രിയാനയിലെ ഐപിഎസ് ഓഫീസറായിരുന്ന ആർ.കെ ശർമ തിഹാറിലെത്തിയത് ശിവാനി ഭട്നാഗർ എന്ന പത്രപ്രവർത്തകയുടെ കൊലപാതകക്കേസിലാണ്. ശർമ തടവുകാരനായി വന്നതുകൊണ്ട് മാത്രം തിഹാറിൽ വന്ന പുരോഗതികൾ ചെറുതല്ല. തടവുകാർക്ക് ടെലഫോൺ സൗകര്യം തിഹാറിൽ നടപ്പിലാക്കണെമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഡൽഹി ഹൈക്കോടതിൽ കേസ് കൊടുത്തു. ഉടൻ തന്നെ ആ സൗകര്യം ഒരുക്കിക്കൊടുക്കാൻ കൊടുക്കാൻ കോടതി ഉത്തരവിട്ടു.

സുഭാഷ്ചന്ദ് ശർമ ഐഎഎസ് ഡിഡിഎ കമ്മീഷണർ ആയിരിക്കുമ്പോളാണ് തിഹാറിലെത്തിയത്. ഡൽഹി ഡെവല്പ്മെന്റ് അതോറിറ്റി ഫ്ളാറ്റുകൾ ദുരുപയോഗം ചെയ്ത കേസിലാണ് ഇദ്ദേഹം തിഹാറിലടയ്ക്കപ്പെട്ടത്. തിഹാറിൽ എല്ലാവരുടെയും ബഹുമാനം പിടിച്ചുപറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അത്രയ്ക്കും ആത്മാർഥമായാണ് അദ്ദേഹം ഇടപെട്ടിരുന്നത്. പക്ഷേ കോടതിൽ തെളിഞ്ഞതാവട്ടെ അത്യന്തം അഴിമതിക്കാരനായ ഓഫീസറാണ് അദ്ദേഹമെന്നായിരുന്നു.

വിദ്യാസമ്പന്നനായ ഒരു തടവുകാരനെ നിങ്ങൾ എപ്പോൾ കണ്ടുമുട്ടിയാലും അയാൾ വിനീതനായി നിൽക്കും. അയാളാൽ കഴിയുന്ന എന്തെങ്കിലും സഹായം നമുക്ക് ചെയ്തു തരികയയും ചെയ്യും. ജയിൽ സംവിധാനത്തിന്റെ പുരോഗതിയ്ക്കായി നിർദ്ദേശങ്ങളും അവർ തന്നുകൊണ്ടേയിരിക്കും. വല്ലപ്പോഴുമൊക്കെ ജയിൽ നിയമങ്ങൾ അവർ ലംഘിച്ചേക്കാം. അതേസമയം വിദ്യാഭ്യാസം ലഭിക്കാത്ത തടവുകാർ ജയിൽ സംവിധാനങ്ങളെക്കുറിച്ചൊന്നും ബോധവാന്മാരല്ല. അവർ എല്ലായ്പ്പോഴും നിയമങ്ങൾ ലംഘിച്ചുകൊണ്ടേയിരിക്കും. അരുത് എന്ന് എവിടെയെല്ലാം എന്തെല്ലാം എഴുതി വച്ചിട്ടുണ്ടോ അതെല്ലാം അവർ ലംഘിക്കും. ജയിൽ സംവിധാനത്തിന്റെ ഗൗരവം ഉൾക്കൊള്ളാനുള്ള ശേഷി അവർക്കു വന്നുചേരുന്നില്ല. അതിനു കാരണം അറിവില്ലായ്മയാണ്.

എല്ലാ തടവുകാർക്കും മതിയായ ജോലികൾ ജയിൽ അധികൃതർ കൊടുക്കാറുണ്ട്. അതിന് വിദ്യാഭ്യാസം ഒരു ഒഴിവുകഴിവല്ല. എന്നാൽ വിദ്യാസമ്പന്നർക്കു നല്കുന്ന ജോലി മുഖ്യമാരും നിരക്ഷരരെ പഠിപ്പിക്കുക എന്നതാണ്. അവരവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് മറ്റുള്ളവരെ എഴുത്തും വായനയും പഠിപ്പിച്ചുകൊടുക്കണം. ബ്ളാക് ബോർഡും ചോക്കും പേനയും പുസ്തകവും എല്ലാം സ്വന്തമായുള്ള അധ്യാപകനാണ് ഓരോ വിദ്യാസമ്പന്നനായ തടവുകാരനും. അതുകൊണ്ട് തന്നെ ഒരധ്യാപകനു കൊടുക്കേണ്ടുന്ന എല്ലാവിധ ബഹുമാനവും മറ്റുതടവുകാർ അയാൾക്ക് നല്കുന്നു.

