മന്‍ദീപ് സന്ധുവിന്റെ രണ്ടു നോവലുകളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയെന്ന ജനാധിപത്യം കാലിടറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടെന്നത് യാദൃച്ഛികമാകാം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984-ല്‍ നടന്ന ദാരുണമായ സിഖ് കൂട്ടക്കൊലയ്ക്കു ശേഷമുള്ള കാലമാണ് 'റോള്‍ ഓഫ് ഓണര്‍' എന്ന ഇദ്ദേഹത്തിന്റെ രണ്ടാം നോവലിന്റെ ആഖ്യാന കാലമെങ്കില്‍, ആദ്യ നോവലായ 'സെപിയ ലീവ്സ്' നടക്കുന്നത് 1970-കളിലാണ്, അടിയന്തരാവസ്ഥക്കാലത്ത്, റൂര്‍ക്കല എന്ന നെഹ്രൂവിയന്‍ പട്ടണത്തില്‍.

അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയത്തിന് കഥ പറയുന്ന അപ്പു എന്ന കുട്ടിയുമായി നേരിട്ട് വലിയ ബന്ധമില്ല. അവന്റെ പ്രശ്‌നം അതല്ല; സ്‌കീസോഫ്രീനിയയുടെ നിഴലില്‍ അവന്‍ കഴിച്ചുകൂട്ടേണ്ടുന്ന ഒരു ബാല്യമാണ്. അമ്മയുടെ മാനസിക രോഗം അസ്വസ്ഥമാക്കുന്ന അവന്റെ കുടുംബമാണ്, ശാരീരികമായ പീഡനം ഉള്‍പ്പെടെ ഒരുപാടു വ്യഥകള്‍ അലട്ടുമ്പോഴും അമ്മയെ സ്‌നേഹിക്കാന്‍ മാത്രം പറയുന്ന അവന്റെ ബാബയുടെ ജീവിതമാണ്. അപ്പുവിനെ നോക്കാന്‍ മറ്റൊരമ്മ വരുന്നതോടെ അവന്റെ പെറ്റമ്മയുടെ അവസ്ഥ വഷളാവുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം അന്നത്തെ ഡയറിക്കുറിപ്പുകളും കത്തുകളും ഓര്‍മകളും ചിത്രങ്ങളും കോര്‍ത്തിണക്കുമ്പോള്‍ അപ്പു അമ്മയുടെ രോഗാവസ്ഥയെ സ്വീകരിക്കുന്ന നിലയിലെത്തുന്നു. ഒരു വ്യക്തിയുടെ ഓര്‍മക്കുറിപ്പുകളിലൂടെ ഒരു രാജ്യത്തിന്റെ നിശ്ചിതമായ ഒരു സാമൂഹ്യരാഷ്ട്രീയ കാലഘട്ടം സമര്‍ഥമായി തന്മയത്വത്തോടെ വരച്ചിടുകയാണ് അമന്‍ദീപ്. ആത്മകഥാപരമായ കഥാതന്തുവാണിത് എന്ന് എഴുത്തുകാരന്‍ പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം പൊള്ളുന്ന ആഖ്യാനത്തിന്റെ പിന്നില്‍ നിഴല്‍പോലെ പിന്തുടരുന്ന പ്രതീക്ഷയുടെ കിരണം കാണ്‍കെ അങ്ങനെയൊന്നുണ്ടാവാനേ തരമുള്ളൂ എന്ന് വായനക്കാരനും അത്ഭുതലേശമില്ലാതെ തല കുലുക്കുന്നു.

ഇതിനു തുടര്‍ച്ചയെന്നോണമുള്ള എന്നാല്‍ തികച്ചും വ്യത്യസ്തമായ ആഖ്യാനരീതിയിലുള്ള ഒരു കഥയാണ് റോള്‍ ഓഫ് ഓണര്‍. അപ്പു ഇതില്‍ കൗമാരത്തിലേക്കു കടന്നിരിക്കുന്നു. പന്ത്രണ്ടാം ക്ലാസിലാണ്, പഞ്ചാബിലെ ഒരു ആര്‍മി ബോര്‍ഡിങ് സ്‌കൂളില്‍. ക്ലാസ് ലീഡറാവുക, അതിന്റെ അന്തസ്സില്‍ നടക്കുക, പിന്നെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ അഡ്മിഷന്‍ കിട്ടുക; ഇത്രയൊക്കെയേ അവനു ജീവിതത്തില്‍ നിന്ന് വേണ്ടൂ.

