"കാലോഹ്യയം നിരവധി വിപുലാച പൃഥ്വി" ഏതു ഭാഷണത്തിലും പ്രഭാഷണത്തിലും മഹാകവി അക്കിത്തം ആവര്‍ത്തിച്ചു ചൊല്ലാറുള്ള മന്ത്രമാണിത്. കാലത്തിന്‍റെ പരിമിതികളെ ഭേദിച്ച് മലയാളമനസ്സിലെ ദീപ്തസ്മരണയായി അദ്ദേഹത്തിന്‍റെ യശസ്സ് നിലകൊള്ളുകയാണ്. "ഞാനീ ജീവിതം ഹരജികൊടുത്ത് മേടിച്ചതൊന്നുമല്ലല്ലോ. ഏതായാലും കൈയില്‍ക്കിട്ടിയ സാധനം താഴെവീണ് ഉടയാതിരിക്കണേ, ഭഗവതീ, ഗുവായൂരപ്പാ, പൊരണങ്ങാട്ട് തേവരേ എന്ന പ്രാര്‍ഥനയോടെ ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുന്നു" എന്ന് നിസ്സംഗതയോടെ ജീവിതത്തെ സമീപിച്ച കവി.

പതിനെട്ടു വര്‍ഷം അക്കിത്തത്തോടൊപ്പം നിരന്തരമായി ഇടപെടുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ഒരു കുംടുംബാംഗത്തെപ്പോലെ അടുത്ത് പെരുമാറുകയും ചെയ്യാന്‍ ഭാഗ്യമുണ്ടായ ആളാണ് ഞാന്‍. അക്കിത്തം എന്ന കവിയെയും അച്യുതന്‍ നമ്പൂതിരി എന്ന മനുഷ്യനെയും വളരെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നത് ജീവിതത്തിന്‍റെ പുണ്യമായി ഞാന്‍ കരുതുന്നു. സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ അദ്ദഹത്തിന് ഒപ്പം സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ സഹായിയായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിരവധി പ്രസംഗങ്ങള്‍ ശബ്ദലേഖനം ചെയ്ത് പകര്‍ത്തിയെഴുതി എഡിറ്റ് ചെയ്ത് ലേഖനരൂപത്തിലാക്കിയിട്ടുണ്ട്. പല കവിതകളുടെയും രചനാപശ്ചാത്തലം എന്തെന്ന് അദ്ദേഹത്തില്‍നിന്ന് കേട്ടറിഞ്ഞിട്ടുണ്ട്.

'സ്പര്‍ശമണികള്‍' എന്ന കവിതയുണ്ട് അക്കിത്തത്തിന്‍റേതായി. ബാല്യത്തില്‍ തന്റെ കൈവെള്ളയില്‍ തങ്ങിയ ദിവ്യമായ ഒരു ചൈതന്യം നഷ്ടപ്പെട്ട മനുഷ്യന്റെ ദുഃഖത്തിലാണ് ആ കവിത തുടങ്ങുന്നത്. ഇരുമ്പുകട്ടിയെ സ്വര്‍ണമാക്കാന്‍ കഴിയുന്ന ഒരു അദ്ഭുതം. ഇരുമ്പുപണിയായുധങ്ങളുമായി തന്റെ മുന്നില്‍ വന്നുനിരക്കുന്ന നിരാലംബരായ മനുഷ്യാന്മാക്കള്‍. തന്റെ കരസ്പര്‍ശനത്താല്‍ അവരെ സുവര്‍ണജീവിതത്തിന് ഉടമകളാക്കാന്‍ സാധിച്ച കൈവല്യം. പക്ഷെ ലോറികള്‍ നിറയെ ഇരുമ്പുബാറുകളുമായി വന്ന് വിലപേശി നിരന്ന കച്ചവടലോകത്തിനു മുന്നില്‍ അയാള്‍ പകച്ചുപോവുന്നു. അത്യാര്‍ത്തിയും ദുരയും മൂലം വരസിദ്ധി നഷ്ടപ്പെട്ടുപോയ തന്‍റെ കൈകള്‍ മലര്‍ത്തി അയാള്‍ വിലപിക്കുകയാണ്.

സ്പര്‍ശമണികള്‍ എന്നതിന് നിഘണ്ടുവില്‍ 'ഫിലോസഫേഴ്സ് സ്റ്റോണ്‍' എന്നാണര്‍ഥം. ആധുനികജീവിതത്തിന്‍റെ നേരുകളിലൂടെ കവി സഞ്ചരിക്കുകയായിരുന്നു. ഓരോ മനുഷ്യനും എത്തേണ്ടുന്ന തിരിച്ചറിവിന്റെ തീരങ്ങളിലേക്ക്. ഒരു ഉറക്കസ്വപ്നത്തില്‍ മനസ്സില്‍ തെളിഞ്ഞുവന്ന ഒരനുഭവസ്മൃതിയില്‍നിന്നത്രേ ഈ കവിത പിറന്നത്. ഇടശ്ശേരി പറഞ്ഞ ഒരു കഥ. ഉറക്കം ഞെട്ടിയുണര്‍ന്നപാടെ അതൊരു കവിതയായി എഴുതി. കടലാസില്‍ പകര്‍ത്താനുള്ള സമയമേ അതിനു വേണ്ടിവന്നുള്ളൂ എന്നാണ് കവി പറഞ്ഞത്. തന്റെ മനസ്സിലേക്ക് എപ്പോഴെങ്കിലും കടന്നുവന്ന ചില പദങ്ങളോ കാഴ്ചകളോ സ്മരണകളോ ഉപബോധമനസ്സിലെ രാസപരിണാമത്തിലൂടെ കവിതകളായി പിറവികൊള്ളുകയാണ് എന്നാണ് അക്കിത്തം പറയുന്നത്. മിക്കപ്പോഴും അത് അര്‍ധനിദ്രയില്‍ സംഭവിക്കുന്ന അനിര്‍വചനീയമായ സര്‍ഗക്രിയ ആണത്രേ. കാലത്തിന്‍റെ നിയോഗം പോലെ.

അക്കിത്തത്തിന്റെ എല്ലാ കവിതകളും ഉപരിതലത്തില്‍ ശാന്തമായ തെളിഞ്ഞ നദിയാണ്. എന്നാല്‍ ഇറങ്ങി നനയുമ്പോഴാണ് ആഴങ്ങള്‍ നാം അറിയുക. മാനവചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ദര്‍ശനങ്ങളുടെയും നിധികുംഭങ്ങള്‍ നിറഞ്ഞ പയോഗര്‍ഭങ്ങളിലേക്ക് ആയിരിക്കും നാം ആണ്ടിറങ്ങിപ്പോവുക. പൊങ്ങിവരുന്നത് ജീവതസത്യങ്ങളില്‍ നിറയുന്ന ആനന്ദാനുഭൂതിയുടെ  നവരത്നങ്ങളുമായിട്ടാവും.

