മലയാളമണ്ണിന്റെ മാറിലൂടെ തുള്ളിത്തുളുമ്പി ഒഴുകുന്ന ഒരു കാലമുണ്ടായിരുന്നു അവള്‍ക്ക്. കാലം നോക്കി നില്‍ക്കേ പല തൂലികകള്‍ അവളെ ക്കുറിച്ച് വര്‍ണിച്ചെഴുതി. ആലങ്കോട് ലീലാകൃഷ്ണനെന്ന കവിക്ക് പ്രണയമായിരുന്നു നിളയോട്. നിളയുടെ നിത്യകാമുകന്‍.
ഒരു വിളിപ്പാട് അകലെനിന്നും അവള്‍ വിളിച്ചുകൊണ്ടിരുന്നു. കലയുടെ, കാവ്യസ്വരൂപമായി.
നിളയുടെ തീരങ്ങള്‍ ആലങ്കോട് ലീലാകൃഷ്ണനെന്ന വ്യക്തിയുടെ ഉള്ളിലുറഞ്ഞ സര്‍ഗാത്മകതയ്ക്ക് തേനൂട്ടി പാലൂട്ടി. അന്നും ഇന്നും ഇനിയെന്നും നിളയെ നെഞ്ചോട് ചേര്‍ത്ത് മാത്രം കവി ഉയരങ്ങളിലേക്ക് ചുവടുവെയ്ക്കുന്നു.
വറ്റി വരണ്ടുകിടക്കും നിളയെനോക്കി മലയാളമണ്ണിന്റെ ഹൃദയമുള്ള കവി ഇന്ന് മിഴിനിറയ്ക്കുന്നു.
പണ്ട്, കുട്ടിക്കാലത്ത് ഒഴുകിപ്പായും പുഴയെ,അലതല്ലും ഓളങ്ങളെകാണാന്‍ കൊതിപൂണ്ട് ഓടിയണയുന്ന മനസ്സുണ്ടായിരുന്നു കവിക്ക്.
ശാന്തമായി ഒഴുകുമ്പോഴും പാദങ്ങളെ തഴുകികടന്നുപോകും കുഞ്ഞോളങ്ങളോട് ഇഷ്ടമായിരുന്നു, പ്രണയമായിരുന്നു. നിളയെ തേടി നിളയെ അറിയാന്‍ ഇറങ്ങിത്തിരിച്ച കവി മതിവരുവോളം നിളയുടെ സൗന്ദര്യം ആസ്വദിച്ചു.
ചെമ്പിക്കലില്‍, തിരുന്നാവായയില്‍, പട്ടാമ്പിയില്‍, പേരൂരില്‍ എന്നുവേണ്ട ഒഴുകിവരുന്ന ഇടങ്ങളിലെല്ലാം കവി തന്റെ നിളയുടെ സൗന്ദര്യമാസ്വദിച്ചു സ്വയം മറന്നു നിന്നിട്ടുണ്ടെന്നോ. മണ്‍മറഞ്ഞുപോയ ആലൂര്‍ ഉണ്ണിപ്പണിക്കര്‍ നിളയുടെ ജാതകമെഴുതിപ്പറഞ്ഞു 'നിള മരണത്തിന്റെ വക്കിലാണ്'
വള്ളുവനാടിന്റെ ഹൃദയധമനികളിലൂടെ തീരംതല്ലി ഒഴുകി അറബിക്കടലിനെ ലക്ഷ്യം വെച്ചൊഴുകും നിളയെ നോക്കി നില്‍ക്കവേ കവിയുടെ ഹൃദയത്തില്‍ നോവിന്റെ ചുഴികള്‍ വിരിഞ്ഞിരുന്നു. കവി ഓര്‍മകളിലൂടെ മുങ്ങി നിവര്‍ന്നു.