SREELAL
വര: ശ്രീലാൽ

അധ്യാപനത്തിനുപുറമേ പ്രിസൺ അഡ്മിനിസ്ട്രേഷനിലും അവരുടെ സഹായമെത്തും. മരപ്പണികൾ, കടുക് വിത്ത് വിതയ്ക്കൽ, തുണിമില്ലിലെ ജോലികൾ, ഗോതമ്പ് കുഴക്കൽ, മസാലയുണ്ടാക്കൽ, പൂന്തോട്ടമുണ്ടാക്കൽതുടങ്ങിയ ധാരാളം പണികൾ വിദ്യാസമ്പന്നരല്ലാത്ത തടവുകാർ ചെയ്യുമ്പോൾ കോടതിയിലും സർക്കാരിലും സമർപ്പിക്കേണ്ട ഫയലുകളുടെ പൂർത്തീകരണത്തിലും കത്തുകൾ, മറുപടികൾ എന്നിവ തയ്യാറാക്കുന്നതിലും എല്ലാം വിദ്യാഭ്യാസമുള്ള തടവുകാർ ജയിൽ ഓഫീസർമാരെ സഹായിക്കുന്നു. രഹസ്യസ്വഭാവമുള്ള ഒരു ഫയലും അവർ കാണുകയോ ഇടപെടുകയോ ചെയ്യുന്നില്ല എന്ന് ഓരോ ജയിൽ ഓഫീസറും ഉറപ്പ് വരുത്തേണ്ടതുണ്ട്.

പഠോ ഔർ പഠാവോ എന്ന പരിപാടിയാണ് തിഹാർ ജയിലിലെ ആകർഷകമായ ഒരു വിദ്യാഭ്യാസ പദ്ധതി. കൂടുതൽ വിദ്യാഭ്യാസമുള്ളവർ സാക്ഷരതയില്ലാത്തവരെ ചെറിയ കാലയളവ് കൊണ്ട് മിനിമം സാക്ഷരതയിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് പഠോ ഔർ പഠാവോ. പരിപൂർണ നിരക്ഷരരായ,സ്വന്തമായി ഒരു ഒപ്പ് പോലും ഇടാൻ കഴിവില്ലാത്ത തടവുകാരെ ഏഴ് ദിവസം കൊണ്ട് സ്വന്തം പേരെഴുതാനും ഒപ്പിടാനും സജ്ജരാക്കുകയാണ് പഠോ ഔർ പഠാവോയുടെ ലക്ഷ്യം. അതിനാവശ്യമായ പുസ്തകങ്ങളും പേനയും മറ്റ് പഠനോപകരണങ്ങളുമെല്ലാം തരുന്നത് സർക്കാരാണ്.

സ്വത്ത് സംബന്ധമായ കേസുകളാണ് ഭൂരിഭാഗം വിദ്യാസമ്പന്നരായ തടവുകാരും അഭിമുഖീകരിക്കുന്നത്. പീഡനക്കേസുകളും
കൊലപാതകക്കേസുകളും ഇല്ലാതെയുമല്ല.വൈറ്റ് കോളർ ക്രൈം എന്നറിയപ്പെടുന്ന സ്വത്ത് തട്ടിപ്പ്, വിശ്വാസവഞ്ചന, കൈക്കൂലി തുടങ്ങിയവയാണ് കൂടുതൽ പഥ്യം. മോഷണം, പിടിച്ചുപറി, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിൽ കൂടുതലും അകത്താവുന്നത് വിദ്യാഭ്യാസമില്ലാത്തവരാണ്. വിദ്യാസമ്പന്നരായ റേപ്പിസ്ററുകൾ ബുദ്ധിമാൻമാരാണ്. ക്ളറിക്കൽ വർക്കുകളിലും ടൈപ്പിങ്ങിലും മറ്റ് ഓഫീസ് ജോലികളും ഇവർ പെട്ടെന്ന് ഏറ്റെടുക്കും. എന്റെ സർവീസ് കാലയളവിൽ സഹായിച്ചിരുന്ന ടൈപ്പിസ്റ്റുകളിൽ ഭൂരിഭാഗം പേരും ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ടവരായിരുന്നു. അവരുടെ ഭാഷയുടെ ഒഴുക്കും ജോലിയുടെ വേഗതയും വാക്കുകളുടെ തിരഞ്ഞെടുപ്പുമെല്ലാം ഞാൻ നിരീക്ഷിക്കാറുണ്ടായിരുന്നു.

ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി സെന്ററും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂൾ സെന്ററും തിഹാർ ജയിൽ കോംപൗണ്ടിൽ സ്ഥിതിചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സെൻട്രൽ ജയിലുകളിലും ഇഗ്നോയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ധാരാളമുണ്ട്. വിവിധ മേഖലകളിലെ ഡിപ്ളോമ കോഴ്സുകളും ലഭ്യമാണ്. ഓപൺ സ്കൂൾ സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ഏത് തടവുകാരനും പത്താം ക്ളാസും പന്ത്രണ്ടാം ക്ളാസും പഠിക്കാം, പരീക്ഷയെഴുതാം. തിഹാറിൽ വർഷത്തിൽ ഏതാണ്ട് അഞ്ഞൂറോളം തടവുകാർ വിവിധ കോഴ്സുകൾക്കായി ചേരുകയും പരീക്ഷയെഴുതുകയും പാസ്സാകുകയും ചെയ്യുന്നുമുണ്ട്. പോരാത്തതിന് സ്പെഷ്യൽ കോച്ചിങ് ക്ളാസുകളും തടവുകാർക്ക് നല്കിവരുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഐ എ എസ്, ഐപിഎസ് പോലുള്ള പരീക്ഷകൾക്കും കോച്ചിങ് നൽകി തടവുകാരെ സജ്ജമാക്കുന്നുണ്ട്. പരിശീലനം നല്കുന്ന ജോലി ഏൽപിക്കുന്നത് ഉയർന്ന യോഗ്യതയുള്ള തടവുകാരെയാണ്. ജയിലിലെ കോച്ചിങ് ക്ളാസിലിരുന്നുകൊണ്ട് ഐഎഎസ് പാസ്സായ ഒരു വിചാരണത്തടവുകാരനുണ്ട്. ബലാത്സംഗക്കേസിലായിരുന്നു അയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായത്. കോടതി നടപടികൾ പൂർത്തിയായപ്പോൾ കുറ്റവിമുക്തനായി. ഇന്റർവ്യൂ പാസ്സായി യു.പിയിലെ ഒരു ജില്ലയുടെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട് അയാൾ ഇന്ന് സിവിൽ സർവീസിലുണ്ട്.

തിഹാറിലെ പതിനാറ് ജയിൽ കോംപ്ളക്സിലും ഓരോ ലൈബ്രറി വീതമാണുള്ളത്. അക്കാദമികപുസ്തകങ്ങളും സാഹിത്യപുസ്തകങ്ങളും മതഗ്രന്ഥങ്ങളും മറ്റ് വൈജ്ഞാനികഗ്രന്ഥങ്ങളും അവിടെ നിന്നെടുത്ത് തടവുകാർക്ക് വായിക്കാം. ജയിലിൽ ഗ്രന്ഥാലയം നിർബന്ധമായും സ്ഥാപിച്ചിരിക്കണം എന്നാണ് നമ്മുടെ നിയമം.

വൈദ്യശാസ്ത്രത്തിൽ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയ ഡോക്ടർമാർ, നിയമത്തിൽ മാസ്റ്റർ ബിരുദം നേടിയ ധാരാളം അഭിഭാഷകർ, എം.ടെക്കും ഗവേഷണവും കഴിഞ്ഞ സാങ്കേതിക വിദഗ്ധർ തുടങ്ങി എല്ലാം കൊണ്ടും വിദ്യാസമ്പന്നമാണ് തിഹാർ. സ്വന്തമായി പ്ളംബർമാരും ഇലക്ട്രീഷ്യന്മാരും സാങ്കേതിക വിദഗ്ധരും ഓരോ ജയിലിനുമുണ്ടാകും, പോരാത്തതിന് വിദഗ്ധരായ തടവുകാരുടെ സേവനവും!

