കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എക്കാലവും കേരളത്തിന്റെ വേദനയാണ്. തങ്ങള്‍ക്കു നീതി ലഭിക്കാനായി ഇടതിനെയും വലതിനെയും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമ്പോള്‍ പറ്റിക്കപ്പെടല്‍ എന്ന വാക്കിന്റെ വില തങ്ങളുടെ ജീവിതം തന്നെയാണെന്ന് അവര്‍ തിരിച്ചറിയുന്നു. സമരമല്ലാതിനിയൊരു മാര്‍ഗവുമില്ലെന്നതിനാല്‍ കാസര്‍കോട്ടെ അമ്മമാരും കേരളത്തിലെ സമരപ്രവര്‍ത്തകരും  സെക്രട്ടറിയേറ്റുപടിക്കല്‍ വീണ്ടും കുത്തിയിരിപ്പിനൊരുങ്ങുന്ന വേളയില്‍ എഴുത്തുകാരനും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി പ്രവര്‍ത്തകനുമായ അംബികാസുതന്‍ മാങ്ങാട് എഴുതുന്നു. 

കാസര്‍കോട്ട് വീണ്ടും എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യാന്‍ തുടങ്ങിയോ?
 ഓരോ സമരകാഹളമുയരുമ്പോഴും ഈ അശരീരി കേള്‍ക്കാറുണ്ട്. പന്ത്രണ്ടായിരം ഏക്കര്‍വരുന്ന കശുമാവിന്‍തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി വിഷം തളിക്കുന്നത് രണ്ട് ദശകം മുമ്പ് കോടതി ഉത്തരവിനാല്‍ അവസാനിപ്പിച്ചിരുന്നു. കാല്‍നൂറ്റാണ്ടുകാലമാണ് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് ഈ രാസകീടനാശിനി കോരിയൊഴിച്ചുകൊണ്ടിരുന്നത്. കോടാനുകോടി ജീവജാലങ്ങളും ആയിരക്കണക്കിന് മനുഷ്യരും നിത്യദുരിതത്തിലായി. നിരവധി പേര്‍ മരണത്തിന് കീഴടങ്ങി.

 വിഷത്തളി നിര്‍ത്തിക്കാനായിരുന്നു ആദ്യ പ്രതിരോധങ്ങള്‍. പിന്നെയുള്ള സമരങ്ങള്‍ ദുരിതകാരണം എന്‍ഡോസള്‍ഫാനാണെന്ന സത്യം പുറത്ത് കൊണ്ടുവരാനായിരുന്നു. നഷ്ടപരിഹാരങ്ങള്‍ക്കും ചികിത്സാസൗകര്യങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള സമരങ്ങള്‍ ഇപ്പോഴും തുടരുന്നു!  മാറിമാറി വരുന്ന ഒരു ഭരണകൂടവും ദുരിതബാധിതരോട് നീതി കാണിക്കുന്നില്ലല്ലോ എന്ന സങ്കടത്തിലാണ് കാസര്‍കോട്ടെ അമ്മമാര്‍. നൂറ് കണക്കിന് സമരങ്ങള്‍ക്ക് അമ്മമാര്‍ തന്നെ നേതൃത്വം കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ സമരം പുതിയ തലത്തിലേക്ക് വളരുകയാണ്. 2021 ഒക്ടോബര്‍ 6-ന് സെക്രട്ടറിയേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ രൂപീകരിക്കപ്പെട്ട ഐക്യദാര്‍ഢ്യസമിതിയാണ് കുത്തിയിരിപ്പ് സമരം സംഘടിപ്പിക്കുന്നത്. കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം എല്ലാ ജില്ലകളില്‍ നിന്നുള്ള സമരപോരാളികളും പങ്കെടുക്കും.