"വിശാലതയിലേക്കെടുത്തു ചാടുന്നു" എന്നു പറഞ്ഞുകൊണ്ടാണ് അക്കിത്തത്തിന്റെ 'നിത്യവിസ്മയം' എന്ന കൊച്ചുകവിത തുടങ്ങുന്നത്. ജനിച്ച കുഗ്രാമവളപ്പിലേക്ക് ആരാണ് തന്നെ വലിച്ചുകൊണ്ടുപോവുന്നത്? കുലദൈവങ്ങളോ, പടിഞ്ഞാറെ മുറ്റത്തുള്ള പുളിമരക്കാടോ, അതിന്‍റെ ശിഖരത്തില്‍നിന്നു ഏന്തി തൊടാവുന്ന മുഴുമതിയുടെ പൊട്ടിച്ചിരിപ്രളയമോ, മഴമുഴക്കത്തില്‍ കുളത്തില്‍ കുമിയുന്ന തവളപ്പൊട്ടിലോ, തവളപ്പൊട്ടില്‍ത്തരിക്കുന്ന ജീവന്‍റെ തരികളോ, ജീവസ്മിതമഹസ്സായി വിടരുന്ന തുമ്പക്കുടത്തിന്‍റെ വെണ്മയോ, വെണ്മയില്‍ തുളുമ്പുന്ന ഉണ്മയോ? കവി അതിശയിക്കുകയാണ്.

"എനിക്കസാധ്യമിസ്സുഖം വിവരിക്കാന്‍:
കുനിക്കുന്നേന്‍ മൗലി;
അടയ്ക്കുന്നേന്‍ കണ്‍കള്‍." എന്നു പറഞ്ഞുകൊണ്ട് പതിനെട്ട് വരികളുള്ള ആ കവിത അവസാനിക്കുന്നു. തന്റെ വികസ്വരമായ ഹൃദയത്തില്‍ ഗൃഹാതുരസ്പന്ദനമായി ഊറുന്ന സ്മൃതികള്‍ ക്രമേണ പ്രകൃതിയുടെ ചൈതന്യമായും അവിടെനിന്ന് ജീവന്റെ ഉദയം തെളിയിക്കുന്ന ശാസ്ത്രബോധമായും അവസാനം തുമ്പക്കുടത്തിന്‍റെ വെണ്മയില്‍ തുളുമ്പുന്ന ഉണ്മയായി പ്രപഞ്ചസത്യപ്പൊരുളിന്‍റെ തേജസ്സില്‍ നിറയുകയാണ് കവിത. ആ സുഖം വിവരിക്കാനാവാതെ ഞാനിതാ കണ്‍കളടച്ച് ശിരസ്സു കുനിക്കുന്നുവെന്നാണ് കവി പറയുന്നത്.

അക്കിത്തത്തിന്റെ കവിതകളില്‍ നാം കാണുന്നത് സാധാരണമനുഷ്യന്റെ മനസ്സിലുദിക്കുന്ന സ്വാഭാവികചിന്തകളുടെ അലകളാണ് എന്ന് പ്രത്യക്ഷത്തില്‍ തോന്നാം. ജീവിതത്തിലൂടെ നടന്നുനീങ്ങുമ്പോള്‍ ഒരാള്‍ക്കുണ്ടാവുന്ന സന്ദേഹങ്ങള്‍. അതിനുത്തരം തേടിക്കൊണ്ടിരിക്കവേ മനസ്സില്‍ തെളിഞ്ഞുവരുന്ന തത്വചിന്തകള്‍. പൗരാണികമായ ഭാരതീയസംസ്കൃതിയുടെ അടിസ്ഥാനമായ വേദങ്ങളിലും ഉപനിഷത്തുകളിലും മനീഷികളായ ഋഷിവര്യന്മാര്‍ പറഞ്ഞുവച്ച അതിഗഹനമായ ദര്‍ശനങ്ങളിലേക്ക് അത് പതുക്കെപ്പതുക്കെ വളര്‍ന്നു വളര്‍ന്നുപോയ്ക്കൊണ്ടിരിക്കും. ആ വേദാന്തചിന്തയുടെ ഗഹനതകളില്‍നിന്ന് ഇറങ്ങി കവി വീണ്ടും ഭൂമി തൊടുകയും ജീവിതത്തിന്‍റെ നൈര്‍മ്മല്യത്തിലേക്കും പ്രസാദാത്മകതയിലേക്കും പച്ചയായ അനുഭവങ്ങളിലേക്കും നമ്മെ കൈപിടിച്ച് എത്തിക്കുകയും ചെയ്യും.

കാവ്യപാരമ്പര്യത്തിന്‍റെ എല്ലാ ഊര്‍ജവും സ്വീകരിച്ചുകൊണ്ട് പുതിയ കവനശീലങ്ങളിലൂടെ ആസ്വാദകനുമായി തന്മയീഭാവത്തില്‍ എത്തുക എന്നതാണ് അക്കിത്തം കവിതകളുടെ സവിശേഷത. അദ്ദേഹത്തിന്റെ 'സാഹോദര്യം' എന്ന കവിത നോക്കുക:

സ്കൂള്‍ തുറന്ന് പോകാനൊരുങ്ങുന്ന ഒരു കൊച്ചുകുട്ടി. അവന്‍റെ പേര് രാജീവന്‍. ആ കുഞ്ഞുമനസ്സില്‍ മൊട്ടിട്ട ഒരു ചെറുസംശയം അച്ഛന്‍റെ മുന്നില്‍ വന്നുപെടുകയാണ്. 'രാജീവം' എന്നതിന്റെ അര്‍ഥം താമരയെന്ന് നിഘണ്ടുവില്‍ക്കണ്ടു. പക്ഷെ 'രാജീവന്‍' എന്നതിന്റെ അര്‍ഥം കാണുന്നില്ലല്ലോ അച്ഛാ! "താമരയുടെ പൗരുഷം എന്നായിരിക്കും." അച്ഛന്‍ പറഞ്ഞു. അപ്പോള്‍ കുട്ടിയുടെ സംശയം മറ്റൊന്നായി. "പൗരുഷമെന്നാലെന്താണ്?" പുഞ്ചിരിതൂകിക്കൊണ്ട് അച്ഛന്‍റെ മറുപടി: "പൗരുഷമെന്നാല്‍ ബ്രഹ്മാണ്ഡകടാഹത്തിന്‍റെ പഞ്ചഭൂതരസം." ഭൂതരസമോ? അത് ഭൂമിമാത്രം. ഭൂരസം എന്നാലോ? ജലമത്രേ. ജലരസമാണ് ഔഷധങ്ങള്‍. അവയില്‍നിന്ന് പൗരുഷരസം. അതില്‍നിന്ന് വാക്യരസം, അതില്‍നിന്ന് ഋക്കുകള്‍, പിന്നെ സാമം. അതിനുമീതെ രസമില്ല. സമിതിയും ആകൂതിയുമാര്‍ന്ന സമാനതാസ്വര്‍ഗമെന്ന സഹോദരസ്നേഹസൂചനയില്‍ ഉത്തരങ്ങള്‍ അവസാനിക്കുകയാണ്.

ഒന്നിനുപിറകെ മറ്റൊന്നായി പെരുകി വരുന്ന സംശയങ്ങളിലൂടെ ആ പിതാവ് കയറിക്കയറിപ്പോവുകയായിരുന്നു. വെറും മുപ്പത്താറു വരികള്‍ മാത്രമുള്ള ഈ കൊച്ചുകവിതയില്‍. അത്യുദാത്തമായ വേദാന്തദര്‍ശനങ്ങളിലേക്ക്. കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
"മകനിരുകൈയും
പൊക്കിപ്പെട്ടന്നച്ഛന്‍റെ
നിറുകയില്‍ച്ചേര്‍ത്തു;
വീടൊരു പൊട്ടിച്ചിരിയായ്:
പിതൃപുത്രര്‍ക്കിതു
സമാനതാസ്വര്‍ഗം!"