40 വര്‍ഷം മുന്നേ വെള്ളിയാംകല്ലില്‍ വെച്ച് കണ്ട ആനിള ഇന്ന് ജീവനറ്റിരിക്കുന്നു. മലബാറിന്റെ വെള്ളിക്കൊലുസ് പോലെ കുണുങ്ങിച്ചിരിച്ചിരുന്ന ആ നിള ഇന്ന് വേനല്‍വന്നടുത്താല്‍ വറ്റിയുണങ്ങി. ഊര്‍ധന്‍ വലിക്കുന്ന നിളയെ നോക്കി വിലപിക്കുന്നിതാ കവി. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിരിട്ട ആനമുടി. അവിടെനിന്നും ഉത്ഭവിക്കുകയായി നിള. പടിഞ്ഞാറുദിക്കിലേക്ക് ഒഴുകി നീങ്ങുന്ന നിളയുടെ ഭാവങ്ങള്‍ തേടി ഓരോ ഇടങ്ങളിലും കൂടെ കവി നടന്നു കണ്ടു. കാലങ്ങള്‍ക്കപ്പുറം പട്ടാമ്പിപ്പുഴയുടെ കല്‍പ്പടവുകളില്‍ ചിരിച്ചുല്ലസിച്ചെത്തും നിളയെ നോക്കി സ്വയം മറന്നു നിന്നു. കടലിലേക്ക് ഒഴുകും നീരിനൊപ്പം ഒഴുകി നീങ്ങും മണ്‍തരികളെ നോക്കി നെടുവീര്‍പ്പിട്ടു. കര്‍ക്കടകത്തില്‍ രൗദ്ര ഭാവത്തില്‍ കുത്തിയൊലിച്ചു പൊന്നാനി അഴിമുഖത്തെ ലക്ഷ്യം വെച്ച് നീങ്ങുന്ന പുഴയെ നോക്കി അവയുടെ താളത്തിനൊത്ത കവിതകള്‍ രചിച്ചു. നിളയില്‍ സ്ഥിതി ചെയ്യുന്ന തൃപ്രങ്ങോട്ടപ്പന്റെ തിരുനടയില്‍ ചെന്ന് കാണിയ്ക്കവെച്ച് നിളയെ വണങ്ങിയ കവി സ്വകാര്യമായി പറഞ്ഞു. 'പറയി പെറ്റ പന്തീരുകുലം നിന്നെ അടിമുടി നോക്കി കാണുന്നുണ്ടെന്ന്'. എന്നിട്ടും നിളയെ കണ്ട് പൂതി തീരാതെ തിരുന്നാവായയില്‍ പോയി അന്ത്യകര്‍മത്തിന്റെ ബലിപീഠവും ദര്‍ശിച്ചു കവി. കവിയുടെ മനസ്സില്‍ നിളയെക്കുറിച്ചുള്ള ഓര്‍മകളെ സ്വായത്തമാക്കികൊണ്ട് രചിച്ച പുസ്തകം അത് തന്റെ നിളയോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ സഫലീകൃതമാണ് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.
ഒരിക്കല്‍ ലീലാകൃഷ്ണനെക്കുറിച്ചുള്ള ഡോക്യുമെന്ററി പകര്‍ത്താനായി കുറ്റിപ്പുറത്തുള്ള നിളയില്‍ പോയപ്പോഴാണ്
വേദനനിറഞ്ഞ നിളയെ നോക്കി അദ്ദേഹം ഗദ്ഗദം പൂകുന്നത് തൊട്ടറിഞ്ഞത്. മാഞ്ഞു പോവാത്ത കര്‍മങ്ങളുടെ തിരുശേഷിപ്പില്‍ അവശേഷിച്ചു പോയ അസ്ഥിക്കഷ്ണങ്ങള്‍ നവാമുകുന്ദന്റെ മണല്‍ തിട്ടകളില്‍ ആള്ളിപ്പിടിച്ചു കിടക്കുന്നുണ്ട്. കാലത്തിന്റെ ഭൂതകണ്ണാടിയില്‍ തെളിഞ്ഞു കാണുന്ന ഇത്തരം അസ്ഥിക്കഷ്ണങ്ങള്‍ പിതൃദര്‍പ്പണത്തിന്റെ ആത്മ സംതൃപ്തിയുടെ തിരുശേഷിപ്പുകളാണ്. കാലം മായ്ച്ചു കളയാത്ത വിശ്വാസപ്രമാണങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ ഇന്നും നടക്കുന്നുണ്ടവിടെ. കവി വാചാലനായി പറഞ്ഞു നിര്‍ത്തി.