വീണ്ടും വീണ്ടും സമരമെന്തിന് എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. കാരണങ്ങള്‍ പലതുണ്ട്. പ്രധാനപ്പെട്ടവ ചുരുക്കിപ്പറയാം.
ഒരു പതിറ്റാണ്ടിനിടയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കുറേ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6727 പേരാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. ഈ പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടിയിട്ടുണ്ട് എന്നും പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇവരെ മുഴുവന്‍ പുനഃപരിശോധിക്കണമെന്നും ഈയിടെ സ്ഥലം മാറിപ്പോയ കാസര്‍കോട് കലക്ടര്‍ സജിത് ബാബു സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നാണ് ഒന്നാമത്തെ ആവശ്യം. അനര്‍ഹരുണ്ടെങ്കില്‍ അവരെ കണ്ടെത്തണമെന്ന നിലപാട് സമരസമിതി  മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ നിത്യദുരിതത്തിലായ കുഞ്ഞുങ്ങളെയും അമ്മമാരെയും വീണ്ടും ക്യാമ്പുകളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്തിന്? വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പലതവണ പരിശോധിച്ചിട്ടാണ് ഇവര്‍ പട്ടികയില്‍ വന്നത്. ഇനി ഏത് പുതിയ 'വൈദഗ്ദ്ധ്യ'മാണ് വരാന്‍ പോകുന്നത്?

 കലക്ടറുടെ വിടുവായത്തം കേട്ടാല്‍ തോന്നും സമരസമിതിയാണ് പട്ടിക ഉണ്ടാക്കിയത് എന്ന്. താഴെപ്പറയും വിധമാണ് ദുരിതബാധിതരെ കണ്ടെത്തിയിട്ടുള്ളത്. ആദ്യം പി.എച്ച്.സി.യിലും സി.എച്ച്.സി.യിലും രോഗബാധിതര്‍ നല്‍കുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മെഡിക്കല്‍ ഓഫീസര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സമര്‍പ്പിക്കുന്നു. ഈ പട്ടിക പുനഃപരിശോധിച്ചശേഷം ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും പതിനൊന്ന് സ്പെഷ്യാലിറ്റികളിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ഈ രോഗികളെ പരിശോധിച്ച് കുറച്ചുപേരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. (മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കുമ്പോള്‍ ഇതൊക്കെ ഈ ലേഖകനും കണ്ട് ബോധ്യപ്പെട്ട കാര്യങ്ങളാണ്. 2013-ല്‍ നടന്ന ക്യാമ്പിന്റെ കാര്യം നോക്കുക. 12000 അപേക്ഷകള്‍ ഉണ്ടായെങ്കിലും 5800 പേരെയാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്. ഇതില്‍ നിന്നും 337 പേരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 2017-ല്‍ 1905 പേരെ ആദ്യലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവസാന നിമിഷം ലിസ്റ്റ് അട്ടിമറിക്കപ്പെടുകയും 287 ആയി ചുരുങ്ങുകയും ചെയ്തു. തുടര്‍ന്നുനടന്ന സമരം കാരണം് തീര്‍ത്തും കിടപ്പിലായ 511 കുട്ടികളെക്കൂടി 1905-ല്‍ നിന്നും ഉള്‍പ്പെടുത്താന്‍ ഭരണകൂടം തയ്യാറായി. ശേഷിച്ചവര്‍ ഇപ്പോഴും പുറത്താണ്).

 ഇങ്ങനെ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഒരു ദശകക്കാലം കൊണ്ട് തയ്യാറാക്കിയ ഒരു ലിസ്റ്റാണ് റദ്ദ് ചെയ്യാന്‍ ഇപ്പോള്‍ കലക്ടര്‍ ആവശ്യപ്പെടുന്നത്. ഏത് പദ്ധതിയിലും ചില അനര്‍ഹര്‍ കയറിക്കൂടാമല്ലോ. അത് ലിസ്റ്റ് തയ്യാറാക്കിയവരുടെ പിടിപ്പുകേടാണ്. അതിന് സമരസമിതിയും ദുരിതബാധിതരും എന്തുപിഴച്ചു? ലിസ്റ്റ് ഉണ്ടാക്കുന്നതിന്റെ ഒരു ഘട്ടത്തില്‍ പോലും ഞങ്ങളെ അടുപ്പിക്കുക പോലും ചെയ്യാറില്ലല്ലോ. ഏതാനും ചില അനര്‍ഹരെ ചൂണ്ടിക്കാട്ടി ലിസ്റ്റിലുള്ള ആയിരക്കണക്കിന് സങ്കടക്കടലിലായ പാവം മനുഷ്യരെ അപമാനിക്കുകയാണ് കലക്ടര്‍ ചെയ്തിരിക്കുന്നത്. മനുഷ്യപ്പറ്റില്ലാത്തതും നിഗൂഢമായ താല്പര്യങ്ങളാല്‍ തയ്യാറാക്കപ്പെട്ടതുമായ ഈ റിപ്പോര്‍ട്ട് തള്ളണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.

