അറബ് രാജ്യങ്ങള്‍ അപ്രതീക്ഷിതമായി ഇസ്രയേലുമായി അടുത്തപ്പോള്‍ അനാഥരായി പൊരിവെയിലില്‍ നിര്‍ത്തപ്പെട്ടത് പലസ്തീന്‍ ജനതയാണ്. സഹായത്തിന് അവരിനി എങ്ങോട്ട് കൈനീട്ടുമെന്നറിയില്ല. അവരുടെ വിശപ്പിനെയും രോഷത്തെയും ഇനി ആരൊക്കെ കരുതിയിരിക്കേണ്ടിവരും?

ന്നേകാല്‍ നൂറ്റാണ്ടുമുമ്പ് സയണിസത്തിന്റെ ധ്വജവാഹകര്‍ മുദ്രാവാക്യരൂപത്തില്‍ ഉയര്‍ത്തിയ രാഷ്ട്രീയപരസ്യവാചകമായിരുന്നു, 'ഭൂമിയില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ഭൂമി' (A land without a people for a people without a land) എന്നത്. ഒറ്റനോട്ടത്തില്‍ 'നിഷ്‌കളങ്കവും ആകര്‍ഷകവുമായ' ഈ മുദ്രാവാക്യത്തിലെ 'ജനതയില്ലാത്ത ഭൂമി' എന്ന പ്രയോഗം പലസ്തീനെ ഉദ്ദേശിച്ചായിരുന്നു. രാഷ്ട്രീയ സയണിസത്തിന്റെ പ്രാരംഭപ്രണേതാക്കളായ തിയോഡോര്‍ ഹെര്‍സലും ഇസ്രയേല്‍ സാന്‍ഗ്വിലും 'ജനതയില്ലാത്ത ഭൂമി' എന്ന് പലസ്തീന്‍ ഭൂദാനത്തെ വിശേഷിപ്പിച്ചത് അക്ഷരാര്‍ഥത്തിലായിരുന്നില്ല; രാഷ്ട്രീയാര്‍ഥത്തിലായിരുന്നു ഈ പ്രയോഗം. ഒരു പ്രത്യേക പ്രദേശവുമായി പറ്റിച്ചേര്‍ന്ന, ഒരു വ്യതിരിക്ത ജനതയോ രാഷ്ട്രമോ ആയി സ്വയം നിര്‍വചിക്കുന്ന സമൂഹസമുച്ചയമല്ല പലസ്തീനികള്‍ എന്നായിരുന്നു അവരുടെ വിവക്ഷ.

ഇതേ കാര്യംതന്നെ ഇസ്രയേലിന്റെ വനിതാപ്രധാനമന്ത്രിയായ മോഡ മബോവിച്ച് എന്ന ഗോള്‍ഡ മെയര്‍ 1976 ജനുവരി 14-ന് ദ ന്യൂയോര്‍ക്ക് ടൈംസി'ല്‍ മറ്റൊരുവിധത്തില്‍ ഇങ്ങനെ എഴുതി: 'പലസ്തീനിയന്‍ ജനത എന്നൊരു ജനവര്‍ഗമില്ല. ഉള്ളത് പലസ്തീനിയന്‍ അഭയാര്‍ഥികള്‍മാത്രം.' യുക്രൈനിലെ കീവില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂതകുടുംബാംഗവും ഡേവിഡ് ബെന്‍ ഗുറിയോണ്‍ സര്‍ക്കാരിലെ 'ഏകപുരുഷന്‍' എന്ന വിശേഷണവും സമ്പാദിച്ച ഗോള്‍ഡ മെയര്‍, 1969 മാര്‍ച്ചില്‍ പലസ്തീന്‍കാരെക്കുറിച്ച് പരിഹാസദ്യോതകമായി ഇങ്ങനെയും പറഞ്ഞു : 'ഞങ്ങള്‍ സ്വായത്തമാക്കിയ ഭൂമി എങ്ങനെ തിരിച്ചുകൊടുക്കും? തിരികെനല്‍കാന്‍ ആരെങ്കിലും വേണ്ടേ? പാര്‍സല്‍ പോസ്റ്റില്‍ നാസറിന് (ഈജിപ്ഷ്യന്‍ പ്രസിഡന്റ് നമാല്‍ അബ്ദുള്‍ നാസര്‍) അയച്ചുകൊടുക്കാന്‍ പറ്റുമോ?'