നമ്മുടെ പൊതുധാരണയിൽ വിദ്യാഭ്യാസവും കുറ്റകൃത്യങ്ങളും പരസ്പരം ചേരാത്തവയാണ്. വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ച് സമൂഹത്തിൽ കുറ്റങ്ങൾ കുറഞ്ഞുവരികയാണ് വേണ്ടത്. നിരക്ഷരത കുറ്റവാസനയെ വളർത്തും എന്നും നമ്മൾ പഠിക്കുന്നു, പറയുന്നു. ജയിൽ കണക്കുകൾ പരിശോധിച്ചാൽ അറിയാൻ കഴിയുക, രാജ്യത്തെ മൊത്തം ജയിൽ ജനസംഖ്യയുടെ 35 ശതമാനം പ്രവേശനസമയത്ത് വിദ്യാഭ്യാസമില്ലാത്തവരാണ്. 35 ശതമാനം പത്താം ക്ളാസ് വരെയോ പന്ത്രണ്ടാം ക്ലാസ് വരെയോ പഠിച്ചവരാണ്. പത്ത് ശതമാനം സാങ്കേതികവിദ്യാഭ്യാസം നേടിവരാണ്. ബാക്കിയുള്ള ഇരുപത് ശതമാനം ഉയർന്ന വിദ്യാഭ്യാസമുള്ളവരുമാണ്.

സമൂഹജീവി എന്ന നിലയിലുള്ള അറിവും പരിചയവും നിയമത്തെക്കുറിച്ചുള്ള അവബോധവും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഇടപെടുന്നത് തടയാൻ കഴിയും എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ അതു നേടാനായി ജയിൽ പ്രോത്സാഹിപ്പിക്കുന്നതും ഓപ്പൺ സ്കൂൾ സമ്പ്രദായത്തിലേക്ക് നയിക്കുന്നതും. കുറ്റവാസനയെ ഒരു പരിധിവരെ തടയാനും ബോധവത്‌ക്കരണം നടത്താനും വിദ്യാഭ്യാസം എന്ന മാധ്യമത്തെയാണ് രാജ്യത്തെ എല്ലാ ജയിലുകളും ആശ്രയിക്കുന്നത്.

ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന കുറ്റവാളികളുടെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കാം- വിവിധ ജയിലുകളിൽ കഴിയുന്ന കുറ്റവാളികളുടെ എണ്ണം ആകെ 144125 ആണ്. അതിൽ 37054 പേർ നിരക്ഷരരാണ്. 62557 പേർ പത്താംക്ലാസിനു താഴെയും 31431 പേർ പത്താംക്ളാസിനും പന്ത്രണ്ടാം ക്ളാസിനും ഇടയ്ക്ക് വിദ്യാഭ്യാസം ലഭിച്ചവരും.8874 പേർ ബിരുദധാരികളും 1744 പേർ ഡിപ്ളോമകോഴ്സുകൾ കഴിഞ്ഞവരും 2465 പേർ ബിരുദാനന്തരബിരുദധാരികളുമാണ്.

രാജ്യത്ത് വിചാരണത്തടവുകാരായി കഴിയുന്നവരുടെ ആകെ എണ്ണം 330487 ആണ്. അതിൽ 94533 പേർ നിരക്ഷരരും 134749 പേർ പത്താംക്ളാസ് പൂർത്തിയാക്കാത്തവരും 70738 പേർ പത്താംക്ളാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസമുള്ളവരും 21042 പേർ ബിരുദധാരികളും 3879 പേർ ടെക്നിക്കൽ വിദ്യാഭ്യാസം ലഭിച്ചവരും ലഭിച്ചവരും 5546 പേർ ബിരുദാനന്തരബിരുദധാരികളുമാണ്.

രാജ്യത്തെ മൊത്തം കരുതൽ തടവുകാരുടെ എണ്ണം 3223 ആണെന്നിരിക്കേ അതിൽ 805 പേർ നിരക്ഷരരാണ്. 1335 പേർ പത്താംക്ളാസ് പൂർത്തിയാക്കാത്തവരും 690പേർ പത്തിനും പന്ത്രണ്ടിനും ഇടയിൽ വിദ്യാഭ്യാസമുള്ളവരും 267 പേർ ബിരുദധാരികളും 54 പേർ സാങ്കേതിക വിദ്യാഭ്യാസമുളളവരും 72 പേർ ബിരുദാനന്തരബിരുദധാരികളുമാണ്.