pinari with endosulfan victims
പിണറായിയും എന്‍ഡോസള്‍ഫാന്‍ ഇരകളും

 കഴിഞ്ഞ രണ്ട് ദശകക്കാലത്തിനിടയില്‍ കാസര്‍കോട് സേവനമനുഷ്ഠിച്ച പത്തോളം കലക്ടര്‍മാരെ ഞങ്ങള്‍ക്ക് പരിചയമുണ്ട്. ഇവരെല്ലാം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് വലിയ മനുഷ്യപ്പറ്റ് ഉള്ളവരായിരുന്നു. എന്നാല്‍ സജിത്ത് ബാബു എന്ന കലക്ടര്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഒരു കെട്ടുകഥയാണെന്ന് വാദിച്ചതും ഇങ്ങനെ ആശ്വാസപദ്ധതികളെല്ലാം പൊളിക്കാനുള്ള തുടക്കമെന്നോണം റിപ്പോര്‍ട്ട് തയ്യാറാക്കിയതും. അത് എന്ത് കൊണ്ടായിരിക്കും? ഉത്തരം പറയാം. ഇദ്ദേഹം നേരിട്ട് ഐ.എ.എസ്. കിട്ടി വന്നതല്ല. കേരള കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകനായിരുന്നു. ഈ കൊടും വിഷം കാസര്‍കോട്ട് തളിക്കാന്‍ ശുപാര്‍ശ ചെയ്തത് കേരള കാര്‍ഷിക സര്‍വകലാശാലയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമാണ്. ഒരിക്കലും തളിക്കാന്‍ പാടില്ലാത്തവിധം നീര്‍ക്കെട്ടുകളും ജനവാസവുമുള്ള പ്രദേശങ്ങളില്‍ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്തത് അക്ഷന്തവ്യമായ അപരാധമാണ്. (ഒരു ദശകം മുമ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍, തങ്ങള്‍ ഈ വിഷയത്തില്‍ കുറ്റക്കാരാണെങ്കില്‍ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത കാര്‍ഷിക സര്‍വകലാശാലയും തോട്ടവിള ഗവേഷണകേന്ദ്രവും പ്രതികളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്) അതുകൊണ്ടാണ് കാസര്‍കോട് ചുമതലയേറ്റ് അധികം വൈകാതെ, കാസര്‍കോട്ടെ ദുരന്തത്തിന് എന്‍ഡോസള്‍ഫാനുമായി ബന്ധമില്ലെന്നും അത് പച്ചവെള്ളത്തിന് തുല്യമാണെന്നും അദ്ദേഹം കൊട്ടിഘോഷിച്ചത്. പിന്നീട് മലയാളം വാരിക ഇത് ചര്‍ച്ചയാക്കിയപ്പോഴും (2019 ജൂലായ് 17 ലക്കം) അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. കൊടുംവിഷമാണെന്ന് കണ്ടറിഞ്ഞ് നൂറ്റിയിരുപതോളം രാജ്യങ്ങള്‍ നിരോധിച്ച, ജനീവ ഉച്ചകോടിയില്‍ ലോകം മുഴുവന്‍ നിരോധനം ഉണ്ടായ, കൊടുംവിഷമാണെന്ന് തെളിയിക്കുന്ന ആയിരക്കണക്കിന് ശാസ്ത്രീയ പഠനങ്ങള്‍ പുറത്ത് വന്ന ഘട്ടത്തില്‍ കലക്ടറുടെ ഈ നിലപാട് വലിയ ഒരു തമാശയായിരുന്നു.