എന്നാല്‍, പലസ്തീന്‍ ജനതയ്ക്ക് തങ്ങളുടെ മണ്ണിനോടുള്ള അഭിനിവേശവും ആസക്തിയും മമതയും എത്രമേല്‍ തീക്ഷ്ണമാണെന്ന് വിളംബരംചെയ്യുന്ന ഒരു കവിത, 1964-ല്‍ തന്റെ 23-ാം വയസ്സില്‍, പലസ്തീനിന്റെ ദേശീയകവിയായി അറിയപ്പെടുന്ന മഹ്മൂദ് ദാര്‍വിഷ് പ്രസിദ്ധീകരിക്കുകയുണ്ടായി. ''ഒലീവ് ലീവ്‌സ്' എന്ന സമാഹാരത്തില്‍ വന്ന 'ഐഡന്റിറ്റി കാര്‍ഡ് എന്ന അഭിധാനമുള്ള ആ കവിത, ഒരു ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥനോട് ചെക്പോയിന്റില്‍വെച്ച്, കുടിയിറക്കകെട്ട ഒരു പലസ്തീന്‍കാരന്‍ തന്റെ അവസ്ഥ എന്താണെന്നും തന്റെ ജനതയുടെ ഭൂമി സയണിസ്റ്റുകള്‍ എങ്ങനെ കവര്‍ന്നെടുത്തെന്നും അതിതീവ്രമായി പറയുന്ന വിധത്തിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

പലസ്തീന്‍കാരെ ഇന്നും വികാരവിജൃംഭിതരാക്കുകയും ജൂതവംശീയവാദികളെ ചൊടിപ്പിക്കുകയുംചെയ്യുന്ന ആ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:

എഴുതിവെക്കൂ

ഞാനൊരു അറബിയാണ്

എന്റെ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ അമ്പതിനായിരം ആണ്. തുടര്‍ന്നുള്ള ചില വരികള്‍

രേഖകളെടുത്തു

ഞാനൊരു അറബിയാണ്

നിങ്ങളാണ് എന്റെ പൂര്‍വികരുടെ

മുന്തിരിത്തോപ്പുകള്‍ കവര്‍ന്നെടുത്തത്

ഞാനും എന്റെ മക്കളും

കൃഷിചെയ്ത ഭൂമിയും

അപഹരിച്ചത് നിങ്ങള്‍തന്നെ

ഈ പാറകളല്ലാതെ നിങ്ങള്‍

ഞങ്ങള്‍ക്ക് ഒന്നും ബാക്കിവെച്ചില്ല.

ആദ്യപേജിന്റെ മുകള്‍ ഭാഗത്ത്

എഴുതിവെക്കൂ

ഞാന്‍ ആളുകളെ വെറുക്കുന്നില്ല.

ഞാന്‍ ആരെയും ആക്രമിക്കുന്നില്ല

എന്നാല്‍, എനിക്ക് വിശന്നാല്‍

എന്റെ മണ്ണുകൈയേറിയവരുടെ മാംസം

ഞാന്‍ തിന്നും

കരുതിയിരിക്കുക... കരുതിയിരിക്കുക...

