന്ന വീഡിയോ ആണ് ഞാന്‍ കണ്ടത്. ഒരു പക്ഷേ അദ്ദേഹം ഇപ്പോഴും പരിസ്ഥിതി സമിതിയില്‍ അംഗമായിരിക്കാം. ആഫ്രിക്കയിലെ പരിസ്ഥിതി നന്നാക്കുന്ന തിരക്കിലാണല്ലോ അദ്ദേഹം ഇപ്പോള്‍.

 എക്സ്പ്രസ് ഹൈവേ വിഭാവനം ചെയ്യപ്പെട്ടപ്പോള്‍ ഈയുള്ളവന്‍ അതിനെതിരായ സമരങ്ങളില്‍ സജീവമായിരുന്നു. എം.പി. വീരേന്ദ്രകുമാറിന്റെയൊക്കെ കൂടെ വേദികള്‍ പങ്കിട്ട് പ്രസംഗിക്കാന്‍ അലഞ്ഞത് ഓര്‍മ്മിക്കുന്നു. എന്നാല്‍ അതിനുശേഷമുള്ള കാലം കേരളത്തെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ നാം നേരിട്ട് കൂടുതല്‍ അനുഭവിക്കുന്ന നിലയിലായിട്ടുണ്ട്. പ്രളയം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് പോലെ സ്ഥൂലതലത്തില്‍ മാത്രമല്ല അതിനേക്കാളും വിപത്തുക്കള്‍ സൃഷ്ടിക്കുംവിധത്തില്‍ സൂക്ഷ്മതലത്തിലും ചെടികളിലും ജൈവവൈവിധ്യങ്ങളിലും ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മാരകമായ ഭവിഷ്യത്തുകള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. മുന്നിലെ പ്രകൃതിയിലേക്ക് കണ്ണുതുറന്നു നോക്കുന്ന ഒരാള്‍ക്ക് ഇതൊക്കെ മനസ്സിലാകും. ഇങ്ങനെ ഒരു പരിതാപാവസ്ഥയില്‍ സില്‍വര്‍ലൈന്‍ പോലുള്ള ഒരു പദ്ധതി ആലോചിക്കാന്‍ പോലും പാടില്ലാത്തതാണ്.

ഈയിടെ ടിവി ചര്‍ച്ചയില്‍ ഒരു ബഹുമാന്യ വ്യക്തി, നിയമസഭയില്‍ വലിയ ഭൂരിപക്ഷമുള്ള ഞങ്ങള്‍ ഈ പദ്ധതി ഉറപ്പായും നടത്തിയിരിക്കും എന്ന് പ്രഖ്യാപിക്കുന്നത് കണ്ടു. ഒന്നോര്‍ക്കുക: ഒരിക്കല്‍ നിയമസഭയില്‍ ഇടത്, വലത് എംഎല്‍എമാര്‍ മുഴുവന്‍ ഒറ്റക്കെട്ടായി വാദിച്ചതല്ലേ സൈലന്റ് വാലി പദ്ധതി നടപ്പാക്കും എന്ന്. എന്നിട്ടോ? കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ ആ പദ്ധതിയെ അറബിക്കടലില്‍ എറിഞ്ഞില്ലേ? അതേക്കാളും എത്ര മാരകമായ പദ്ധതിയാണ് സില്‍വര്‍ലൈന്‍?

 ഇക്കഴിഞ്ഞ ദിവസം കാസര്‍കോട്ടിരുന്ന് ഒരു സിനിമാതാരം മറ്റൊരു ലൊക്കേഷനില്‍ എത്ര പെട്ടെന്ന് എത്താമായിരുന്നു, സില്‍വര്‍ലൈനുണ്ടെങ്കില്‍ എന്ന് വാദിച്ചത് വായിക്കാനിടയായി. അദ്ദേഹത്തോട് ഒന്നേ പറയാനുള്ളൂ, സാറേ അങ്ങ് ഇരുന്ന് സംസാരിച്ച കാസര്‍കോട്ട് ആയിരക്കണക്കിന് അമ്മമാരും കുഞ്ഞുങ്ങളും മതിയായ ചികിത്സ കിട്ടാതെ, നഷ്ടപരിഹാരം കിട്ടാതെ, നല്ല മരുന്ന് കിട്ടാതെ നരകയാതന അനുഭവിക്കുന്നുണ്ട്. ഒരു കുഞ്ഞിനെ നല്ലൊരു ആശുപത്രിയിലെത്തിക്കാന്‍ അമ്മമാര്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇടക്കിടെ കുഞ്ഞുങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുന്നുണ്ട്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒഴിവ് നേരം കിട്ടിയാല്‍ അങ്ങ് ഈ പാവങ്ങളെ ഒന്ന് ഓര്‍മിക്കണേ...

Conent Highlights ; Ambika Suthan mangad writes about silverline controversy