 ഒരു ഡോക്ടറും എന്‍ഡോസള്‍ഫാന്‍ വിഷമാണ് എന്നു പറയില്ല എന്ന് കലക്ടര്‍ വിളിച്ചുപറയുമ്പോള്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗ് തൊട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്‍ വരെയുള്ളവരുടെ പഠനങ്ങള്‍ അവഗണിക്കുകയായിരുന്നു. എന്‍മകജെ ഗ്രാമത്തിൽ പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന ഡോ. വൈ.എസ്. മോഹന്‍കുമാറിനെ പോലുള്ള എത്ര ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം വേണം? കാലങ്ങളായി എന്‍ഡോസള്‍ഫാന്‍ തളിച്ചുകൊണ്ടിരുന്ന ഒരു തൊഴിലാളിയെ പരിചയമുണ്ട് എന്നും അയാള്‍ക്ക് ഇന്നുവരെ ഒരു രോഗവും വന്നിട്ടില്ലെന്നും കാസര്‍കോട് വന്ന് പറയാന്‍ ഈ കലക്ടര്‍ക്ക് എങ്ങനെ ധൈര്യം കിട്ടി? എന്‍ഡോസള്‍ഫാന്‍ തളിച്ച് ജീവിതം പോയ എത്ര മനുഷ്യരുടെ കഥകള്‍ ഞങ്ങള്‍ ഹാജരാക്കണം? ('എന്‍മകജെ' നോവലിലെ 'പരീക്ഷിത്ത്' എന്ന പേരില്‍ വരുന്ന, തൊണ്ട തുറക്കാത്ത, വ്രണങ്ങള്‍ മൂടിയ, വളര്‍ച്ച മുരടിച്ച, കുഞ്ഞിലെ മുടി നരച്ചുപോയ കുട്ടിയുടെ മുത്തച്ഛന്‍ പ്ലാന്റേഷന്‍ തൊഴിലാളിയായിരുന്നു. 2010-ല്‍ തോട്ടം തൊഴിലാളി സംഘടന ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ തങ്ങളുടെ ആയിരത്തിഎഴുന്നൂറോളം തൊഴിലാളികളില്‍ 70 ശതമാനവും വിവിധ രോഗങ്ങള്‍ക്ക് അടിപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്).

എന്‍ഡോസള്‍ഫാനാണ് ദുരിതകാരണം എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഒരു കലക്ടര്‍ക്ക് അതിനെതിരെ പ്രവര്‍ത്തിക്കാന്‍ എങ്ങനെ സാധിക്കുന്നു? എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അതിനെ ചോദ്യം ചെയ്യാന്‍ തോന്നുന്നില്ല? താന്‍ ശാസ്ത്രത്തിന്റെ പക്ഷത്താണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞ കലക്ടര്‍ സര്‍ക്കാര്‍തന്നെ 2011- ല്‍ പുറത്തിറക്കിയ 'Endosulfan- Keral History' എന്ന പുസ്തകം ഒന്ന് മറിച്ചു നോക്കാത്തതെന്ത്? നിര്‍ണായകമായ ജനീവ ഉച്ചകോടി നടക്കുമ്പോള്‍, മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഒരു ദിവസം മുഴുവന്‍ തിരുവനന്തപുരത്തെ തെരുവില്‍ ഉപവസിക്കുകയുണ്ടായി. സമരസമിതിയുടെ ഏകപ്രതിനിധിയായി കാസര്‍കോട് നിന്നും ഞാന്‍ ആ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. അന്ന് വി.എസ്. പ്രകാശനം ചെയ്ത മേല്പറഞ്ഞ പുസ്തകം ഏറ്റുവാങ്ങിയത് ഈ ലേഖകനാണ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍, എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്നും ശരീരവ്യവസ്ഥയെ ഇത് അവതാളത്തിലാക്കുമെന്നും രോഗാതുരമാക്കുമെന്നും സ്ഥാപിക്കുന്ന നാനൂറോളം പഠനങ്ങളുടെ ലിങ്ക് കൊടുത്തിട്ടുള്ളത് കാണാതെ, താന്‍ 'ശാസ്ത്ര'മാണ് പറയുന്നത് എന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.