ചെറുപ്പത്തില്‍ പഠിക്കുമ്പോള്‍ ആലങ്കോടിന് കവിതകളോട് ഭ്രമം ആയിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹമായ കിള്ളിക്കുറിശ്ശിമംഗലവും കഥകളി ഉള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ പഠന കേന്ദ്രമായ കേരള കലാമണ്ഡലവും മാമാങ്കം നടത്തപ്പെടുന്ന തിരുന്നാവായയും നിളയുടെ തീരങ്ങള്‍ക്ക് ചാരുതയേറ്റുന്നതാണ്. മലയാള സാഹിത്യവുമായി ബന്ധം പുലര്‍ത്തിയൊഴുകുന്നവളാണ് നിള. തുഞ്ചത്തെഴുത്തച്ഛന്‍ 'ശോകനാശിനി' എന്ന് വിശേഷിപ്പിച്ചതും ഈ നിളയെ തന്നെയാണ്. ഇങ്ങനെയുള്ള നിളയുടെ ആത്മീയ ഭാവം നെഞ്ചേറ്റുന്ന കവിയാണ് 'ആലങ്കോട് .
ആരോഗ്യപരമായ സാഹിത്യചര്‍ച്ചകള്‍ നടന്നിരുന്ന പൊന്നാനി ഇടശ്ശേരി മാവിന്‍ ചുവട്ടില്‍നിന്ന് കവിതകളുടെ സ്വത്വം നെഞ്ചേറ്റി കഥാപ്രസംഗ കലയുടെ ചുവടുപിടിച്ച് കവിതകളുടെ തേനൂറും മധുരം നാടിനു പകര്‍ന്നു നല്‍കിയ കവി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, ചേറ്റു പാടങ്ങളില്‍ വിയര്‍പ്പൊഴുക്കി പൊന്നുവിളയിക്കുന്ന കര്‍ഷകരുടെ താളച്ചുവടും, ഗ്രാമീണത തുളുമ്പുന്ന നാട്ടിന്‍പ്പുറത്തെ കാഴ്ചകളും പഴമയുടെ നൈസര്‍ഗിക ഭാവവും തന്റെ കവിതകളുടെ പ്രാണവായുവാക്കുന്ന കവിയാണ് തുഞ്ചന്റെ മണ്ണിലെ നിറ സാന്നിധ്യമായ ആലങ്കോട് ലീലാകൃഷ്ണന്‍.
1960-ല്‍ പൊന്നാനി താലൂക്കിലെ ആലങ്കോട് ദേശത്ത് മണപ്പാടി ലക്ഷ്മി അമ്മയുടെയും ബാലകൃഷ്ണന്‍ നമ്പ്യാരുടേയും മൂത്തമകനായി ജനിച്ച ലീലാകൃഷ്ണന്‍ കഥാപ്രസംഗത്തിലൂടെയും കവിത്വത്തിലൂടെയും ആലങ്കോട് ദേശത്തിന്റെ പെരുമയേറ്റി. നിളയെ പ്രണയിച്ച കവിയുടെ പ്രധാന കൃതികളാണ് 'നിളയുടെ തീരങ്ങളിലൂടെ , 'പി'യുടെ പ്രണയ പാപങ്ങള്‍, നിലാസാധകം, വള്ളുവനാട്ടിലെ പൂരക്കാഴ്ചകള്‍, കേരളീയ കഥകള്‍ എന്നിവ. യാത്രാവേളകളില്‍ നിളയെ സ്പര്‍ശിച്ചു പോവുമ്പോള്‍ ഇന്നും നോക്കി കാണുന്നു നിളയുടെ സൗന്ദര്യത്തെ.
Content Hghlights: Alankode Leelakrishnan works Nila Bharathappuzha