ഒരു കുഞ്ഞുമനസ്സിന്‍റെ ജിജ്ഞാസയ്ക്കൊപ്പം വാക്കിന്‍റെ പൊരുളുകള്‍ തേടി ആത്മജ്ഞാനത്തിന്‍റെ ആകാശങ്ങളിലേക്ക് പടിപടിയായി പൊങ്ങിപ്പോവുന്ന കവി അവസാനമെത്തിച്ചേരുന്നത് അച്ഛന്‍റെ മടിയിലിരുന്ന് നെറുകയില്‍ കൈചേര്‍ത്തുകളിക്കുന്ന കുഞ്ഞിന്‍റെ കുസൃതിയിലും ഒരു ചെറുകുടുംബത്തിന്‍റെ ആഹ്ലാദാതിരേകത്തിലേക്കുമാണ്. അതിചിന്തയുടെ ഭാരത്താല്‍ തപിക്കുകയാണ് പിതാവിന്‍റെ ശിരസ്സ്. തന്‍റെ തനുവില്‍നിന്നു പിറന്ന -തന്‍റെ രക്തത്തിന്‍റെ അംശമായ കുഞ്ഞുമകന്‍ അവന്‍റെ നനുത്ത കൈകള്‍ മൂര്‍ധാവില്‍ച്ചേര്‍ത്ത് ഭാവിജീവിതയാഥാര്‍ഥ്യത്തിന്‍റെ ശീതളസ്പര്‍ശത്താല്‍ അതിനെ ആര്‍ദ്രമാക്കുന്നു. അപ്പോള്‍ ആ വീട്ടിനുള്ളില്‍ നിറയുന്ന അവാച്യമായ ആനന്ദധാരയിലാണ് കവിത തീരുന്നത്.

അക്കിത്തത്തിന്‍റെ ഈ കവിത ലഘുവും ലളിതവും ഋജുവുമാണ്. ലൗകികമായ സാധാരണത്വത്തില്‍നിന്നു തുടങ്ങി ചുരുങ്ങിയ വരികളിലൂടെ പ്രതീകങ്ങളുടെയോ കാവ്യബിംബങ്ങളുടെയോ അകമ്പടിയില്ലാതെ, ആലങ്കാരികഭാഷയുടെ ആടയാഭരണങ്ങളില്ലാതെ ദാര്‍ശനികമായ തത്വജ്ഞാനത്തിന്‍റെ ഔന്നത്യത്തില്‍ ഒരപ്പൂപ്പന്‍താടിപോലെ പറന്നെത്തി, വീണ്ടും സരളമായ ലൗകികാനന്ദത്തിന്‍റെ വിശുദ്ധിയില്‍ അവസാനിപ്പിക്കുന്ന കാവ്യകരകൗശലം അക്കിത്തത്തിനു മാത്രമേ സാധ്യമാവൂ.

എല്ലാ രസങ്ങളും എത്തിച്ചേര്‍ന്നവസാനിക്കുന്ന സാമരസം ഊഷ്മളമായ കുടുംബബന്ധത്തില്‍ ഉറയുന്ന ആനന്ദാനുഭൂതിരസമായി കവി അനുഭവപ്പെടുത്തിത്തരികയാണ്. ദാര്‍ശനികസമസ്യകളുടെ നിര്‍ധാരണം ജീവിതനൈര്‍മ്മല്യത്തിന്‍റെ ലളിതസമവാക്യങ്ങളിലൂടെ സാധ്യമാവും എന്ന കാവ്യവായന. മറ്റു കവികളില്‍നിന്ന് അക്കിത്തത്തെ വേറിട്ടുനിര്‍ത്തുന്നതും ജീവിതത്തെക്കുറിച്ചുള്ള ഈ പരിപ്രേക്ഷ്യമാണ്. ആത്മീയത ലൗകികതയില്‍നിന്നുള്ള ഒളിച്ചോട്ടമല്ല, അത് ലൗകികതയുടെ സാക്ഷാത്കാരമാണ്, അതിന്‍റെ പരിപൂര്‍ണതയാണ് എന്ന യാഥാര്‍ഥ്യത്തെ ഇത്ര സരളമായി അവതരിപ്പിക്കാന്‍ മാറ്റാര്‍ക്കു കഴിയും. "ഈ ഇറക്കത്തിലാണ് ഇവിടെ കവിതയുടെ ഇനിപ്പ് എനിക്ക് രുചിക്കാന്‍ കഴിഞ്ഞത്" എന്നാണ് പ്രശസ്തനിരൂപകന്‍ പ്രഫ. കെ.പി. ശങ്കരന്‍ ഇതിനെ വിലയിരുത്തിയത്.
 
'സാഹോദര്യ'മെന്ന കവിത ഒരു സ്പെസിമനായി എടുത്താല്‍ ഈ രഞ്ജിപ്പ് അക്കിത്തംകവിതകളുടെ പൊതുസ്വാഭാവമാണെന്നു കാണാം. ഓരോന്നിന്‍റെയും പരിസരമനുസരിച്ച് അതിന്‍റെ പരിമാണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവാമെന്നുമാത്രം. ജീവിതപ്രവാഹത്തിനിടയില്‍ ഒറ്റപ്പെട്ടുപോവുകയോ ചിതറിപ്പോവുകയോ ചെയ്യുന്ന മനുഷ്യജന്മങ്ങളുടെ വേവലാതികള്‍ക്കും സമൂഹത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ക്കും ആര്‍ഷമായ പരിഹാരം തേടുന്നവയാണ് അക്കിത്തത്തിന്‍റെ എല്ലാ കവിതകളും.

നമുക്കിടയില്‍ ജീവിച്ചു മറഞ്ഞുപോയ അനേകം കവികളില്‍നിന്നു ഭിന്നമായിരുന്നു അക്കിത്തം എന്ന കവിയുടേയും അച്യുതന്‍ നമ്പൂതിരി എന്ന മനുഷ്യന്‍റെയും വ്യക്തിപ്രഭാവം. സാംസ്കാരികപാരമ്പര്യത്തില്‍ വേരുകളോടിച്ച് അതില്‍നിന്ന് ജ്ഞാനജലവും ജീവധാതുക്കളും വലിച്ചെടുത്ത് ആധുനികമായ ജീവിതസമസ്യകളുടെ ആകാശത്തിലേക്ക് ശിഖരങ്ങള്‍ പടര്‍ത്തിയവയായിരുന്നു അക്കിത്തംകവിതകള്‍. കുറേക്കൂടി ആഴത്തിലിറങ്ങിനിന്ന് ചിന്തിച്ചാല്‍ ഭൂമിയിലേക്ക് ശിഖരങ്ങളിറക്കി ആകാശത്തില്‍ വേരുകള്‍ പടര്‍ത്തി നില്‍ക്കുന്ന അശ്വഥത്തെക്കുറിച്ചുള്ള ഔപനിഷദമായ പരികല്‍പ്പന. തത്ത്വചിന്തയുടെ അപ്രാപ്യമായ ഉയരങ്ങളിലെത്തുമ്പോള്‍ മാത്രം ഗോചരമാവുന്ന ചിത്രം. സാധാരണക്കാരായ നമുക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ചിന്താമണ്ഡലത്തില്‍ സംവേദനത്തിന്‍റെ വാതായനങ്ങള്‍ വിടരുന്നതനുസരിച്ചു മാത്രമേ അക്കിത്തംകവിതകളിലെ ആ ദിവ്യചിത്രങ്ങള്‍ നമുക്ക് ഇന്ദ്രിയവേദ്യമാവുകയുള്ളൂ.