എന്റെ വിശപ്പിനെ

എന്റെ രോഷത്തെ

ഒരിക്കല്‍ ഇസ്രയേലിന്റെ മുന്‍പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍, 'പലസ്തീനികള്‍ക്ക് ഭൂപ്രദേശത്തോടുള്ള അചഞ്ചലമായ ഗാഢസ്‌നേഹത്തില്‍ തനിക്ക് അസൂയതോന്നുന്നു' എന്ന് പറഞ്ഞപ്പോള്‍ ദാര്‍വിഷ് പ്രതികരിച്ചത് 'പലസ്തീന്‍ ജനതയുടെ ഭൂമിയില്‍നിന്ന് പിന്‍വാങ്ങി അസൂയയ്ക്ക് ശമനംവരുത്തൂ' എന്നാണ്. ഉത്രയും ആമുഖമായി കുറിച്ചത് പലസ്തീന്‍പ്രശ്‌നത്തെ അഗണ്യകോടിയില്‍ തള്ളി യു.എ.ഇ., ബഹ്റൈന്‍ എന്നീ ഗള്‍ഫ് അറബ് രാഷ്ട്രങ്ങളും മൊറോക്കോ, സുഡാന്‍ എന്നീ ആഫ്രിക്കന്‍ മുസ്ലിം രാജ്യങ്ങളും ഇസ്രയേലുമായി നയതന്ത്രബന്ധം മാത്രമല്ല, സജീവമായ വ്യാപാര-വാര്‍ത്താവിനിമയ-രാജ്യസുരക്ഷാ ബന്ധങ്ങളും സ്ഥാപിച്ച പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഓഗസ്റ്റ് മധ്യത്തില്‍ ട്രംപിന്റെ കാര്‍മികത്വത്തില്‍ യു.എ.ഇ.യും ഇസ്രയേലും ഔപചാരികമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. 'എബ്രഹാം ഒത്തുതീര്‍പ്പ് ' എന്നുവിശേഷിപ്പിക്കപ്പെട്ട ഈ യു.എ.ഇ.-ഇസ്രയേല്‍ സൗഹൃദ ഉടമ്പടിയെ 'നൂറ്റാണ്ടിന്റെ ഒത്തുതീര്‍പ്പ്' എന്നാണ് ട്രംപ് വിളിച്ചത്. ഈജിപ്തിനും ജോര്‍ദാനുംശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യു.എ.ഇ. പലസ്തീന്‍ സമാധാനപ്രക്രിയയില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗണ്യമായ ആനുകൂല്യങ്ങളും വിട്ടുവീഴ്ചകളും ഉണ്ടായാല്‍മാത്രമേ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി ഔപചാരികബന്ധം സ്ഥാപിക്കൂ എന്ന, 1948 മുതല്‍ നിലനില്‍ക്കുന്ന അറബ് സമവായത്തെ ഭേദിച്ചുകൊണ്ടാണ് യു.എ.ഇ. ഇസ്രയേലുമായി ചങ്ങാത്തം തുടങ്ങിയത്. ഇസ്രയേല്‍ കൊടുത്ത ഏക ഉറപ്പ്, വെസ്റ്റ്ബാങ്കിലെ ചില ഭാഗങ്ങള്‍കൂടി തങ്ങള്‍ പിടിച്ചെടുക്കുമെന്ന തീരുമാനം (ഭീഷണി) തത്കാലത്തേക്ക് ഓഫ് ചെയ്യുന്നു എന്നുമാത്രമാണ്. നിലനില്‍ക്കുന്ന യഥാര്‍ഥ അധിനിവേശത്തില്‍ ഒരു ഇളവും അയവും ടെല്‍ അവീവ് വരുത്തില്ല എന്നര്‍ഥം. അതുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിജയോന്മാദത്തോടെ ഇങ്ങനെ പ്രഖ്യാപിച്ചത്: '1960-കളിലെ അതിര്‍ത്തികളിലേക്ക് തിരിച്ചുപോകാതെ ഇസ്രയേല്‍ ഒരു അറബ് രാഷ്ട്രവുമായി സമാധാനം സ്ഥാപിച്ചിരിക്കുന്നു.'

1967 ജൂണില്‍ ഇസ്രയേലും ഈജിപ്തിന്റെയും സിറിയയുടെയും ജോര്‍ദാന്റെയും സംയുക്തസൈന്യങ്ങളും തമ്മില്‍നടന്ന ആറുദിനയുദ്ധത്തിലാണ് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഗാസാമുനമ്പും മൊലാന്‍ കുന്നുകളും സിനായ് അര്‍ധദ്വീപും ഇസ്രയേല്‍ പിടിച്ചടക്കുന്നത്. 1979-ല്‍ ഈജിപ്തും ഇസ്രയേലും സമാധാനക്കരാറില്‍ ഒപ്പുവെച്ചപ്പോള്‍ സിനായ് ഉപദ്വീപ് ഇസ്രയേല്‍, ഈജിപ്തിന് വിട്ടുകൊടുത്തു. സിറിയയുടെ ഭൂപ്രദേശമായ ഗൊലാന്‍ കുന്നുകള്‍ ഇപ്പോഴും ഇസ്രയേലിന്റെ അധീനതയിലാണെന്നുമാത്രമല്ല കഴിഞ്ഞ വര്‍ഷം അമേരിക്ക ഈ അധിനിവേശത്തെ അംഗീകരിച്ച് രംഗത്തുവരികയുംചെയ്തു.