പക്ഷെ ഇന്ദിരാഗാന്ധിയുടെ വധത്തോടെ രാജ്യത്തെ രാഷ്ട്രീയം കലുഷിതമാകുമ്പോള്‍ അവന്റെയും ജീവിതത്തിന്റെ ഗതി മാറുന്നു. ഖാലിസ്ഥാന്‍ വാദിയായ ഒരു പഴയ വിദ്യാര്‍ഥി പട്ടാളവേട്ട ഭയന്ന് സ്‌കൂളില്‍ തിരിച്ചെത്തുന്നു. അവന്റെ സ്വാധീനത്തിലും അദ്ധ്യാപകരുടെ നിസ്സംഗതയിലും അവിടെയുള്ള പല കുട്ടികളുടെയും വിധി മാറി മറിയുന്നു. അപ്പു എന്‍.ഡി.എ. പ്രവേശനപരീക്ഷ എഴുതുന്നുപോലുമില്ല. സ്വന്തം 'ആളുകളുടെയും' രാജ്യത്തിന്റെയും ഇടയില്‍ പെട്ട് പോകുന്നവന്റെ സ്വത്വ പ്രതിസന്ധിയാണ് പിന്നീട് അവന്റെ ജീവിതമുടനീളം.

ഒരു ജനതയുടെ മുഴുവന്‍ വേദനയും കോറിയിടാന്‍ അമന്‍ദീപ് ഈ നോവലിന്റെ താളുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആദ്യ നോവല്‍ മാനസിക വിഭ്രാന്തിയോടുള്ള സമൂഹത്തിന്റെ സമീപനം അപഗ്രഥിച്ചുവെങ്കില്‍, രണ്ടാം നോവലില്‍ സന്ധു അക്രമത്തിന്റെ ഭാവങ്ങളാണ് വിശകലനം ചെയ്യുന്നത്. സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ നടക്കുന്ന ബലാബലം മുതല്‍, സമൂഹത്തില്‍ നിസ്സഹായരുടെ മേല്‍ ബലമുള്ളവരും അധികാരമുള്ളവരും കാണിക്കുന്നതെന്ത് എന്ന് പറയുന്നു റോള്‍ ഓഫ് ഓണര്‍. ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്ന് വിളിച്ചു പറയുന്ന ഈ നോവല്‍ പഞ്ചാബി ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. അനീസ് സലീമിന്റെയും മനു ജോസെഫിന്റെയും കൃതികള്‍ക്കൊപ്പം 'റോള്‍ ഓഫ് ഓണ'റും 2013-ലെ ഹിന്ദു സാഹിത്യ സമ്മാനത്തിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

സാഹിത്യ പാരമ്പര്യമൊന്നും പ്രത്യേകിച്ച് അവകാശപ്പെടാനില്ല സന്ധുവിന്. എഴുതുന്നതോ, സാഹിത്യം പഠിക്കുന്നതോ, എന്തിനു വായന പോലും അന്യമായ ഗ്രാമീണ പഞ്ചാബി പശ്ചാത്തലത്തില്‍ നിന്നു വന്ന അദ്ദേഹം കുടുംബത്തിലെയും ഗ്രാമത്തിലെയും ആണ്‍കുട്ടികളൊക്കെ പട്ടാളത്തില്‍ ചേരുന്നതേ കണ്ടിട്ടുള്ളൂ. പക്ഷെ റൂര്‍ക്കല എന്ന ഒറീസയിലെ ചെറുപട്ടണത്തില്‍ ജനിച്ച സന്ധുവാകട്ടെ 1996-ല്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദവും 1997-ല്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജര്‍ണലിസത്തില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

പഞ്ചാബിലും ഒറീസയിലും മാത്രമല്ല, കര്‍ണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ജീവിച്ചിട്ടുള്ള സന്ധു ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുക മാത്രമല്ല, ബംഗാളി, ഉര്‍ദു, ഒറിയ എന്നീ ഭാഷകള്‍ സംസാരിക്കുകയും ചെയ്യും. സന്ധുവിന്റെ നോവലുകളിലെ ഭാഷാസൗകുമാര്യം പല വിമര്‍ശകരും എടുത്തുപറയാറുണ്ട്. അതിനെപ്പറ്റി ചോദിക്കുമ്പോള്‍ സന്ധു പറയും, 'കണ്ണുനീരിനു വ്യാകരണമില്ല, ക്രോധത്തിന് പദഘടനയുമില്ല' എന്ന്.

അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, ഐ.ടി. കമ്പനികളില്‍ ടെക്നിക്കല്‍ റൈറ്റര്‍ തുടങ്ങി പലവിധ ഉദ്യോഗങ്ങള്‍ വഹിച്ചിട്ടുള്ള, അക്ഷരങ്ങളും ഭാഷകളും കൊണ്ട് അമ്മാനമാടുന്ന ഈ സര്‍ദാര്‍ജിയുടെ ജീവിതപങ്കാളി മലയാളിയാണ്. ലക്ഷ്മി കരുണാകരന്‍. രണ്ടുപേരും സാഹിത്യ സാമൂഹ്യ ഉദ്യോഗങ്ങളുമായി െബംഗളൂരുവില്‍ താമസിക്കുന്നു.