കുറ്റവാളികളായ തടവുകാർ, വിചാരണത്തടവുകാർ, കരുതൽത്തടവുകാർ എന്നിവരെക്കൂടാതെ മറ്റൊരു കൂട്ടർ കൂടിയുണ്ട്. 'അദർപ്രിസണേഴ്സ്' എന്ന വിഭാഗത്തിൽ പെടുന്ന ഇവർ രാജ്യത്തെ വിവിധ ജലിലുകളിലായി നിലവിൽ 765 പേരാണുള്ളത്. കോടതി റിമാന്റിൽ വിടുന്നവരും എന്നാൽ വിചാരണ ആരംഭിക്കാത്തതുമായ ആളുകളാണ് ഈ വിഭാഗത്തിൽ വരിക. 765ൽ 337 പേർ നിരക്ഷരർ,231 പത്താംക്ളാസ് പൂർത്തിയാക്കാത്തവർ, 177 പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് വിദ്യാഭ്യാസമുള്ളവർ, 18 ബിരുദക്കാർ, രണ്ട് ബിരുദാനന്തരബിരുദക്കാർ എന്നിങ്ങനെയാണ് കണക്കുകൾ.

ദമാൻ,ദിയു എന്നീ യൂണിയൻ ടെറിറ്ററികളിലെ 62 ശതമാനം തടവുകാരും നിരക്ഷരരാണ്. ബാക്കിയുള്ള 9 ശതമാനത്തിന് വായിക്കാനും എഴുതാനും മാത്രം അറിയാം. 27 ശതമാനം പേർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം നേടിയവരാണ്. ഗോവയിൽ 32ശതമാനവും പശ്ചിമബംഗാളിൽ 28 ശതമാനവുമാണ് നിരക്ഷരരായ തടവുകാരുടെ എണ്ണം. ബിരുദധാരികളായ തടവുകാരുടെ എണ്ണത്തിൽ തെലുങ്കാനയാണ് മുന്നിട്ടു നിൽക്കുന്നത്-12 ശതമാനം. തൊട്ടുപിറകേ ചണ്ഡീഗഡുണ്ട്(10%). കേരളത്തിലെ ജയിലുകളിലെ തടവുകാരിൽ നാല് ശതമാനം പേർ ബിരുദധാരികളാണ്.

സർക്കാർ ജോലിക്കാരായ തടവുകാരുടെ എണ്ണത്തിൽ കർണാടകയാണ് ഒന്നാമത്. സംസ്ഥാനത്തെ മൊത്തം തടവുകാരിൽ അഞ്ച് ശതമാനം സർക്കാർ ഉദ്യോഗസ്ഥരാണ്. മിസോറാമിലാണ് തൊഴിൽരഹിതരായ തടവുകാർ ഏറ്റവും കൂടുതലായിട്ടുള്ളത്- എഴുപത് ശതമാനം. തൊട്ടുപിറകിലായി ഉത്തരാഖണ്ഡും(59%) നാഗാലന്റും(54%) സ്ഥാനം പിടിച്ചിരിക്കുന്നു. സ്വയംതൊഴിലുകാരായ തടവുകാരിൽ ചണ്ഡീഗഡാണ് മുന്നിൽ- 84%.

തമിഴ്നാട് ഗവ. ഐ.ടി.ഐ യുടെ ഒരു ശാഖ കോയമ്പത്തൂർ സെൻട്രൽ ജയിൽ കോംപൗണ്ടിൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്. വളരെ വിജയകരമായ രീതിയിലാണ് വിവിധ കോഴ്സുകൾ മുന്നോട്ടുപോകുന്നത്. അത്തരം ഐ.ടി.ഐ സ്ഥാപിക്കുന്നതിനെക്കുറിച്ച് രാജ്യമൊട്ടാകെയുള്ള ജയിലുകൾക്ക് ചിന്തിക്കാവുന്നതാണ്. ജയിലുകളിൽ നിന്ന് ഗവേഷണപഠനം പൂർത്തിയാക്കിയവരെക്കുറിച്ചും നമ്മൾ അന്വേഷിക്കേണ്ടതുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഉയർന്ന വിദ്യാഭ്യാസമുള്ളവർ ധാരാളമുള്ളതുകൊണ്ട് ഭാവിയിൽ ജയിലുകളും ഗവേഷണപഠനങ്ങൾക്ക് സജ്ജമാക്കേണ്ട സാഹചര്യം സംജാതമാകും. പഠിച്ചുകൊണ്ടിരിക്കുമ്പോളാണ് ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കുന്നതെങ്കിൽ അവർക്ക് തുടർന്ന് പഠിക്കാനുള്ള സാഹചര്യവും പരീക്ഷകൾ അതത് സെന്ററുകളിൽ പോയി എഴുതാനുള്ള സൗകര്യവും ജയിൽ ചെയ്തുകൊടുക്കേണ്ടതാണ്.