വൈദികമായ ദാര്‍ശനികതയെ ഉള്ളില്‍നിറച്ച ആ ജിജ്ഞാസു പുതുവിജ്ഞാനങ്ങളിലേക്ക് എന്നും കണ്‍പാര്‍ത്തുകൊണ്ടേയിരുന്നു. നവീനമായ അറിവുകളെയും അനുഭവങ്ങളെയും ഭാരതത്തിന്‍റെ ദാര്‍ശനികതലവുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടിരുന്നു. മലയാളിക്കുമാത്രം വഴങ്ങുന്ന കാവ്യബിംബങ്ങളിലൂടെ. ഏതൊരു കേരളീയമനസ്സിനെയും ഉന്മേഷഭരിതമാക്കുന്ന ഇളനീര്‍വിശുദ്ധിയുള്ള ഭാഷയിലൂടെ.

അക്കിത്തത്തിന്‍റേതായി നിരവധി കുട്ടിക്കവിതകള്‍ ഉണ്ട്. ഓരോ പ്രായത്തില്‍ ഉപയോഗിച്ചു ഉപേക്ഷിക്കുന്ന കളിപ്പാട്ടങ്ങളല്ല ബാലസാഹിത്യമെന്ന് കുഞ്ഞുണ്ണിമാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. കുഞ്ഞുനാള്‍ തൊട്ട് വളരുംതോറും പുതിയ പുതിയ അര്‍ഥതലങ്ങളിലൂടെ വികസിച്ചുകൊണ്ട് നമ്മുടെ കൂടെ സഞ്ചരിക്കുന്ന കൂട്ടുകാരനാണ് ബാലസാഹിത്യം എന്ന് അക്കിത്തവും പറഞ്ഞിട്ടുണ്ട്.

'പൂശാരി രാമന്‍' എന്ന കുട്ടിക്കവിതയെഴുതാന്‍ ഉണ്ടായ സാഹചര്യം വിവരിക്കുന്നതിനിടയില്‍ അദ്ദേഹം പറയുകയുണ്ടായി. ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അതിലെ പദപ്രപഞ്ചത്തിലിരുന്നുകൊണ്ട് കുട്ടികളെപ്പോലെ ചിന്തിക്കാന്‍ പരിശ്രമിച്ചതിന്‍റെ ഫലമാണ് ഈ കവിത എന്ന്. "കാശിക്കുപോയൊരു പൂശാരിരാമനെ കാശിയിലെങ്ങും കണ്ടില്ല" എന്നതു മാത്രമാണ് ലളിതമായ, താളത്മകമായി ആലപിക്കാവുന്ന ഈ കവിതയിലുള്ളത്. ഇതിനിടയില്‍ പൂശാരിരാമന്‍റെ സവിശേഷതകളെ രസകരമായി പറഞ്ഞുപോവുന്നു. കവിതയുടെ അവസാനത്തില്‍ ഒരു ചെറുചിരി കവി ചാലിച്ചിടുന്നു.

"കാശിക്കേ പോയിട്ടില്ലെന്നുണ്ടോ,
കാശി തന്‍ ബന്ധുവീടാണെന്നുണ്ടാ?" 'ബന്ധുവീട്' എന്നാല്‍ തന്‍റെ നാട്ടില്‍ 'ഭാര്യവീട്' എന്നാണ് അര്‍ഥമെന്ന് അക്കിത്തം പറയുന്നുണ്ട്. ആലപിക്കുമ്പോള്‍ കുട്ടികള്‍ക്ക് തല്‍ക്കാലമുണ്ടാവുന്ന താളസുഖത്തിനപ്പുറത്ത് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന പുതുവായനകളില്‍ ഏതൊരു മനുഷ്യനും തന്നെത്തന്നെ അന്വേഷിച്ചുപോവുന്ന അനുഭവം ഈ കവിത നീട്ടിനല്‍കുന്നുണ്ട്.

'കണ്ടവരുണ്ടോ' എന്ന കുട്ടികവിതയും ഒരന്വേഷണം തന്നെയായിരുന്നു. ചാത്തുവിനെ അന്വേഷിച്ചു നടക്കുന്ന ഒരു മുത്തിയമ്മ. കാണുന്നിടത്തൊക്കെ തെരഞ്ഞ് കാണുന്നവരോടൊക്കെ ചോദിച്ച്ചോദിച്ച് ഉണ്ണിവിശേഷങ്ങള്‍ വിളിച്ചോതി അന്വേഷിച്ചന്വേഷിച്ചു നടക്കുന്ന വൃദ്ധ. അവസാനം ഒരു കുട്ടി അവര്‍ക്ക്ചാത്തുവിനെ കാണിച്ചുകൊടുക്കുകയാണ്. "നോക്കൂ മാവിന്‍റെ കൗളിയിലാരാ? അമ്പട കള്ളാ, വാടാ താഴെ." ചാത്തുവിനെ കാണിച്ചുകൊടുക്കാന്‍ ആ കുട്ടി വൃദ്ധയോട് ചോദിച്ച പ്രതിഫലം "എന്‍റുയിര്‍കൂടിക്കൂട്ടൂ തല്ലില്ലെന്നൊരു സത്യം ചെയ്യൂ." എന്നായിരുന്നു.

ആ കുട്ടിയാരാണെന്ന് കവി പറയുന്നില്ല. ചാത്തു ആരാണെന്ന് അല്‍പ്പം ദൈര്‍ഘ്യമേറിയ ഈ കവിതയില്‍ നിറയെ പറയുന്നുണ്ടുതാനും. എന്നാലും കുട്ടിമനസ്സില്‍ അറിഞ്ഞ ചാത്തുവിന്‍റെ ചിത്രം, നാം കവിത വായിച്ചുവായിച്ചു വളരുന്നതിനിടയിലാണ് വ്യക്തമായി തെളിഞ്ഞുതെളിഞ്ഞു വരിക. അതോടെ ചാത്തുവിനെ കാണിച്ചുകൊടുത്ത കുട്ടി ആരാണെന്നും നാം തിരിച്ചറിയും.

'കണ്ടവരുണ്ടോ' എന്ന കവിത ഒറ്റപ്പാലത്തു നടന്ന സാഹിത്യപരിഷത്തിന്‍റെ സമ്മേളനത്തിലാണത്രേ ആദ്യമായി വായിച്ചത്. വി.ടി ഭട്ടതിരിപ്പാട്, എന്‍.വി.കൃഷ്ണവാരിയര്‍, കെ.വിഎം എന്നിവര്‍ ഇരിക്കുന്ന വേദിയില്‍ അരമണിക്കൂറെടുത്ത് ആ കവിത വായിച്ച് വിയര്‍ത്തൊലിച്ച് കസേരയില്‍ വന്നിരുന്നപ്പോള്‍ കെ.വി.എം പതുക്കെ ചെവിയില്‍ ചോദിച്ചത്രേ "ആ ചാത്തു ശ്രീകൃഷ്ണനല്ലേ?" "ആയിരിക്കാമെന്നുമാത്രം പറയാനേ അപ്പോള്‍ എനിക്കു കഴിഞ്ഞുള്ളൂ" എന്നാണ് ആ കവിതയുടെ പശ്ചാത്തലത്തെക്കുറിച്ച് അക്കിത്തം എന്നോട് പറയുകയും പ്രസിദ്ധീകരണത്തിനായി എഴുതിത്തരികയും ചെയ്തത്.