കഴിഞ്ഞ സപ്തംബറില്‍ ബഹ്‌റൈനും യു.എ.ഇ.യുടെ വഴി സ്വീകരിച്ച് ടെല്‍ അവീവുമായി സകലബന്ധവും സ്ഥാപിച്ചു. ഷിയാകള്‍ക്ക് ഭൂരിപക്ഷമുള്ള ബഹ്‌റൈന്‍ ഭരിക്കുന്നത് ന്യൂനപക്ഷസുന്നികളായ അല്‍ ഖലീഫ കുടുംബമാണ്. രാഷ്ട്രീയാധികാരത്തില്‍നിന്ന് ചരിത്രപരമായിത്തന്നെ അവിടെ ഷിയാക്കള്‍ പുറത്താണ്. 2011-ല്‍ സൗദി പിന്തുണയുള്ള സുന്നി അല്‍ ഖലീഫ രാജഭരണത്തിനെതിരേ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു, ബഹ്‌റൈനില്‍. പ്രക്ഷോഭകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം, 'സുന്നിയല്ല, ഷിയായല്ല, ബഹ്‌റൈനിമാത്രം' എന്നതായിരുന്നു. ഇറാനാണ് പ്രക്ഷോഭകര്‍ക്കുപിന്നില്‍ എന്ന് ബഹ്‌റൈന്‍ ഭരണാധികാരികള്‍ ആരോപിച്ചെങ്കിലും സുന്നികളും പ്രക്ഷോഭനിരയിലുണ്ടായിരുന്നു. സൗദി സൈന്യമാണ് പ്രക്ഷോഭത്തെ അന്ന് അമര്‍ച്ച ചെയ്തത്. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതോടെ ആഭ്യന്തര എതിര്‍പ്പ് അമര്‍ച്ചചെയ്യാന്‍ മേഖലയില്‍ അതിശക്തമായ ഒരു രാജ്യത്തെയാണ് ബഹ്‌റൈന് സഖ്യകക്ഷിയായി കിട്ടിയിരിക്കുന്നത്. 'ഇറാന്‍ ഭീഷണി' എന്ന ഒരൊറ്റ സംഗതിമതി ഗള്‍ഫ് മേഖലയില്‍ ഇപ്പോള്‍ എന്തും സാധൂകരിക്കപ്പെടാന്‍.