കേരളത്തിൽ ഇ എം എസ് സർക്കാരിന്റെ കാലത്ത് ജയിൽ ഭക്ഷണച്ചിലവുകളിലേക്കായി നീക്കിവെച്ചത് പത്ത് കോടിയാണ്, വളരെ ദീർഘവീക്ഷണമുള്ള ഒന്ന്. അത് ഇന്നും തുടർന്നു പോരുന്നു. അതേപോലെ തന്നെ വർഷാവർഷം എഴുപത്തിയൊന്ന് ലക്ഷത്തോളം രൂപ തടവുകാർക്കുള്ള വിവിധ പരിശീലനങ്ങൾക്കും കോഴ്സുകൾക്കുമായി നീക്കിവെച്ചിരിക്കുന്നു. അത് പഠനാവശ്യങ്ങൾക്കായി വിനിയോഗിച്ചാൽ ജയിലിലെ വിദ്യാഭ്യാസം ഏറ്റവും മികച്ചതാക്കാം. ആശുപത്രി പോലെതന്നെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനവും ജയിലിൽ സ്ഥാപിക്കേണ്ടതുണ്ട്. പ്രാഥമികവിദ്യാഭ്യാസം തടവുകാർക്ക് നിർബന്ധമാക്കുകയും വേണം.

ജയിൽ വെൽഫെയർ ഓഫീസർമാരാണ് തടവുകാർക്ക് വേണ്ട പഠനസാമഗ്രികളും പഠനസാഹചര്യങ്ങളും ഒരുക്കേണ്ടത്. കൂടുതൽ റഫറൻസ് ആവശ്യമുള്ള കോഴ്സുകളാണെങ്കിൽ അതിനും ജയിൽ സൗകര്യമൊരുക്കിക്കൊടുക്കേണ്ടതുണ്ട്. ചിലപ്പോൾ പുറത്തുനിന്നും റിസോഴ്സ് അധ്യാപകരെ അവർക്കായി കൊണ്ടുവരേണ്ടിവരും. എൻ.ജി.ഓകൾ മുൻകയ്യെടുത്തുകൊണ്ട് ധാരാളം ഹ്രസ്വകാല കോഴ്സുകൾ കേരളത്തിലെ ജയിലുകളിൽ നടപ്പാക്കി വരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ, വെൽഡിങ്, സോളിങ്, പ്ളംബിങ്, സോളാർ പാനൽ റിപ്പയറിങ്, കരകൗശലവസ്തുക്കളുടെ നിർമാണം, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയവയിൽ വർഷം തോറും കേരളത്തിലെ ജയിലുകളിൽ പരിശീലനം നല്കിവരുന്നുണ്ട്. വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നു.

ക്യാംപസ് റിക്രൂട്ട്മെന്റുകൾ പല ജയിലുകളിലും നടത്തിവരുന്നു. മൾട്ടിനാഷണൽ, കോർപ്പറേറ്റ് കമ്പനികൾക്കാവശ്യമായ ടെക്നിക്കൽ വിദ്യാഭ്യാസമുള്ളവരെ കൊടുക്കാൻ കഴിയാത്തതിനാൽ പൊതുവേ ചെറുകിട കമ്പനികളാണ് ഇപ്പോൾ ആളുകളെ റിക്രൂട്ട് ചെയ്യാൻ ജയിലിൽ വരുന്നത്. അങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്ന ആൾക്ക് തടവുകാലത്തിനുശേഷം ജോലിക്കു കയറാം. പക്ഷേ അത്തരം ആളുകൾക്ക് ജാമ്യം നിൽക്കാനോ, അവരുടെ വിശ്വാസ്യതയ്ക്ക് ഉറപ്പ് നൽകാനോ ജയിൽ ബാധ്യസ്ഥമല്ല, സ്വഭാവസർട്ടിഫിക്കറ്റ് ഒഴികെ. തടവുകാരൻ മോചിപ്പിക്കപ്പെട്ടാൽ പിന്നെ എല്ലാം അയാളുടെ സ്വന്തം ഉത്തരവാദിത്തമാണ്.

Content Highlights:Alannutharilla Chodichuvanganda NirbandhichuTharikayumilla jayilil athu yadheshtamund Sunil Gupta jail and justice column

Co-Authored by Shabitha
Courtesy- George Chacko, Welfare Officer, District Jail Ernakulaam