അക്കിത്തത്തിന്‍റെ ചില പദപ്രയോഗങ്ങള്‍ നാട്ടുഭാഷയുടെ അപൂര്‍വചാരുത ഉള്ളവയാണ്. ഭാഷാഭേദങ്ങളെ വരികള്‍ക്കിടയില്‍ സമര്‍ഥമായി ചേര്‍ത്തുകെട്ടുന്നത് കാണാന്‍ വളരെ രസമാണ്. പരിഭാഷകള്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സംവേദനതലം. "പണ്ടെത്ത മേശാന്തി നിന്നുതിരിയുന്നു ചണ്ടിത്തമേറുമീ ഫാക്ടറിക്കുള്ളീല്‍ ഞാന്‍." 'ചണ്ടിത്ത'മെന്ന പ്രയോഗത്തിന്‍റെ ചാരുത എത്ര വിദഗ്ധമായ ഭാഷാന്തരീകരണത്തിനും നല്‍കാനാവില്ല. 'സംസ്കാര്‍ഭാരതി'യുടെ ദേശീയ ഉപാധ്യക്ഷനായി അക്കിത്തം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ കവിതകള്‍ ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യിക്കാനായി പ്രഗത്ഭരായ കവികളെയും ഭാഷാപണ്ഡിതരെയും ഏല്‍പ്പിച്ചിരുന്നു. ആ പരിശ്രമത്തിലേര്‍പ്പെട്ട അവരൊക്കെ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ഒരു കാര്യമുണ്ടായിരുന്നു: "അക്കിത്തത്തിന്‍റെ ചില പ്രയോഗത്തിനു മുന്നില്‍ ഞങ്ങള്‍ തോറ്റുപോവുന്നു. അതിന് സമാനാര്‍ഥമുള്ള പദങ്ങള്‍ മറ്റുഭാഷകളിലുണ്ട്. പക്ഷെ അതിന്‍റെ ഭാവവും ചാരുതയും അതേപടി സന്നിവേശിപ്പിക്കാന്‍ ആ പദങ്ങള്‍ക്കാവുന്നില്ല." എന്ന്.
 
'ഗര്‍ബച്ചേവ്' എന്ന കവിതയുടെ അവസാനവരി "വെള്ളരിക്ക കണക്കുണ്ണി, ബന്ധമുക്തി വരിക്ക നീ" എന്നാണ്. "ഉര്‍വാരുകമിവ ബന്ധനാല്‍ മൃത്യോര്‍ മുക്ഷീയമാം ഋതാല്‍" എന്ന മൃത്യുഞ്ജയമന്ത്രമാണ് അക്കിത്തം തനി പച്ചമലയാളത്തില്‍ ഇങ്ങനെ വരികളാക്കിയത്. ഇത്രമാത്രം മലയാളിത്തമുള്ള പ്രയോഗങ്ങള്‍ അക്കിത്തംകവിതകളില്‍ നിരവധി കാണാം. ഭാഷയുടെ അതിര്‍വരമ്പുകളെ പാറ്റിയെറിഞ്ഞ് വ്യത്യസ്തങ്ങളായ പദശേഖരങ്ങളില്‍ കൈയിട്ടുവാരി അക്ഷരമാല കൊരുക്കുന്ന കാവ്യകൗശലം അക്കിത്തം കവിതകളില്‍ ഉടനീളമുണ്ട്.

മലയാളത്തിന് അതുവരെയുള്ള കവിതാശീലത്തെ മാറ്റിത്തുടങ്ങുകയായിരുന്നു അക്കിത്തവും എന്‍.എന്‍.കക്കാടും ആര്‍.രാമചന്ദ്രനും അയ്യപ്പപ്പണിക്കരും അമ്പതുകളില്‍. കവിതയുടെ പരമ്പരാഗതമായ ഘടനയില്‍ ഉറച്ചുനിന്നുകൊണ്ട് പുതുരൂപങ്ങളും പുതുഭാവുകത്വവും സൃഷ്ടിക്കുകയായിരുന്നു അക്കിത്തം. കവിതക്കെട്ടിന്‍റെ വരസിദ്ധിയുള്ള കരങ്ങള്‍ക്കു മാത്രമേ കാവ്യരൂപങ്ങള്‍കൊണ്ട് അമ്മാനമാടിക്കളിക്കാന്‍ സാധിക്കുകയുള്ളൂ.

"കാളിദാസന്‍റെ നേര്‍ക്ക് അക്കിത്തം അര്‍പ്പിക്കുന്ന അഞ്ജലികളാണ് 'നിത്യമേഘം' എന്ന കവിത. മേഘസന്ദേശത്തിന്‍റെ ഒരു വ്യാഖ്യാനമെന്ന മട്ടില്‍ കാളിദാസപ്രതിഭയുടെ മഹാപ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്ന ഈ കവിത അവസാനിക്കുന്നത് നിത്യതയുടെ ഏകാന്തസുന്ദരമായ മണ്ഡലത്തില്‍ തന്‍റെ പാദത്തില്‍ നമസ്കരിക്കുന്ന കാലത്തെ തലോടിക്കൊണ്ട് കാളിദാസന്‍ ഇങ്ങനെ സ്വയം പറയുന്നതായിട്ടാണ്:

"വജ്രം തുളച്ചിരിക്കുന്ന
രത്നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍
കടന്നുപോന്നു ഭാഗ്യത്താല്‍;
വെറും നൂലായിരുന്നു ഞാന്‍!" ഭാരതത്തിലെ, ഒരുപക്ഷെ ലോകത്തിലെത്തന്നെ ഏറ്റവും വിനയാന്വിതനായ കവിയാണ് കാളിദാസന്‍. ആ വിനയാതിരേകം വ്യക്തമാക്കാന്‍ ഔചിത്യത്തോടെ അദ്ദേഹത്തിന്‍റെ വരികളെത്തന്നെയാണ് അക്കിത്തം അതേപടി ഇവിടെ ഉദ്ധരിച്ചത്."

ഈ പ്രസ്താവം എന്‍റെയല്ല. പ്രശസ്തകവിയും പണ്ഡിതനും നിരൂപകനുമായ പ്രഫ. ആര്‍.രാമചന്ദ്രന്‍റെയാണ്. 1977ല്‍ രാമചന്ദ്രന്‍മാഷ് 'നിത്യമേഘം' എന്ന കവിത എന്നെ കോളേജില്‍ പഠിപ്പിക്കുമ്പോള്‍ അന്ന് എഴുതിയെടുത്ത നോട്ടുപുസ്തകത്തില്‍നിന്നാണ് ഞാനത് ഇവിടെ ഉദ്ധരിച്ചത്. മാഷ് അന്ന് പറഞ്ഞത് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്: "എന്‍റെ തലമുറയിലെ കവികളില്‍ മഹാകവി എന്ന് വിളിക്കാന്‍ പറ്റുന്ന ഒരാള്‍ മാത്രമേയുള്ളൂ. അത് അക്കിത്തമാണ്."

വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ഞാന്‍ അക്കിത്തത്തോട് ചോദിച്ചു: "അങ്ങയുടെ 'നിത്യമേഘം' എന്ന കവിതയിലെ അവസാനവരി കാളിദാസന്‍ സ്വയം പറഞ്ഞതാണെങ്കിലും ഞാനത് അങ്ങ് അങ്ങയെക്കുറിച്ചു പറയുന്നതായി വായിച്ചോട്ടെ" എന്ന്. ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു: "ഏതൊരു കവിക്കും, താന്‍ കവിയാണെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ അങ്ങനെയേ പറയാന്‍ പറ്റൂ. പൂര്‍വസൂരികളായ മഹാകവികളും ഋഷികളും വെട്ടിത്തെളിച്ച മാര്‍ഗത്തിലൂടെ വല്ലപാടും ഭാഗ്യംകൊണ്ട് കാലിടറാതെ നടന്നുനീങ്ങുന്നവനാണ് ഞാന്‍. എന്നിലൂടെ നിങ്ങള്‍ കാണുന്ന വെളിച്ചം വേദത്തില്‍നിന്നു പ്രസരിച്ചുതുടങ്ങിയതാണ്."

സൂര്യപ്രകാശത്തില്‍ അതിനേക്കാള്‍ ഉജ്വലങ്ങളായ താരങ്ങളെ നമുക്ക് കാണാന്‍ കഴിയില്ല. അക്കിത്തംകവിതകളിലെ സൂര്യതേജസ്സാണ് 'ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം'. അതിന്‍റെ പിറവിയുടെ സാംഗത്യവും കാവ്യഭാവുകത്വവും അത് നീട്ടിനല്‍കുന്ന ജീവിതബോധത്തിന്‍റെ ഉദാത്തതയും സമാനതകളില്ലാത്തതാണ്. അക്കിത്തംകവിതകളുടെ മഹാസാഗരത്തില്‍ മുങ്ങിപ്പോയാല്‍ വാരിയെടുക്കാവുന്ന മുത്തുകള്‍ നിരവധിയുണ്ട്. ഇതിഹാസത്തിന്‍റെ തേജസ്സിനാല്‍ അവയില്‍ പലതും നാം കാണാതെ പോവുകയാണ്.

ഒരിക്കല്‍ അക്കിത്തത്തോടൊപ്പം അദ്ദേഹത്തിന്‍റെ വീട്ടില്‍നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്നു ഞാന്‍. അദ്ദേഹം പറഞ്ഞു: "നമുക്ക് നടക്കാം." വീട്ടുവളപ്പിന് പിറകിലൊരു പാടമുണ്ട്. അതിന്‍റെ വരമ്പിലൂടെ അദ്ദേഹം മുന്നിലും ഞാന്‍ പിന്നലുമായി നടന്നു. പാടം കടന്ന് ഞങ്ങള്‍ ഒരു ഇടവഴിയിലേക്കു കയറിയപ്പോള്‍ തന്‍റെ കാവ്യജീവിതത്തിന് വഴിത്തിരിവായ സംഭവം അദ്ദേഹം പങ്കുവച്ചു. യൗവനാരംഭത്തില്‍ താന്‍ നടന്നുനീങ്ങിയ പുരോഗമനവഴികളിലെ വെളിച്ചത്തെ ഇല്ലാതാക്കി ഭീതിദമായ ഇരുട്ടിനെ നിറച്ചുകൊണ്ട് എന്ന ഹിംസയുടെ പ്രത്യയശാസ്ത്രഭീഷണി തന്‍റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന നാളുകള്‍. ദിവസങ്ങളോളം ഉറക്കംകിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അനുഭവത്തിന്‍റെ തീവ്രതയില്‍ നിന്നു പിറന്ന 'ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം' എന്ന കാലാതിവര്‍ത്തിയായ കവിത. അതു രചിച്ച പശ്ചാത്തലം അയവിറക്കുകയായിരുന്നു അദ്ദേഹം.

വായിലെ മുറുക്കാന്‍ ഒന്നു മേലോട്ട് കാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി."ആദ്യത്തെ മൂന്ന് ശ്ലോകങ്ങള്‍ എഴുതിയതോടെ കവിത കഴിഞ്ഞു എന്നായിരുന്നു ഞാന്‍ വിചാരിച്ചത്. പിറ്റേദിവസം 'സ്വര്‍ഗം' എന്ന ഖണ്ഡം എഴുതിച്ചേര്‍ത്തു. തുടര്‍ന്ന് ഓരോ ദിവസങ്ങളിലായി നരകം, പാതാളം, ഭൂമി എന്നീ ഖണ്ഡങ്ങള്‍. ഓരോ ഖണ്ഡം പൂര്‍ത്തിയാകുമ്പോഴും ഇന്ന് കവിത മുഴുവനായി എന്നായിരുന്നു ധാരണ. യഥാര്‍ഥത്തില്‍ ആ കവിത ഒരു മനസ്സാക്ഷിയുടെ അനുദിനവികാസമായിരുന്നു. അവസാനത്തെ വരി എഴുതിക്കഴിഞ്ഞതോടെ ആ വരിയില്‍പ്പറഞ്ഞപോലെ ആന്ന് ഞാന്‍ ശാന്തമായി ഉറങ്ങി." മുറുക്കാന്‍ നീട്ടിത്തുപ്പിക്കൊണ്ട് അദ്ദേഹം എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.

എഴുതിക്കഴിഞ്ഞ് അത് ആദ്യം കാണിച്ചത് കവിതയില്‍ തന്‍റെ ഗുരുസ്ഥാനീയനായ ഇടശ്ശേരിയെയാണ്. വായിച്ച് അതിശയിച്ച ഇടശ്ശേരി തന്നെയാണത്രേ അത് മാതൃഭൂമിക്കയച്ചത്. ഒരു മാസമോ മറ്റോ കഴിഞ്ഞ് ബസ്സില്‍ യാത്രചെയ്യുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന യാത്രക്കാരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നു. അതില്‍ തന്‍റെ ഈ കവിത. "ഉടനെ തോളിലെ വേഷ്ടിമുണ്ട് തലയിലൂടെയിട്ട് ആരുടെ ശ്രദ്ധയിലും പെടാതെ ഈ കുണ്ടനിടവഴിയിലൂടെയാണ് ഞാന്‍ വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടത്. സത്യം പറഞ്ഞാല്‍ പേടിച്ചിട്ട്." എന്നു പറഞ്ഞ് അക്കിത്തം പൊട്ടിച്ചിരിച്ചു. "പിന്നീട് എത്ര തവണ ഈ ചവിട്ടടിപ്പാതയിലൂടെ ഞാന്‍ നടന്നു. ഒരിക്കലും മനസ്സ് പതറിയിട്ടില്ല. എന്‍റെ സിരകളില്‍ ഈ രാജ്യത്തിന്‍റെ സംസ്കാരം ഊര്‍ജമായി നിറഞ്ഞിരുന്നു." ആ കവിതയെഴുതുമ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ച് വയസ്സേ ആയിരുന്നുള്ളൂ എന്നോര്‍ക്കുക.

'ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസം' എന്ന കവിതയിലൂടെ അതുവരെ മലയാളി അറിഞ്ഞിട്ടില്ലാത്ത പുതിയൊരു കാവ്യവഴിയിലൂടെ നമ്മെ സഞ്ചരിപ്പിക്കുകയായിരുന്നു അക്കിത്തം. അതിന്‍റെ രചനാശില്‍പ്പത്തിലൂടെ, ബിംബസ്വീകരണത്തിലൂടെ, ഭാഷയിലൂടെ, അനുഭവഘടനയിലൂടെ പുതിയൊരു അനുഭൂതിതലം ആസ്വാദകമനസ്സില്‍ രൂപപ്പെടുകയായിരുന്നു. 'ആധുനികതയുടെ വരവ്' എന്ന് നിരൂപകര്‍ പിന്നീടതിനെ വിശേഷിപ്പിക്കുകയുണ്ടായെങ്കിലും ബാഹ്യരൂപത്തില്‍ മാത്രമേ അതിന് ആധുനികതയുടെ സ്വഭാവം ഉണ്ടായിരുന്നുള്ളൂ.

അസ്തിത്വദുഃഖത്തിന്‍റെ നിഷേധസ്വരമടങ്ങിയതായിരുന്നില്ല അത്. ആര്‍ഷമായ തത്ത്വചിന്തയില്‍നിന്ന് ഉറവയെടുത്ത ഉല്‍ഗീതമായിരുന്നു. പരമമായ നിസ്സംഗതയില്‍നിന്ന് ഋഷിമാര്‍ക്കുണ്ടാവുന്ന കണ്ണുനീരാണത്. ദുഃഖരഹിതമായ ഒരുതരം ആനന്ദാവസ്ഥയില്‍ ഘനീഭൂതമായ കണ്ണുനീര്‍ത്തുള്ളിയാണ് അക്കിത്തം തന്‍റെ ഹൃദയത്തില്‍നിന്നു ചിന്തിയത്. അത് സനാതനധര്‍മ്മമാണ്, പ്രത്യയശാസ്ത്രമല്ല. ദേശകാലഭേദമന്യേ നിലനില്‍ക്കുന്ന ഒരു തത്ത്വത്തിലേക്കാണ് അത് വളരുന്നത്. ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെ മാധുര്യത്തില്‍നിന്ന് ഉണ്ടായതാണ് ആ കവിത.
 
'ഖരപദാര്‍ഥം' എന്ന അക്കിത്തംകവിത തുടങ്ങുന്നത് ഇങ്ങനെയാണ്: "കട്ടിയായിട്ടീ പ്രപഞ്ചത്തില്‍ കിട്ടിയിട്ടില്ലെനിക്കൊരു വസ്തുവും, ഒന്നുമെല്ലെപ്പിടിച്ചു കുലുക്കിയാല്‍ മണ്ണില്‍ വീണുടയുന്നു സകലതും."  മനുഷ്യജീവിതത്തന്‍റെ ഉന്നമനത്തിനായി കൈയിലലെടുത്തുനോക്കിയ പ്രത്യയശാസ്ത്രങ്ങളും തത്ത്വശാസ്ത്രങ്ങളും പെട്ടെന്ന് പൊടിഞ്ഞുപോവുന്നവയാണെന്ന് മുപ്പതുവയസ്സിനുള്ളില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു എട്ടാംവയസ്സു മുതല്‍ വേദമന്ത്രങ്ങള്‍ ഉച്ചരിച്ചു പഠിച്ച കവിയെ ഭാരതീയസംസ്കൃതിയുടെ അമൃതതുല്യമായ ചൈതന്യത്തിലേക്ക് തിരിച്ചുനടക്കാന്‍ പ്രേരിപ്പിച്ചത്. ആ തിരിച്ചറിവിനെയും സംസ്കൃതിയുടെ കരുത്തില്‍നിന്നു ജ്വലിപ്പിച്ചെടുത്ത പുതുഭാവുകത്വത്തെയും തന്‍റെ കാവ്യസഞ്ചാരത്തിന്‍റെ രഥചക്രങ്ങളാക്കി മാറ്റുകയായിരുന്നു അദ്ദേഹം.

കുട്ടിക്കാലത്തു ചിത്രരചന നടത്തിയിരുന്ന കവി വാക്കുകൊണ്ട് രചിക്കുന്ന തൂലികാചിത്രങ്ങള്‍ -വാങ്മയചിത്രങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. വി.കെ.എന്‍ എന്ന അതുല്യപ്രതിഭാശാലിയായ എഴുത്തുകാരനെക്കുറിച്ചുള്ള 'ബലഭദ്രന്‍റെ ചിരി' എന്ന കവിത മാത്രം വായിച്ചാല്‍ മതി.

"പുനര്‍ജനിയില്‍നിന്നാരീ എഴുന്നേറ്റു വരുന്നവന്‍, പനന്തലപ്പത്തുതൂങ്ങും കുടം ചായ്ച്ചുകുടിപ്പവന്‍.... ഞങ്ങളോര്‍ക്കുന്നൂ ചൊവ്വല്ലൂരന്യോന്യത്തിന്‍റെ വൈഭവം, മൂക്കും മുലകളും പോയ വാക്കിന്‍ സൗന്ദര്യഭീഷണി...." പയ്യനേയും സര്‍ചാത്തുവിനെയും ജനറല്‍ ചാത്തന്‍സിനെയും സൃഷ്ടിച്ച ആ നാണ്വാര്, ആ അതികായന്‍ നമ്മുടെ കണ്‍മുന്നില്‍ വന്നുനില്‍ക്കുന്നതുപോലെ തോന്നും. ആ കവിത വായിച്ചാല്‍.

"ആപാദചൂഡം കവിയായ് കാഞ്ഞങ്ങാട്ടുപിറന്നവന്‍. അര്‍ധായുസ്സുവരെപ്പേരാറ്റിങ്കല്‍ മുങ്ങിക്കുളിച്ചവന്‍. കുഞ്ഞിരാമന്‍നായരെന്ന വിശ്വവിസ്മയകാരകന്‍. അനശ്വരത്തിലൂടെ ദീര്‍ഘയാത്ര തുടങ്ങുവാന്‍....." മലയാളകവിതയെ സമസ്ത സൗന്ദര്യങ്ങളുടെയും ലഹരിയില്‍ ആറാടിച്ച മഹാകവി പി. കുഞ്ഞിരാമന്‍ നായരാണ് അക്കിത്തത്തിന്‍റെ വരികളിലൂടെ അക്ഷരരൂപിയായി നമുക്കു മുന്നില്‍ മോണ കാട്ടിച്ചിരിക്കുന്നത്.

അക്കിത്തത്തിന്‍റെ കാവ്യവൃത്തിയെയും അദ്ദേഹം നടത്തിയ മറ്റു സാംസ്കാരികപ്രവര്‍ത്തനത്തെയും ചിലര്‍ രണ്ടായി കാണുകയും പലപ്പോഴും രണ്ടാമത്തേതിനെ തള്ളിപ്പറഞ്ഞ് ആദ്യത്തേതിനെ സ്വീകരിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. കാവ്യവൃത്തിയും സാംസ്കാരികപ്രവര്‍ത്തനവും അദ്ദേഹത്തിന് സമാന്തരരേഖകളായിരുന്നില്ല. പരസ്പരപൂരകങ്ങളായിരുന്നു. തന്‍റെ എല്ലാ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെയും വേര് തന്‍റെ കവിതകളിലാണുള്ളതെന്ന് അദ്ദേഹം പറയുമായിരുന്നു.