 ഇദ്ദേഹം കലക്ടറായി വന്ന് അധികം വൈകാതെയാണ് എന്‍ഡോസള്‍ഫാന്‍ വിഷമല്ല എന്ന് പ്രഖ്യാപിക്കുന്ന കുറച്ചുപേര്‍ ചേര്‍ന്ന് 'എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണി' എന്ന സംഘടന രൂപീകരിച്ച് മാര്‍ച്ച് നടത്തിയത്. കലക്ടറുടെ അടുത്ത സുഹൃത്തും എന്‍ഡോസള്‍ഫാനല്ല കാസര്‍കോട്ടെ ദുരന്തത്തിന് കാരണം എന്ന് വാദിക്കുന്ന ആളുമായ ശ്രീകുമാര്‍ ആണ് ആ ജാഥ നയിച്ചതും ഉദ്ഘാടനം ചെയ്തതും. പിന്നീട് എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന കോഴിക്കോട്ടെ ഒരു സംഘടന കലക്ടര്‍ക്കും ശ്രീകുമാറിനും ഒന്നിച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ഉണ്ടായി! ആ അപമാനമുന്നണിയുടെ മാര്‍ച്ചില്‍ ഇരുപതോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. ആയിരക്കണക്കിന് അമ്മമാര്‍ പങ്കെടുത്ത നിരവധിയായ സമരങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു 'ചാപിള്ള'യും ഉണ്ടായിരുന്നു എന്ന് ചരിത്രം ഓര്‍മിക്കട്ടെ.
   
ഞാനെഴുതിയ 'എന്‍മകജെ'യും കഥകളും ലേഖനങ്ങളും കെട്ടുകഥകളാണെന്ന് കലക്ടര്‍ പറയുകയുണ്ടായി. അങ്ങനെ പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ നരകയാതന അനുഭവിച്ച് മരണപ്പെട്ടുപോയ 'ശീലാബതി'യെപ്പോലുള്ള കുഞ്ഞുങ്ങളെ മംഗളം വാരികയിലെ കഥാപാത്രങ്ങളോട് ഉപമിച്ചതിന് കാലം അദ്ദേഹത്തിന് മാപ്പു കൊടുക്കില്ല.
   
ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള 'എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് മെഡിക്കല്‍ സെല്ലിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷമായി മുടങ്ങിപ്പോയിരുന്നു. സെല്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാകണമെന്നതാണ് സമരക്കാരുടെ മറ്റൊരു ആവശ്യം. മന്ത്രി ചെയര്‍മാനായ സെല്ലിന്റെ കണ്‍വീനര്‍ കലക്ടറാണ്. എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന കലക്ടറെ ആ സ്ഥാനത്ത് ഇരുത്തരുതെന്ന് സമരസമിതി ആവശ്യപ്പെട്ടതാണ്. ആരു കേള്‍ക്കാന്‍? ഒടുവില്‍ പദ്ധതികളാകെ തകര്‍ക്കാന്‍ വിധത്തിലൊരു റിപ്പോര്‍ട്ട് കൊടുത്തിട്ടാണ് അദ്ദേഹം പോയിരിക്കുന്നത്. (സെല്‍ മെമ്പര്‍ എന്ന നിലയില്‍ സെല്‍ മീറ്റിംഗുകളില്‍ മൂന്നുവര്‍ഷക്കാലം അദ്ദേഹത്തിന്റെ നിലപാടുകള്‍ ഞാന്‍ നേരിട്ട് കണ്ടതാണ്) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീം കോടതിയുടെയും വിധികളെ അട്ടിമറിക്കാനുള്ള ശ്രമം കൂടിയാണ് കലക്ടറുടെ റിപ്പോര്‍ട്ട് എന്ന് പറയാതെ വയ്യ.