ഇറാന്‍തന്നെയാണ് ഗള്‍ഫ് അറബ് രാഷ്ട്രങ്ങളെയും ഇസ്രയേലിനെയും ഒരേപോലെ അലോസരപ്പെടുത്തുന്നത്. സൗദി അറേബ്യയുടെ പൂര്‍ണസമ്മതത്തോടെയും ആശീര്‍വാദത്തോടെയും ഇസ്രയേലുമായി ഗള്‍ഫ്-അറബ് രാഷ്ട്രങ്ങള്‍ ഉണ്ടാക്കുന്ന നവചങ്ങാത്തത്തിന്റെ മുഖ്യഹേതു 'ടെഹ്‌റാന്‍ ഭീതി'തന്നെയാണ്. അതോടൊപ്പം, 2011-ലെ അറബ് വസന്തശക്തികളെയും ഗള്‍ഫിലെ രാജവാഴ്ചകള്‍ ഭയക്കുന്നു. അപ്പോള്‍ എന്ത് പലസ്തീന്‍? ഏത് പലസ്തീന്‍ അഭയാര്‍ഥികള്‍? ഇസ്രയേലുമായി ഊഷ്മളബന്ധം സ്ഥാപിച്ചശേഷം യു.എ.ഇ.യ്ക്ക് പലസ്തീനോടും പലസ്തീന്‍ അഭയാര്‍ഥികളോടുമുള്ള മനോഭാവത്തില്‍വന്ന മാറ്റത്തിന്റെ നടുക്കുന്ന നിദര്‍ശനമത്രേ 2020-ല്‍ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ apeacdmslee (UNRWA - United Nations Relief and Works Agency for Palestine Refugees) യു.എ.ഇ. നല്‍കുന്ന വാര്‍ഷികസഹായം കുത്തനെ വെട്ടിക്കുറച്ചത്. 2018-ലും 2019-ലും ഈ യു.എന്‍. ഏജന്‍സിക്ക് യു.എ.ഇ. 52 ദശലക്ഷം ഡോളര്‍ നല്‍കിയിരുന്നു. 2020-ല്‍ ഒരു ദശലക്ഷം ഡോളര്‍ മാത്രമാണ് നല്‍കിയത്. ബഹ്‌റൈന്‍ നല്‍കുന്ന തുകയും കുറച്ചിട്ടുെണ്ടങ്കിലും കണക്ക് ലഭ്യമല്ല. 'എബ്രഹാം ഒത്തുതീര്‍പ്പി'നെ പലസ്തീന്‍ അതോറിറ്റി അതിനിശിതമായ ഭാഷയില്‍ വിമര്‍ശി ച്ചിരുന്നു. യു.എ.ഇ.യും ബഹ്‌റൈനും പലസ്തീനികളെ പിന്നില്‍നിന്ന് കുത്തിയെന്ന് പലസ്തീനിയന്‍ അതോറിറ്റി പരസ്യമായി പറഞ്ഞു. ട്രംപ് ഭരണകൂടം 2018-ല്‍ പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന സഹായം പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. അതിനു മുമ്പ് 360 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം അമേരിക്ക നല്‍കാറുണ്ടായിരുന്നു. (ഈ ഏപ്രില്‍ രണ്ടാം വാരത്തില്‍ ജോ ബൈഡന്‍ അത് പുനഃസ്ഥാപിച്ചു). മധ്യ പൂര്‍വദേശത്ത് ചിതറിക്കിടക്കുന്ന 57 ലക്ഷം പലസ്തീന്‍ അഭയാര്‍ഥികളുടെ വിദ്യാഭ്യാസ - ആരോഗ്യ പരിരക്ഷാകാര്യങ്ങള്‍ക്കാണ് ഈ ഫണ്ട് മുഖ്യമായും വിനിയോഗിക്കുന്നത്. 1948-ലെ യുദ്ധത്തില്‍ നവരാഷ്ട്രമായ ഇസ്രയേലില്‍നിന്നും അവശേഷിച്ച പലസ്തീന്‍ പ്രദേശങ്ങളില്‍നിന്നും പലായനംചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്ത ഏഴുലക്ഷം പലസ്തീനികളുടെ അനന്തരാവകാശികളാണ് ഈ അഭയാര്‍ഥികള്‍. സൗദി അറേബ്യയുടെ യുവരാജാവും യഥാര്‍ഥ അധികാരിയുമായ മുഹമദ് ബിന്‍ സല്‍മാനും ഇസ്രയേലുമായി ഔപചാരികബന്ധം സ്ഥാപിക്കാന്‍ (ഇരുരാഷ്ട്രങ്ങളും തമ്മില്‍ പിന്‍വാതില്‍ ബന്ധം വളരെക്കാലമായുണ്ട്) ആഗ്രഹമുണ്ടെങ്കിലും നിര്‍മിത ഇസ്ലാമികയോഗ്യതയുടെ അടിസ്ഥാനമുള്ള സൗദി അറേബ്യയുടെ മതാത്മക-രാഷ്ട്രീയ സാധുതയ്ക്ക് റിയാദ്- ടെല്‍ അവീവ് ഔപചാരികബന്ധം ക്ഷതമേല്‍പ്പിക്കുമെന്ന് പേടിച്ചിട്ടാണ് അതിന് മുതിരാത്തത്. ഗള്‍ഫ് അറബ് രാഷ്ട്രങ്ങളിലെ ജനകീയ ഇച്ഛയുടെ പ്രതിഫലനമല്ല ഇസ്രയേലുമായുള്ള അഭൂതപൂര്‍വ സൗഹൃദം. അടിത്തട്ടില്‍നിന്നല്ല, മുകള്‍ത്തട്ടില്‍നിന്ന് ഇറാനെ മുന്‍നിര്‍ത്തി ആസൂത്രണംചെയ്തതാണിത്. ഇപ്പോള്‍ത്തന്നെ വിശാല മധ്യപൂര്‍വേഷ്യാമേഖലയില്‍ മൂന്ന് ചേരികളുണ്ട്. സൗദി അറേബ്യ, യു.എ.ഇ., ഈജിപ്ത്, ബഹ്‌റൈന്‍, ഇസ്രയേല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഒന്ന്. ഖത്തറും തുര്‍ക്കിയും ചേര്‍ന്നതാണ് മറ്റൊന്ന്. ഇറാനും അതിന്റെ പ്രാദേശിക കൂട്ടാളികളായ ഫഹെസ്ബുല്ല പോലുള്ള സംഘടനകളും ചേര്‍ന്നതാണ് ഇനിയുമൊന്ന്. ഈ ത്രികക്ഷിബലാബലത്തില്‍ ഗള്‍ഫ് അറബ് രാഷ്ട്രങ്ങള്‍ പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുകയാണ് പലസ്തീന്‍ ജനതയെ. ഇത്രമേല്‍ രാഷ്ട്രീയ അനാഥത്വം പലസ്തീന്‍ ജനതയ്ക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഈ അവസരം പലസ്തീനികള്‍ക്ക് പൂര്‍വാധികം പിന്തുണനല്‍കി തുര്‍ക്കിയും ഇറാനും ഉപയോഗപ്പെടുത്താനാണ് എല്ലാ സാധ്യതയും.

Content Highlights: AM Shinas column Mathrubhumi