ജീവിതത്തില്‍ നേര്‍വഴിമാത്രം നടന്നുശീലിച്ച വിനയവാനായ മനുഷ്യന്‍. വിഹ്വലതകളെയും ആഹ്ലാദങ്ങളെയും നിര്‍മമമായ മനഃശുദ്ധിയോടെ സ്വീകരിച്ച ലളിതജീവിതം. ചെയ്ത കര്‍മ്മങ്ങളിലെല്ലാം പുലര്‍ത്തിയ സത്യസന്ധത. അടുത്തെത്തുന്നവരുമായി ഹൃദയൈക്യം പുലര്‍ത്തുന്ന മനുഷ്യസ്നേഹി. താന്‍ ആരാണെന്നും തന്‍റെ നിയോഗമെന്താണെന്നും കൃത്യമായ നിശ്ചയമുള്ള സാധാരണക്കാരനായ ഒരസാധാരണ മനുഷ്യനായിരുന്നു അക്കിത്തം.

ഒരിക്കലും രാഷ്ട്രീയക്കാരനാവില്ല എന്ന് സ്വന്തം പിതാവിനു മുമ്പില്‍ സത്യം ചെയ്തവന്‍. പട്ടിണികിടന്നാലും ആരുടെ മുന്നിലും കൈനീട്ടില്ല എന്ന് അമ്മയ്ക്ക് വാക്കുകൊടുത്തവന്‍. ജീവിതത്തിലൊരുകാര്യത്തിനും ആരോടും വ്യവഹാരത്തിനോ തര്‍ക്കത്തിനോ പോവില്ലെന്ന് സ്വയം ദൃഢനിശ്ചയം ചെയ്തവന്‍.

താന്‍ എന്തൊക്കെ ചെയ്യില്ലയെന്ന് തീരുമാനിച്ചതുപോലെ താനെന്തൊക്കെ ചെയ്യണമെന്നതും അദ്ദേഹത്തിനു പൂര്‍ണനിശ്ചയമുണ്ടായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്‍റെ അനുയായിയായി സാംസ്കാരിനവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. പ്രത്യയശാസ്ത്രഭീഷണിക്കെതിരെ കവിതയുടെ തീജ്വാല ജ്വലിപ്പിച്ചത്. ആധുനികജീവിതഘടനയില്‍ യജ്ഞസംസ്കാരത്തിന്‍റെ പ്രചാരകനായത്. സാംസ്കാരികമണ്ഡലത്തില്‍ ഭാരതീയതയുടെ ചൈതന്യത്തെ കെടാതെ സൂക്ഷിക്കുന്നവരോടൊപ്പം സഞ്ചരിച്ചത്.  എല്ലാം കാലം തന്നിലേല്‍പ്പിച്ച നിയോഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു.

കുത്തനെ എഴുത്തുനില്‍ക്കുന്ന നിബിഡമായ കുറ്റിമുടി. ബുദ്ധപ്രതിമയിലെന്നപോലുള്ള വലിയ ചെവികള്‍. ചന്ദനക്കുറിയിട്ട നെറ്റിത്തടം. കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്ന വലിയ കണ്ണുകള്‍. മുറുക്കിച്ചുവന്ന ചുണ്ടിലെ നേരിയ മന്ദഹാസം. നിറഞ്ഞ മുഖപ്രസാദം. നീണ്ട കൈവിരലുകള്‍. ഒതുങ്ങിയ ആരോഗ്യമുള്ള ശരീരം. ഖദറിന്‍റെ ഷര്‍ട്ട്. ഇരുകൈകളും എളിയില്‍ക്കുത്തി തികഞ്ഞ നിര്‍മമഭാവത്തോടെ മുഖം മുകളിലേക്ക് അല്‍പ്പം ഉയര്‍ത്തിയുള്ള നില്‍പ്പ്.  

മഹാകവി അക്കിത്തത്തിന്‍റെ ഭൗതികസാന്നിധ്യം നഷ്ടമായിട്ട് ഒരു വര്‍ഷം തികയുകയാണ്. മലയാളസാംസ്കാരികലോകത്തിന് സംതൃപ്തിയടയാം. മഹാകവിക്ക് കൊടുക്കേണ്ട എല്ലാ ആദരവുകളും അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് നാം നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ മലയാളത്തില്‍ ഇത്രയേറെ പുരസ്കാരങ്ങള്‍ ലഭിച്ച മറ്റൊരു എഴുത്തുകാരന്‍ ഉണ്ടാവില്ല. കേരളത്തിനകത്തും പുറത്തുമുള്ള ചെറുതും വലുതുമായ മിക്കവാറും എല്ലാ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നു. അവസാനം ഇഹലോകജീവിതത്തില്‍നിന്നുള്ള തന്‍റെ മടക്കത്തിനുമുമ്പ് ജ്ഞാനപീഠപുരസ്കാരം കൈവീട്ടിവാങ്ങാന്‍ മാത്രമായി അദ്ദേഹം കാത്തിരിക്കയായിരുന്നോ എന്നു തോന്നിപ്പോകുന്നു.

ജീവിതത്തെ സൂക്ഷമായി നിരീക്ഷിക്കുന്നതിനിടയില്‍ തന്‍റെ മനസ്സിലുണ്ടാവുന്ന തീപ്പൊരികള്‍ വരികളായി കുറിക്കവേ ഏതോ ഒരു ചൈതന്യം തന്നില്‍ പ്രവേശിക്കുന്നതായി തോന്നാറുണ്ട് എന്നദ്ദേഹം പറയുമായിരുന്നു. നാം കാണുത്തതിനപ്പുറത്താണ് കവി കാണുന്നത്. നാം അനുഭവിക്കുന്നതിന് അപ്പുറത്താണ് കവി അനുഭവിക്കുന്നത്. നമ്മുടെ ഇന്ദ്രിയാനുഭവങ്ങള്‍ക്ക് അപ്പുറത്തുള്ള അതീന്ദ്രിയമായ അനുഭൂതിതലങ്ങളിലേക്കാണ് കവി സഞ്ചരിക്കുക. പ്രത്യേകിച്ചും ആര്‍ഷമായ ആത്മചൈതന്യം നിറഞ്ഞ കവിമനസ്സ്.

ജീവിതത്തിലെ ചേറില്‍നിന്ന് 'വെണ്ണക്കല്ലിന്‍റെ കഥ'യും 'അനശ്വരന്‍റെ ഗാന'വും കടഞ്ഞെടുത്ത കവി. ചോരയുടെ ചൂരടിക്കുന്ന പ്രത്യയശാസ്ത്രത്തിന്‍റെ ചവിട്ടുവഴികളില്‍നിന്ന് 'ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം' വിടര്‍ത്തിയ കവി. 'ഇദം ന മമ' എന്ന മന്ത്രത്താല്‍ ആയുസ്സിനെ 'അമൃതഘടിക'യാക്കിയ കവി. ആ ഋഷികവിയുടെ കാവ്യപ്രകാശവും ജീവിതദര്‍ശനവും ഭാവിതലമുറയ്ക്ക് വഴികാട്ടിയായി കാലത്തിന്‍റെ വിശാലതയില്‍ തിളങ്ങി നില്‍പ്പുണ്ട്.