  ദേശീയ മനുഷ്യാവകാശ കമ്മീഷനും പിന്നീട് സുപ്രീം കോടതിയും ദുരിതബാധിതര്‍ക്ക് നല്‍കാനാവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കുക എന്നതാണ് സമരസമിതിയുടെ മറ്റൊരു ആവശ്യം. കാസര്‍കോട് നേരിട്ട് സന്ദര്‍ശിച്ച് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കണ്ട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എട്ടാഴ്ചക്കുള്ളില്‍ ദുരിതബാധിതര്‍ക്ക്  5 ലക്ഷം രൂപ വീതം നല്‍കണമെന്ന് വിധി പ്രസ്താവിച്ചത് 2010 ഡിസംബര്‍ 30 നാണ്. ഒന്നരവര്‍ഷമായിട്ടും നഷ്ടപരിഹാരം കൊടുത്തുതുടങ്ങാത്തത് കൊണ്ട് കമ്മീഷന്‍, സുപ്രീം കോടതിയെ സമീപിക്കും എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. അങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍ 'പൂര്‍ണമായും' നടപ്പിലാക്കും എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയത്. പക്ഷേ വളരെ ഭാഗികമായേ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായുള്ളൂ. എട്ടാഴ്ചയല്ല, പതിനൊന്ന് വര്‍ഷമായിട്ടും ആശ്വാസധനമായ 5 ലക്ഷം രൂപ ലിസ്റ്റിലുള്ള പകുതിയിലധികം പേര്‍ക്കും ഇനിയും കൊടുത്തിട്ടില്ല!

  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒരുക്കാനാവശ്യപ്പെട്ട തരത്തിലുള്ള ചികിത്സാസൗകര്യങ്ങളും ഇത്രകാലമായിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ഒരുക്കാനായിട്ടില്ല. 2013-ല്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് 2015-ല്‍ പ്രവര്‍ത്തിച്ചുതുടങ്ങും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. പക്ഷേ ഇന്നും ആ മെഡിക്കല്‍ കോളേജ് ഒരു സ്വപ്നമായി അവശേഷിക്കുന്നു. കേരളത്തില്‍ 32 മെഡിക്കല്‍ കോളേജുകള്‍ ഉണ്ട് എന്നറിയുക. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ജില്ലയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് മാത്രം പണി പൂര്‍ത്തിയാവാത്തതെന്തേ? തീരെ വയ്യാത്ത കുഞ്ഞുങ്ങളെയുമെടുത്ത് കര്‍ണാടകത്തിലേയും അന്യജില്ലകളിലേയും മെഡിക്കല്‍ കോളേജുകളിലേക്ക് അമ്മമാര്‍ നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് കാലം കുറെയായില്ലേ?

  ഒരു ന്യൂറോളജിസ്റ്റിനെയെങ്കിലും ജില്ലയില്‍ നിയമിക്കൂ എന്ന് കാസര്‍കോട്ടെ അമ്മമാരും സമരക്കാരും നിലവിളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്താവുന്നു. പല തവണ സമര ഒത്തുതീര്‍പ്പുകളില്‍ സര്‍ക്കാര്‍ ഉറപ്പുതന്നതുമാണ്. എന്‍ഡോസള്‍ഫാന്‍ വിഷം ഏറ്റവും ബാധിക്കുന്നത് നാഡിവ്യവസ്ഥയെ ആണല്ലോ. പക്ഷേ ഇന്നുവരെ ഒരു ന്യൂറോളജിസ്റ്റിനെപ്പോലും ജില്ലയില്‍ നിയമിച്ചിട്ടില്ല എന്ന് മനുഷ്യസ്നേഹികള്‍ അറിയുക. ഇന്നലെ അമൃത എന്ന ഇരുപത്തഞ്ചുകാരിയുടെ അമ്മയായ അഖില അനുഭവിച്ച ധര്‍മ്മസങ്കടം കേള്‍ക്കുക. പരിയാരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റ് ഉണ്ടെന്നറിഞ്ഞ അഖില വല്ലാതെ വയലന്റാവുന്ന അവസ്ഥയിലായ മകളെയും കൂട്ടി ഓട്ടോ പിടിച്ച് രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് മെഡിക്കല്‍ കോളേജിലെത്തുന്നു. ദുരിതബാധിതരുടെ പട്ടികയിലുള്ളവര്‍ കാഞ്ഞങ്ങാട് ഉള്ള ഡി.പി.എം. ഓഫീസില്‍ നിന്നും കത്തുമായിട്ടാണ് പോകേണ്ടത്. മറ്റൊരു ദിശയിലേക്ക് മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്താലെ ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാവൂ. അതിനാല്‍ ഡി.പി.എം. ഓഫീസില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് ഫോണ്‍ വിളിപ്പിച്ചു. പക്ഷേ കത്ത് ഇല്ലാത്തത് കൊണ്ട് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ക്യാന്‍സര്‍ രോഗിയായ, ഷുഗര്‍ 60 എന്ന നിലയിലുള്ള ആ അമ്മ പതിനഞ്ച് പ്രാവശ്യം മുകളിലേക്കും താഴേക്കും കയറിയിറങ്ങി യാചിച്ചിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലത്രേ. ഒടുവില്‍ ഒ.പി. ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് ഒരാഴ്ചക്ക് 2000 രൂപയുടെ മരുന്നും വാങ്ങി തിരിച്ചുവന്നു. ഇങ്ങനെയുള്ള പല സാങ്കേതികതകളില്‍ രോഗികള്‍ വല്ലാതെ വലയുന്നുണ്ട്. എന്‍മകജെയിലുള്ള ഒരു രോഗി മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകണമെങ്കില്‍ രണ്ടരമണിക്കൂര്‍ യാത്രചെയ്ത് കാഞ്ഞങ്ങാട് എത്തണം കത്ത് കിട്ടാന്‍!

  ഇത്തരം വിഷയങ്ങള്‍ക്കെല്ലാം പ്രതിവിധി ഉണ്ടാക്കേണ്ട സെല്‍ പ്രവര്‍ത്തിക്കാതെ വര്‍ഷം ഒന്നാകുന്നു!

Photo madhuraj
ഫോട്ടോ: മധുരാജ്

വിവിധ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കുമ്പോഴും ഈ പാവങ്ങളുടെ പെന്‍ഷന്‍ മാത്രം കൂടെക്കൂടെ മുടങ്ങിപ്പോകുന്നതെന്ത് കൊണ്ട്. ഓരോ തവണയും പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ സമരം ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ട്? ഈയിടെ അഞ്ചുമാസം പെന്‍ഷന്‍ മുടങ്ങി പലതവണ സമരങ്ങള്‍ ഉണ്ടായി. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പട്ടിണി സമരം നടന്നു. അന്നു വൈകുന്നേരമാകുമ്പോഴേക്കും രോഗബാധിതരുടെ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ വന്നുതുടങ്ങി. കാലാനുസൃതമായ വര്‍ധനവും പെന്‍ഷന്‍ തുകയില്‍ ഉണ്ടായിട്ടില്ല.

 ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി മുളിയാര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ സ്ഥലം മാറ്റി വെച്ചിട്ട് ഒരു ദശകമാവുന്നു. പ്ലാനുകള്‍ മാറ്റിമാറ്റിവരക്കുന്നതല്ലാതെ തറക്കല്ലിടല്‍ പോലും സംഭവിച്ചിട്ടില്ല. ഊരാളുങ്കലിനെ നിര്‍മാണം ഏല്പിച്ചു എന്നുപറഞ്ഞിട്ടും കൊല്ലം മൂന്നാകുന്നു. സായി ട്രസ്റ്റ് നൂറോളം വീടുകള്‍ ദുരിതബാധിതര്‍ക്ക് വേണ്ടി നിര്‍മിച്ചതില്‍ കുറച്ച് വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയിരുന്നു. ബാക്കി വീടുകള്‍ മുഴുവന്‍ നാലുവര്‍ഷമായി അര്‍ഹരായവര്‍ക്ക് നല്‍കാതെ കാട് മൂടി നശിക്കുകയാണ്. ഇത് വിതരണം ചെയ്യുന്നതിന് തടസ്സം നിന്ന ജില്ലാ കലക്ടര്‍ക്കെതിരെ സായിട്രസ്റ്റ് ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. സെല്‍മീറ്റിങ്ങില്‍ വീടുകള്‍ വിതരണം ചെയ്യാത്തതെന്താണ് എന്ന് ഞാനും മുനീസയും ചോദിച്ചപ്പോള്‍ അപേക്ഷകരുടെ ബാഹുല്യം കാരണം നറുക്കിട്ട് കൊടുക്കും എന്നാണ് അന്ന് കലക്ടര്‍ മറുപടി തന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ കലക്ടര്‍ കൊടുത്ത മറുപടി അപേക്ഷകരില്ല എന്നാണത്രെ!

 ദുരിതബാധിതരുടെ തീരാസങ്കടങ്ങള്‍ക്ക് എന്നാണ് അറുതിയുണ്ടാവുക? ഇവര്‍ ചോദിക്കുന്നത് ഔദാര്യമല്ല. അവകാശമാണ്. ജീവിച്ചിരിക്കാനുള്ള ഇവരുടെ അവകാശത്തെ തല്ലിക്കെടുത്തിയത് ഭരണകൂടമാണ്. ഭരണകൂട ഭീകരതയുടെ കൂട്ടക്കൊലയാണ് കാസര്‍കോട്ട് അരങ്ങേറിയത്. അതുകൊണ്ട് പാവം ഇരകളുടെ അവകാശങ്ങള്‍ അടിയന്തിര പ്രാധാന്യം നല്‍കി അംഗീകരിച്ച് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

   2016- ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ദുരിതബാധിതര്‍ക്കിടയില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഇലക്ഷന്‍ പ്രചാരണത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ നവകേരള യാത്രയുടെ തുടക്കത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്ക് മധുരനാരങ്ങകള്‍ വിതരണം ചെയ്തത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു. പ്രതീക്ഷ നല്‍കിയ മറ്റൊരു കാര്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം തിരുവനന്തപുരത്തെ സമരപ്പന്തലിലെത്തി നല്‍കിയ അകമഴിഞ്ഞ പിന്തുണയായിരുന്നു. അതുകൊണ്ടാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാനെഴുതിയ 'പിണറായി വിജയന്‍ ആ മധുരനാരങ്ങകള്‍ ഓര്‍മ്മിക്കുമല്ലോ' എന്ന ലേഖനം ഇങ്ങനെ അവസാനിപ്പിച്ചത്:

   'കാസര്‍കോട്ടെ അമ്മമാര്‍ പ്രതീക്ഷിക്കുക തന്നെയാണ്. നൂറ് നൂറ് ജന്മങ്ങളില്‍ അനുഭവിക്കാനുള്ള വേദനകളാണ് ഒറ്റ ജന്മത്തില്‍ അവര്‍ ഏറ്റുവാങ്ങിയത്. ഇനി വയ്യ. എത്രയെത്ര തവണയാണ് സമരപ്പന്തലുകളില്‍ അവര്‍ യാചിച്ചു നിന്നത്. നഷ്ടപരിഹാരവും ആശ്വാസപദ്ധതികളും തങ്ങളുടെ അവകാശമാണെന്ന ബോധം പോലുമില്ലാതെ. ഇനി അവരുടെ നിലവിളികള്‍ കേരളം കേള്‍ക്കാനിട വന്നുകൂടാ.

 നവകേരള യാത്രയുടെ തുടക്കത്തില്‍ മധുരനാരങ്ങയുമായിട്ടാണ് പിണറായി വിജയന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതഗ്രാമങ്ങളിലെ കുഞ്ഞുങ്ങളെ കാണാനെത്തിയത്. ഇലക്ഷന്‍ കഴിഞ്ഞു. മിന്നും ജയത്തോടെ പിണറായി മുഖ്യമന്ത്രിയായി. അന്നത്തെ മധുരനാരങ്ങയുടെ മധുരം കുഞ്ഞുങ്ങളുടെ നാവിലും അമ്മമാരുടെ മനസ്സിലും ഉണ്ടാകും. വരാനിരിക്കുന്ന അഞ്ച് കൊല്ലങ്ങള്‍ ആ മധുരത്തെ കയ്പ്പാക്കിക്കളയുമോ? അതോ കൂടുതല്‍ മധുരിക്കുമോ?'

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലായ് 31, 2016)

സങ്കടമല്ല, ഭയമാണിപ്പോള്‍. ദുരിതബാധിതരുടെ ആശ്വാസപദ്ധതികളെല്ലാം അട്ടിമറിക്കപ്പെടാന്‍ പോവുകയാണോ? അതെ, ആ മധുരനാരങ്ങകള്‍ കയ്ച്ചുതുടങ്ങിയിരിക്കുന്നു, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം.

Content Highlights : Ambika Suthan Mangad writes about Edosulfan Victims and C M Pinarayi Vijayan promises